"..........We did not leave ANYTHING out of this qur’an…! " 6:38

...അവര്‍ ഇ ഖുര്‍ആനെക്കുറിച്ച്‌ ചിന്തിക്കുന്നില്ലേ...? അവരുടെ ഹൃദയങ്ങള്‍ പൂട്ടിട്ടു പോയോ...? (47:25)

.....അല്ലാഹുവിന്റെ വചനങ്ങളെ നിഷേധിക്കുകയും തിരിഞ്ഞു കളയുകയും ചെയ്യുന്നവനെക്കാള്‍ വലിയ അക്രമി മറ്റാരാണ്‌ ? (6:158)

ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്‌ നേര്‍വഴി കാണിക്കുന്നതത്രെ അത്‌. ( 2:2 )

ഒരു വിഭാഗം ആളുകളുണ്ട്‌. നാവുകള്‍ വളച്ചൊടിക്കുന്നു; അത്‌ ഗ്രന്ഥത്തില്‍പ്പെട്ടതാണെന്ന്‌ ധരിക്കുന്നതിനു വേണ്ടി. അത്‌ ഗ്രന്ഥത്തില്‍പ്പെട്ടതല്ല. അല്ലാഹുവില്‍നിന്നാണെന്നു പറയുന്നു. അതു അല്ലാഹുവില്‍നിന്നുള്ളതല്ല. അവര്‍ അറിഞ്ഞുകൊണ്ട്‌ അല്ലാഹുവിന്റെ മേല്‍ കള്ളം പറയുന്നു. (3:79)

അല്ലാഹു അവതരിപ്പിച്ചതിലേക്കും ദൂതനിലേക്കും വരൂ വെന്നു പറഞ്ഞാല്‍, (അവര്‍പറയും) ഞങ്ങളുടെ പൂര്‍വപിതാക്കളെ ഏതൊരു സമ്പ്രദായത്തില്‍ കണ്ടുവോ , ഞങ്ങള്‍ക്കത്‌ മതി. (5: 108)

നാം നിനക്ക്‌ "വേദ ഗ്രന്ഥം" ഇറക്കിത്തന്നിരിക്കുന്നു എന്നത്‌ തന്നെ അവര്‍ക്ക്‌ മതിയായിട്ടില്ലേ ? (29:51)

അല്ലാഹു ഗ്രന്ഥത്തിലൂടെ ഇറക്കിയ അധ്യാപനങ്ങളെ മറച്ചു വയ്‌ക്കുകയും അതിനുപകരം നിസ്സാരവില വാങ്ങുകയും ചെയ്യുന്നവരാരോ അവരുടെ വയറ്റില്‍ അഗ്നിയല്ലാതെ മറ്റൊന്നുമില്ല. (2:174)

അന്ന് റസൂല്‍ പറയും, " എന്റെ നാഥാ ഈ ജനം വിശുദ്ധ ഖുര്‍ആനിനെ തീര്‍ത്തും അവഗണിച്ചു കളഞ്ഞു " ( 25 :30 )

Quran is perfect; no mistakes, no falsehood, no nonsense.!
"No falsehood could enter it (Quran), in the past or in the future; a revelation from a Most Wise, Praiseworthy." (Quran 41:42)

ബന്ധപ്പെടുക 0091 9048718329 | e-mail : feedback@chekanoormoulavi.com

  • Site Counter: 28,624

ഖുര്‍ആനിന്‍റെ മഹത്വവും , ഹദീസിന്‍റെ ന്യൂനതകളും ...! ( ചേകനൂര്‍ മൌലവി )

ഖുര്‍ആനിന്‍റെ മഹത്വവും , ഹദീസിന്‍റെ ന്യൂനതകളും ..!

1. നബിയുടെ കാലത്തുതന്നെ ഖുര്‍ആന്‍ എഴുതി സൂക്ഷിക്കപ്പെട്ടിരുന്നു. ഹദീസുകളാവട്ടെ നബിയുടെയോ, സ്വഹാബികളുടെയോ, താബിഉകളുടെയോ കാലത്തുപോലുമോ എഴുതിവെച്ചിരുന്നതേയില്ല. സഹാബികളില്‍ പെട്ട അബ്ദുല്ലാഹിബ്നു അംറ് എന്ന വ്യക്തി ഹദീസെഴുതിവെച്ചിരുന്നെന്ന് അബൂഹുറയ്റ പ്രചരിപ്പിച്ചിത് തന്റെ കള്ളഹദീസ് പ്രചരണ പ്രസ്ഥാനത്തിന് പിന്‍ബലം നേടാന്‍വേണ്ടി താന്‍ കെട്ടിവിട്ട ഒരു കള്ളക്കഥ മാത്രമായിരുന്നു. “അസ്സ്വാദിഖ” എന്ന പേരില്‍ ഒരു ഹദീസ് ഗ്രന്ഥംതന്നെ മേപ്പടിയാന്‍ ക്രോഡീകരിച്ചിരുന്നുവെന്ന കഥ അതിലും വലിയ കള്ളക്കഥയാണ്. ഇനി അങ്ങിനെയൊന്നുണ്ടായിരുന്നുവെന്ന് സങ്കല്‍പ്പിച്ചാല്‍ തന്നെ അതിന്റെ ഒരു പേജുപോലും പുറത്തുകാണിക്കാന്‍, നാല് ഖലീഫമാരുടെ കാലത്തൊ രാള്‍ക്കും ധൈര്യംവന്ന ചരിത്രമില്ല. അബൂഹുറയ്റയുടെ കള്ളഹദീസ് പ്രചരണയുഗത്തില്‍ മാത്രമേ ആ കള്ളക്കഥയും കള്ള ഗ്രന്ഥവും പ്രചരിപ്പി ക്കുവാന്‍ ജൂതപുരോഹിതന്മാര്‍ക്കവസരം ലഭിച്ചുള്ളൂവെന്ന് ചുരുക്കം.

