"..........We did not leave ANYTHING out of this qur’an…! " 6:38
ബന്ധപ്പെടുക 0091 9048718329 | e-mail : feedback@chekanoormoulavi.com
- Site Counter: 28,287
ഹജറുല്‍ അസ് വദ് എന്ന 'ശിര്‍ക്കന്‍ കല്ല്' ബഹിഷ്ക്കരിക്കുക!
" ചുരുക്കത്തില്‍ , മക്കാ മുശ്രിക്കുകള്‍ മുമ്പ് പൂര്‍ണ്ണ ചതുരക്കല്ലിനെയാണാരാധിച്ചിരുന്നതെങ്കില്‍ മുസ്ലിംകളാകുന്ന നമ്മുടെ ആളുകള്‍ ഇന്ന് പൊട്ട് കല്ലിനെയാണാരാധിക്കുന്നത്. ഏത് പോലെ എന്നാല്‍ മക്കാ മുശ്രിക്കുകള്‍ അല്ലാഹുവിന്റെ താഴെ ചില ദൈവങ്ങളുണ്ടെന്നാണ് പറഞ്ഞിരുന്നതെങ്കില്‍ നമ്മുടെ ആളുകള്‍ അഞ്ചു നേരവും അല്ലാഹുവിന്ന് മേലെ ഒരു ദൈവമുണ്ടെന്നാണ് സമര്‍ത്ഥിക്കുന്നത്. അതൊക്കെ ശ്രദ്ധയില്‍ പെടുത്തിക്കൊടുത്തിട്ടും അതൊന്നും തിരുത്താനോ പശ്ചാത്തപിക്കാനോ ഒറ്റ പുരോഹിതനും തയ്യാറാവുന്നില്ല. അപ്പോള്‍ അബൂജഹലിന്റേതിനേക്കാളും കടുത്ത കുഫ്റില്‍ ഉറച്ചു നില്‍ക്കുന്നവരാണ് നമ്മുടെ പുരോഹിതന്മാരും അവരുടെ ശിങ്കിടികളുമെന്നതല്ലേ സത്യം? "
'ഹജറുല്‍ അസ്വദ്' എന്ന 'ശിര്‍ക്കന്‍ കല്ല്' ബഹിഷ്ക്കരിക്കുക!
"ഹജ്റുല്‍ അസ്വദ്'' എന്നാല്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് കൊണ്ട് വന്നതും വെളുപ്പും പ്രകാശവുമുണ്ടായിരുന്നതുമായ ഒരു 'മാണിക്ക്യകല്ലാ'യിരുന്നുവെന്നും ഹാജിമാരുടെ പാപങ്ങളെല്ലാം ഏറ്റെടുത്തത് കൊണ്ടാണ് അതിത്രയും കറുത്തിരുണ്ട് പോയതെന്നും മറ്റുമാണല്ലോ പുരോഹിതന്മാര്‍ നമ്മുടെ സമുദായത്തെ വയള് പറഞ്ഞ് ധരിപ്പിച്ചിരിക്കുന്നത്. അവരുടെ വയളന്‍ കിതാബുകളില്‍ അതൊക്കെ എഴുതി വെച്ചിട്ടുമുണ്ട്. ബുഖാരിയുടെ പ്രധാന വ്യാഖ്യാന ഗ്രന്ഥമായ ഫത്ഹുല്‍ ബുഖാരിയില്‍ പോലും അത് രേഖപ്പെടുത്തിയിരിക്കുന്നു. മാത്രമല്ല, ഹജറുല്‍ അസ്വദ് ചുംബിച്ചാല്‍ ആ ചുംബിച്ചവരുടെ പാപങ്ങളെല്ലാം പൊറുക്കാനും അങ്ങനെ അവരെ മുഴുവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കാനും വേണ്ടി പരലോകത്ത് വെച്ച് ആ കല്ല് അല്ലാഹുവിനോട് ശുപാര്‍ശ ചെയ്യുമെന്നും ആ ശുപാര്‍ശ അല്ലാഹു സ്വീകരിക്കുമെന്നുമെല്ലാമുള്ള ശിര്‍ക്കന്‍ വിശ്വാസങ്ങള്‍ പുരോഹിതന്മാര്‍ നമ്മുടെ സമുദായത്തില്‍ വേണ്ടത്ര പ്രചരിപ്പിച്ചിട്ടുണ്ട്.
അത്തരം വിശ്വാസങ്ങളുമായി ഹജ്ജിന് പോകുന്നവര്‍ ഇക്കാലത്തും ധാരാളമുണ്ട് താനും. ഹജ്റുല്‍ അസ്വദ് നന്നായൊന്നു ചുംബിക്കാന്‍ വേണ്ടി തിരക്കൊഴിഞ്ഞ സമയം നോക്കി ത്വവാഫിന്നിറങ്ങുന്നവരെയും പോലീസിന്റെ തല്ല് കൊണ്ടാലും സ്ഥലം മാറിക്കൊടുക്കാതെ അതിനെ വീണ്ടും വീണ്ടും ചുംബിക്കുന്നവരെയുമൊക്കെ ഹാജിമാര്‍ക്കിടയില്‍ ധാരാളമായി കാണപ്പെടാന്‍ കാരണമതാണ്. ചുരുക്കത്തില്‍ നബിയുടെ കഠിന ശത്രുക്കളായിരുന്ന അബൂജഹലിന്നും അബൂസുഫ്യാനിന്നും മുആവിയക്കും മറ്റും 'ലാത്ത', 'ഉസ്സാ' മുതലായ വിഗ്രഹങ്ങളിലുണ്ടായിരുന്ന അതേ വിശ്വാസം തന്നെയാണ് മുആവിയയുടെ സാക്ഷാല്‍ പിന്‍ഗാമികളായ സുന്നത്ത് ജമാഅത്ത്കാര്‍ക്ക് ഹജ്റുല്‍ അസ്വദിലുള്ളതെന്നതില്‍ സംശയമില്ല.
