"..........We did not leave ANYTHING out of this qur’an…! " 6:38

...അവര്‍ ഇ ഖുര്‍ആനെക്കുറിച്ച്‌ ചിന്തിക്കുന്നില്ലേ...? അവരുടെ ഹൃദയങ്ങള്‍ പൂട്ടിട്ടു പോയോ...? (47:25)

.....അല്ലാഹുവിന്റെ വചനങ്ങളെ നിഷേധിക്കുകയും തിരിഞ്ഞു കളയുകയും ചെയ്യുന്നവനെക്കാള്‍ വലിയ അക്രമി മറ്റാരാണ്‌ ? (6:158)

ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്‌ നേര്‍വഴി കാണിക്കുന്നതത്രെ അത്‌. ( 2:2 )

ഒരു വിഭാഗം ആളുകളുണ്ട്‌. നാവുകള്‍ വളച്ചൊടിക്കുന്നു; അത്‌ ഗ്രന്ഥത്തില്‍പ്പെട്ടതാണെന്ന്‌ ധരിക്കുന്നതിനു വേണ്ടി. അത്‌ ഗ്രന്ഥത്തില്‍പ്പെട്ടതല്ല. അല്ലാഹുവില്‍നിന്നാണെന്നു പറയുന്നു. അതു അല്ലാഹുവില്‍നിന്നുള്ളതല്ല. അവര്‍ അറിഞ്ഞുകൊണ്ട്‌ അല്ലാഹുവിന്റെ മേല്‍ കള്ളം പറയുന്നു. (3:79)

അല്ലാഹു അവതരിപ്പിച്ചതിലേക്കും ദൂതനിലേക്കും വരൂ വെന്നു പറഞ്ഞാല്‍, (അവര്‍പറയും) ഞങ്ങളുടെ പൂര്‍വപിതാക്കളെ ഏതൊരു സമ്പ്രദായത്തില്‍ കണ്ടുവോ , ഞങ്ങള്‍ക്കത്‌ മതി. (5: 108)

നാം നിനക്ക്‌ "വേദ ഗ്രന്ഥം" ഇറക്കിത്തന്നിരിക്കുന്നു എന്നത്‌ തന്നെ അവര്‍ക്ക്‌ മതിയായിട്ടില്ലേ ? (29:51)

അല്ലാഹു ഗ്രന്ഥത്തിലൂടെ ഇറക്കിയ അധ്യാപനങ്ങളെ മറച്ചു വയ്‌ക്കുകയും അതിനുപകരം നിസ്സാരവില വാങ്ങുകയും ചെയ്യുന്നവരാരോ അവരുടെ വയറ്റില്‍ അഗ്നിയല്ലാതെ മറ്റൊന്നുമില്ല. (2:174)

അന്ന് റസൂല്‍ പറയും, " എന്റെ നാഥാ ഈ ജനം വിശുദ്ധ ഖുര്‍ആനിനെ തീര്‍ത്തും അവഗണിച്ചു കളഞ്ഞു " ( 25 :30 )

Quran is perfect; no mistakes, no falsehood, no nonsense.!
"No falsehood could enter it (Quran), in the past or in the future; a revelation from a Most Wise, Praiseworthy." (Quran 41:42)

ബന്ധപ്പെടുക 0091 9048718329 | e-mail : feedback@chekanoormoulavi.com

  • Site Counter: 28,593

‘ഇല്‍മ് ’ (ഉറപ്പ്) ഇല്ലാത്ത യാതൊന്നും ഇസ്ലാമില്‍ പ്രമാണമാക്കാന്‍ പാടില്ല..!

പാണ്ഡിത്യത്തിന്റെ ഗാഭ്യീര്യം..!!!

( നദ്വത്തിലെ ചോട്ടാ അബൂഹുറയ്റ: ആദ്യം ആ മണ്ടത്തരങ്ങളൊക്കെ ചെയ്ത് കണ്ടപ്പോള്‍ മറ്റ് പലതിന്റെയും കൂട്ടത്തില്‍ അതിനേയും ഞാന്‍ അവഗണിച്ച് തള്ളുകയാണ് ചെയ്തത്. എന്നാല്‍ പിന്നീട് ആ ചോട്ടയെ അക്ഷരംപ്രതി അനുകരിച്ചുകൊണ്ട് ജമാഅത്തിലെ ചോട്ടാ അബൂഹുറയ്റ:യും ( സാക്ഷാല്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് ) ആ മണ്ടത്തരം തന്നെ വീണ്ടും ആവര്‍ത്തിക്കുകയും അവര്‍ക്കെല്ലാം “ഒപ്പന” മുട്ടുന്ന എല്ലാ ചോട്ടകളും അതൊരു “വലിയ തെളിവായി” കൊട്ടിഘോഷിക്കുകയും ചെയ്തപ്പോള്‍ ഇനി അവഗണിച്ചാല്‍ പറ്റുകയില്ലെന്നായി . അതാണ് ഞാനീ കുറിപ്പെഴുതാന്‍ കാരണമായത്. അതിനാല്‍ താഴെ വിവരിക്കുന്ന വസ്തുതകള്‍ ശ്രദ്ധാപൂര്‍വ്വം വായിച്ച് മനസ്സിലാക്കുവാന്‍ മാന്യവായനക്കാരോട ഭ്യര്‍ത്ഥിക്കുന്നു.)

108 ആയത്തുകള്‍ക്കെതിരായി മുതവാത്തിറായ ഹദീസില്‍ അബൂഹൂറയ്റഃ
പൊട്ടിച്ച ഹിമാലയന്‍ നുണ.

മുമ്പ് വിവരിച്ച്പോന്നത് പോലെ ഇസ്ലാമിനെയാകെ അട്ടിമറിക്കാനും തന്റെയും തന്റെ കൂട്ടുകാരായ ജൂതന്മാരുടെയും മുനാഫിക്കുകളുടെയും ഇംഗിതത്തിനനുസരിച്ച് ഖുര്‍ആന്‍ വിരുദ്ധ സിദ്ധാന്തങ്ങളും ഇസ്ലാം വിരുദ്ധാചാരങ്ങളും മുസ്ലിം സമൂഹത്തില്‍ പ്രചരിപ്പിക്കുവാനും വേണ്ടി നീണ്ടകാലം (4 ഖലീഫമാരുടെയും കാലം കഴിയുന്നത് വരെ) കാത്തിരുന്നശേഷം മുആവിയയുടെ പിന്തുണയോടും അനുഗ്രഹാശിസ്സുകളോടും കൂടി നബിയുടെ മദീനത്തെ പള്ളിതന്നെ ആസ്ഥാനമാക്കിക്കൊണ്ട് അബൂഹുറയ്റ: തുടങ്ങിവെച്ച കള്ളഹദീസ് പ്രചരണത്തിന്റെ ഏറ്റവും വലിയ അടിത്തറയായി ആദ്യം പൊട്ടിച്ച ഒരു ഹിമാലയന്‍നുണയുടെ ചരിത്രമാണിവിടെ വിവരിക്കാന്‍ പോകുന്നത്. അത് തെളിയിക്കാനാവശ്യമായ മറ്റു ചില സുപ്രധാന വിഷയങ്ങള്‍ പ്രാഥമികമായി വിവരിക്കേണ്ടതുണ്ട് അത് ശ്രദ്ധാപൂര്‍വ്വം വായിച്ചു മനസ്സിലാക്കണമെന്ന് പ്രത്യേകം ഉണര്‍ത്തിക്കൊള്ളുന്നു.

ഹദീസ് എന്നാലെന്ത് ?

ഖുര്‍ആന്‍ എന്നാല്‍ അല്ലാഹുവിന്റെ വചനങ്ങളാണെന്നത് പോലെ ഹദീസ് എന്നാല്‍ നബിയുടെ വചനങ്ങളാണെന്നാണ് സമുദായം പൊതുവെ ധരിച്ചുവശായിട്ടുള്ളത്. അവരങ്ങിനെ വെറുതെ ധരിച്ചതല്ല. അവരെ ഇന്നുവരെ പഠിപ്പിച്ചതങ്ങിനെയാണ്. വാസ്തവത്തില്‍ നബി പറഞ്ഞെന്നോ, നബി ചര്യയാണെന്നോ ഉറപ്പുള്ളതിന്ന് മാത്രമല്ല ഹദീസ് എന്നു പറയുക എന്നും പ്രത്യുത നബിയുടെ പേരില്‍ കെട്ടിപ്രചരിപ്പിക്കപ്പെട്ട എല്ലാ കള്ള റിപ്പോര്‍ട്ടുകള്‍ക്കും ഹദീസ് എന്നു പറയാമെന്നുമാണ് മതപുരോഹിതന്മാര്‍ അവരുടെ ഗ്രന്ഥങ്ങളിലെഴുതിവെച്ചിട്ടുള്ളത്. ഇത് ഇന്നുള്ള എല്ലാ വിഭാഗത്തിലുംപെട്ട മതപണ്ഡിതന്മാര്‍ സമ്മതിക്കുന്ന ഒരു ചരിത്രസത്യം മാത്രമാണ്.