എന്നാല്‍ “ഇസ്രാഈല്യരില്‍ നിന്ന് (ജൂതന്മാരില്‍ നിന്ന്) ഏത് ഹദീസും നിങ്ങള്‍ പ്രചരിപ്പിച്ചോളൂ എന്നും അതിലൊന്നും യാതൊരു തെറ്റുമില്ലെ”ന്നുമുള്ള (ബുഖാരി) പെരുങ്കള്ളങ്ങള്‍ നബിയുടെ പേരില്‍ കെട്ടിപ്രചരിപ്പിച്ചിരുന്ന അബൂഹുറെയ്റ കമ്പനിയിലെ പ്രമുഖനായ അബ്ദുല്ലാഹിബ്നു അംറ് സ്വന്തമായി വല്ല ഹദീസ് ഗ്രന്ഥവും എഴുതിവെച്ചിരുന്നെങ്കില്‍ തന്നെ, അതു കൊണ്ട് വല്ല ഫലവുമുണ്ടോ? അതൊട്ടില്ലതാനും. സഹാബികളും താബിഉ കളും മറ്റും ഹദീസ് ഗ്രന്ഥങ്ങളൊന്നും എഴുതിവെക്കാതിരിക്കാന്‍ കാണമെന്തെ ന്നല്ലേ? അത് മറ്റൊന്നുമല്ല. നബിയുടെ അന്ത്യഘട്ടത്തില്‍ പോലും നബി അത് കര്‍ശനമായി വിലക്കിയിരുന്നതുകൊണ്ടും നാല് ഖലീഫമാരും ആ വിലക്ക് മുറുകെ പിടിച്ചിരുന്നതുകൊണ്ടുതന്നെ. ഹദീസ് എഴുതിവെക്കാനൊരുമ്പെട്ട ബുഖാരിയും മുസ്ലിമും തന്നെയാണ് ഹദീസ് എഴുതിവെക്കുന്നത്. നബി വിലക്കിയിരുന്നു എന്ന ഹദീസും രേഖപ്പെടുത്തിവെക്കാന്‍ നിര്‍ബന്ധിതരായത്.

ഇനി ഖുര്‍ആനും ഹദീസും തമ്മിലുള്ള വ്യത്യാസങ്ങളിലെ രണ്ട് മുതല്‍ക്കുള്ളത് ശ്രദ്ധിക്കുക.

2. ഖുര്‍ആന്‍ അല്ലാഹുവിന്റെ ഗ്രന്ഥമാണ്. ഹദീസുകളാവട്ടെ,അവ മുഴുവനും മനുഷ്യനിര്‍മ്മിതഗ്രന്ഥങ്ങളും കണക്കില്ലാത്ത ജൂതായിസങ്ങള്‍ കുത്തിനിറക്കപ്പെട്ടവയുമാണ്.

3. ഖുര്‍ആന്‍ മുഴുവന്‍ അല്ലാഹുവിന്റേതാണെന്നുറപ്പുള്ളതാണ്. ഖുര്‍ആ നിലെ നിരവധി അമാനുഷികതകളാണതിന് കാരണം. നേരെമറിച്ച് നബിയുടേ താണെന്നുറപ്പുള്ള ഒറ്റ ഹദീസും ലോകത്തിലില്ല. ലോകത്തിലെ ഏറ്റവും മുന്തിയ മുതവാത്തിറായ ഹദീസില്‍പോലും അബൂഹുറയ്റ ഒരു ഹിമാലയന്‍ നുണ കുത്തിക്കയറ്റി എന്ന് “അബൂഹുറയ്റയുടെ തനിനിറം” എന്ന എന്റെ മുന്‍ഗ്രന്ഥത്തില്‍ 108 ആയത്തുകളുടെ അടിസ്ഥാനത്തില്‍ ശക്തിയുക്തം തെളിയിക്കപ്പെട്ടതാണ്. അതിനിന്നേവരെ ഒറ്റ പുരോഹിതനും ഒരു മറുപടിയും പറഞ്ഞിട്ടുമില്ല.

4. ഇസ്ലാമിക വിധികളുടെ പരിപൂര്‍ണ്ണ വിശദീകരണം (തിബ്യാന്‍) ആണ് ഖുര്‍ആന്‍ എന്ന് ഖു: 16:89ല്‍ അല്ലാഹു അസന്ദിഗ്ദമായി പ്രഖ്യാപി ച്ചിരിക്കുന്നു. എന്നാല്‍ ഹദീസുകളെപറ്റി മതത്തിന്റെ ഒരു വിവരണമാണെ ന്നുപോലും അല്ലാഹുവോ റസൂലോ ഒരിക്കലും പറഞ്ഞിട്ടില്ല.

5. ഖുര്‍ആനിന്റെ വിവരണം ഹദീസിന്റെ വിവരണത്തേക്കാള്‍ കണിശവും ഭദ്രവും ശാസ്ത്രീയവുമാണെന്ന് വിശ്വസിക്കല്‍ ഓരോ മുസ്ലിമിനും നിര്‍ബന്ധമാണ്. മറിച്ച് ഹദീസിന്റെ വിവരണം ഖുര്‍ആനിന്റെ വിവരണത്തേ ക്കാള്‍ കണിശമാണെന്നോ, ഭദ്രമാണെന്നോ, ശാസ്ത്രീയമാണെന്നോ വിശ്വസി ക്കുന്നവന്‍ കാഫിറും മുര്‍തദ്ദുമാണ്.

6. ഖുര്‍ആനിന്റെ വിവരണത്തെപ്പറ്റി അത് സ്പഷ്ടമാണെന്നും, വ്യക്തമാ ണെന്നും, വിശദമാണെന്നും, ലളിതമാണെന്നും, കണിശമാണെന്നും, പൂര്‍ണ്ണമാ ണെന്നുമൊക്കെ പല ശൈലികളിലായി നൂറില്‍പരം സ്ഥലങ്ങളില്‍ അല്ലാഹു ആവര്‍ത്തിച്ചു പറഞ്ഞിരിക്കുന്നു. ഹദീസിനെപ്പറ്റി, അങ്ങിനെയുള്ള ഒറ്റ പ്രസ്താ വനയും അല്ലാഹുവോ റസൂലോ പറഞ്ഞിട്ടില്ല.

7. അല്ലാഹുവിന്റേതാണെന്നുറപ്പുള്ള വാക്യങ്ങള്‍ക്കല്ലാതെ ഖുര്‍ആന്‍ എന്നു പറയാന്‍ പാടുള്ളതല്ല. എന്നാല്‍ നബിയുടേതല്ലെന്നുറപ്പുള്ള കള്ള ഹദീസുകള്‍ക്കുപോലും ഹദീസുകളെന്ന് പറയാമെന്നാണ് ഇക്കാലംവരെയുള്ള പുരോഹിതവര്‍ഗ്ഗത്തിന്റെ ഏകകണ്ഠമായ തീരുമാനം.

8. കള്ളമാണെന്നോ അശാസ്ത്രീയമാണെന്നോ തെളിയിക്കപ്പെട്ട ഒറ്റ ആയത്തും ഖുര്‍ആനിലില്ല. അതേസമയം തനി കള്ളമാണെന്നും അശാസ്ത്രീ യമാണെന്നും അസംബന്ധമാണെന്നുമൊക്കെ പൂര്‍ണ്ണമായി തെളിയിക്കപ്പെട്ട നൂറുകണക്കില്‍ കള്ളഹദീസുകള്‍ ബുഖാരി മുസ്ലിം പോലുള്ള “പ്രാമാണിക” ഹദീസ് ഗ്രന്ഥങ്ങളില്‍ തന്നെയുണ്ട്.

