"..........We did not leave ANYTHING out of this qur’an…! " 6:38
ബന്ധപ്പെടുക 0091 9048718329 | e-mail : feedback@chekanoormoulavi.com
- Site Counter: 15,706
ഖുര്‍ആനിക സത്യങ്ങള്‍ തുറന്നു പറയാനായി സഹിക്കേണ്ടിവന്ന ത്യാഗങ്ങള്‍...,
ഖുര്‍ആനിക സത്യങ്ങള്‍ തുറന്നു
പറയാനായി ഈയുള്ളവന്‍
സഹിക്കേണ്ടിവന്ന ത്യാഗങ്ങള്‍
ഓരോ വിഭാഗത്തിലേയും പണ്ഡിതനേതാക്കളുമായി നടത്തിയ വിവാദങ്ങളുടെ ചരിത്ര സംക്ഷേപം
എന്റെ ത്യാഗങ്ങളൊന്നും ആരെയും അറിയിക്കാന്‍ ഞാനാഗ്രഹിച്ചിരുന്നില്ല. പക്ഷേ, ഈയുള്ളവന്‍ പുറത്തുകൊണ്ടുവരുന്ന ഒറ്റ ഖുര്‍ആനിക സത്യവും ഖണ്ഡിക്കാന്‍ ഇവിടത്തെ മതപുരോഹിതന്‍മാര്‍ക്കാര്‍ക്കും കഴിയാതെവന്നപ്പോള്‍, ആ ഖുര്‍ആനിക സത്യങ്ങളില്‍ നിന്ന് സമുദായത്തെ അകറ്റിനിര്‍ത്താന്‍വേണ്ടി, എന്നെ ഒരു ഇസ്ളാം വിരോധിയായും വിദേശ ഏജന്റായും ചിത്രീകരിച്ചുകൊണ്ട് വിലയിടിച്ച് കാണിക്കാനും എനിക്കെതിരില്‍ സമുദായത്തെ ഇളക്കിവിടാനും സി.എന്‍. മൌലവിയടക്കമുള്ള പുരോഹിതപ്പരിഷകളും അവരുടെ ശിങ്കിടികളും ഒരുമ്പെട്ടുകണ്ടതിനാലാണ്, ഈയുള്ളവന്റെ കഠിനത്യാഗങ്ങളില്‍ കുറച്ചെങ്കിലും സമുദായത്തെ അറിയിക്കല്‍ ഓരാവശ്യമാണെന്ന് തോന്നിയത്. അതിനാല്‍ ആദ്യകാലം മുതല്‍ ഞാന്‍ നടത്തിയ പ്രവര്‍ത്തനത്തിന്റെ അല്‍പം ചരിത്രം ഇവിടെ വിവരിക്കാം. അതറിയാന്‍ താല്‍പര്യമുള്ളവര്‍മാത്രം ഈ ഭാഗം വായിച്ചാല്‍മതി. എന്റെ ത്യാഗങ്ങളെല്ലാം ശരിക്കും അറിയുന്ന ചില സുഹൃത്തുക്കളുടെ ഉപദേശം മൂലമാണ് ഞാനീ ചരിത്രമെഴുതാന്‍ നിര്‍ബ്ബന്ധിതനായത്. മതപുരോഹിതന്മാര്‍ എനിക്കെതിരില്‍ നടത്തുന്ന കുപ്രചരണത്തിലെ ദുഷ്ടത്തരത്തിന്റെ ആഴമെത്രയെന്ന് ഈ ചരിത്രവിവരണത്തില്‍ നിന്ന് മാന്യവായനക്കാര്‍ക്ക് മനസ്സിലാക്കാവുന്നതാണ്. അതുകൊണ്ട് സത്യസന്ധമായ - ഒറ്റ പുരോഹിതനും നിഷേധിക്കാനാവാത്ത - താഴെ വിവരിക്കുന്ന ചരിത്രസത്യങ്ങള്‍ ശ്രദ്ധിച്ചു മനസ്സിലാക്കാന്‍ താല്‍പര്യപ്പെട്ടുകൊള്ളുന്നു.