അല്ലാഹു പറഞ്ഞതാണെന്നുറപ്പുള്ളതിന് മാത്രമേ ഖുര്‍ആന്‍ എന്ന് പറയാന്‍ പാടുളളൂവെന്ന് തീരുമാനിച്ചതുപോലെ, നബിചര്യയാണെന്നുറപ്പുള്ളതിന്ന് മാത്രമേ ഹദീസെന്നോ സുന്നത്തെന്നോ പറയാന്‍ പാടുള്ളൂവെന്ന് സുന്നത്ത് ജമാഅത്ത്കാരും - അഹ്ലുല്‍ ഹദീസുകാരും മറ്റും മുമ്പേ തീരുമാനിച്ചിരുന്നെങ്കില്‍ പതിനായിരക്കണക്കിലുള്ള കള്ള ഹദീസുകള്‍വഴി മുസ്ലിം സമുദായം വഴി തെറ്റിപ്പോകുമായിരുന്നില്ല. അപ്പോള്‍ സത്യവും അസത്യവും കൂട്ടിക്കുഴക്കുവാനുതകുന്ന ഒരു നിര്‍വ്വചനമാണ് ഹദീസിന്ന് അഹ്ലുല്‍ ഹദീസുകാര്‍ നല്‍കിയതെന്ന് ചുരുക്കം. ഇത്രയും ആപല്‍ക്കരവും ഇസ്ലാമിലെ സകല കുഴപ്പങ്ങള്‍ക്കും നാന്ദി കുറിച്ചതുമായ ഇത്രവലിയൊരു അട്ടിമറി നടത്തിയതിന്റെ പിന്നില്‍ ആരുടെ കറുത്ത കരങ്ങളായിരുന്നുവെന്ന് പരിശോധിച്ചാല്‍ പൂര്‍വ്വകാലം മുതല്‍ക്കേ ഇസ്ലാമിന്റെ ശത്രുക്കളായിരുന്ന ജൂതന്മാരും മുനാഫിക്കുകളുമായിരുന്നു പ്രസ്തുത നിര്‍വ്വചനത്തിന്റെയും അതുപോലുള്ള ധാരാളം സാങ്കേതിക പദങ്ങളുടെ (ഹദീസ് സൈദ്ധാന്തിക ശാസ്ത്രത്തിലെ) നിര്‍വ്വചനങ്ങളുടെയും പിന്നില്‍ വക്രബുദ്ധിയോടെ പ്രവര്‍ത്തിച്ചിരുന്നതെന്ന് കണ്ട്പിടിക്കാന്‍ പ്രയാസമില്ല. അത്രയും വഞ്ചനാപരമായ സാങ്കേതിക നിര്‍വ്വചനങ്ങളായിരുന്നു ഹദീസ് പണ്ഡിതന്മാരിലെ ശുദ്ധഗതിക്കാരായ പൂര്‍വ്വികരെ തന്ത്രപൂര്‍വ്വം അവര്‍ ഉപദേശിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്നത്. താഴെവിവരിക്കുന്ന വസ്തുതകളില്‍നിന്നും മേല്‍പറഞ്ഞ കാര്യം വ്യക്തമായും തെളിയുന്നതാണ്.

ഹദീസുകള്‍ നാല്തരം

ഖുര്‍ആന്റെ ദൃഷ്ടിയില്‍ ഹദീസുകളെ - എന്നല്ല പ്രമാണങ്ങളായി ഉദ്ധരിക്കപ്പെടുന്ന ഏതും നാല് തരമായിട്ടാണ് വിഭചിച്ചിട്ടുള്ളത് . അത് വളരെ ശാസ്ത്രീയമാണെന്ന് താഴെ വരുന്ന വിവരണത്തില്‍നിന്നും ബോദ്ധ്യമാവുകയും ചെയ്യും.

(1) ഇല്‍മ്

(2) സന്ന്്

(3) ശക്ക്്

(4) ഇഫ്തിറാഅ്്

ഓരോന്നിന്റെയും നിര്‍വ്വചനം ഗ്രഹിക്കുക!

1.) ഇല്‍മ് പഞ്ചേന്ദ്രയങ്ങള്‍ മുഖേനയോ കേവലം ബുദ്ധി ഉപയോഗിച്ചോ വിശ്വസിക്കാനും ഉറപ്പിക്കാനും കഴിയുന്ന കാര്യത്തിനാണ് “ഇല്‍മ് ” (മഅ്ലൂം) എന്ന് ഖുര്‍ആന്‍ പറയുന്നത്.

2.) സന്ന്് വേണ്ടത്ര തെളിവില്ലാതെ സുമാറായിട്ടോ അന്ധമായിട്ടോ വിശ്വസിക്കുന്നതിന്നാണ് ഖുര്‍ആന്‍ “സന്ന്് ” (മസ്നൂല്‍) എന്നു പറയുന്നത്.

3.) ശക്ക് വിശ്വസിക്കാന്‍ പറ്റിയ യാതൊരു തെളിവുമില്ലാതെ, അങ്ങോട്ടും ഇങ്ങോട്ടും ആടിക്കളിക്കുന്ന ആശയത്തിന്ന് അഥവാ സംശയഗതിയിലുള്ളതിന്ന് ഖുര്‍ആനില്‍ “ശക്ക് ” (മശ്കൂക്ക്) എന്നു പറയും.

4.) ഇഫ്തിറാഅ്് “മനപൂര്‍വ്വം” പറയുന്ന അസത്യത്തിന്ന് “ഇഫ്തിറാഅ്് ” “മുഫ്തറാ” എന്നൊക്കെയാണ് ഖുര്‍ആനിന്റെ ഭാഷയില്‍ പറയുക.

ഇവയില്‍ ആദ്യത്തേത് (ഇല്‍മ്) ഒഴിച്ച് ബാക്കിയുള്ള മൂന്നുതരം “തെളിവു ” കള്‍ക്കും “കദിബ്്് ” (കള്ളം) എന്ന് പറയണമെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. “ജഹ്ല്്് ” അഥവാ മജ്ഹൂല്‍ (അറിയപ്പെടാത്തത്) എന്ന് പറയണമെന്നും ഖുര്‍ആന്‍ തന്നെ പഠിപ്പിക്കുന്നുണ്ട്. ഇപ്പറഞ്ഞതില്‍ സന്നിന്ന് “കദിബ് ” എന്നും ജഹ്ല് എന്നും പറയണമെന്ന് പറയുന്നതാണ് ബഹുഭൂരിപക്ഷത്തിനും ഇന്നും ദഹിക്കാതെയിരിക്കുന്നത്!

1400 വര്‍ഷം മുമ്പ് ഖുര്‍ആന്‍ അവതരിപ്പിച്ച കാലം മുതല്‍ തുടങ്ങിയതാണു പ്രസ്തുത ദഹനക്കേട്. അത് ഇന്നും തുടരുന്നുവെന്ന് മാത്രമല്ല, അന്ന് ഖുര്‍ആനിന്റെ എതിരിലുള്ള കാഫിറുകളിലായിരുന്നു ആ “ദഹനക്കേടെ”ങ്കില്‍ ഇന്ന് ഖുര്‍ആനിന്റെ അനുയായികളാണെന്നവകാശപ്പെടുന്ന നാം മുസ്ലിംകളില്‍ ആണ് ഖുര്‍ആനിന്റെ പ്രസ്തുത സിദ്ധാന്തം തീരെ ദഹിക്കാതെ കാണുന്നത്...? അപ്പോള്‍ നൂറ്റാണ്ടുകളായി ഖുര്‍ആനിലെ മറഞ്ഞുകിടക്കുന്ന പല അത്ഭുത സത്യങ്ങളില്‍പെട്ട വളരെ ഗുരുതരമായ ഒന്നാണ് പ്രസ്തുത സിദ്ധാന്തമെന്ന് ചുരുക്കം. അതിനാല്‍ അത് കണിശമായി സമര്‍ത്ഥിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. മാത്രമല്ല ഇസ്ലാമിന്റെ ഏറ്റവും വലിയൊരടിത്തറയും വളരെ വിപ്ളവാത്മകമായൊരു സിദ്ധാന്തവുമാണ് മേല്‍ പ്രസ്താവിച്ചത്. അതുകൊണ്ട് തന്നെയാണ് ആയിരം വര്‍ഷം കഴിഞ്ഞിട്ടും അധികമാര്‍ക്കും അത് ദഹിക്കാതിരിക്കുന്നതും .എഃായാലും ഖുര്‍ആന്‍ കൊണ്ട് വേണ്ടത്ര തെളിഞ്ഞ ഒരടിസ്ഥാന സിദ്ധാന്തമെന്ന നിലക്ക് അത് സമുദായത്തിന്റെ ശ്രദ്ധയില്‍ പെടുത്തല്‍ നമ്മുടെ വളരെ പ്രധാനപ്പെട്ട ചുമതലയാണ്. അതുകൊണ്ട് താഴെ വിവരിക്കുന്ന ഖുര്‍ആനിക തെളിവുകള്‍ സശ്രദ്ധം ഗ്രഹിക്കുക.