9. നബിയുടെ ഭാഷക്ക് നിരക്കാത്ത ഒറ്റ ആയത്തും ഖുര്‍ആനിലില്ല. പക്ഷെ, നബിയുടെ ഭാഷക്ക് നിരക്കാത്ത നൂറുകണക്കില്‍ ഹദീസുകള്‍ ബുഖാരി മുസ്ലിം പോലുള്ള ഹദീസ്ഗ്രന്ഥങ്ങളിലുണ്ട്.

10. ഖുര്‍ആനിന്റെ ക്രോഡീകരണം നബിയുടെയും സഹാബിമാരുടെയും കാലത്തുതന്നെ പൂര്‍ണ്ണമായും നടന്നതാണ്. ഹദീസുകളുടെ ക്രോഢീകരണ മാവട്ടെ നബിയുടെയോ, സഹാബിമാരുടെയോ താബിഉകളുടെയോ കാലത്തൊന്നും തീരെ നടന്നിട്ടില്ല. അവരുടെയെല്ലാം കാലശേഷംഹിജ്റ 200ന് ശേഷം മാത്രമാണ് ഹദീസുകളെല്ലാം ക്രോഢീകരിക്കപ്പെട്ടത്. അതൊക്കെയും ബുഖാരി മുസ്ലിമിനെപ്പോലുള്ള വിദേശ ഏജന്റുമാരുടെ കൈകളാലാണു താനും. “മുവത്ത്വാ” എന്ന ഹദീസ്ഗ്രന്ഥം ഹിജ്റ 200നു മുമ്പുള്ള ഇമാം മാലിക് ക്രോഢീകരിച്ചതാണെന്ന് പറയാറുണ്ടെങ്കിലും അത് സത്യവിരുദ്ധവും “മുവത്ത്വ” യില്‍ തന്നെ കാണപ്പെടുന്ന പല പ്രയോഗങ്ങള്‍ക്കും നിരക്കാത്തതു മാണ്. അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ് വാസ്തവത്തില്‍ മുവത്ത്വ എന്ന ഗ്രന്ഥം അദ്ദേഹത്തിന്റെ ഹദീസ്ക്ളാസ്സുകളെ അടിസ്ഥാനമാക്കി കൊണ്ട് പില്‍ക്കാലത്ത് ക്രോഢീകരിച്ചത്.

11. ഖുര്‍ആന്‍ പൂര്‍ണ്ണമായും സംരക്ഷിക്കാമെന്ന് അല്ലാഹു ആദ്യമേ ഏറ്റ കാര്യമാണ്. എന്നാല്‍ ഒറ്റ ഹദീസും സംരക്ഷിക്കാമെന്ന് അല്ലാഹു ഒരിക്കലും ഏറ്റിട്ടേയില്ല. അതുകൊണ്ടുതന്നെ ഒറ്റ ഹദീസും സംശയമറ്റ നിലയില്‍ സംരക്ഷിക്കപ്പെട്ടതുമില്ല.

12. ഖുര്‍ആനില്‍ വിശ്വസിക്കല്‍ ഓരോ മുസ്ലിമിനും ഫര്‍സാണ്. അത് പ്രധാനപ്പെട്ട ഈമാന്‍കാര്യവുമാണ്. അതേസമയം ഹദീസില്‍ വിശ്വസിക്കല്‍ ഒറ്റ മുസ്ലിമിനും ഫര്‍സല്ല; അത് ഈമാന്‍കാര്യത്തില്‍ പെട്ടതുമല്ല. മാത്രമോ? ഖുര്‍ആനിന്നുശേഷം ഏത് ഹദീസിലാണവര്‍ വിശ്വസിക്കുന്നത് എന്നാണ് ഖു: 77:50ലും മറ്റുമായി അല്ലാഹു ആവര്‍ത്തിച്ചുചോദിക്കുന്നത്.

13. ഖുര്‍ആനിന്നെതിരായ സകല ഹദീസുകളും തള്ളിക്കളയല്‍ നിര്‍ബന്ധമാണെന്ന് പുരോഹിതന്മാര്‍ പോലും
സമ്മതിച്ചതാണ്. എന്നാല്‍ എത്ര മുന്തിയ ഹദീസായിരുന്നാലും അതുകൊണ്ട് ഖുര്‍ആനിലെ ഒറ്റ ആയത്തി നേയും തള്ളിക്കളയാന്‍ പാടില്ലെന്നും അവര്‍ തന്നെ തത്വത്തില്‍ സമ്മതി ക്കുന്നുണ്ട്.

14. അന്ത്യനാള്‍ വരെയുണ്ടാകാന്‍ പോകുന്ന സകല മനുഷ്യരുടേയും സ്ഥിതിഗതികള്‍ അറിഞ്ഞുകൊണ്ടും അവയെ മുഴുവന്‍ വിലയിരുത്തി ക്കൊണ്ടും സര്‍വ്വജ്ഞനായ അല്ലാഹു രൂപപ്പെടുത്തിയ വാക്യസമൂഹമാണ് വിശുദ്ധ ഖുര്‍ആന്‍. നേരെ മറിച്ച് സ്വന്തം അണികള്‍ക്കിടയില്‍ കടന്നുകൂടി യിരുന്ന മുനാഫിഖുകളെപ്പോലും തിരിച്ചറിയാന്‍ കഴിയാത്ത (ഖു: 9:101) അല്ലാഹുവിനെ അപേക്ഷിച്ച് വളരെ കുറഞ്ഞ അറിവ് മാത്രമുള്ള ഒരു മനുഷ്യപ്രവാചകന്റെ വാക്യമാണ് ഹദീസ്.