മക്കാ മുശ്രിക്കുകള്‍ ലാത്തക്കും ഉസ്സാക്കും മറ്റും ആരാധിച്ചിരുന്നത് പോലെ, ഹജറുല്‍ അസ്വദിനെ ആരും ആരാധിക്കുന്നില്ലെന്ന് പറഞ്ഞത് കൊണ്ടൊന്നും കാര്യമില്ല. ഹജ്റുല്‍ അസ്വദിന്റെ ശുപാര്‍ശയില്‍ ലഘുവായിട്ടെങ്കിലും വിശ്വസിച്ചത് കൊണ്ടതിനെ ചുംബിക്കുന്ന ഏതൊരുത്തനും ശിര്‍ക്കിന്റെ വൃത്തത്തില്‍ നിന്നൊഴിവാകുകയുമില്ല. ഇനി അത് ശുപാര്‍ശ ചെയ്യുമെന്ന വിശ്വാസമൊന്നുമില്ലെന്നിരുന്നാലും കല്ലാരാധനയുടെ ( ശിലാ പൂജയുടെ ) കേന്ദ്രമായിരുന്ന കഅ്ബയില്‍ കല്ലിനെ ചുംബിക്കുക എന്ന പുതിയൊരാരാധന നിലനിര്‍ത്തുന്നതൊരിക്കലും തൌഹീദിന്റെ സിദ്ധാന്തങ്ങള്‍ക്കൊരിക്കലും യോജിച്ചതല്ലെന്ന കാര്യം തീര്‍ച്ചയാണ്. ആ ഒരു കല്ലിന്റെയും അതിനെ ചുംബിക്കുന്നതിന്റെയും പേരില്‍ മേല്‍ വിവരിച്ച പ്രകാരമുള്ള ശിര്‍ക്കന്‍ വിശ്വാസം മുസ്ലിം ഭൂരിപക്ഷത്തില്‍ ഇന്നേവരെ നിലനിന്നുപോന്നു എന്നത് മേല്‍പറഞ്ഞതിന്റെ വ്യക്തമായ ദൃഷ്ടാന്തവുമാണ്. കല്ലിനെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന കേന്ദ്രത്തില്‍ നിന്ന് സകല കല്ലുകളും വലിച്ചെറിഞ്ഞ അതേ പ്രവാചകന്‍ തന്നെ, തന്റെ അനുയായികള്‍ക്കെല്ലാം ബഹുമാനിക്കാനും ശിര്‍ക്കന്മാര്‍ അവരുടെ ആചാര്യന്മാരുടെ കയ്യും കാലും ചുംബിക്കുന്നതു പോലെ, അല്ല- അതിനേക്കാള്‍ പതിന്മടങ്ങ് ഭക്തിയോടെ - ചുംബിക്കാനും അതിന്മേല്‍ സുജൂദ് ചെയ്യാനും (ശാഫികളും ഹമ്പലികളും പറയുന്നതങ്ങിനെയാണ്) വേണ്ടി ഒരു കല്ല് കാണിച്ചുകൊടുത്തു എന്ന് പറഞ്ഞാല്‍ കല്ലാരാധകരായിരുന്ന മുആവിയാ കമ്പനിക്കാരല്ലാതെ നബിയുടെ, അനുയായികളാരും അത് വിശ്വസിക്കുകയില്ല തീര്‍ച്ച.
കള്ള ഹദീസില്‍ പ്രധാന കണ്ണി ചേര്‍ക്കാന്‍ വിട്ടുപോകുന്നു!
ഹദീസ് പ്രമാണിമാരുടെ ബുദ്ധിശൂന്യത.
നബിയുടെ ഹദീസുകളെല്ലാം വള്ളിപുള്ളി തെറ്റാതെ സമഗ്രമായി പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തവരാണ് അബൂഹുറയ്റ, ബുഖാരി, മുസ്ലിം മുതലായ ഹദീസ് പ്രമാണിമാര്‍ എന്നാണല്ലൊ സുന്നത്ത് ജമാഅത്ത്കാരുടെ വാദം. എന്നാല്‍ പ്രധാനപ്പെട്ട പല ഹദീസുകളും അവര്‍ കെട്ടി പ്രചരിപ്പിക്കുമ്പോള്‍ അവയില്‍ സുപ്രധാനമായ ചില കണ്ണികള്‍ ചേര്‍ക്കാന്‍ അത്ഭുതകരമാം വിധം അവര്‍ മറന്നു പോവാറുണ്ട്. അതവരുടെ ബുദ്ധിശൂന്യതയുടെ ദൃഷ്ടാന്തമായി ബുദ്ധിയുള്ളവര്‍ മനസ്സിലാക്കാറുമുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ട ഒരു സംഭവമാണ് : "അഞ്ച് നേര നമസ്ക്കാരത്തിന്റെ ഹദീസുകളില്‍ അഞ്ച് നേരമെന്ന് പറയാന്‍ സകല ഹദീസ് പ്രമാണിമാരും വിട്ടു പോയി'' എന്ന ഹെഡ്ഢിംഗില്‍ ബാങ്കിനെ പറ്റി ഞാനെഴുതിയ ഗ്രന്ഥത്തില്‍ (101-ാം പേജില്‍) മുമ്പ് വിശദമായി വിവരിച്ചു പോയത്.