‘ഇല്‍മ് ’ (ഉറപ്പ്) ഇല്ലാത്ത യാതൊന്നും ഇസ്ലാമില്‍ പ്രമാണമാക്കാന്‍ പാടില്ല..!

സാധാരണ വിശ്വാസികള്‍ പിന്‍പറ്റാറുള്ള തെളിവുകള്‍ പല തരങ്ങളുള്ളതില്‍ ഇല്‍മും (ഉറപ്പും) വിശ്വാസവുമുള്ള അഥവാ വിശ്വാസയോഗ്യമായ തെളിവുള്ളത് മാത്രമേ മുസ്ലിംകള്‍ പിന്‍പറ്റാന്‍ പാടുള്ളൂവെന്ന് യാതൊരു വളവും തിരിവുമില്ലാതെ, ദുര്‍വ്യാഖ്യാനത്തിന് വഴിയില്ലാതെ വളരെ വ്യക്തവും കണിശവുമായ നിലയില്‍ ഒരു താക്കീതുകൂടി ഉള്‍പ്പെടുത്തി ക്കൊണ്ട് അല്ലാഹു പ്രഖ്യാപിക്കുന്നത് കാണുക!

“നിനക്ക് ഇല്‍മ്” (ഉറപ്പും വിശ്വാസവു) മില്ലാത്ത യാതൊരു കാര്യവും നീ പിന്‍പറ്റരുത്! “്നിന്റെ കേള്‍വിയും കാഴ്ചയും ഹൃദയവുമെല്ലാം ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും?” (അല്‍ - ഇസ്രാഅ ് 17:) ശ്രദ്ധിക്കുക! “ഇല്‍മ്്് ” ഇല്ലാത്ത യാതൊന്നും പിന്‍പറ്റാന്‍ പാടില്ലെന്ന് പ്രഖ്യാപിക്കുമ്പോള്‍ ബാക്കിയുള്ള മൂന്ന്തരം തെളിവുകളും പിന്‍പറ്റാന്‍ പാടില്ലെന്നാണ് ആ മഹല്‍ വാക്യത്തിന്റെ മുഖ്യാശയം തന്നെ.! അതിനാല്‍ ഒരു ദുര്‍വ്യാഖ്യനവും അവിടെ നടക്കുകയില്ല. നേരെമറിച്ച് “ഇല്‍മു (ഉറപ്പുള്ളത്) പിന്‍പറ്റുക ” എന്നായിരുന്നു ശൈലിയെങ്കില്‍ അല്ലാത്തത് പിന്‍പറ്റാന്‍ പാടില്ലെന്ന് പറയുന്നത് “മഫ്ഹൂംമുഖാലഫ” (ദ്യോതിപ്പിച്ചെടുത്ത ആശയം) ആണെന്നും അതത്ര കണിശമായ തെളിവാക്കാന്‍ പറ്റുകയില്ലെന്നും മറ്റും പറഞ്ഞ് മതപുരോഹിതന്മാര്‍ക്ക് അഃിനെ ദുര്‍വ്യാഖ്യാനം ചെയ്ത് തള്ളിക്കളയാമായിരുന്നു. അത്തരം ദുര്‍വ്യാഖ്യാനങ്ങളുടെയെല്ലാം പഴുതടക്കാന്‍ കൂടിയാണ് പ്രസ്തുത ശൈലിതന്നെ, ഇവിടെയും ഈ അടിസ്ഥാന സിദ്ധാന്തം ആവര്‍ത്തിച്ച മറ്റിടങ്ങളിലും അല്ലാഹു തെരഞ്ഞെടുക്കാന്‍ കാരണമെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.

ഇനിയും ശ്രദ്ധിക്കുക!

മതത്തിന്റെ പേരില്‍ അടിസ്ഥാനമില്ലാത്ത പല “ഹറാമു” കളും പ്രചരിപ്പിക്കുന്നതിന്നെതിരായി ‘അരാണിതൊക്കെ ഹറാമാക്കിയത് എന്ന’ ഒരു ശക്തിമത്തായ നിഷേധ ചോദ്യം ഉയര്‍ത്തി വിട്ട ശേഷം സൂറത്തുല്‍ അഅ്റാഫില്‍ അല്ലാഹു ആജ്ഞാപിക്കുകയാണ്: ‘നീ പ്രഖ്യാപിക്കൂ! (പ്രധാനവും അടിസ്ഥാനപരവുമായ അഞ്ചെണ്ണമാണ് അല്ലാഹു ഹറാമാക്കിയിട്ടുള്ളത് എന്ന്) അതായത്:- (1) രഹസ്യമോ പരസ്യമോ ആയ എഷ്ടാ നീചവൃത്തികളും (2) കുറ്റകരമാണെന്ന് ബോദ്ധ്യപ്പെട്ട എല്ലാ കാര്യങ്ങളും (3) അന്യായമായ എല്ലാവിധ കൈകടത്തലുകളും (4) അല്ലാഹു വിനോട് മറ്റൊന്നിനെ പങ്കു ചേര്‍ക്കലും (5) അല്ലാഹുവിന്റെ പേരില്‍ (അല്ലാഹുവിന്റെ ദീനില്‍) നിങ്ങള്‍ക്കുറപ്പില്ലാത്ത എന്തൊരു കാര്യം പറഞ്ഞുണ്ടാക്കലും’ മാത്രമാണ് (അടിസ്ഥാനപരമായി) അല്ലാഹു ഹറാമാക്കിയതെന്ന് നീ പ്രഖ്യാപിക്കൂ! (വി: ഖു: 7:33)

പ്രത്യേകം ശ്രദ്ധിക്കുക! നാലാമത്തേതും അഞ്ചാമത്തേതുമായി എടുത്തുപറഞ്ഞത് വാസ്തവത്തില്‍ രണ്ടാമത്തേതിലും മൂന്നാമത്തേതിലും പെട്ടത് തന്നെയാണ്. അതായത്: കുറ്റകരമെന്നോ, കൈകടത്തലെന്നോ പറയുന്നതില്‍ ശിര്‍ക്കും മതത്തില്‍ നുണപറയലും പെടുമെന്നതില്‍ ആര്‍ക്കും തര്‍ക്കിക്കാനവ കാശമില്ലല്ലോ. അപ്പോള്‍ പിന്നെ എന്തിന്നത് രണ്ടും പ്രത്യേകം എടുത്തു പറഞ്ഞു എന്നാണ് ചോദിക്കാനുള്ളത്. അതിന്റെ രഹസ്യം തന്നെയാണ് മനസ്സിലാക്കേ ണ്ടതും.! അത് മറ്റൊന്നുമല്ല: ശിര്‍ക്കും മതത്തില്‍ ഉറപ്പില്ലാത്ത കാര്യം പറയലും ഒട്ടും പൊറുപ്പിക്കാനാവാത്തതും വളരെ അപകടം നിറഞ്ഞതുമായ കൊടിയ ഹറാമാണെന്നുണര്‍ത്താനാണ്. അത് രണ്ടും പ്രത്യേകം എടുത്ത് പറഞ്ഞത് . അതായത് ഹറാമുകളുടെ കൂട്ടത്തില്‍ ഏറ്റവും വലിയ മഹാപാപമായിട്ടാണ് അത് രണ്ടിനേയും കണക്കാക്കേണ്ടതെന്ന് പ്രത്യേകം പഠിപ്പിക്കാന്‍ അത് രണ്ടും പ്രത്യേകം എടുത്തു പറഞ്ഞു. പക്ഷെ - എന്തു ഫലം? ശിര്‍ക്കിനെപറ്റി പറഞ്ഞത് മാത്രമേ സമുദായം ഇന്ന് വരെ അംഗീകരിച്ചിട്ടുള്ളൂ. അതും വാക്കാല്‍മാത്രം, പ്രവൃത്തിയിലില്ല. ശിര്‍ക്കിനോടൊപ്പം പറഞ്ഞ രണ്ടാമത്തെ കാര്യം (മതത്തില്‍ ഉറപ്പില്ലാത്തത് പറയുക എന്നത്) വാക്കാല്‍പോലും മതപുരോഹിതന്മാര്‍ ഇന്ന്വരെ അംഗീകരിച്ചിട്ടില്ല. ഉറപ്പുള്ള തെളിവുകള്‍ വിശ്വാസകാര്യങ്ങളിലേ ആവശ്യമുള്ളൂവെന്നും കര്‍മ്മപരമായ മതകാര്യങ്ങളില്‍ ഉറപ്പില്ലാത്ത അഥവാ, സുമാര്‍ വിശ്വാസമുള്ള (സന്ന്) മതിയെന്നുമാണ് ഇക്കാലംവരെ സമുദായത്തെ അവര്‍ പഠിപ്പിച്ചത്. ഇപ്പോള്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നതും അതുതന്നെ.