15. ഖുര്‍ആന്‍ പിന്‍പറ്റണമെന്ന് ഖുര്‍ആനിലൂടെ നിരന്തരം കല്പിച്ച അല്ലാഹു, ഹദീസ് പിന്‍പറ്റണമെന്നോ സുന്നത്ത് പിന്‍പറ്റണമെന്നോ ഖുര്‍ആ നില്‍ ഒരു സ്ഥലത്തും കല്‍പ്പിച്ചിട്ടേയില്ല. നബിയെ അനുസരിക്കണമെന്നും പിന്‍പറ്റണമെന്നും മാത്രമേ കല്‍പ്പിക്കാറുള്ളൂ. അതിന്റെ ഉദ്ദേശമാണെങ്കിലോ, ഖുര്‍ആന്‍ പിന്‍പറ്റണമെന്നു മാത്രമാണു താനും. കാരണം ഇബ്രാഹീംനബി യുടെ മില്ലത്തിനെയും പൂര്‍വ്വപ്രവാചകന്മാരുടെ സുന്നത്തുകളെയും പിന്‍പറ്റ ണമെന്ന് ആവര്‍ത്തിച്ച് ഖുര്‍ആന്‍ കല്‍പ്പിച്ചിട്ടുണ്ടല്ലോ. അതിന്റെയെല്ലാം ഉദ്ദേശം ആ പ്രചാവചകന്മാരുടെ ഹദീസുകള്‍ പിന്‍പറ്റണമെന്നാണോ? ബുദ്ധിയുള്ള വരാരും അങ്ങിനെ പറയുകയില്ല. പിന്നെയോ അവരുടെയെല്ലാം മില്ലത്തും സുന്നത്തും തന്നെയാണ് ഖുര്‍ആന്‍ വിവരിക്കുന്നതെന്നതിനാല്‍ അവരെ പിന്‍പറ്റണമെന്ന് കല്‍പ്പിച്ചതിന്റെ ഏക ഉദ്ദേശം ഖുര്‍ആന്‍ വിവരിക്കുന്ന മില്ലത്തും സുന്നത്തും പിന്‍പറ്റണമെന്ന് മാത്രമാണ്. അല്ലാതെ, ഇബ്രാഹീം നബിയുടെയോ മറ്റോ ഹദീസ്ഗ്രന്ഥങ്ങള്‍ തേടിപ്പോകണമെന്നോ ആ ഗ്രന്ഥങ്ങ ളില്‍ വിവരിച്ചതു പ്രകാരം ശരീഅത്ത് നിയമങ്ങള്‍ രൂപപ്പെടുത്തണമെന്നോ ഒരിക്കലുമുദ്ദേശിക്കാന്‍ പാടുള്ളതല്ല. ഒറ്റ മുസ്ലിമും മതപുരോഹിതനും അങ്ങിനെ ഉദ്ദേശമാക്കിയിട്ടുമില്ല.

നമ്മുടെ മതപണ്ഡിതന്മാരുടെ "ഗവേഷണ" രീതി....!

മുജാഹിദ് പണ്ഡിതന്മാര്‍ , ജമാഅത്ത് ഇസ്ലാമി മൌലവിമാര്‍ , അസ്ഹരീപണ്ഡിതന്മാര്‍, അഹ്മദീ ജമാഅത്ത്കാര്‍, സി.എന്‍. അഹ്മദ് മൌലവി മുതലായവരുടെ ഖുര്‍ആന്‍ ഗവേഷണത്തിന്റെ പരപ്പും ആഴവും എത്രത്തോളമുണ്ടെന്ന് കഴിഞ്ഞ അദ്ധ്യായത്തില്‍ സൂചിപ്പിച്ചുവല്ലോ. അതായത്: മദീന യൂണിവേഴ്സിറ്റിയിലോ, ലോകത്തിന്റെ ഏറ്റവും വലിയ ഇസ്ളാമിക യൂണിവേഴ്സിറ്റിയായ അല്‍ അസ്ഹറിലോ മറ്റോ പോയി ദശവര്‍ഷങ്ങള്‍ ഖുര്‍ആന്‍ സുന്നത്തിനെ പറ്റി പഠിച്ചു വന്നാലും ഇസ്ളാമിന്റെ അടിസ്ഥാനകാര്യങ്ങളെക്കുറിച്ചു ഖുര്‍ആന്‍ എന്ത് പറയുന്നുവെന്ന് പോലും വസ്തുനിഷ്ഠമായി എഴുതാന്‍ നമ്മുടെ മതപണ്ഡിതന്മാര്‍ക്ക് ധൈര്യം വരുന്നില്ല. അഥവാ അങ്ങനെ കണിശമായി എഴുതാന്‍ ധൈര്യം വരുമാറ് ആഴത്തിലുള്ള ഗവേഷണങ്ങളോ പണ്ഡിത ചര്‍ച്ചകളോ അവര്‍ നടത്താറില്ലെന്ന് സാരം.

അത് കൊണ്ടാണ് ഇത്തരത്തിലുള്ള വിമര്‍ശനങ്ങളൊക്കെ നടത്തിയിട്ടും അവരുടെ പാണ്ഡിത്യത്തെ പരസ്യമായി ചോദ്യം ചെയ്തിട്ടും അതിനൊന്നും യാതൊരു മറുപടിയും പറയാതെ, അല്‍പം പറഞ്ഞത് തന്നെ അബദ്ധമായിപ്പോയി എന്ന മട്ടില്‍ സി.എന്‍. മൌലവിയും , ജമാഅത്ത് ഇസ്ലാമിക്കാരും പാടെ രംഗത്ത് നിന്നും പിന്മാറാന്‍ നിര്‍ബന്ധിതരായത്. സി.എന്‍. മൌലവിയെപ്പോലെ കേരളത്തില്‍ ഖുര്‍ആന്‍ പരിഭാഷപ്പെടുത്തിയ മറ്റൊരു മൌലവിയാണല്ലോ മുജാഹിദ് നേതാവായ കെ. ഉമ്മര്‍ മൌലവി. സൌദി അറേബ്യയില്‍ 20ഓളം വര്‍ഷം പഠിക്കാനും അവിടത്തെ ലോകപണ്ഡിതന്മാരുമായി ഇടപഴകാനും അവസരം ലഭിച്ച ഒരപൂര്‍വ്വ വ്യക്തിയുമാണദ്ദേഹം. അദ്ദേഹത്തിന്റെ ഗവേഷണത്തിന്റെയും സത്യാന്വേഷണത്തിന്റെയും രീതിയെപ്പറ്റി രണ്ടുവര്‍ഷം മുമ്പ് ഞാനദ്ദേഹത്തോട് നേരിട്ട് ചോദിക്കുകയുണ്ടായി. മദീനാ യൂണിവേഴ്സിറ്റിയില്‍ ഉപരിപഠനം നടത്തണമെന്ന ലക്ഷ്യത്തില്‍ 1962ല്‍ ഞാന്‍ മദീനയില്‍ ചെന്നപ്പോള്‍ അവിടത്തെ ലോകപണ്ഡിതന്മാരായിരുന്ന അബ്ദുല്ലാഹിബ്നുബാസ്, നാസിറുദ്ദീന്‍ അല്‍ബാനി, സൈദലവി മാലികി മുതലായവരോട് ഖുര്‍ആനിലെ പല പ്രശ്നങ്ങളെ സംബന്ധിച്ചും ഈയുള്ളവന്‍ ദീര്‍ഘിച്ച ചര്‍ച്ചകള്‍ നടത്തുകയുണ്ടായി. അപ്പോള്‍ മുആവിയയുടെ കാലം മുതല്‍ക്കുള്ള ഇജ്മാഉം അബൂഹുറയ്റയുടെ ഹദീസുമല്ലാതെ മറ്റ് തെളിവുകളൊന്നും അവര്‍ക്ക് പറയാനുണ്ടായിരുന്നില്ല. അതിരിക്കട്ടെ. നിങ്ങളിവിടെ പത്തിരുപത് വര്‍ഷക്കാലം കഴിച്ചുകൂട്ടിയതല്ലേ. ഖുര്‍ആനിലെ ഏതെങ്കിലുമൊരു പ്രശ്നത്തെപ്പറ്റി മേല്‍പ്പറഞ്ഞ മൂന്ന് മഹാപണ്ഡിതന്മാരോട് നിങ്ങള്‍ വല്ല ചര്‍ച്ചയും നടത്തിയിട്ടുണ്ടോ എന്ന് ഞാന്‍ ഉമര്‍ മൌലവിയോട് ചോദിച്ചു.