ബാങ്കിനെ പറ്റി ഒരു സമ്പൂര്‍ണ്ണ ഹദീസ് - അവരുടെ 'റെഡിമെയ്ഡ്' പരമ്പരയിലൂടെ - നിവേദനം ചെയ്ത് രേഖപ്പെടുത്തി വെക്കാനും അവര്‍ക്ക് ബോധമുണ്ടായില്ലെന്ന് പ്രസ്തുത ഗ്രന്ഥത്തില്‍ സമര്‍ത്ഥിച്ചിട്ടുണ്ട്. അതേപ്രകാരം ബാങ്കിനെ പററിയുള്ള ഒരു കള്ള ഹദീസിന്റെ സാക്ഷിയായി ഖലീഫ ഉമറിനെ കൂട്ടി കെട്ടിയപ്പോഴും ഒരു പ്രധാന കണ്ണി വിട്ടുപോവുകയുണ്ടായി. അതായത് : അബ്ദുല്ലാഹിബ്നു സൈദ് സ്വപ്നം കണ്ടതനുസരിച്ച് ബിലാലിനോട് ആദ്യമായി ബാങ്ക് വിളിക്കാന്‍ നബി പറയുകയും ആ ബാങ്ക് വിളി കേട്ട ഉടനെ ഖലീഫ ഉമര്‍ വീട്ടില്‍ നിന്നിറങ്ങി ആഹ്ളാദത്തോടെ ഓടിവരികയും "അയാള്‍ സ്വപ്നം കണ്ടതു പോലെ ഞാനും കണ്ടു'' എന്ന് ഓടിവരുമ്പോള്‍ തന്നെ വിളിച്ചുപറയുകയും ചെയ്തുവെന്നൊക്കെ ബുഖാരിയുടെ ശിഷ്യനായ തുര്‍മുദിയും മറ്റും എഴുതിവെച്ചു.
എന്നാല്‍, "അയാള്‍ സ്വപ്നം കണ്ടത് പോലെ'' എന്ന് പറയണമെങ്കില്‍ നബിയുടെ പള്ളിയില്‍ നിന്ന് കേട്ട ആ ബാങ്ക് നബി പഠിപ്പിച്ചു കൊടുത്തതല്ലെന്നും മറ്റൊരാളുടെ സ്വപ്നം മുഖേന ലഭിച്ചതാണെന്നും ഉമറിനോടാരോ അതിനിടയില്‍ ചെന്ന് പറഞ്ഞെന്ന് ഹദീസില്‍ വ്യക്തമാക്കേണ്ടിയിരുന്നില്ലേ. പക്ഷേ, അതൊന്നും പറയാന്‍ ആ കള്ളക്കഥ കെട്ടിയവര്‍ക്ക് ബോധമുണ്ടായില്ല. അഥവാ കള്ളം കെട്ടിപ്പറഞ്ഞപ്പോള്‍ ഇടയില്‍ നിന്നാ കണ്ണി വിട്ടു പോയെന്ന് ചുരുക്കം. ഇതേ പോലെത്തന്നെ ഹജറുല്‍ അസ്വദിനെപ്പറ്റി ഉമറിനെ കൂട്ടിക്കെട്ടി ഹദീസ് നിര്‍മ്മിച്ചപ്പോഴും വാറോല പ്രമാണിമാരുടെ ശ്രദ്ധയില്‍ നിന്ന് ഒരു കണ്ണി വിട്ടുപോയി. അതെന്തെന്നാല്‍ : "ഉമര്‍ ഹജ്റുല്‍ അസ്വദ് ചുംബിച്ചെന്നും നബി അങ്ങനെ ചുംബിക്കുന്നത് കണ്ടതിനാലാണ് താനങ്ങിനെ ചെയ്തതെന്നും ഉമര്‍ പറഞ്ഞെന്നാ''ണ് ബുഖാരി മുസ്ലിമിന്റെ കള്ളഹദീസില്‍ തട്ടി വിട്ടിരിക്കുന്നത്. എന്നാല്‍ നബി ആകെ ചെയ്ത ഏക ഹജ്ജില്‍ ഒരിക്കലെങ്കിലും നബി ഹജ്റുല്‍ അസ്വദ് ചുംബിച്ചെന്ന് ഒറ്റ ഹദീസ് പ്രമാണിയും എഴുതി വെച്ചില്ല. എന്നല്ല, ത്വവാഫിന്റെ റൌണ്ട് പൂര്‍ത്തിയായപ്പോള്‍ (അത് മറ്റുള്ളവരെ അറിയിക്കാന്‍ വേണ്ടി) ഹജറുല്‍ അസ്വദ് തൊട്ടുകാണിച്ചു എന്നു മാത്രമാണ് ബുഖാരിയും മുസ്ലിമുമൊക്കെ രേഖപ്പെടുത്തിയിരിക്കുന്നത്. ഹസ്രത്ത് ഉമറിന്റെ പേരില്‍ മേല്‍പറഞ്ഞ പ്രകാരമുള്ള ഒരു കള്ളം കെട്ടി പറയണമെന്നോ അതിനാല്‍ നബിയുടെ ചുംബനക്കഥ ആദ്യമേ രേഖപ്പെടുത്തേണ്ടതാണെന്നോ ഉള്ള "ബുദ്ധി'' വാറോല പ്രമാണിമാരായ ബുഖാരിക്കോ മുസ്ലിമിനോ മറ്റോ ആദ്യം ഉണ്ടായില്ല. ഉമറിന്റെ പേരില്‍ മേല്‍ കള്ള ഹദീസ് നിര്‍മ്മിച്ചപ്പോള്‍ ഒരുകണ്ണി അതിലും വിട്ടുപോയി .എന്നര്‍ത്ഥം.!