ശിര്‍ക്കിനോടൊപ്പം പറഞ്ഞ പ്രസ്തുത ഹറാമിനെ “സൂറത്തുന്നൂറി”ല്‍ അതേ ഗൌരവത്തില്‍ വീണ്ടും അല്ലാഹു പ്രത്യേകം എടുത്തുപറഞ്ഞത് നോക്കുക! ആയിശയുടെ പേരില്‍ ചിലര്‍ കുറ്റാരോപണമുന്നയിച്ചപ്പോള്‍ തെളിവില്ലാത്ത റിപ്പോര്‍ട്ട് പ്രചരിപ്പിച്ചതിന്നെതിരില്‍ അല്ലാഹു താക്കീതു നല്‍കിയ കൂട്ടത്തില്‍ ഉറപ്പില്ലാത്ത റിപ്പോര്‍ട്ട് പറയുന്നതിന്നെതിരില്‍ പൊതുവെത്തന്നെ ഒരു താക്കീതായി അല്ലാഹു ഇപ്രകാരം പ്രഖ്യാപിച്ചു. “നിങ്ങള്‍ക്കുറപ്പില്ലാത്തത് നിങ്ങളുടെ വായകൊണ്ട് നിങ്ങള്‍ പ്രചരിപ്പിക്കുന്നു.” (ഇതിനുമുമ്പ് പല പ്രവശ്യവും അതു കഠിന ഹറാമാണെന്ന് നിങ്ങളെ ഉണര്‍ത്തിയിട്ടും ഇപ്പോഴും) ഉറപ്പില്ലാത്തത് പറയുന്നത്. (മനപൂര്‍വ്വം കെട്ടിയുണ്ടാക്കിയതല്ലല്ലോ എന്ന ആശ്വാസത്തില്‍) നിസ്സാര കാര്യമായിട്ടാണ് നിങ്ങള്‍ കണക്കാക്കുന്നത്. (വാസ്തവത്തില്‍) അല്ലാഹുവിങ്കല്‍ അത് ഭയങ്കരമായ പാപമാണ് (വി:ഖു:24:15)

ശ്രദ്ധിക്കുക! ഇവിടെയും ഉറപ്പില്ലാത്തതൊന്നും പറയാന്‍ പാടില്ലെന്നല്ലാതെ സുമാര്‍ ഉറപ്പുള്ളതോ (സന്ന്) സാക്ഷികള്‍ പൂര്‍ത്തിയാവാത്തതോ പറയാന്‍ യാതൊരു പഴുതും അല്ലാഹു അനുവദിക്കുന്നില്ല. എന്നല്ല, ഓരോ സ്ഥാനത്തും അല്ലാഹു നിശ്ചയിച്ച കണക്കനുസരിച്ച് സാക്ഷികള്‍ പൂര്‍ത്തിയായിട്ടില്ലെങ്കില്‍ അതായത് 4 വേണ്ടിടത്ത് മൂന്ന് സാക്ഷികളുണ്ടായാല്‍ പോലും ആ മൂന്നുപേരും കൂടി പറഞ്ഞ കാര്യം “കദിബ്” (കളവ്) എന്ന ഇനത്തിലേ പെടുത്തുവാന്‍ പാടുള്ളൂവെന്നും ഒരിക്കലും “ഇല്‍മ്” (ഉറപ്പ്) എന്ന ഇനത്തില്‍ അത് പെടുത്താന്‍ പാടില്ലെന്നും സൂറത്തുന്നൂറിലെ 13-ാമത്തെ സൂക്തത്തില്‍ അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. അതും “ഉസൂല്‍” (അടിസ്ഥാനപരമായ കാര്യത്തില്‍ അല്ല. “ഫുറൂഅ്” (ശാഖാപരമായ കാര്യത്തിലാണ്) അല്ലാഹു പറഞ്ഞതെന്നും വ്യക്തമാണ്.

അടിസ്ഥാനപരമായാലും ശാഖാപരമായാലും ഉറപ്പുള്ളതാവണം! ഫുറൂഇയ്യാത്തില്‍ ‘സന്ന്’ മതി എന്നവാദം തനി ജൂതായിസം!

ഖുര്‍ആനിന്റെ ഏറ്റവും അടിസ്ഥാനപരവും വളരെ വിപ്ളവാത്മകവുമായ ഒരാദര്‍ശമാണ്, തലക്കെട്ടില്‍ കൊടുത്തിട്ടുള്ളത്. അതേ! ആ ഏറ്റവും വലിയ അടിസ്ഥാനാദര്‍ശം തന്നെയാണ് അബൂഹുറയ്റ: എറ്റവും ആദ്യം അട്ടിമറിച്ചതും!. അതെങ്ങിനെയെന്ന് ചുവടെ വിവരിക്കാം.

മേല്‍ വിവരിച്ചുപോയ 4 പ്രധാന സൂക്തങ്ങളിലും മതത്തില്‍ ഉറപ്പില്ലാത്ത യാതൊന്നും ആര്‍ക്കും പറയാനും പിന്‍പറ്റാനും പാടില്ലെന്ന് വളരെ വ്യക്തമായി അല്ലാഹു പ്രഖ്യാപിക്കുകയുണ്ടയല്ലോ. അതേ ആശയം , അതായത്: “ഇല്‍മ്” (ഉറപ്പ്) ഉള്ളത് മാത്രമേ ഉരിയാടാന്‍ പാടുള്ളൂവെന്ന ആശയം “ഇല്‍മ്” എന്ന “ധാതു” ഉപയോഗിച്ച്കൊണ്ട് ഖുര്‍ആനില്‍ അറുപത് സ്ഥലത്ത് അല്ലാഹു ആവര്‍ത്തിച്ചു പറഞ്ഞിരിക്കുന്നു. സുമാറായ വിശ്വാസങ്ങളൊന്നും (സന്ന്) ഒരിക്കലും പിന്‍പറ്റാന്‍ പാടില്ലെന്ന് അതേ പദമുപയോഗിച്ച് 15 സ്ഥലത്തും അല്ലാഹു ആവര്‍ത്തിച്ചിട്ടുണ്ട്. മത നിയമങ്ങള്‍ പഠിക്കുന്നതും പകര്‍ത്തുന്നതും “ശഹാദത്ത്്” (സാക്ഷ്യം) വഴിക്കല്ലാതെ, കേട്ട് കേള്‍വിയായിട്ടോ മതിയായ സാക്ഷികളില്ലാതെയോ ആവാന്‍ പാടില്ലെന്ന് 33 സ്ഥലത്ത് വേറെയും ഖുര്‍ആന്‍ ഉണര്‍ത്തിയിട്ടുണ്ട്. അപ്പോള്‍ തെളിവുള്ളത് മാത്രമേ മതത്തില്‍ പറയാനും പിന്‍പറ്റാനും പാടുള്ളൂവെന്ന് ആകെ 108 തവണ അല്ലാഹു ഖുര്‍ആനിലൂടെ പഠിപ്പിച്ചു എന്ന് ചുരുക്കാം.

പില്‍ക്കാലത്ത് വരുമെന്ന് അല്ലാഹുവിന്നറിയാമായിരുന്ന ഖുര്‍ആന്‍ നിഷേധികളുടെ തലക്കടിക്കാന്‍ പറ്റിയ ആയുധമെന്നോണം അവയില്‍ പത്തില്‍പരം ആയത്തുകള്‍ പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നുണ്ട അതില്‍ എളുപ്പത്തില്‍ ഗ്രഹിക്കാവുന്ന രണ്ട് ആയത്തുകള്‍ ഇപ്പോള്‍തന്നെ വിവരിക്കാം.