അപ്പോഴദ്ദേഹം പറഞ്ഞ മറുപടി കേട്ട് ഞാന്‍ ഞെട്ടിപ്പോയി.! അതായത്: 'ആ പണ്ഡിതന്മാരുമായി യാതൊരു ചര്‍ച്ചക്കും ഞാന്‍ ശ്രമിച്ചിട്ടില്ല; ഒരു തര്‍ക്ക വിഷയത്തെപ്പറ്റിയും ഞാനവരോടൊന്നും ചോദിക്കാറുമില്ല.! പോരേ , ഇതിലപ്പുറം മൂരാച്ചിത്തരം വേറെ വല്ലതുമുണ്ടോ? ഉമര്‍ മൌലവി ഇവിടെ ജീവിച്ചിരിപ്പുള്ളതുകൊണ്ട് മേല്‍പറഞ്ഞതിനെ നിഷേധിച്ചാല്‍ അതിനെ നേരിടാനുള്ള തെളിവുകള്‍ എന്റെ കൈവശമുള്ളതുകൊണ്ടാണ് ഞാനിത്രയും തുറന്നെഴുതുന്നത്.
ചുരുക്കത്തില്‍ ഖുര്‍ആന്‍ പരിഭാഷ ചെയ്ത നമ്മുടെ 'ബഡാ ആലിമുകള്‍' പോലും ഖുര്‍ആനില്‍ ഗവേഷണം നടത്താനോ അതേപ്പറ്റി ചര്‍ച്ചചെയ്യാനോ തയ്യാറായവരല്ല. അബൂഹുറയ്റാ താവഴിക്കാരായ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനക്കാരുടെ മുന്‍ തഫ്സീറുകള്‍ നോക്കി പരിഭാഷ ചെയ്യലാണ് അവരുടെയെല്ലാം സ്ഥിരം തൊഴില്‍. അതിനാല്‍ മേലിലെങ്കിലും അബൂഹുറയ്റാ പ്രഭൃതികളെ മാറ്റിനിര്‍ത്തി കൊണ്ട് ഖുര്‍ആനില്‍ ശരിയായ ഗവേഷണ നിരീക്ഷണങ്ങള്‍ നടത്താന്‍ നാം തയ്യാറാവുക. എങ്കിലേ ഖുര്‍ആനിന്റെ സാക്ഷാല്‍ ആശയാദര്‍ശങ്ങള്‍ മനസ്സിലാക്കാന്‍ നമുക്ക് കഴിയുകയുള്ളൂ.

'ഭ്രാന്ത് പറയുന്നത്' ചേകനൂര്‍ മൌലവിയോ; അതോ പുരോഹിതന്മാരോ?

ഖുര്‍ആനുമായി ഏറ്റുമുട്ടിയാല്‍ യാതൊരു രക്ഷയുമില്ലെന്നും വിവാദത്തോടെയുള്ള മുബാഹലക്ക് തയ്യാറാവുന്നത് അതിലേറെ അപകടമാണെന്നും മനസ്സിലാക്കിയ പുരോഹിതവര്‍ഗ്ഗം ഇപ്പോള്‍ കണ്ട്പിടിച്ച ഏക രക്ഷാമാര്‍ഗ്ഗമെന്തെന്നല്ലേ; എന്റെ ഖുര്‍ആനികവാദങ്ങളെപ്പറ്റി അവരോടെതൊരാള്‍ ചോദിച്ചിരുന്നാലും അതൊക്കെ ചേകനൂര്‍ മൌലവി പറയുന്ന് 'തനി ഭ്രാന്തന്‍വര്‍ത്തമാന'മാണെന്ന് പറഞ്ഞു തടിതപ്പുക തന്നെ.! ഖുര്‍ആനോ ഹദീസോ അറബി ഭാഷയോ സാഹിത്യമോ യാതൊന്നും പഠിച്ചിട്ടില്ലാത്ത സാധാരണക്കാരോട് താടിയും തലപ്പാവും നമസ്ക്കാരത്തഴമ്പുമൊക്കെയുള്ള പുരോഹിതനേതാക്കളും ഖുര്‍ആന്‍ സുന്നത്ത് പ്രചാരകന്മാരാണെന്നവകാശപ്പെടുന്ന 'ബഡാ സലഫികളും' ഇസ്ളാമിന്റെ പ്രബോധകന്മാരാണെന്ന് പറഞ്ഞു നടക്കുന്ന 'സാഹിബു' മാരുമൊക്കെ ചേകനൂര്‍ മൌലവി പറയുന്നതപ്പടി 'ഭ്രാന്തന്‍വര്‍ത്തമാന' മാണെന്ന് പറഞ്ഞാല്‍ പിന്നെ മേല്‍പറഞ്ഞ സാധാരണക്കാര്‍ മുഴുവന്‍ അതോടെ പിന്തിരിയുകയല്ലാതെ, മറ്റെന്തു ചെയ്യും ? ആയത് കൊണ്ട് ഖുര്‍ആനികവാദങ്ങള്‍ തള്ളിക്കളയാനും അതിന്ന് മറുപടി പറയേണ്ട ബാധ്യതയില്‍ നിന്നൊഴിഞ്ഞുമാറാനും വേണ്ടി മേല്‍പറഞ്ഞ തരം തെറി വര്‍ത്തമാനം പറയുന്ന ആ ദജ്ജാലുകളോട് നേരിടേണ്ട രൂപമെങ്ങനെ എന്നാണ് നമുക്കുപദേശിക്കുവാനുള്ളത്. അതിനാല്‍ അത്തരക്കാരെ മുട്ടുകുത്തിക്കാനും അവരുടെ കപടത്തരം പുറത്ത് ചാടിക്കാനും ഉതകുന്ന ചില ചോദ്യങ്ങള്‍ താഴെ വിവരിക്കാം. അതേതൊക്കെ എന്ന് കാണുക.

1. ചേകനൂര്‍ മൌലവി പറയുന്നതൊക്കെ ഭ്രാന്തന്‍ വര്‍ത്തമാനമാണെങ്കില്‍ പിന്നെ, നിങ്ങളുടെ ഓരോ ഗ്രൂപ്പുകാരും അയാള്‍ക്കെതിരില്‍ ആദ്യം തന്നെ ഓരോ ഗ്രന്ഥം (അബൂഹുറയ്റ എന്ന ഗ്രന്ഥം) തയ്യാറാക്കാനും അതിപ്പോഴും പ്രചരിപ്പിച്ചുകൊണ്ടിരിക്കാനും കാരണമെന്ത്?