ആകയാല്‍ നബി ഹജറുല്‍ അസ്വദിനെ ചുംബിച്ചെന്ന് പറയുന്നത് പച്ചക്കള്ളമാണ്. വാറോലക്കാരുടെ ഹദീസുകള്‍ പോലും അതിന് തെളിവുമാണ്. അങ്ങിനെയൊരു ചുംബനം സുന്നത്താണെങ്കില്‍ നബി ചെയ്ത ഏക ഹജ്ജില്‍ നബി അത് ഒഴിവാക്കുമായിരുന്നില്ല. പതിനായിരക്കണക്കില്‍ അനുചരന്മാര്‍ അതൊക്കെ കണ്ട് പഠിക്കാനായി പിന്നാലെ നടക്കുമ്പോള്‍ വിശേഷിച്ചും. മറ്റൊന്ന് പറയാനുള്ളത് നബി ആദ്യകാലത്ത് ഉംറഃ ചെയ്തപ്പോള്‍ അങ്ങനെ ചുംബിച്ചിട്ടുണ്ടാകാമെന്നും ഉമര്‍ പറഞ്ഞത് അതായിരിക്കുമെന്നുമാണ്. അങ്ങനെയാണെങ്കില്‍ അത് പറയാനുള്ള നാവ് ഉമറിന്ന് തന്നെയുണ്ടായിരുന്നെന്നും അതല്ലാതെ, ആ സംഭവങ്ങളൊക്കെ കഴിഞ്ഞ് 200 വര്‍ഷങ്ങള്‍ക്ക് ശേഷം വന്ന ഈ ജൂതാസുകള്‍ക്കല്ല അങ്ങനെ പറയാനവകാശമെന്നുമാണ് നമുക്ക് പറയാനുള്ള മറുപടി.
ഇനി ഹജ്ജില്‍ ചുംബിക്കാതെ, ഉംറയിലാണ് നബി ചുംബിച്ചതെന്ന വാദത്തില്‍ അവര്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ തന്നെ, ഉംറ ചെയ്യുന്നവരല്ലാതെ, ഹജ്ജ് ചെയ്യുന്നവരെല്ലാം ഹജ്റുല്‍ അസ്വദ് ചുംബിക്കണമെന്ന് പറയാന്‍ ഈ പുരോഹിതപ്പരിഷകള്‍ക്കെന്തധികാരമാണുള്ളത്? ഒന്നുമില്ല. "സുബുഹാനറബ്ബിക്ക'' എന്ന ശിര്‍ക്കന്‍ പ്രാര്‍ത്ഥന ലോക മുസ്ലിംകളെ കൊണ്ട് മുഴുവന്‍ നടത്തിച്ച പുരോഹിത വര്‍ഗ്ഗം ഹജ്റുല്‍ അസ്വദിലൂടെയും കുറച്ച് ശിര്‍ക്ക് ചെയ്യിക്കാന്‍ കാരണക്കാരായി എന്ന് മാത്രം. ഇത്രയും മുന്തിയ ഒരു "മാണിക്യക്കല്ലി''ന്റെ പേര് പോലും ഖുര്‍ആന്‍ പറയാതിരുന്നത് വെറുതെയാണോ? അതൊരിക്കലുമല്ല. ആ കല്ലിന്നെന്തെങ്കിലും പ്രാധാന്യമുണ്ടെന്നൊരിക്കലും തെറ്റിദ്ധരിക്കാതിരിക്കാതിരിക്കാന്‍ വേണ്ടി തന്നെ.
ഹജറുല്‍ അസ്വദ്
ഇപ്പോള്‍ നിലവിലുണ്ടോ?
അതില്ലെന്നും അതിന്റെ പൊട്ടും പൊടിയും മാത്രമേ ഇപ്പോഴവിടെയുള്ളൂവെന്നും അറിയുന്നത് കൌതുകകരമായിരിക്കും. അതെങ്ങനെ എന്നാല്‍: ഏതാണ്ടൊരു നൂറ്റാണ്ടു മുമ്പ് ഏതോ ഒരു വിദ്വാന്‍ മസ്ജിദുല്‍ ഹറാമില്‍ ആളൊഴിഞ്ഞ സമയം നോക്കി ഹജറുല്‍ അസ്വദ് കുത്തിപ്പൊട്ടിച്ചെടുത്തു കൊണ്ട് പോയി തന്റെ വീട്ടില്‍ സൂക്ഷിച്ചുവത്രേ! ശേഷം ത്വവാഫിന്നാള്‍ക്കാരെത്തിയപ്പോഴാണ് ഹജറുല്‍ അസ്വദ് നഷ്ടപ്പെട്ട വിവരം അധികൃതര്‍ അറിഞ്ഞത്. ഉടനെ പ്രതിയെ കണ്ടുപിടിച്ചു വധിക്കുകയും ചെയ്തുവത്രേ! എങ്കിലും ഹജ്റുല്‍ അസ്വദ് എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. അത് നഷ്ടപ്പെടേണ്ടതുമാണ്. അതിന്റെ ചില്ലും പൊടിയും മാത്രമേ പിന്നീട് അധികൃതര്‍ക്ക് കണ്ടെടുക്കാന്‍ കഴിഞ്ഞുള്ളൂ. അതിനാല്‍ ആ കണ്ടെടുത്ത ചില്ലും പൊടിയും പഴയ സ്ഥാനത്ത് തന്നെ അരക്കിലോ മറ്റോ ഉറപ്പിച്ചു ഒരു കല്ല് മോഡലില്‍ രൂപപ്പെടുത്തിവെച്ചു.