1960ല്‍ വെല്ലൂര്‍ ബി.എസ്.എ. കോളേജില്‍ നിന്ന് ഖുര്‍ആനിലും സുന്നത്തിലും ഉപരിപഠനം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയ ഉടനെ ഞാന്‍ പഠിച്ചുവെച്ച ഖുര്‍ആനിക സത്യങ്ങളോരോന്നും വഴിക്ക്വഴിയായി സമുദായത്തില്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. എതിരഭിപ്രായമുള്ള ഏതൊരു പണ്ഡിതനുമായും പൊതുസ്റേജില്‍വെച്ച് വിവാദത്തിന് തയ്യാറാണെന്ന് ആദ്യമേ വിളംബരം ചെയ്തുകൊണ്ടായിരുന്നു, അക്കാലത്തും ഞാന്‍ ആദര്‍ശപ്രചരണം നടത്തിയിരുന്നത്. തല്‍ഫലമായി 1960കളില്‍ കേരളത്തിന്റെ പലഭാഗങ്ങളിലുമായി 15ഓളം വാദപ്രതിവാദങ്ങള്‍ പൊതുസ്റേജില്‍വെച്ച് ഈയുള്ളവന്‍ നടത്തുകയുണ്ടായി. 1968-ല്‍ വണ്ടൂരില്‍വെച്ചുള്ള വിവാദമായിരുന്നു അവയിലേറ്റവും പ്രമാദമായ സംഭവം. മാതൃഭൂമിപോലുള്ള പത്രങ്ങളെഴുതിയ കണക്കനുസരിച്ച് ഇരുപത്തയ്യായിരത്തോളം പേര്‍വീതം 4 ദിവസം പങ്കെടുത്ത ഒരു മഹാസമ്മേളനമായിരുന്നു അത്. മതകാര്യത്തില്‍ ഒരു കേരളീയന്റെ എതിരഭിപ്രായമറിയാന്‍ വേണ്ടി ഇത്രയും വലിയൊരു സമ്മേളനം നടക്കുന്നത് കേരളത്തിലാദ്യമായിരുന്നു. മുജാഹിദ് നേതാക്കളായ എ. അലവിമൌലവി, എം. ശൈഖ് മുഹമ്മദ് മൌലവി മുതലായവരും "സമസ്ത'' നേതാവായിരുന്ന സദഖത്തുല്ല മുസ്ള്യാരും ഇ.കെ. ഹസ്സന്‍ മുസ്ള്യാരും. മേല്‍പ്പറഞ്ഞ രണ്ട് പക്ഷക്കാരോടൊപ്പമുള്ള നൂറുകണക്കില്‍ പുരോഹിതന്മാരുമായിരുന്നു എനിക്കെതിരില്‍ അന്ന് വണ്ടൂരില്‍ അണിനിരന്നിരുന്നത്. ചേകനൂര്‍ മൌലവിയുടെ വാദങ്ങളെ എതിര്‍ക്കുവാനും ചേകനൂര്‍ മൌലവിയുമായി നേരിട്ട് വിവാദം നടത്തുവാനും താന്‍ തയ്യാറാണെന്ന് കാണിച്ചുകൊണ്ടുള്ള ഒരു എഴുത്ത് സദഖത്തുല്ല മുസ്ള്യാര്‍ (സമസ്തയുടെ മുന്‍ പ്രസിഡന്റ്) എന്റെ സ്റേജിലേക്ക് കൊടുത്തയക്കുകയാണുണ്ടായത്. എഴുത്ത് കിട്ടിയ ഉടനെ പതിനായിരക്കണക്കിനുള്ള സദസ്സ്യരെ ഞാനത് മൈക്കിലൂടെ വായിച്ചുകേള്‍പ്പിച്ചു. സദഖത്തുല്ലമുസ്ള്യാര്‍ വിവാദത്തിന്ന് വരുന്നപക്ഷം എത്ര ദിവസം വേണമെങ്കിലും അദ്ദേഹവുമായി വിവാദം നടത്തുവാനും അതിന് പുറമെ അദ്ദേഹത്തിന്ന് കാര്യമായ എന്തെങ്കിലും ഒരു സമ്മാനം കൊടുക്കുവാനും കൂടി തയ്യാറാണെന്ന് ആസ്റേജില്‍വെച്ച് ഈയുള്ളവന്‍ പ്രഖ്യാപിക്കുകയുമുണ്ടായി.
സദസ്സ്യരെല്ലാം ആ പ്രഖ്യാപനത്തെ സഹര്‍ഷം സ്വാഗതം ചെയ്തെങ്കിലും സദഖത്തുല്ലമുസ്ള്യാര്‍ അന്ന്തന്നെ വിവാദത്തില്‍ നിന്ന് പരസ്യമായി ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. 1968ല്‍ നടന്ന ഈ സംഭവങ്ങളൊന്നും വണ്ടൂരിലും പരിസരപ്രദേശങ്ങളിലുമുള്ള മുസ്ളിംകളാരും ഇന്നും മറക്കറായിട്ടില്ല.