(1) മുമ്പ് വിവരിച്ച നാലായത്തുകളിലെ രണ്ടാമത്തെതാണ് അതിലൊരായത്ത്. അതായത്: 5 ഹറാം എണ്ണിപ്പറഞ്ഞ ആയത്തിന്റെ പശ്ചാത്തലം അതിന്റെ തൊട്ടുമുമ്പുള്ള ആയത്ത്തന്നെ വിവരിക്കുന്നുണ്ട്. അതെന്തെന്നു കാണുക! “അല്ലാഹു അവന്റെ ദാസന്മാര്‍ക്ക് വേണ്ടി ഉദ്പ്പാദിപ്പിച്ചുതന്ന അലങ്കാരവസ്തുക്കളും നല്ല ഭക്ഷ്യവിഭവങ്ങളും നിഷിദ്ധമാക്കുന്നവനാരാണെന്ന ് നീ ചോദിക്കൂ! ” (7:32)

മേല്‍സൂക്തത്തില്‍ നിന്നും വ്യക്തമായി: അപ്പറഞ്ഞതില്‍ കുറച്ചെങ്കിലും ഹറാമാക്കുന്ന ഒരു വിഭാഗം പുരോഹിതന്മാര്‍ അവിടെയുണ്ടെന്ന് . നല്ല ഭക്ഷ്യ വിഭവങ്ങളും അലങ്കാര വസ്തുക്കളും ഹറാമാക്കുക എന്നത് ഉസൂലില്‍ പെട്ടതല്ല, ഫുറൂഇല്‍ (ശാഖാപരമായ നിയമങ്ങളില്‍) പെട്ടതാണ് എന്നു മനസ്സിലാക്കാന്‍ കഴിയാത്ത ഒരു വിഡ്ഢി പോലും പുരോഹിതന്മാരിലുണ്ടാവുകയില്ല. അപ്പോള്‍ അല്ലാഹുവിങ്കല്‍നിന്ന് തെളിവൊന്നും കിട്ടാതെ, ചില ഹറാമാക്കല്‍ പരിപാടി അവിടെ നടക്കുന്നുവെന്ന പശ്ചാത്തലത്തിലേക്ക് ശ്രദ്ധ തിരിച്ചശേഷമാണ് അല്ലാഹു തുടര്‍ന്ന് പ്രഖ്യാപിക്കുന്നത്. (അല്ലാഹു അവന്റെ ദാസന്മാര്‍ക്കുവേണ്ടി ഉല്‍പ്പാദിപ്പിച്ചുതന്ന അലങ്കാര വസ്തുക്കളും നല്ല ഭക്ഷ്യവിഭവങ്ങളുമല്ല അല്ലാഹു ഹറാമാക്കിയിട്ടുള്ളത്. പ്രത്യുത “അല്ലാഹുവിന്റെ പേരില്‍ ഉറപ്പില്ലാതെ, കണിശമായ തെളിവില്ലാതെ അത്തരം നിയമങ്ങള്‍ കെട്ടിപറയലും പ്രചരിപ്പിക്കലുമാണ് അല്ലാഹു ഹറാമാക്കിയിട്ടുള്ളത്,” എന്ന്. അതായത്: അലങ്കാരവസ്തുക്കളും നല്ല ഭക്ഷ്യവിഭവങ്ങളും അല്ലാഹു ഹറാമാക്കീട്ടില്ലെന്നും തെളിവില്ലാതെ അതൊക്കെ ഹറാമാണെന്നു പറയലാണ് അല്ലാഹു ഹറാമാക്കീട്ടുള്ളതെന്നും സാരം....!!

എന്നാല്‍ ഇക്കാര്യം പഠിപ്പിക്കാന്‍വേണ്ടി പറയേണ്ട വാചകം“വഅന്‍തു ഹര്‍റിമൂ മാലാ തഅ്ലമൂന്‍” (നിങ്ങള്‍ക്കുറപ്പില്ലാത്ത കാര്യങ്ങള്‍ നിങ്ങള്‍ ഹറാമാക്കലും അല്ലാഹു ഹറാമാക്കിയിരിക്കുന്നു) എന്നതായിരുന്നു. ആ വാചകം പറയാതെ, “വ അന്‍തകുലൂ മാലാ തഅ്ലമൂന്‍” എന്നാണല്ലോ അല്ലാഹു പറഞ്ഞത്. അതെന്തിനാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്

അത് പറയാം. അലങ്കാരവസ്തുക്കളും ഭക്ഷ്യവിഭവങ്ങളും ഹറാമാക്കുന്നത് പോലെ തെളിവില്ലാതെയുള്ള ഹറാമാക്കല്‍ മാത്രമേ അങ്ങിനെ പറഞ്ഞാല്‍ പെടുകയുള്ളൂ. ശാഖാപരമായ മതനിയമങ്ങളില്‍ ഹറാം മാത്രമല്ലല്ലോ ഉള്ളത്. “വുജൂബ്” , “സുന്നത്ത്” , “കറാഹത്ത്” ,മുതലായവയും ശാഖാപരമായ മതനിയമങ്ങളില്‍ പെട്ടതാണല്ലോ:. ഫര്‍ളിന്റെ ഇനത്തിലും ധാരാളം ശാഖാപരമായ നിയമങ്ങളുണ്ട്. അപ്പോള്‍ അതിലൊന്നും പൂര്‍ണ്ണ തെളിവില്ലെങ്കിലും നിയമനിര്‍മ്മാണ പ്രഖ്യാപനങ്ങള്‍ നടത്താമെന്ന് ചില ബുദ്ധിശൂന്യന്മാരെങ്കിലും-“ഇജ്തിഹാദ”് ചെയ്തുകൂടായ്കയില്ല. അത്തരക്കാരുടെ മേല്‍ തെളിവ് പൂര്‍ത്തിയാക്കാന്‍ വേണ്ടിയാണ് അതെല്ലാറ്റിനെയും ഉള്‍പ്പെടുത്തിക്കൊണ്ട് നിങ്ങള്‍ക്കറിവും ഉറപ്പുമില്ലാത്ത എന്തൊരു കാര്യവും അല്ലാഹുവിന്റെ പേരില്‍ അഥവാ: മതനിയമങ്ങളില്‍ പറഞ്ഞുണ്ടാക്കല്‍, ഹറാമാണെന്ന ആശയം കണിശമായും ലഭിക്കത്തക്ക വിധത്തില്‍ “വഅന്‍ തകൂലു അലല്ലാഹി മാലാ തഅ്ലമൂന്‍” എന്ന വ്യാപ്തിയുള്ള വാചകം അല്ലാഹു തെരഞ്ഞെടുക്കാന്‍ കാരണം. ഇതേ വാചകംതന്നെ ഖുര്‍ആന്‍ പല സ്ഥലത്തും ആവര്‍ത്തിക്കുവാനും കാരണവുമതാണ്.

ചുരുക്കത്തില്‍ ശാഖാപരമായ കാര്യങ്ങളിലായിരുന്നാലും ഉറപ്പില്ലാത്തതൊന്നും പ്രമാണമാക്കാന്‍ പാടില്ലെന്ന് പഠിപ്പിക്കാനാണ് ശാഖാപരമായ അവതരണ പാശ്ചാത്തലം തന്നെ അല്ലാഹു തെരഞ്ഞെടുത്ത് പ്രഖ്യാപനം നടത്തിയത്. ഇതേ രൂപത്തില്‍ ഖുര്‍ആന്റെ അവതരണക്കാലത്ത് ശാഖാപരമായ നിയമങ്ങളില്‍ ഇല്‍മ് (ഉറപ്പ്) ഇല്ലാത്തത് (സന്ന്) പിന്‍പറ്റിയ അവസരങ്ങള്‍ പലതുമുണ്ടായപ്പോള്‍ അപ്പോഴൊക്കെയും അത് പാടില്ലെന്ന് അതായത് ശാഖാപരമാണെങ്കില്‍ പോലും അതിലൊന്നും “ഇല്‍മില്ലാതെ (കണിശമായ തെളിവില്ലാതെ) ഒരു നിയമനടപടിയും സ്വീകരിക്കരുതെ”ന്ന് അല്ലാഹു പ്രത്യേകം ആയത്തുകളിറക്കി ദീനിന്റെ ഏറ്റവും വലിയൊരടിത്തറയായ പ്രസ്തുത സിദ്ധാന്തം വീണ്ടും വീണ്ടും ഉറപ്പിച്ചു പറയുകയും ചൈയ്തു ശാഖാപരമെന്നോ അടിസ്ഥാനപരമെന്നോ വേര്‍തിരിക്കാതെ വേറെ നൂറോളം സ്ഥലത്ത് അതാവര്‍ത്തിച്ചുവെന്നും മുമ്പ് വിവരിച്ചുവല്ലോ

108 ആയത്തുകള്‍കൊണ്ട് സ്ഥാപിതമായ ഇസ്ലാമിന്റെ ഏറ്റവും വലിയ
ഈ അടിത്തറ അബൂഹുറൈറ: തകര്‍ത്തതെങ്ങിനെ?