1962ല്‍ ഞാന്‍ ഹജ്ജിന്ന് ചെന്നപ്പോള്‍ ഹജ്റുല്‍ അസ്വദിന്റെ രൂപം കണ്ടിട്ട് സംശയം ജനിച്ചതനുസരിച്ച് അവിടത്തെ പഴമക്കാരോടന്വേഷിച്ചപ്പോഴാണ് മേല്‍വിവരങ്ങളറിയാന്‍ കഴിഞ്ഞത്. അത് ശരിയാണെന്ന് ആ കല്ല് ശരിക്കും പരിശോധിക്കുന്നവര്‍ക്കറിയാവുന്നതുമാണ്. ചുരുക്കത്തില്‍ മക്കാ മുശ്രിക്കുകള്‍ മുമ്പ് പൂര്‍ണ്ണ ചതുരക്കല്ലിനെയാണാരാധിച്ചിരുന്നതെങ്കില്‍ മുസ്ലിംകളാകുന്ന നമ്മുടെ ആളുകള്‍ ഇന്ന് പൊടിക്കല്ലിനെയാണാരാധിക്കുന്നത്. ഏത് പോലെ എന്നാല്‍ മക്കാ മുശ്രിക്കുകള്‍ അല്ലാഹുവിന്റെ താഴെ ചില ദൈവങ്ങളുണ്ടെന്നാണ് പറഞ്ഞിരുന്നതെങ്കില്‍ നമ്മുടെ ആളുകള്‍ അഞ്ചുനേരവും കൈരണ്ടും മലര്‍ത്തി കൊണ്ട് "സുബ്ഹാനറബ്ബിക'' (നിന്റെ നാഥന്‍ പരിശുദ്ധന്‍) എന്ന് പ്രാര്‍ത്ഥിക്കുന്നതിലൂടെ അല്ലാഹുവിന്റെ മേലെ ഒരു ദൈവമുണ്ടെന്നാണ് സമര്‍ത്ഥിക്കുന്നത്. അതൊക്കെ ശ്രദ്ധയില്‍ പെടുത്തിക്കൊടുത്തിട്ടും അതൊന്നും തിരുത്താനോ പശ്ചാത്തപിക്കാനോ ഒറ്റ പുരോഹിതനും തയ്യാറാവുന്നില്ല. അപ്പോള്‍ അബൂജഹലിന്റേതിനേക്കാളും കടുത്ത കുഫ്റില്‍ ഉറച്ചു നില്‍ക്കുന്നവരാണ് നമ്മുടെ പുരോഹിതന്മാരും അവരുടെ ശിങ്കിടികളുമെന്നതല്ലേ സത്യം? ലോകത്തിലെ ഏറ്റവും ഉന്നതരാവേണ്ടിയിരുന്ന നമ്മുടെ സമുദായം ഇന്ന് അബൂജഹ്ല്‍ സന്തതികളേക്കാളും പിന്നോക്കക്കാരും പുറം തള്ളപ്പെട്ടവരുമായത് വെറുതെയാണോ? അതിനാല്‍ കിബ്റും അഹന്തയും ഒഴിവാക്കി കൊണ്ട് ബോധ്യപ്പെട്ട സത്യം മുറുകെപിടിക്കാന്‍ പരമകാരുണികനായ അല്ലാഹു നമുക്ക് നല്ല ബുദ്ധി തോന്നിക്കുമാറാകട്ടെ. "റബ്ബിഗ്ഫിര്‍ - വര്‍ഹം''
സംസം വെള്ളത്തിന് യാതൊരു പുണ്യവുമില്ല
സംസം കിണറിനെ പറ്റി അറബികള്‍ക്കിടയില്‍ ഒരു പുരാണമുണ്ട്. അതിപ്രകാരമാണ് : ഇബ്രാഹിം നബി തന്റെ പുത്രനായ ഇസ്മാഈലിനെയും ഭാര്യ ഹാജറയേയും മക്കയില്‍ കൊണ്ടുപോയി താമസിപ്പിച്ചു. അങ്ങനെ പിറ്റേ ദിവസം വെള്ളത്തിന് വേണ്ടി ഹാജറുമ്മബീവി ചുറ്റുപാടും അന്വേഷിച്ചപ്പോള്‍ എവിടെയും വെള്ളമുള്ള ഒരു കിണറോ കുഴിയോ കണ്ടെത്തിയില്ല. അപ്പോഴേക്കും മലര്‍ന്നുകിടക്കും പ്രായത്തിലുള്ള ഇസ്മാഈല്‍, വെള്ളത്തിന്ന് ദാഹിച്ച് നിലവിളിക്കാന്‍ തുടങ്ങി. ഉടനെ ജിബ്രീല്‍ ഇറങ്ങിവന്ന് തന്റെ കാല്‍കൊണ്ട് ഭൂമിയില്‍ ഒരൊറ്റച്ചവിട്ട് കൊടുത്തു. തല്‍ഫലമായി അവിടെ ഒരു കിണറുണ്ടാവുകയും അതില്‍ നിന്ന് ശക്തിയായ ഉറവ് പൊട്ടിപ്പുറപ്പെടുകയും ചെയ്തു. "അല്‍ഭുതകരമായ ആ കിണറ്റി''ലെ വെള്ളമാണ് സംസം എന്ന പേരിലറിയപ്പെടുന്നത്.