2. നിങ്ങളുടെ ആ ഗ്രന്ഥങ്ങളിലെല്ലാം നഗ്നമായ കളവും വഞ്ചനയും അട്ടിമറിയും നടത്തിയിട്ടുണ്ടെന്ന് നമ്പറിട്ട് വിവരിച്ചുകൊണ്ടും അബൂഹുറയ്റഃ തനിജൂതമുനാഫിഖാണെന്ന് 20ല്‍ പരം തെളിവുകളിലൂടെ ശക്തിയായി സ്ഥാപിച്ചുകൊണ്ടും നിങ്ങളുടെ മൂന്ന് ഗ്രൂപ്പിനും വായടപ്പന്‍ മറുപടിയായി ചേകനൂര്‍ മൌലവി ഒരു ഗ്രന്ഥം (അബൂഹുറയ്റയുടെ തനിനിറം) ഇറക്കിയപ്പോഴേക്കും നിങ്ങളെല്ലാം പൂച്ചശൈഖന്‍മാരായി അടങ്ങിയിരിക്കാനും നിങ്ങളുടെ ഇമാമായ അബൂഹുറയ്റയെ കയ്യൊഴിക്കാനും കാരണമെന്ത്?

3. നിങ്ങളുടെയെല്ലാം നമസ്ക്കാരരൂപത്തില്‍ 30 ജൂതായിസങ്ങളുണ്ടെന്നും ളുഹ്റും മഗ്രിബും ഖുര്‍ആന്‍ വരുദ്ധമാണെന്നുമൊക്കെ ഖുര്‍ആനിലൂടെ സ്ഥാപിച്ചുകൊണ്ടും നിങ്ങളെ മുഴുവന്‍ വെല്ലുവിളിച്ചുകൊണ്ടും "നമസ്ക്കാര'' മെന്ന രണ്ടാമത്തെ ഗ്രന്ഥം ചേകനൂര്‍ മൌലവി പുറത്തിറക്കിയപ്പോള്‍ അതിന്ന് മറുപടി എഴുതാനാവാതെ ഗതിമുട്ടിയ നിങ്ങള്‍ സി.എന്‍. അഹമ്മദ് മൌലവിയെ കൊണ്ട് മറുപടി എഴുതിച്ചതും അത് നാട്ടിലും വിദേശത്തുമൊക്കെ നിങ്ങള്‍ പ്രചരിപ്പിച്ചതും എന്തിനായിരുന്നു? ഇപ്പോഴും നിങ്ങളത് പ്രചരിപ്പിക്കുന്നില്ലേ? ആരെങ്കിലും എഴുതിയ ഭ്രാന്തിന് മറുപടി പറയാനും അത് പ്രചരിപ്പിക്കാനും നിങ്ങളെല്ലാം മെനക്കെടുന്നതെന്തിന്? എന്നാല്‍ നിങ്ങളുടെ ആ മറുപടി ഗ്രന്ഥത്തില്‍ - അഞ്ച് നേര നമസ്ക്കാരമുണ്ടാക്കാന്‍ 25 കപടത്തരം ചെയ്തിട്ടുണ്ടെന്ന് ചേകനൂര്‍ മൌലവി അക്കമിട്ട് വിവരിച്ചപ്പോള്‍ ആയത്തുകള്‍ കട്ടതിന്നുപോലും മറുപടി പറയാതെ, രണ്ടാമതും, 'പൂച്ചശൈഖന്മാരായി' നിങ്ങളൊക്കെ അടങ്ങിയിരിക്കാന്‍ കാരണമെന്ത്? 'ഖുര്‍ആനായത്തുകള്‍ കട്ടെന്ന്' പറഞ്ഞുകൊണ്ട് നമ്പറിട്ട് വിവരിക്കുമ്പോഴെങ്കിലും അയാളുടെ ഭ്രാന്തിന്റെ രൂപം സമുദായത്തെ ബോധ്യപ്പെടുത്താന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ലേ? അതോ സത്യം പറയുന്നവരെ ഭ്രാന്തന്മാരാക്കുന്ന നിങ്ങള്‍ക്കാണ് ഭ്രാന്തെന്ന് സമുദായം മനസ്സിലാക്കണമോ?

4. നിങ്ങളുടെ അഭിപ്രായപ്രകാരം 'ഇസ്ളാമിനെയാകെ അട്ടിമറിക്കാന് വേണ്ടി' കച്ചകെട്ടിയിറങ്ങിയ ഒരു വ്യക്തിയായതുകൊണ്ട് ചേകനൂര്‍ മൌലവിയെ മുബാഹലക്ക് നിര്‍ബന്ധിക്കേണ്ട ബാധ്യത നിങ്ങള്‍ക്കുണ്ടായിരിക്കെ ചേകനൂര്‍ മൌലവി നിങ്ങളെ മുബാഹലക്ക് നിര്‍ബന്ധിച്ചിട്ട് പോലും നിങ്ങളെല്ലാം കൂട്ടത്തോടെ മുബാഹലയില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കാരണമെന്ത്? ഖുര്‍ആന്‍ കല്‍പ്പിച്ച മുബാഹലയില്‍ നിന്ന് പിന്മാറുന്നവരാണ് കപടന്മാരും കാഫിറുകളുമെന്ന ഖുര്‍ആന്റെ ഗൌരവമേറിയ സൂചനക്കെന്ത് മറുപടിയാണ് നിങ്ങള്‍ക്ക് പറയാനുള്ളത്.

5. ചേകനൂര്‍ മൌലവി പറയുന്നത് 'ഭ്രാന്തും' നിങ്ങള്‍ പറയുന്നത് ബുദ്ധിയും ആണെന്നാണല്ലോ നിങ്ങളുടെയെല്ലാം വാദം. എങ്കില്‍ ഞങ്ങള്‍ ഇനിയും ചിലത് ചോദിക്കട്ടെ. ആര്‍ക്കാണ് ഭ്രാന്തെന്നും; ആര്‍ക്കാണ് ബുദ്ധി എന്നും നമുക്ക് തീരുമാനിക്കാമല്ലോ.