ദീര്‍ഘകാലത്തെ പഠനനിരീക്ഷണങ്ങള്‍കൊണ്ട് ഉരുത്തിരിഞ്ഞുകിട്ടിയ ആ വലിയ ചോദ്യത്തിന്റെ ഉത്തരം ചുരുങ്ങിയ വാചകങ്ങളിലായി ഞാന്‍ നിങ്ങളുടെ മുമ്പിലവതരിപ്പിക്കാം. ഏതാനും മിനുട്ടുകള്‍കൊണ്ട് നിങ്ങള്‍ക്ക് ലഭിക്കുന്ന ഈ രൂപത്തിലുള്ള ഉത്തരങ്ങള്‍ രൂപപ്പെടുത്തുന്നതിന്റെ പിന്നില്‍ എത്രകൊല്ലത്തെ കഠിനാദ്ധ്വാനമുണ്ടായിരിക്കുമെന്ന വസ്തുതയും കൂടി നിങ്ങള്‍ കൂട്ടത്തില്‍ ഓര്‍ക്കുന്നത് നന്നു. പ്രതിഫലം തരാനല്ല, പ്രശ്നത്തിന്റെ ഗൌരവം മനസ്സിലാക്കാന്‍വേണ്ടി മാത്രം. കണിശമായ തെളിവില്ലാത്ത യാതൊന്നും മതത്തില്‍ പ്രമാണമാക്കാന്‍ പാടില്ലെന്ന് പഠിപ്പിക്കുന്ന 108 ആയത്തുകള്‍ ഖുര്‍ആനിലുണ്ടെന്ന് പറഞ്ഞുവല്ലോ. മുമ്പ് സൂചിപ്പിച്ചതു പോലെ വ്യത്യസ്ത ശൈലികളിലാണ് ഖുര്‍ആന്‍ അത് പ്രതിപാദിച്ചിട്ടുള്ളത്. അതായത് ഒരിക്കലും “സന്ന്”(ഇല്‍മല്ലാത്തത്) യാതൊന്നും പിന്‍പറ്റാന്‍പാടില്ലെന്ന് വളരെ വ്യക്തമാക്കി പറഞ്ഞ സ്ഥലങ്ങളുണ്ട്. ആശയം മാത്രം സൂചിപ്പിച്ചുപോയ സ്ഥലങ്ങളുമുണ്ട്. അവയില്‍ ഊന്നിപ്പറഞ്ഞ സ്ഥലങ്ങളിലെല്ലാം അതിനെ ദുര്‍വ്യാഖ്യാനം ചെയ്യുന്ന സമ്പ്രദായമാണ് ഇന്ന് പ്രചാരത്തിലുള്ള സുന്നത്ത് ജമാഅത്തുകാരുടെ തഫ്സീറുകളില്‍ മുഴുവന്‍ കാണുന്നത്. എന്ന് പറഞ്ഞാല്‍ പ്രസ്തുത ആയത്തുകളുടെയെല്ലാം വ്യാഖ്യാനക്കുറിപ്പില്‍ അവര്‍ എഴുതാറുള്ളത് ഇപ്രകാരമാണ്. “സന്ന്”പിന്‍പറ്റാന്‍ പാടില്ലെന്നും “ഇല്‍മ്” മാത്രമേ പിന്‍പറ്റാവൂ എന്നും പറഞ്ഞത് ഉസൂലില്‍ (അടിസ്ഥാനപരമായ കാര്യങ്ങളില്‍) മാത്രമാണ്. ഫുറൂഇലേക്കത് ബാധകമേ അല്ല. ഇതാണ് സാധാരണ തഫ്സീറുകളിലെ നിരന്തരമായ ദുര്‍വ്യാഖ്യാനം. പക്ഷെ, ഈ ദുര്‍വ്യാഖ്യനം ചെയ്യാന്‍ ഒരിക്കലും പറ്റാത്ത സ്ഥലങ്ങളാണ് മുമ്പ് ഞാന്‍ ചൂണ്ടിക്കാണിച്ച പത്തില്‍പരം ആയത്തുകള്‍. അതെന്തുകൊണ്ടെന്നാല്‍: പ്രസ്തുത പത്ത് ആയത്തുകളുടെയും അവതരണ പശ്ചാത്തലം തന്നെ “ഫുറൂഅ്” (ശാഖാപരമായ കാര്യങ്ങള്‍) ആണ്. അവതരണ പശ്ചാത്തലങ്ങള്‍ ഒഴിവാക്കിക്കൊണ്ട് വ്യാഖ്യാനിക്കാന്‍ പാടില്ലെന്നത് ആ ദുര്‍വ്യാഖ്യാനക്കാരായ മുഫസ്സിറുകള്‍പോലും സമ്മതിച്ച ഒരു പരമ സത്യവുമാണ്.

അങ്ങിനെ വന്നപ്പോള്‍ പ്രസ്തുത പത്തില്‍പരം ആയത്തുകളുടെ വ്യാഖ്യാനത്തില്‍ അവരെന്തു ചെയ്തുവെന്നല്ലേ? അതാണാശ്ചര്യകരമായിട്ടുള്ളത്. ആയത്തിന്റെ പാശ്ചാത്തലവിവരണമോ, വ്യാഖ്യാനമോ, വിശദീകരണമോ ഒന്നും ചെയ്യാതെ വലിയ പൂജ്യന്മാരായി ആ സ്ഥലങ്ങളിലെല്ലാം മെല്ലെ തടിതപ്പുകയാണ് ചെയ്തിരിക്കുന്നത്. വലിയ വായാടിത്തവും “നീളന്‍ പേന”യുമായി നീണ്ട തഫ്സീറെഴുതിവെച്ച ഇമാം റാസി പോലും പ്രസ്തുത ആയത്തുകള്‍ക്ക് ഒറ്റ മറുപടിയും പറയാതെ അതായത്: ശാഖാപരമായ വിഷയങ്ങളായിട്ടും “ഇല്‍മ്”തന്നെവേണം “സന്ന്”പോരാ എന്ന് വ്യക്തമാക്കുന്ന ആയത്തുകള്‍ക്ക് യാതൊരു വിശദീകരണവും നല്‍കാതെ അദ്ദേഹത്തിന്റെ നാക്കും പേനയും അവിടെ ചുരുണ്ട്പോയ കാഴ്ചയാണ് നാം കാണുന്നത്. അദ്ദേഹത്തിന്റെ എന്നല്ല, ഇന്ന് പ്രചാരത്തിലുള്ള സകല തഫ്സീറുകാരുടെയും നാക്കിറങ്ങിപ്പോയ സ്ഥലങ്ങളാണത്. ഇത്കൊണ്ടാണ് ഫുറൂഇല്‍ ഇല്‍മ് വേണ്ടതില്ലെന്നും “സന്ന്” മതിയെന്നും ജല്‍പ്പിക്കുന്ന ഖുര്‍ആന്‍ വിരുദ്ധരുടെ തലക്കടിക്കാന്‍ പറ്റിയ പത്തില്‍പരം ആയത്തുകള്‍ അല്ലാഹു പ്രത്യേകം അവതരിപ്പിച്ചിട്ടുണ്ടെന്ന് ഞാന്‍ ആദ്യം പറയാന്‍ കാരണം.