ഇതാണ് അറേബ്യയിലെ പുരാണ കഥ. ഇബ്നുമാജയും ഹാക്കിമും മറ്റും അത് സംക്ഷിപ്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഒരു യഥാര്‍ത്ഥ മുസ്ളിമിന്ന് സംസമിനെപ്പറ്റിയുള്ള മേല്‍പറഞ്ഞ കഥ ഒരിക്കലും വിശ്വസിക്കാന്‍ പാടുള്ളതല്ല. കാരണം. യാതൊരടിസ്ഥാനവുമില്ലാത്തതും തീരെ വിശ്വസിക്കാന്‍ കൊള്ളാത്തതുമായ തനി കെട്ട് കഥയായത് കൊണ്ട് തന്നെ. ജിബ്രീലിനെ അല്ലാഹു നിയോഗിച്ചിട്ടുള്ളത് ദൌത്യം നല്‍കാനാണെന്നും അല്ലാതെ, കിണര്‍ കുഴിക്കാനല്ലെന്നും മുസ്ലിംകളെല്ലാം മനസ്സിലാക്കേണ്ടതുണ്ട്.
അപ്പോള്‍ സംസമിനെപ്പറ്റി അങ്ങനെയെല്ലാം പറഞ്ഞു പ്രചരിപ്പിച്ചത് സംസംവെള്ളത്തിന്റെ പുണ്യം വര്‍ദ്ധിപ്പിക്കാനും അത് വഴി വമ്പിച്ച ചൂഷണം നടത്താനും വേണ്ടി മാത്രമായിരുന്നു. അതിന്നായി വേറെയും ധാരാളം കള്ളഹദീസുകള്‍ അവര്‍ കെട്ടി പ്രചരിപ്പിച്ചിട്ടുണ്ട്. അതിലൊന്ന് "ഏതൊരുദ്ദേശം വെച്ച് സംസം വെള്ളം ഒരാള്‍ കുടിച്ചുവോ, അതേ ഉദ്ദേശം നിറവേറു''മെന്ന അര്‍ത്ഥത്തിലുള്ള ഒരു ഹദീസാണ്. ഇത്തരം പെരുങ്കള്ളങ്ങളില്‍ വിശ്വസിക്കുന്ന ഏതൊരു മനുഷ്യനാണ് സംസം വെള്ളം കിട്ടാന്‍ വേണ്ടി ത്യാഗം ചെയ്യാതിരിക്കുക? ധനം സമ്പാദിക്കാനും ആരോഗ്യമുണ്ടാവാനും രോഗം മാറാനും കുട്ടികള്‍ ജനിക്കാനും വിദ്യ നേടാനും മല്‍സരങ്ങള്‍ വിജയിക്കാനുമെല്ലാം സംസം വെള്ളം കുടിച്ചാല്‍ മതി എന്നു പറഞ്ഞാല്‍ പിന്നെ, ആ വെള്ളം കുടിക്കാതിരിക്കുന്നവന്‍ തനി വിഡ്ഢിയും പരാജിതനുമാവുകയില്ലേ? ലോകത്തിന്റെ നാനാഭാഗത്തേക്കും അജ്ഞരായ സാധാരണക്കാര്‍ സംസം വെള്ളം കെട്ടി ഏറ്റി കൊണ്ട് പോവാനുള്ള കാരണമിതൊക്കെയാണ്. മാത്രമല്ല, നബി തിരുമേനി പോലും സംസം വെള്ളം പാത്രത്തിലാക്കി കൊണ്ട് പോയിരുന്നെന്ന് ഹസ്രത്ത് ആയിശ പറഞ്ഞെന്നും ആയിശയും അതു കൊണ്ടുപോവാറുണ്ടെന്നുമുള്ള പെരുന്നുണയും ജൂതഏജന്റുമാരായ തുര്‍മുദിയും ഹാക്കിമും മറ്റും തങ്ങളുടെ ഹദീസ് ഗ്രന്ഥങ്ങളിലൂടെ വേണ്ടത്ര പ്രചരിപ്പിച്ചിട്ടുണ്ട്.