ചുരുക്കത്തില്‍ എന്റെ വാദങ്ങള്‍ ശക്തിയുക്തം സ്ഥാപിക്കാന്‍വേണ്ടി ഞാനൊരുങ്ങിയിട്ടുണ്ടെന്നും ഒറ്റക്കായതുകൊണ്ട് ഭയപ്പെട്ട് പിന്‍മാറാന്‍ തയ്യാറില്ലെന്നും മറുപക്ഷത്തിന്നുറപ്പായപ്പോള്‍ എ. അലവിമൌലവി, എം. ശൈഖ്മുഹമ്മദ് മൌലവി, കെ.കെ. സദഖത്തുല്ല മുസ്ള്യാര്‍, ഇ.കെ. ഹസ്സന്‍ മുസ്ള്യാര്‍ മുതലായവരെല്ലാം നേരിട്ടേറ്റുമുട്ടാതെ ഒഴിഞ്ഞുനില്‍ക്കുകയും പകരം കെ.സി. അബൂബക്കര്‍മൌലവി - എ.പി. അബ്ദുല്‍ഖാദര്‍ മൌലവി എന്നീ രണ്ടുപേരെ പിന്നില്‍ നിന്നും സഹായിച്ചുകൊണ്ട് മുജാഹിദ് നേതാക്കള്‍ സ്റേജില്‍ കയറ്റുകയുമാണ് ചെയ്തത്. അങ്ങനെ 5 ദിവസത്തേക്ക് നിശ്ചയിച്ചിരുന്ന വിവാദം പൌത്രന്‍മാരുടെയും മറ്റും അവകാശപ്രശ്നത്തിലെത്തിയപ്പോള്‍ നാലാം ദിവസംതന്നെ നിര്‍ത്തിവെച്ചുകൊണ്ട് വണ്ടൂരില്‍ നിന്നും അവര്‍ തല്‍ക്കാലം തടിതപ്പി. ഉടനെ എടവണ്ണയിലും അരീക്കോട്ടും ഓരോ പരിപാടി സംഘടിപ്പിക്കുകവഴി മേല്‍ പറഞ്ഞ ബഡാനേതാക്കളെയും ചോട്ടാനേതാക്കളേയും വീണ്ടും വെല്ലുവിളിച്ചുകൊണ്ട് മുമ്മൂന്ന് ദിവസം ഈയുള്ളവന്‍ പ്രസംഗപരമ്പര നടത്തുകയുണ്ടായി. പക്ഷേ, പൊതുസ്റേജില്‍വെച്ച് ഓരോ ദിവസവും മുജാഹിദ് നേതാക്കളെ ഞാന്‍ ശക്തിയായി വെല്ലുവിളിച്ചെങ്കിലും എടവണ്ണയും അരീക്കോടുമൊക്കെ അവരുടെ ഏറ്റവും വലിയ ശക്തികേന്ദ്രങ്ങളായിട്ട്പോലും അവരാരും പിന്നെ വിവാദത്തിന്ന് നേരിട്ടതേയില്ല.
അലവിമൌലവി, അബ്ദുല്ലത്തീഫ്
മൌലവി, മുതലായവരുമായി
നടന്ന വിവാദം
മേല്‍ വിവരിച്ച സംഭവങ്ങള്‍ക്ക് മുമ്പാണ് 1967-ല്‍ കോഴിക്കോട് ടൌണ്‍ഹാളില്‍ വെച്ച് അബൂഹുറൈറഃ, ബുഖാരി, മുസ്ളിം മുതലായവരുടെ ജൂതായിസങ്ങളെപറ്റി നദ്വത്ത് നേതാക്കളായിരുന്ന എ. അലവിമൌലവി എ.