ചുരുക്കത്തില്‍ മതകാര്യത്തില്‍ ഒരിക്കലും ഉറപ്പില്ലാത്തത് പിന്‍പറ്റാന്‍ പാടില്ലെന്ന് 100 ആയത്തുകളിലായി പൊതുവെ പഠിപ്പിക്കുന്നതിനിടയില്‍ ശാഖാപരമായാല്‍ ഇല്‍മ് വേണ്ടതില്ലെന്ന് ധരിക്കാനിടവന്നപ്പോഴൊക്കെ അല്ലാഹു വീണ്ടും വീണ്ടും ആയത്തുകളവതരിപ്പിച്ചുകൊണ്ട്, ശാഖാപരമായാലും ഇല്‍മ് തന്നെ വേണമെന്നും സന്ന് ഒരിക്കലും മതിയാവുകയില്ലെന്നും ആവര്‍ത്തിച്ചു പഠിപ്പിച്ചിട്ടും ഇസ്ലാമിന്റെ ഏറ്റവും വലിയ അടിത്തറയായ പ്രസ്തുത സിദ്ധാന്തം മതവിധികളിലെ 90 ശതമാനത്തിന്നും (ശാഖാപരമായ നിയമങ്ങള്‍ക്ക്) ബാധകമല്ലെന്നും സുമാര്‍ 10% വരുന്ന ഉസൂലിലേക്ക് മാത്രമേ അത് ബാധകമാകൂവെന്നും ദുര്‍വ്യാഖ്യാനം ചെയ്യാന്‍ രണ്ടാം നൂറ്റാണ്ടു മുതല്‍ക്കുള്ള ഭൂരിപക്ഷ മതപണ്ഡിതന്മാരെയും ധൈര്യപ്പെടുത്തിയത് ആരാണെന്നു ചോദിച്ചാല്‍ പ്രസ്തുത 108 ആയത്തുകള്‍ക്കുമെതിരായി ഇസ്ലാമില്‍ ആദ്യമായി ഒരു ഹിമാലയന്‍നുണ പൊട്ടിച്ച അബൂഹുറൈറ:യാണ് അവര്‍ക്കെല്ലാം ധൈര്യം കൊടുത്തതെന്നാണതിന്ന് നമുക്ക് മറുപടി പറയാനുള്ളത്.

108 ആയത്തുകള്‍ക്കെതിരില്‍ അബൂഹുറൈറ: പൊട്ടിച്ച ഹിമാലയന്‍നുണ!!

മുമ്പ് വിവരിച്ച ആയത്തുകളുടെ സിദ്ധാന്തം ഇസ്ലാമിന്റെ ഏറ്റവും വലിയ അടിത്തറയാണെന്ന് പറയുന്നത് ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ ഒട്ടും പ്രയാസമില്ലാത്ത കാര്യമാണ്. എന്തുകൊണ്ടെന്നാല്‍ സുമാറായ തെളിവുകളും ഒറ്റപ്പെട്ട റിപ്പോര്‍ട്ടുകളും മതത്തില്‍ പ്രമാണമാക്കാന്‍ തുടങ്ങിയാല്‍ ധാരാളം മുനാഫിക്കുകള്‍ (കപടവിശ്വാസി)കളുണ്ടായിരുന്ന ഇസ്ലാമിന്റെ ആദ്യനൂറ്റാണ്ടില്‍ (നബിയുടെ കാലം മുതല്‍ക്കുതന്നെ) എത്രയൊക്കെ മായങ്ങളും അട്ടിമറികളുമാണ് നടക്കുക എന്ന് അല്ലാഹുവിന്നല്ലാതെ കണക്കാക്കാന്‍ സാദ്ധ്യമല്ല. അതുകൊണ്ടാണ് തെളിവും പ്രമാണവുമുള്ളതല്ലാതെ ഒരു മതവിധിയും ആര്‍ക്കും പറയാന്‍ പാടില്ലെന്ന് ഇത്രയേറെ നിഷ്കര്‍ഷയോടെ അല്ലാഹു ആവര്‍ത്തിച്ചുപറയാന്‍ കാരണം. മാത്രമല്ല, അങ്ങിനെ ഉറപ്പില്ലാതെ പറയുന്നത് ശിര്‍ക്കിനോടടുത്ത് നില്‍ക്കുന്ന കഠിന ഹറാമാണെന്നും മഹാപാപമാണെന്നും അല്ലാഹു പ്രഖ്യാപിക്കുകയും ചെയ്തു.

ഉറപ്പില്ലാത്ത റിപ്പോര്‍ട്ടുകള്‍ പ്രമാണമായി ഉദ്ധരിക്കുന്നത് നിസ്സാരമായിട്ടാണ് - നിങ്ങള്‍ കാണുന്നതെന്ന് സഹാബികളെ അഭിസംബോധന ചെയ്തുകൊണ്ട് അല്ലാഹു കുറ്റപ്പെടുത്തിപ്പറയുകയും ഇനി മേലില്‍ ഇതാവര്‍ത്തിക്കരുതെന്ന് താക്കീതുചെയ്യുകയും ചെയ്തു. ദീനില്‍ ഇത്രയും വലിയൊരടിത്തറയായി അല്ലാഹു ആവര്‍ത്തിച്ചു പറഞ്ഞ സിദ്ധാന്തം സഹാബികളെ ഇടക്കിടെ ഉണര്‍ത്തുന്നതില്‍ നബി ഒട്ടും അലംഭാവം കാണിക്കുകയുമില്ലല്ലോ. “എന്റെ മേല്‍ അവസ്തവമായ വല്ലതും ആരെങ്കിലും പറഞ്ഞാല്‍ അവന്റെ ഇരിപ്പിടം നരകമാണെ ”ന്നു നബി സാധാരണ പറഞ്ഞിരുന്നതായി ബുഖാരി മുസ്ലിം മുതല്‍ക്കുള്ള സകല ഹദീസ് ഗ്രന്ഥങ്ങളിലും രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. മുഹാജിറുകളിലും അന്‍സാറുകളിലുംപെട്ട പ്രഗത്ഭ സഹാബി വര്യന്മാരില്‍ നിന്ന് തന്നെയാണ് ആദ്യമെ അതൊക്കെ റിപ്പോര്‍ട്ട് വന്നിട്ടുള്ളതും. ഉമര്‍, ഉസ്മാന്‍, അലി, സുബൈര്‍, സല്മത്തുബ്നുല്‍ അക്വഅ്, വാസിലത്തുബ്നുല്‍ അസ്ഖഅ് അബൂഖതാദ: മുതലായ പ്രധാനികളാണ് പ്രസ്തുത ഹദീസിന്റെ പ്രധാന റിപ്പോര്‍ട്ടര്‍മാര്‍. നബിയില്‍നിന്ന് നിവേദനം ചെയ്യപ്പെട്ട ഹദീസുകളുടെ കൂട്ടത്തില്‍ വെച്ചേറ്റവും ശ്രുതിപ്പെട്ടതും പരക്കെ റിപ്പോര്‍ട്ടു വന്നതും (മുതവാത്തിറു)മെന്ന് അഹ്ലുല്‍ ഹദീസുകാരെല്ലാം ഐക്യകണ്ഠേന ഉറപ്പിച്ചുപറഞ്ഞതുമാണ് പ്രസ്തുത ഹദീസ്.

എങ്ങിനെ അങ്ങിനെയല്ലാതിരിക്കും. 108 ആയത്തുകളിലൂടെ ഖുര്‍ആന്‍ ആവര്‍ത്തിച്ചുറപ്പിച്ചൊരു സിദ്ധാന്തം മാത്രമാണല്ലോ പ്രസ്തുതഹദീസില്‍ അടങ്ങിയിട്ടുള്ളത്. അങ്ങിനെ ഏറ്റവും വലിയ മുതവാത്തിറായ പ്രസ്തുത ഹദീസ് നാല് ഖലീഫമാരുടെ കാലാവസാനം വരെ അപ്രകാരം തന്നെ നിലനിന്നു. തന്നിമിത്തം ആ ഹദീസ് റിപ്പോര്‍ട്ടുചെയ്ത ഖലീഫമാര്‍ക്കോ അവരെപ്പോലുള്ളവര്‍ക്കോ വളരെയധികം ഹദീസുകളൊന്നും നിവേദനം ചെയ്യാന്‍ ധൈര്യമുണ്ടായിരുന്നില്ല. അവര്‍ക്ക് “സന്നു” ള്ള (ഏതാണ്ടുറപ്പുള്ള) അഥവാ “ഇല്‍മി”ല്ലാത്ത (തികച്ചും ഉറപ്പില്ലാത്ത) ഒറ്റ ഹദീസും അവരാരും ഉദ്ദരിക്കുകപോലും ചെയ്തിരുന്നില്ല. തന്മൂലം സഹാബികളില്‍ ഒന്നാമനായ ഹസ്രത്ത് അബൂബക്കറില്‍നിന്ന് ആകെ അഹ്ലുല്‍ ഹദീസുകാര്‍ക്ക് കിട്ടിയത് 142 ഹദീസാണ്. അതില്‍ 22എണ്ണം മാത്രമേ ബുഖാരിയിലുള്ളു. ഹസ്രത്ത് ഉമറില്‍ നിന്ന് ആകെ കിട്ടിയത് 50 തികയുകയില്ല. ഹസ്രത്ത് ഉസ്മാനില്‍നിന്ന് ബുഖാരിയില്‍ 9 ഹദീസ് മാത്രമേയുള്ളൂ. ഹസ്രത്ത് അലിയില്‍നിന്നും സുമാര്‍ 50 തന്നെയാണ് ആകെയുള്ളത്. അതില്‍ 20 എണ്ണം മാത്രമെ ബുഖാരിയിലുള്ലൂ. ഇങ്ങിനെ പോകുന്നു പ്രഗത്ഭരും പണ്ഡിതരും നബിയോടേറ്റവും അടുത്ത് വളരെകാലം ജീവിച്ചവരുമായിരുന്നവരുടെ ഹദീസുകളുടെ കണക്കുകള്‍.