(എ) രാവിലെ എഴുന്നേറ്റ ഒരാള്‍ പല്ലും വായയും തീരെ വൃത്തിയാക്കാതെ, മലവിസര്‍ജ്ജനം ചെയ്തശേഷം ആസനം പോലും കഴുകാതെ, വെള്ളമുണ്ടായിട്ടും അവിടെ തുടക്കുക മാത്രം ചെയ്തുകൊണ്ട് വെറും മുഖവും കയ്യും കാലും കഴുകി സുബ്ഹി നമസ്ക്കരിച്ചാല്‍ ആ നമസ്ക്കാരം ശരിയാവുകയില്ലെന്നാണ് ചേകനൂര്‍ മൌലവി പറയുന്നത്. ജമാഅത്ത്, നദ്വത്ത്, സമസ്ത മുതലായ സകല പുരോഹിതന്മാരും സി.എന്‍. പോലും പറയുന്നു: മേല്‍പ്രകാരം നമസ്ക്കരിച്ചാല്‍ നമസ്ക്കാരം ശരിയാകുമെന്ന്. അങ്ങനെ അവരാരും പറയുന്നില്ലെന്ന് പറയാന്‍ ഇവിടത്തെ ഏതെങ്കിലുമൊരു പുരോഹിതന്ന് ധൈര്യമുണ്ടോ? അവരുടെ ബുഖാരി മുസ്ളിമടക്കമുള്ള സകല ഗ്രന്ഥങ്ങളും മേല്‍പറഞ്ഞതിന് സാക്ഷിയല്ലേ? എന്നിരിക്കുമ്പോള്‍ ആ വിഷയത്തില്‍ ഭ്രാന്ത് പറയുന്നത് നിങ്ങളോ അതോ ചേകനൂര്‍ മൌലവിയോ?

(ബി) 40 ആടിന് ഒരാടാണ് സകാത്തെങ്കില്‍ 80 ആടിന് രണ്ടും 120ന് മൂന്നുമാണ് സകാത്തെന്ന് ചേകനൂര്‍ മൌലവി പറയുന്നു. സി.എന്‍. അടക്കമുള്ള നിങ്ങളെല്ലാവരും പറയുന്നത് 40ന് ഒന്നാണെങ്കില്‍ 80നും ഒന്നാണെന്നും 120നും ഒരാട് തന്നെ മതി എന്നുമാണ്. ഇവിടെയും ഭ്രാന്ത് പറയുന്നത് നിങ്ങളോ അതോ ചേകനൂര്‍ മൌലവിയോ? ബുദ്ധിയുള്ളവര്‍ തീരുമാനിക്കട്ടെ.

(സി) ഒരു മകളും ഒരു മകന്റെ മകളുമായപ്പോള്‍ ഇരുവര്‍ക്കും നബി അവകാശം കൊടുത്തെങ്കില്‍ രണ്ട് മകളും രണ്ട് മകന്റെ മകളുമായാലും അവകാശം കൊടുക്കണമെന്ന് ചേകനൂര്‍ മൌലവി പറയുന്നു. എന്നാല്‍ ഒരു മകള്‍ക്കും ഒരു മകന്റെ മകള്‍ക്കും നബി അവകാശം കൊടുത്തതില്‍ നിന്ന് രണ്ട് മകള്‍ക്കും രണ്ട് മകന്റെ മകള്‍ക്കും അവകാശമില്ലെന്ന് കിട്ടി എന്നാണ് ജമാഅത്ത്, നദ്വത്ത്, സമസ്ത എന്നീ വിഭാഗക്കാരായ നിങ്ങളെല്ലാവരും പറയുന്നത്. ഇന്നാട്ടിലെല്ലാം നിങ്ങള്‍ സ്വത്ത് ഭാഗിക്കുന്നതും അപ്രകാരം തന്നെയാണ്. എന്നിരിക്കുമ്പോള്‍ ഈ വിഷയത്തില്‍ ഭ്രാന്ത് പറയുന്നതും ചെയ്യുന്നതും നിങ്ങളോ അതോ ചേകനൂര്‍ മൌലവിയോ? സത്യം തുറന്നു പറയുക.
ഇത്രയും കാര്യങ്ങള്‍ ചോദിക്കുമ്പോഴേക്കും നിങ്ങളെ വിഡ്ഢികളാക്കാന്‍ ശ്രമിച്ച പുരോഹിതപ്പരിഷകള്‍ മെല്ലെ സ്ഥലം വിടാന്‍ തയ്യാറാകുന്നത് കാണാം. അതോടെ ആരാണ് ഭ്രാന്തനും ദജ്ജാലുമെന്ന് നിങ്ങള്‍ക്ക് നല്ലപോലെ മനസ്സിലാക്കുകയും ചെയ്യാം.

"അതിലതില്ലെന്ന്'' പറയുന്നവരെ
പിടികൂടണം

ഖുര്‍ആനിക സത്യങ്ങള്‍ക്ക് മുന്നില്‍ പുരോഹിതന്മാരെ മുട്ട്കുത്തിക്കാന്‍ വേണ്ടി ഖുര്‍ആനില്‍ നിന്നും അവരുടെ ഗ്രന്ഥങ്ങളില്‍ നിന്നും ധാരാളം തെളിവുകള്‍ എന്റെ ഓരോ ഗ്രന്ഥത്തിലും ഈയുള്ളവന്‍ നിരത്തിവെക്കുന്നുണ്ട്. പക്ഷേ, ഖുര്‍ആനിന്റേതല്ലാതെ അവരുടെ ഗ്രന്ഥങ്ങളുടെ പേജുകളും നമ്പറുകളുമൊന്നും ഞാന്‍ സാധാരണ ചേര്‍ക്കാറില്ല. ആ ഗ്രന്ഥങ്ങള്‍ പഠിച്ചവര്‍ക്കെല്ലാം പരക്കെ അറിയപ്പെടുന്നതായതുകൊണ്ടാണ് മിക്കപ്പോഴും ഞാനത് ചേര്‍ക്കാതിരിക്കുന്നത്.

എങ്കിലും 'ചേകനൂര്‍ മൌലവി പറഞ്ഞ അതൊന്നും അയാള്‍ പറഞ്ഞ ഗ്രന്ഥങ്ങളിലൊന്നിലുമില്ല' എന്നിങ്ങനെ മതപുരോഹിതന്മാരില്‍ പലരും നിഷേധിക്കാറുണ്ടത്രേ! അങ്ങനെ നിഷേധിക്കുന്ന വല്ലവരേയും നിങ്ങള്‍ കണ്ടുമുട്ടിയാല്‍ അയാളൊരു പണ്ഡിതനാണെങ്കില്‍ ഉടനെ അയാളില്‍ നിന്ന് അതെഴുതി വാങ്ങുക, അയാളെഴുതി തരുന്നില്ലെങ്കില്‍ അയാള്‍ പറഞ്ഞ രൂപത്തില്‍ നിങ്ങളെഴുതിയ ശേഷം അയാളെക്കൊണ്ടതിന്റെ ചുവടില്‍ ഒപ്പിടീക്കുക. എന്നിട്ടാ എഴുത്ത് എനിക്കയച്ചുതരിക. എന്നാല്‍ അയാളുടെ കള്ളങ്ങള്‍ തെളിവു സഹിതം ഒരു നോട്ടീസിലൂടെ സമുദായത്തെ നമുക്ക് ബോധ്യപ്പെടുത്തിക്കൊടുക്കാം.