മക്കയിലെ ഒരു വിഭാഗം ചൂഷകര്‍ക്ക് സംസംവെള്ളം വിറ്റ് പണം സമ്പാദിക്കാന്‍ വേണ്ടി ആസൂത്രണം ചെയ്യപ്പെട്ട പ്രചരണ പരിപാടികളുടെ ഭാഗമായിരുന്നു അതെല്ലാം. ആയിരം വര്‍ഷം മുമ്പ് മുതല്‍ തുടങ്ങിവെച്ച ആ ചൂഷണം യാതൊരു തടസ്സവും കൂടാതെ, വേണ്ടത്ര പുരോഗതിയോടെ ഈ ആധുനിക യുഗത്തിലും നിര്‍ബാധം തുടരുന്നു. പാവപ്പെട്ട ഹാജിമാരില്‍ നിന്ന് ആ വകയില്‍ കോടിക്കണക്കിലുറുപ്പികയാണ് വര്‍ഷം തോറും അറബികള്‍ തട്ടി എടുക്കുന്നത്. 1962ല്‍ ഈയുള്ളവന്‍ അതേപ്പറ്റി പഠനം നടത്തിയതില്‍ സുമാര്‍ 5 കോടി ക. ആ വര്‍ഷം അവര്‍ വസൂല്‍ ചെയ്തിട്ടുണ്ടെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. ഇക്കഴിഞ്ഞ 10 വര്‍ഷങ്ങളിലായി അതിന്റെ തോത് പത്തിരട്ടിവരെ വര്‍ദ്ധിച്ചിട്ടുണ്ടത്രേ! കഴിഞ്ഞ 10 വര്‍ഷങ്ങളായി ഹജ്ജിന്ന് പങ്കെടുക്കുന്നവരുടെ ശരാശരി എണ്ണം 20 ലക്ഷമാണെന്നാണ് സ്ഥിതിവിവരണക്കണക്കുകള്‍ തെളിയിക്കുന്നത്. അവരില്‍ 25 ശതമാനമെങ്കിലും സംസംവെള്ളം കെട്ടിപ്പേറികൊണ്ട് പോകുന്നുണ്ടെന്നത് മറ്റൊരു യാഥാര്‍ത്ഥ്യമാണ്. ആ വകയില്‍ ഒരാള്‍ക്ക് ചുരുങ്ങിയത് 50ക. വീതം അധിക ചെലവ് കൂട്ടിയാല്‍ തന്നെ, രണ്ടരക്കോടി ഉറുപ്പിക അങ്ങനെയും നഷ്ടപ്പെടുന്നു. യാതൊരു പുണ്യവുമില്ലാത്തതും ഗന്ധകഭൂമിയായത് മൂലം മുന്തിയ ശുദ്ധജലമല്ലാത്തതും അതോടൊപ്പം മായം ചേര്‍ക്കപ്പെട്ടതുമായ വ്യാജസംസം വെള്ളത്തിന്റെ പേരിലാണ് ഇത്രയും ഭീമമായ തുക നമ്മുടെ സമുദായത്തിന് വര്‍ഷം തോറും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. 20-ാം നൂറ്റാണ്ട് കഴിയാറായിട്ടും ഇത്തരം ബുദ്ധിശൂന്യതകള്‍ക്കൊരറുതി വരാതിരിക്കുന്നത് മഹാകഷ്ടം തന്നെയാണ്.
സംസം വെള്ളത്തില്‍ 99 ശതമാനവും മായം.
കഴിഞ്ഞ 10 വര്‍ഷമായി ശരാശരി 20 ലക്ഷം പേര്‍ വീതം ഹജ്ജിന് പങ്കെടുക്കാറുണ്ടെന്ന് മേല്‍ സൂചിപ്പിച്ചുവല്ലോ. അവരേതാനും ഏതാണ്ടെല്ലാ ദിവസവും വയര്‍ നിറയെ സംസം വെള്ളം കുടിക്കാറുമുണ്ട്. അതെങ്ങനെ കുടിക്കാതിരിക്കും? അവിടെ ചെന്നവരില്‍ സംസം വെള്ളം കുടിച്ച് വയര്‍ നിറക്കാത്തവര്‍ മുനാഫിഖുകളാണെന്നല്ലേ ഇബ്നുമാജയും ഹാക്കിമും മറ്റും നിവേദനം ചെയ്ത കള്ള ഹദീസില്‍ ചില പെരും പൊള്ളന്മാര്‍ തട്ടിവിട്ടിരിക്കുന്നത്. അങ്ങനെ എല്ലാവരും വേണ്ടത്ര വെള്ളം കുടിക്കുന്നതിന് പുറമെ ആരോഗ്യവും ആയുസ്സും വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി ധാരാളം പേര്‍ സംസം വെള്ളമെടുത്ത് കുളിക്കാറുമുണ്ട്. ചുരുക്കത്തില്‍ ഹജ്ജ് സീസണില്‍ കോടിക്കണക്കില്‍ ഗ്യാലന്‍ വെള്ളമാണ് മസ്ജിദുല്‍ ഹറാമിന്റുള്ളില്‍ സ്ഥിതി ചെയ്യുന്ന ആ ചെറിയ കിണറില്‍ നിന്നും പമ്പ് ചെയ്ത് കൊണ്ടിരിക്കുന്നത്. എന്നിട്ടും ആ കിണറെപ്പോഴെങ്കിലും വറ്റുകയോ അതിലെ വെള്ളത്തിനെന്തെങ്കിലും കുറവ് പറ്റുകയോ ചെയ്യുന്നുണ്ടോ? അതൊട്ടില്ല താനും. ഇതെന്തൊരു മഹാത്ഭുതം? ജിബ്രീല്‍ കുഴിച്ച കിണറായത് കൊണ്ട് തന്നെയായിരിക്കും. അതല്ലേ?