കെ. അബ്ദുല്ലത്തീഫ് മൌലവി, എം. ശൈഖ് മുഹമ്മദ് മൌലവി മുതലായവരുമായി ഞാനൊരു വിവാദം നടത്തിയത്. ആ വിവാദത്തിലെ പ്രധാന ചര്‍ച്ചാവിഷയം സത്യസന്ധരായ രണ്ടു സാക്ഷിയുള്ള ഹദീസേ പ്രമാണമാക്കാന്‍ പാടുള്ളുവെന്നതായിരുന്നു. (അത് ഇന്നും എന്റെ ഒരുറച്ച സിദ്ധാന്തവുമാണ്. അബൂഹുറൈറയെപ്പോലുള്ളവര്‍ നൂറുപേരുണ്ടായിരുന്നാലും അവരുടെ ഒറ്റ ഹദീസും സ്വീകാര്യമല്ലെന്നത് മറ്റൊരു സിദ്ധാന്തവും). അങ്ങനെ വിവാദത്തിന് രണ്ടാഴ്ചമുമ്പ്തന്നെ എന്റെ തെളിവുകളൊക്കെ എഴുതി ക്രോഡീകരിച്ച് മറുപക്ഷക്കാരായ തങ്ങളെ ഏല്‍പിക്കണമെന്ന് മേല്‍പറഞ്ഞ മൂന്ന് നദ്വത്ത് നേതാക്കളും ശാഠ്യംപിടിച്ചു. അതേസമയം അവരുടെ തെളിവുകളൊന്നും എനിക്കാദ്യം എഴുതിത്തരില്ലെന്നും അവര്‍ പറഞ്ഞു. ഞാനത് സമ്മതിക്കുകയും ചെയ്തു. എങ്ങനെയെങ്കിലും അവരെ ചര്‍ച്ചക്ക് കിട്ടാന്‍വേണ്ടിതന്നെ. അങ്ങനെ എന്റെ പ്രബന്ധം രണ്ടാഴ്ചമുമ്പ് ഞാനവര്‍ക്ക് അയച്ചുകൊടുത്തു. അത് മുന്നില്‍വെച്ചുകൊണ്ട് അവര്‍ മൂന്നുപേരുംകൂടി അതിന്റെ ഖണ്ഡനം തയ്യാറാക്കി. ചര്‍ച്ചാദിവസം ഇരുകൂട്ടരും കോഴിക്കോട് ടൌണ്‍ഹാളില്‍ വെച്ചേറ്റുമുട്ടുകയുമുണ്ടായി. 1967ലാണ് സംഭവം. അതിന്റെ കലാശമിപ്രകാരമായിരുന്നുഃ ശാഖാപരമായ പ്രശ്നങ്ങള്‍ക്കുപോലും രണ്ടു സാക്ഷിവേണമെന്ന് ഖുര്‍ആന്‍ സിദ്ധാന്തിക്കുമ്പോള്‍ ഇസ്ളാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ സ്ഥിരപ്പെടുത്താന്‍ രണ്ടു സാക്ഷികളില്‍ കുറയാനേതായാലും പാടില്ലെന്ന് ഖു. 2:282ന്റെയും 9:122ന്റെയും മറ്റും അടിസ്ഥാനത്തില്‍ ഞാന്‍ ശക്തിയായി വാദിച്ചു. മേല്‍പറഞ്ഞ മുജാഹിദ് നേതാക്കള്‍ അതിനെ നേരിട്ടതെങ്ങനെ എന്നല്ലേ? 'ശാഖാപരമായ കാര്യങ്ങള്‍ക്ക് രണ്ടു സാക്ഷി വേണമെന്ന് ഖുര്‍ആന്‍ പറഞ്ഞതുകൊണ്ട് അടിസ്ഥാനപരമായ പ്രമാണങ്ങള്‍ക്കത് വേണമെന്നില്ല. ഉദാഹരണമായി വ്യഭിചാരക്കുറ്റം തെളിയിക്കാന്‍ 4 സാക്ഷിവേണമെന്നാണ് ഖുര്‍ആന്‍ നിശ്ചയിച്ചിരിക്കുന്നത്. അതേസമയം വ്യഭിചാരകുറ്റത്തേക്കാള്‍ എത്രയോ ഗൌരവമുള്ള കൊലക്കുറ്റം തെളിയിക്കാന്‍ രണ്ട് സാക്ഷി മതി എന്ന് അതേ ഖുര്‍ആന്‍തന്നെ പറയുന്നു'.