ഇനിഞാന്‍ പറഞ്ഞതിലാണബദ്ധം പറ്റിയതെങ്കില്‍ അതുടനെ തിരുത്തുകയും ചെയ്യാം. പണ്ഡിതന്മാരൊന്നുമല്ല മേല്‍ പ്രകാരം പറയുന്നതെങ്കിലോ? അവരെയും കൂട്ടി ഏതെങ്കിലുമൊരു പണ്ഡിതന്റെയടുക്കല്‍ പോവുക. എന്നിട്ട് ഇന്ന വിഷയം ഇന്ന ഗ്രന്ഥത്തിലുണ്ടെന്ന്, അല്ലെങ്കില്‍ ഇന്ന രൂപത്തില്‍ ഒറ്റ ഗ്രന്ഥത്തിലും ഇല്ലെന്ന് (മിഅ്റാജിലെ അഞ്ച് നേരം പോലെ) ഞാന്‍ പറഞ്ഞത് തെറ്റാണെന്ന് അയാള്‍ വാദിക്കുന്നുവെങ്കില്‍ മേല്‍പറഞ്ഞപ്രകാരം അയാളെക്കൊണ്ടും എഴുതി ഒപ്പിടീക്കുക. എന്നിട്ടതെനിക്കയച്ചുതരികയും ചെയ്യുക. ഇപ്രകാരമുള്ളൊരു സത്യാന്വേഷണത്തിന് ഒരു പ്രദേശത്തെ ഒരു വ്യക്തിയെങ്കിലും തയ്യാറായാല്‍ പിന്നെ ആ പ്രദേശക്കാര്‍ക്കെല്ലാം വളരെ വേഗം സത്യം ഗ്രഹിക്കാന്‍ കഴിയുന്നതാണ്. മതപുരോഹിതന്മാരുടെ കളവും വഞ്ചനയും ഒരു പരിധി വരെ ഇല്ലാതാക്കാനും മേല്‍പ്രവര്‍ത്തനം ഉപകരിക്കുമെന്നതില്‍ സംശയമില്ല.

ഖുര്‍ആന്‍ പ്രബോധനം ചെയ്താല്‍ മതിയോ; അതോ ഖുര്‍ആന്‍കൊണ്ട് ജിഹാദ് ചെയ്യല്‍ നിര്‍ബന്ധമാണോ?
ആദര്‍ശപ്രചരണരംഗത്ത് അനിവാര്യമായും അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ടൊരു പ്രശ്നമാണ് തലക്കെട്ടിലൂടെ മുകളിലുന്നയിച്ചത്. ഖുര്‍ആനിന്റെ വെളിച്ചത്തില്‍ അതിന്റെ വ്യക്തമായ ഉത്തരം കണ്ടെത്തുകയാണീ ലേഖനത്തില്‍. അതെന്തെന്ന് ശ്രദ്ധിക്കുക.

സത്യമായ ആദര്‍ശങ്ങള്‍ മറ്റുള്ളവരെ ധരിപ്പിക്കേണ്ടതിന്ന് മൂന്ന് രൂപങ്ങളാണ് ഖുര്‍ആന്‍ ചൂണ്ടിക്കാണിക്കുന്നത്.

1. സൌമ്യമായ ഭാഷയിലൂടെ ("ഖൌലുന്‍ ലയ്യിനി'') കാര്യങ്ങള്‍ ധരിപ്പിക്കുക എന്നതാണതിലൊന്ന്. എതിരാളി കപടനാണെന്നോ സത്യനിഷേധിയാണെന്നോ വെളിപ്പെടാത്ത ഘട്ടത്തില്‍ - അഥവാ ആദ്യമായി ശ്രദ്ധയില്‍ പെടുത്തിക്കൊടുക്കുന്ന സന്ദര്‍ഭത്തില്‍ - ഒരു പ്രബോധകന്‍ സ്വീകരിക്കേണ്ട ശൈലിയാണതെന്നാണ് ഖു. 20:44ഉം, 25:63ഉം മറ്റും നമ്മെ പഠിപ്പിക്കുന്നത്.

2. അല്‍പം ഗൌരവത്തില്‍ മനസ്സില്‍ തറക്കുംവിധം ("ഖൌലുല്‍ ബലീഗിഗിലൂടെ) വിഷയം ശ്രദ്ധയില്‍പെടുത്തലാണ് രണ്ടാമത്തെ രൂപം. സത്യനിഷേധം വെളിക്ക് ചാടിച്ചിട്ടില്ലാത്തവരും എന്നാല്‍ അല്‍പം കപടത്തരത്തോടെ ഒളിച്ചുകളി നടത്തുന്നവരും പാവങ്ങളുമായ ഒരുതരം മുനാഫിഖുകളോട് സ്വീകരിക്കേണ്ട ശൈലിയാണതെന്നാണ് ഖു. 4:63ലൂടെ അല്ലാഹു ചൂണ്ടിക്കാണിക്കുന്നത്.

3. ഖുര്‍ആനിക തെളിവുകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും എതിരാളികളുടെ തെളിവുകള്‍ തല്ലിത്തകര്‍ത്തുകൊണ്ടുമുള്ള ശക്തിയായ പോരാട്ടത്തിലൂടെ ("ജിഹാദുന്‍ കബീറി''ലൂടെ) സത്യം സ്ഥാപിക്കലാണ് മൂന്നമത്തെരൂപം. സത്യം ബോധ്യപ്പെടുമാറ് വേണ്ടത്ര പ്രബോധനം മുമ്പ് നടത്തിക്കഴിഞ്ഞിട്ടും പിന്നെയും മനഃപൂര്‍വ്വം സത്യം നിഷേഘിക്കുകയാണെന്നുറപ്പായ ഘട്ടത്തില്‍ ആ സത്യനിഷേധികളോട് മേല്‍പറഞ്ഞ ശൈലിയിലൂടെ ഖുര്‍ആന്‍ കൊണ്ടുഗ്രമായ പോരാട്ടം നടത്തല്‍ നിര്‍ബ്ബന്ധമാണെന്നാണ് ഖു. 25:52ല്‍ അല്ലാഹു നമ്മോടാജ്ഞാപിച്ചിരിക്കുന്നത്. അപ്പോള്‍ സത്യനിഷേധം വ്യക്തമായിക്കഴിഞ്ഞാല്‍ പിന്നെ അത്തരക്കാരോട് പ്രബോധനം മാത്രം പോരെന്നും തെളിവുകളുടെ അടിസ്ഥാനത്തില്‍ "ജിഹാദുല്‍ കബീര്‍'' (ഉഗ്രമായ പോരാട്ടം) തന്നെ നിര്‍ബ്ബന്ധമാണെന്നുമാണ് ഖുര്‍ആനിന്റെ കല്‍പന എന്ന് ബോധ്യമായല്ലോ
.

സര്‍വ്വജ്ഞനായ അല്ലാഹു അവന്റെ സത്യമാര്‍ഗ്ഗത്തിലേക്ക് നമ്മെയെല്ലാം നയിക്കുമാറാകട്ടെ.