എന്നാല്‍ ആരും അത്ഭുതപ്പെടേണ്ട. സംസം കിണര്‍ എന്നത് സാധാരണ തോതില്‍ വെള്ളം ഉറന്നുവരുന്ന ഒരു ചെറിയ കിണര്‍ മാത്രമാണ്. ഖലീഫാ ഉസ്മാന്റെ കാലത്ത് അതില്‍ ഒരാള്‍ വീണ് മരിക്കാനിടയായത് മൂലം ഒരൊട്ടകത്തെ കൊണ്ട് തേവി വറ്റിച്ച കിണറുമാണത്. അറബികള്‍ പോലും ആ ചരിത്ര സംഭവം ഇന്നും നിഷേധിക്കുന്നില്ല. അപ്പോള്‍ പൂര്‍വ്വകാലത്ത് ഒരൊട്ടകത്തെ കൊണ്ട് വറ്റിച്ച - അല്ലെങ്കില്‍ അങ്ങനെ വറ്റിക്കാന്‍ പറ്റിയ - ഒരു കിണറില്‍ നിന്ന് 100 ഒട്ടകത്തെ കൊണ്ട് ഒന്നിച്ച് വറ്റിച്ചാലും വറ്റാത്ത അവസ്ഥ ഇന്നെങ്ങനെയുണ്ടായി? തീര്‍ച്ചയായും അതേപറ്റി നമുക്കറിയേണ്ടതില്ലേ? എന്നാല്‍ അതിന്റെ രഹസ്യം ഇതാ കേട്ടോളൂ. മെക്കക്ക് പുറത്തുള്ള ചില ജലസംഭരണികളില്‍ നിന്ന് ഭൂഗര്‍ഭത്തിലൂടെ പൈപ്പുകള്‍ വലിച്ച് സംസം കിണറിന്റെ അടിഭാഗത്ത് കണക്ഷന്‍ കൊടുത്തിരിക്കുകയാണ്. ഒരു വിതാനത്തില്‍ നിന്ന് വെള്ളം പൊങ്ങാനോ താഴാനോ ഇടവരാത്ത വിധം കിണറില്‍ നിന്ന് വെള്ളം പമ്പുചെയ്യുന്നതിനനുസരിച്ച് സപ്ളെ തുടരുമാറുള്ള സംവിധാനങ്ങളും വെളിയില്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. പക്ഷേ, അതൊന്നും വിദേശത്തുനിന്ന് അവിടെ ഹജ്ജിന്നെത്തുന്ന സാധാരണക്കാര്‍ക്കറിയാന്‍ കഴിയണമെന്നില്ല. അതിനെ സംബന്ധിച്ചെല്ലാം വേണ്ടപ്പെട്ടവരോടന്വേഷിക്കാനും പഠിക്കാനും തയ്യാറുള്ളവര്‍ക്ക് മാത്രമേ അതൊക്കെ ശരിക്കും മനസ്സിലാക്കാനാവുകയുള്ളൂ.
എന്നാല്‍ സംസം കിണര്‍ ജിബ്രീല്‍ കുഴിച്ച കിണറാണെന്നും മറ്റും വിശ്വസിക്കുന്നവരാരും തന്നെ അതൊന്നും അന്വേഷിക്കാന്‍ മെനക്കെടുകയില്ല. ഇനി ആരെങ്കിലും അതന്വേഷിച്ചിറങ്ങിയാല്‍ തന്നെ ആരോടും അവരത് പറയുകയുമില്ല. കാരണം : സംസംവെള്ളത്തിന്റെയും മറ്റും "അല്‍ഭുതാവസ്ഥ'' നിലനിര്‍ത്തുന്നത് ഇസ്ലാമിന്റെയും മുസ്ലിംകളുടെയും "ഇസ്സത്താ''ണെന്നാണവരുടെയെല്ലാം വിശ്വാസം. ബുദ്ധിശൂന്യമായ ഈ നിലപാട് സ്വീകരിച്ചുകൊണ്ടുള്ള മതപ്രചാരണം മൂലമാണ് ബുദ്ധിയുള്ള യുവതലമുറ ഇസ്ലാമിനെ പുച്ഛിക്കാനും അവഹേളിക്കാനുമൊക്കെ കാരണമായിത്തീരുന്നത്. നേരെ മറിച്ച് ഖുര്‍ആന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയതുപോലെ, നബിയുടെ ദൌത്യത്തോടനുബന്ധിച്ചു, അഥവാ ഇസ്ലാമിന്റെ തെളിവായി യാതൊരു മഹാല്‍ഭുതവും ഇവിടെ സൃഷ്ടിക്കാന്‍ അല്ലാഹു തയ്യാറായിട്ടില്ലെന്ന ഖുര്‍ആനിക സത്യം ആദ്യമേ നാം പഠിക്കുകയും അത് തന്നെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നുവെങ്കില്‍ മകരവിളക്കിന്റെ നേരേ തിരിഞ്ഞത് പോലെ നമ്മുടെ സംസമിന്റെ നേരെ തിരിയാന്‍ യുക്തിവാദികള്‍ക്കോ മറ്റൊ ഒരുകാലത്തും അവസരമുണ്ടാകുമായിരുന്നില്ല. അത്കൊണ്ട് തന്നെ ഇസ്ലാമിനെ തരംതാഴ്ത്തിക്കാണിക്കാന്‍ അത്തരക്കാര്‍ക്കൊരിക്കലും കഴിഞ്ഞിരുന്നുമില്ല. അതിനാല്‍ മക്കയിലെ സംസം വെള്ളത്തിന്റെയും ഹജറുല്‍ അസ്വദിന്റെയും മറ്റും വ്യാജമഹത്വങ്ങള്‍ മേലില്‍ പറയാതിരിക്കലാണ് നമുക്കും നമ്മുടെ മതത്തിനും നല്ലത്. എങ്കില്‍ ശാസ്ത്രം എത്ര പുരോഗമിച്ചാലും ബുദ്ധിജീവികള്‍ എത്ര വളര്‍ന്നുവന്നാലും നമ്മുടെ മതത്തിനും ഖുര്‍ആനിന്നും യാതൊരവഹേളനവും നേരിടേണ്ടി വരികയില്ല. ആയത്കൊണ്ട് സംസം വെള്ളം ഒരു സാധാരണ വെള്ളമാണെന്നും യാതൊരല്‍ഭുതവും പുണ്യവും അതിലില്ലെന്നും അതിനാല്‍ അത് കെട്ടിപ്പേറി കൊണ്ട് വരുന്നത് ലോക വിഡ്ഢിത്തമാണെന്നുമൊക്കെ നമ്മുടെ സമുദായത്തെ നാം ശരിക്കും പഠിപ്പിക്കേണ്ടതുണ്ട്.
- 102 reads