മേല്‍പറഞ്ഞ മൂന്ന് പണ്ഡിതനേതാക്കളും കൂടി തയ്യാറാക്കിയ പ്രബന്ധത്തിലെഴുതിയതും കോഴിക്കോട് ടൌണ്‍ഹാളില്‍വെച്ചുള്ള ചര്‍ച്ചയയില്‍ അവര്‍ അവതരിപ്പിച്ചതും അല്‍മനാറില്‍ പ്രസിദ്ധുപ്പെടുത്തിയതുമായ "ഒരുഗ്രന്‍ മറുപടി''യായിരുന്നു അത്. ഉടനെ ഞാനിപ്രകാരം തിരിച്ചടിച്ചു. "അപ്പറഞ്ഞത് ശുദ്ധനുണയാണ്. കൊലക്കുറ്റം തെളിയിക്കാന്‍ രണ്ടു സാക്ഷിമതി എന്ന് ഖുര്‍ആനിലെവിടെയുമില്ല. ഉണ്ടെങ്കില്‍ ഇപ്പോള്‍തന്നെ അതുകാണിച്ചുതരണം''. അവരുടെ മുമ്പില്‍ മുസ്ഹഫ് വെച്ചുകൊടുത്തുകൊണ്ട് ഞാന്‍ നിര്‍ബ്ബന്ധിച്ചു. കാര്യം അപകടത്തിലായി എന്നു ബോധ്യപ്പെട്ട പ്രസ്തുത "പണ്ഡിത കേസരികള്‍ മെല്ലെ വിഷയം മാറ്റി സംസാരിക്കുകയാണ് പിന്നീട് ചെയ്തത്. കൊലക്കുറ്റം തെളിയിക്കാന്‍ രണ്ടു സാക്ഷിയോ, നാല് സാക്ഷിയോ ഉണ്ടായാല്‍ മാത്രം പോരെന്നും മറിച്ച് എല്ലാ സാഹചര്യതെളിവുകളും വെച്ചുനോക്കി കൊണ്ട് ഒരു ശതമാനം പോലും സംശയമില്ലാത്തനിലയില്‍ തെളിവ് പൂര്‍ത്തിയാക്കണമെന്നുമാണ് തദ്വിഷയകമായി ഖുര്‍ആന്‍ ആവര്‍ത്തിച്ചു പറഞ്ഞ "ഇല്ലാ ബില്‍ ഹക്കി'' പോലുള്ള പ്രയോഗങ്ങളിലൂടെ തെളിയുന്നതെന്ന് ഞാന്‍ ശക്തിയായി സമര്‍ത്ഥിച്ചു. ഇതേപോലെത്തന്നെയാണ് മതപ്രമാണത്തെപ്പറ്റിയും ഖുര്‍ആന്‍ ഊന്നിപഠിപ്പിച്ചിട്ടുള്ളതെന്നിരിക്കെ. ഹദീസിന് രണ്ട് സാക്ഷിമതി എന്ന് പറയുന്നത് തന്നെ അബൂഹുറൈറയെപ്പോലുള്ളവരുടെ ഹദീസുകളല്ലാതെ ശരിയായ രണ്ടു സാക്ഷികളുള്ള ഒറ്റ ഹദീസും അഹ്ലുല്‍ഹദീസുകാര്‍ക്ക് തെളിയിക്കാന്‍ സാധ്യമല്ലെന്ന ധൈര്യംകൊണ്ട് മാത്രമാണെന്നും ഈയുള്ളവന്‍ വ്യക്തമാക്കുകയുണ്ടായി.
മറ്റൊരു കാര്യം:- ഖുര്‍ആനും മറ്റും പ്രബോധനം ചെയ്യാന്‍ ഒരു സംഘം (ത്വാഇഫത്ത്) വേണമെന്ന് 9:122ല്‍ ഖുര്‍ആന്‍ ചൂണ്ടിക്കാട്ടിയതിനെപ്പറ്റി മേല്‍ പറഞ്ഞ നദ്വത്ത് നേതാക്കളുടെ പ്രബന്ധത്തിലെഴുതിയതും കടുത്ത വിവരക്കേടായിരുന്നു. അതായത്: "ത്വാഇഫത്ത്'' എന്ന പദത്തിന്നവിടെ സംഘം എന്ന് അര്‍ത്ഥമാക്കേണ്ടതില്ലെന്നും ഒരു വ്യക്തിക്കും "ത്വാഇഫത്ത്'' എന്ന് പറയാമെന്നും അവര്‍ വാദിച്ചു. അതിനെന്റെ മറുപടി ഇതായിരുന്നു: "ത്വാഇഫത്തി''ന്ന് സംഘം, സമൂഹം എന്നിങ്ങനെയുള്ള അര്‍ത്ഥമല്ലാതെ ഒരു വ്യക്തി എന്ന അര്‍ത്ഥം അതിന്നൊരിടത്തുമില്ല. അതുണ്ടെന്ന് ആദ്യമായി കെട്ടിച്ചമച്ചത് അനറബിയും ജൂതഏജന്റുമായ ബുഖാരി മാത്രമാണ്. പ്രമാണം സ്ഥിരപ്പെടുത്താന്‍ സാക്ഷികള്‍ ഒന്നിലധികം നിര്‍ബ്ബന്ധമാണെന്ന ഖു. 