ഇസ്ലാമിലെ ഏറ്റവും വലിയ ആ മഹാ അപകടം സംഭവിക്കുന്നു.

ഹിജ്രാബ്ദം 40 കഴിഞ്ഞു. പണ്ഡിതന്മാരുമായിരുന്ന ആ നാലു മഹാ വ്യക്തികളില്‍ അബൂബക്കറൊഴികെ മറ്റു മൂന്നുപേരെയും മൂന്നു ഘട്ടങ്ങളിലായി മുനാഫിക്കുകള്‍ കഠാരികൊണ്ട് കുത്തികൊലപ്പെടുത്തി. അതിന്ന് ശേഷം കേവലം രണ്ട് വര്‍ഷത്തിലേറെ നബിയോടൊപ്പം ജീവിക്കാന്‍ അവസരം കിട്ടിയിട്ടില്ലാത്ത, “മക്കം ഫത്ഹില്‍” ഗത്യന്തരമില്ലാതെ നവമുസ്ലിമായി വന്ന മുആവിയയുടെ ഭരണകാലം വന്നു. മുഹാജിറുകളും അന്‍സാറുകളുമായി ഖുര്‍ആനിന്റെയും സുന്നത്തിന്റെയും പണ്ഡിതന്മാരായിരുന്ന പ്രഗത്ഭ സഹാബികളെല്ലാം “ജമല്‍” “സിഫ്ഫീന്‍” യുദ്ധങ്ങളിലും മറ്റുമായി കൊല്ലപ്പെടുകയോ മരിക്കുകയോ ചെയ്തശേഷം അവശേഷിച്ച പണ്ഡിതന്മാരെ സ്ഥലം മാറ്റം ചെയ്തും മറ്റും ഇസ്ലാമിന്റെ കേന്ദ്രമായ മദീനയില്‍നിന്നും കാലിയാക്കിയശേഷം മുആവിയക്ക് ശിങ്കിടിപാടാനും അദ്ദേഹത്തിന്റെ ഇംഗിതത്തിനനുസരിച്ച് പ്രചരണം നടത്താനും തയ്യാറുള്ള സഹാബികളിലെ അബൂഹുറയ്റയെ പ്പോലുള്ള നവ മുസ്ലിംകളെ ഇസ്ലാമിക പ്രബോധനാസ്ഥാനം കയ്യടക്കാന്‍ അനുവദിക്കപ്പെടുക യുണ്ടായി.

മാത്രമല്ല അത്തരക്കാര്‍ക്ക് വേണ്ട സാമ്പത്തിക സഹായവും നിത്യവേദനവും എത്തിച്ചുകൊടുക്കാന്‍ മുആവിയയുടെ ഭരണകൂടം പ്രതിജ്ഞാബദ്ധവുമായിരുന്നു. അബൂഹുറയ്റ യെപ്പോലുള്ളവര്‍ക്ക് ഇസ്ലാമില്‍ ഇഷ്ടംപോലെ മായം ചേര്‍ക്കാന്‍ ഏറ്റവും നല്ല സുവര്‍ണ്ണാവസരമായി ലഭിച്ച ഒരു കാലഘട്ടമായിരുന്നു അത്. ആ സന്ദര്‍ഭം വേണ്ടതുപോലെ ഉപയോഗപ്പെടുത്തിയ ഒരു സമര്‍ത്ഥനായ വ്യക്തിയുമായിരുന്നു അബൂഹുറയ്റ: അങ്ങിനെ ഖുര്‍ആനിന്റെ അടിസ്ഥാനപരമായ സിദ്ധാന്തങ്ങള്‍പോലും തരിപ്പണമാക്കാന്‍ അബൂഹുറയ്റ:യും കൂട്ടുകാരും പ്ളാനിട്ടു പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. അതിലേറ്റവും ആദ്യമായി അബൂഹുറയ്റ: തകര്‍ത്തിവിട്ട, ഖുര്‍ആനിന്റെ മുഖ്യആദര്‍ശങ്ങളില്‍ ഒന്നാണ് ഇപ്പോള്‍ പറയാന്‍പോകുന്നത്.

മതത്തില്‍ കണിശമായ തെളിവില്ലാതെ ആര്‍ക്കും യാതൊന്നും പറയാന്‍ പാടില്ലെന്ന് 108 ആയത്തുകൊണ്ട് അല്ലാഹു ആവര്‍ത്തിച്ചുറപ്പിച്ച-മുതവാത്തിറായ ഹദീസിലൂടെ നബിയും ആവര്‍ത്തിച്ചുപഠിപ്പിച്ച - ആ മഹല്‍ സിദ്ധാന്തം ഹിമാലയന്‍നുണയാകുന്ന ഒരൊറ്റപദംകൊണ്ട് അബൂഹുറയ്റ: തകര്‍ത്തു തരിപ്പണമാക്കിയത് ശ്രദ്ധിക്കുക. “എന്റെ മേല്‍ അവാസ്തവമായ ഏതൊരു കാര്യവും പറയാന്‍ പാടില്ലെ” ന്ന് പഠിപ്പിച്ച ആ മുതവാത്തിറായ ഹദീസിന്റെ മദ്ധ്യത്തില്‍ “മുതഅമ്മിദന്‍” (മനഃപൂര്‍വ്വം) എന്ന ഒരു ചെറിയ പദം മാത്രമേ അബൂഹുറയ്റക്ക് കെട്ടിച്ചമക്കേണ്ടി വന്നുള്ളൂ. അപ്പോഴേക്കും മേല്‍പറഞ്ഞ 108 ആയത്തുകളും ഏറ്റവും മുന്തിയ മുതവാത്തിറായ ഹദീസും തകര്‍ന്നുതരിപ്പണമായിപ്പോയി...!!

അതെങ്ങിനെയെന്ന് വിവരിക്കാം: നബിയുടെപേരില്‍ അവാസ്തവമായ (കണിശമായ തെളിവില്ലാതെ) യാതൊന്നും പറയാന്‍ പാടില്ലെന്ന ഹദീസിന്റെ മദ്ധ്യത്തില്‍ “മുതഅമ്മിദന്‍” (മനഃപൂര്‍വ്വം) പാടില്ലെന്നേ ഉള്ളു എന്നര്‍ത്ഥത്തിലുള്ള ഒരു പദം കുത്തിച്ചെലുത്തിയപ്പോള്‍ നബിയുടെ പേരില്‍ ഏതെല്ലാം കപടന്മാരും പൊള്ളന്മാരും ജൂതന്മാരും എത്രയൊക്കെ ഹദീസുകള്‍ കെട്ടിയുണ്ടാക്കിയിരുന്നാലും അതൊന്നും ഉദ്ധരിക്കുന്നതില്‍ യാതൊരു തെറ്റുമില്ലെന്നും “മനഃപൂര്‍വ്വം” താന്‍ പറഞ്ഞുണ്ടാക്കിയതല്ലെന്ന ഒരുവാദം നിലനിര്‍ത്തുക മാത്രമെ തനിക്കാവശ്യമുള്ളൂവെന്നും വരുത്തിത്തീര്‍ക്കുകയാണ് പ്രസ്തുത ഹിമാലയന്‍ നുണകൊണ്ട് അബൂഹുറയ്റ: സാധിച്ചെടുത്തത്. ഏറ്റവും വലിയ ഈ ഓരൊറ്റ കള്ളംകൊണ്ട് ഇസ്ലാമിന്റെ ഏറ്റവും വലിയ അടിത്തറ താറുമാറായതെങ്ങിനെയെന്ന് നോക്കുക!

വായിക്കുക!

(അബൂഹുറൈറയുടെ തനിനിറം കാരക്കുന്നിനു മറുപടി )