9:122ന്റെയും മറ്റും അടിസ്ഥാനസിദ്ധാന്തം തകര്‍ക്കലും തന്റെ ഖുര്‍ആന്‍ വിരുദ്ധമായ "ഏകസാക്ഷി വാറോലകള്‍'' മുസ്ളിംകളുടെമേല്‍ അടിച്ചേല്‍പ്പിക്കലുമായിരുന്നു ബുഖാരിക്കതിലുണ്ടായിരുന്ന ജൂതലക്ഷ്യം. അതുകൊണ്ട് അത്തരം അട്ടിമറികളൊന്നും തെളിവായുദ്ധരിക്കാന്‍ പാടുള്ളതല്ലെന്നും മറ്റുവല്ലതുമുണ്ടെങ്കിലതു പറയണമെന്നും ഞാന്‍ നിര്‍ബ്ബന്ധിച്ചു. പക്ഷേ നമ്മുടെ "ബഡാആലിമായ'' സി.എന്‍. മൌലവിക്കും നദ്വത്തിലെ ഇന്നത്തെ ചോട്ടാ നേതാക്കള്‍ക്കും ഇപ്പോഴും അതിനൊന്നും മറുപടിപറയാന്‍ കഴിയാത്തതുപോലെത്തന്നെ, അന്നത്തെ ആ ബഡാനേതാക്കള്‍ക്കും മേല്‍ പറഞ്ഞ തിരിച്ചടികള്‍ക്കൊന്നിനും ഒരു മറുപടിയും പറയാന്‍ കഴിഞ്ഞില്ല. 1968ലെ അല്‍മനാറിലും എന്റെ നിരീക്ഷണം മാസികയിലുമായി അക്കാലത്ത് തന്നെ രേഖപ്പെടുത്തിയ ചരിത്രസത്യങ്ങളാണിതെല്ലാം. മറുപക്ഷത്തുള്ളവര്‍ക്കാര്‍ക്കും അതൊന്നും നിഷേധിക്കാന്‍ ഇന്നും സാധ്യമല്ല. 1967ല്‍ ടൌണ്‍ഹാളില്‍വെച്ച് നടന്ന മേല്‍വിവരിച്ച അനുഭവങ്ങള്‍ കൊണ്ടായിരിക്കണം 1968ല്‍ വണ്ടൂരില്‍വെച്ചുള്ള വിവാദത്തിന്ന് ആ പണ്ഡിത നേതാക്കളെല്ലാം എത്തിച്ചേര്‍ന്നെങ്കിലും സ്റേജില്‍ കയറാന്‍ അവര്‍ തയ്യാറായില്ല.
മേല്‍ സംഭവങ്ങള്‍ക്കെല്ലാം മുമ്പ് സമസ്ത നേതാവായ ഇ.കെ. അബൂബക്കര്‍ മുസ്ള്യാരുമായി കൊടുങ്ങല്ലൂരില്‍ ഒരു പൊതു സ്റേജില്‍വെച്ച് ദീര്‍ഘിച്ച ഒരു വിവാദം നടത്താനും ഈയുള്ളവന്നവസരം ലഭിക്കുകയുണ്ടായി. പിന്നീട് അദ്ദേഹം പ്രിന്‍സിപ്പാളായിരുന്ന പട്ടിക്കാട്ട് നൂരിയ്യാകോളേജിന്റെ മുന്നില്‍ ഒരു പൊതുപരിപാടി സംഘടിപ്പിച്ചുകൊണ്ട് ഇ.കെ.യേയും മറ്റു സമസ്ത നേതാക്കളേയും ഞാന്‍ വെല്ലുവിളിച്ചെങ്കിലും അവരാരും തന്നെ വിവാദത്തിന്ന് തയ്യാറായില്ല. അതിനിടയില്‍ ഇ.കെ. ഹസ്സന്‍ മുസ്ള്യാരാണ് ഖുര്‍ആനില്‍ കണ്ടമാനം നുണപറഞ്ഞുകൊണ്ട് ചിലപ്പോഴൊക്കെ എന്നെ നേരിടാന്‍ അക്കാലത്ത് രംഗത്ത് വന്നിരുന്നത്. അയാള്‍ വെല്ലുവിളിച്ചിരുന്ന സ്ഥലങ്ങളിലേക്കൊക്കെ മുജാഹിദു സുഹൃത്തുക്കള്‍ എന്നെ ക്ഷണിച്ചു കൊണ്ടുപോവുകയും അങ്ങനെ കേരളത്തിലെ 8 സ്ഥലങ്ങളില്‍ ഈയുള്ളവന്‍ ഹസ്സന്‍ മുസ്ള്യരുടെ സ്റേജില്‍ചെന്ന് കയറുകയും തുടര്‍ന്ന് വിവാദം നടത്തുകയുമുണ്ടായിട്ടുണ്ട്. ഒടുവില്‍ അയാള്‍ ഖുര്‍ആനില്‍ ശുദ്ധനുണകള്‍ പറഞ്ഞ് ശരണം മുട്ടിയപ്പോള്‍ എന്റെ നാടായ ചേകനൂരില്‍വെച്ച് നടന്ന ആപല്‍ക്കരമായ ഒരു വിവാദവേളയില്‍ ഹസ്സന്‍ മുസ്ള്യാരെ ഞാന്‍ മുബാഹലക്ക് വെല്ലുവിളിച്ചു. ദുരഭിമാനത്തിന്റെ പേരില്‍ മുസ്ള്യാര്‍ മുബാഹലക്ക് തയ്യാറാവുകയും ചെയ്തു. പലനിലക്കും ഞാന്‍ ഉപദേശിച്ചെങ്കിലും ഫലമുണ്ടായില്ല. അപ്പോള്‍ ഖുര്‍ആനില്‍ പറഞ്ഞ പ്രകാരം ഈയുള്ളവന്‍ ആദ്യം മുബാഹല നടത്തി. ആയിരക്കണക്കിനുള്ള വിശ്വാസികള്‍ അതില്‍ പങ്കെചേരുകയും ചെയ്തു. തുടര്‍ന്ന് ഹസ്സന്‍ മുസ്ള്യാരും മുബാഹല നടത്താന്‍ നിര്‍ബ്ബന്ധിതനായി. അതില്‍പിന്നെ ഹസ്സന്‍മുസ്ള്യാര്‍ എന്നോട് മുബാഹലക്ക് തയ്യാറായിട്ടേയില്ല. കുറച്ചുകാലം കഴിഞ്ഞശേഷം ഹസ്സന്‍മുസ്ള്യാര്‍ കഠിന കാന്‍സര്‍രോഗം പിടിപെട്ടു മരിച്ചപ്പോള്‍ "ചേകനൂര്‍മൌലവി മുബാഹലമൂലം കാന്‍സര്‍ പിടിച്ചു മരിച്ചു'' എന്ന് കേരളത്തിലുടനീളം ഗള്‍ഫുനാടുകളില്‍പോലും - തന്റെ ശിങ്കിടികള്‍ വ്യാപകമായി പ്രചരിപ്പിക്കാന്‍ തുടങ്ങി. എന്റെ ഈ രണ്ടാമത്തെ രംഗപ്രവേശനത്തിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് അതുംകൂടിയാണെന്ന് പറയാം.
ചുരുക്കത്തില്‍ ഞാന്‍ പഠിച്ചുവിശ്വസിച്ച ഖുര്‍ആനികാദര്‍ശങ്ങള്‍ക്ക് വേണ്ടി, സകല വരുമാന മാര്‍ഗ്ഗങ്ങളും സ്ഥാനമാനങ്ങളും ഉപേക്ഷിച്ചുകൊണ്ട് ഇവിടുത്തെ ഏറ്റവും വലിയ പണ്ഡിതസംഘടനകളോട് നീണ്ട പത്ത്വര്‍ഷക്കാലം- 60 മുതല്‍ 70 വരെ ഞാനൊറ്റക്ക് പോരാടുകയുണ്ടായി. അതുമൂലം എനിക്ക് നേരിട്ട വിഷമങ്ങളും സാമ്പത്തിക നഷ്ടങ്ങളും കുറച്ചൊന്നുമല്ലായിരുന്നു. എങ്കിലും അതിന്റെ പേരില്‍ ഞാനൊരിക്കലും പിന്‍മാറുകയോ നിരാശപ്പെടുകയോ ചെയ്തില്ല. ചെയ്യുകയുമില്ല.
സി.എന്‍ , മൌലവിയും ജമാഅത്ത് മൌലവിമാരും
അന്ന് കരാര്‍ ലംഘിച്ചൊഴിഞ്ഞുമാറി
1966ല്‍ നടന്ന മറ്റൊരു പ്രധാന സംഭവമാണ് മേല്‍ സൂചിപ്പിച്ചത്. അതുംകൂടി വിവരിക്കുന്നത് സന്ദര്‍ഭോചിതമാണ്.അനാഥരായ പൌത്രന്‍മാര്‍ക്കും മാതൃകുടുംബങ്ങള്‍ക്കുമെല്ലാം കണിശമായ സ്വത്തവകാശമുണ്ടെന്ന് ഖുര്‍ആനിലൂടെയും സുന്നത്തിലൂടെയും ശക്തിയായി സ്ഥാപിച്ചുകൊണ്ട് അറബിയില്‍ ഞാനൊരു "രിസാല'' എഴുതിയിരുന്നു. അത് ലോകപണ്ഡിതന്‍മാര്‍ക്കെല്ലാം അക്കാലത്ത് തന്നെ അയച്ചുകൊടുക്കുകയും ചെയ്തു. അക്കൂട്ടത്തില്‍ കേരളത്തിലെ അക്കാലത്തെ പണ്ഡിതനേതാക്കള്‍ക്കും ഞാനതിന്റെ കോപ്പികള്‍ നേരിട്ട് കൊടുത്തേല്‍പിക്കുകയുണ്ടായി. മര്‍ഹൂമുമാരായ അബുസ്സ്വബാഹ് മൌലവി, കെ.എം. മൌലവി, എം.സി.സി. അബ്ദുറഹ്മാന്‍ മൌലവി, എ. അലവി മൌലവി, എ.കെ. അബ്ദുല്ലത്തീഫ് മൌലവി, എം. ശൈഖ് മുഹമ്മദ് മൌലവി മുതല്‍ ഇന്നും ജീവിച്ചിരിപ്പുള്ള സി.എന്‍. അഹമ്മദ് മൌലവി, കെ. ഉമര്‍ മൌലവി, കെ.പി. മുഹമ്മദ് മൌലവി, ഇ.കെ. അബൂബക്കര്‍ മുസ്ള്യാര്‍ ജമാഅത്തിലെ അമീറടക്കമുള്ള പണ്ഡിതന്‍മാര്‍ മുതലായവരെല്ലാം അക്കൂട്ടത്തില്‍പെട്ടവരാണ്. പിന്നീട് അവരോരുത്തരോടും പല പ്രാവശ്യം ഞാന്‍ മറുപടി ആവശ്യപ്പെട്ടെങ്കിലും സി.എന്‍. മൌലവിയും നദ്വത്ത്, ജമാഅത്ത് നേതാക്കളും മറ്റും സത്യം തുറന്നുപറയാതെ പറ്റെ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. ഇ.കെ. അബൂബക്കര്‍ മുസ്ള്യാരുടെ പത്രാധിപത്യത്തില്‍ അക്കാലത്ത് നടന്നിരുന്ന സുന്നീടൈംസിലൂടെ താന്‍ മറുപടി എഴുതാമെന്ന് 1966ല്‍ അദ്ദേഹം പരസ്യം ചെയ്തെങ്കിലും അതിനെ ഖണ്ഡിച്ചെഴുതാന്‍ എനിക്കും പത്രം സൌകര്യപ്പെട്ടിട്ടുണ്ടെന്നറിഞ്ഞപ്പോള്‍ ധൈര്യസമേതം താന്‍ പിന്‍മാറുകയാണുണ്ടായത്. പിന്നീടിന്നേവരെ അദ്ദേഹവും ഒരു മറുപടിയും എഴുതിയിട്ടില്ലെന്ന് താല്‍പര്യം.
അങ്ങനെ വന്നപ്പോള്‍ മതപണ്ഡിതന്മാരുടെ ഈ ഒളിച്ചുകളിക്കൊരറുതി വരുത്താന്‍വേണ്ടിയാണ് 1966ല്‍ പറവണ്ണയിലെ ആദര്‍ശബന്ധുക്കള്‍ അവിടെത്തെ മുജാഹിദ് പള്ളിയില്‍ മൌലവിമാര്‍ക്കെല്ലാം വേണ്ടപ്പെട്ട സൌകര്യങ്ങള്‍ - അവര്‍ക്കാ ചര്‍ച്ചയിലേക്കാവശ്യമായ ഗ്രന്ഥങ്ങളടക്കം - ഏര്‍പ്പെടുത്തി കൊണ്ട് ഒരു ദീര്‍ഘിച്ച ചര്‍ച്ചാവേദിക്ക് കളമൊരുക്കിയത്. എട്ടോ, പത്തോ, ദിവസംവരെ തുടര്‍ച്ചയായി ചര്‍ച്ച ചെയ്തിട്ടെങ്കിലും രണ്ടിലൊരു തീരുമാനത്തിലെത്തിക്കണമെന്ന നിര്‍ബ്ബന്ധത്തിലായിരുന്നു ഞങ്ങളാ ചര്‍ച്ചാക്യാമ്പ് സംഘടിപ്പിച്ചിരുന്നത്. പറവണ്ണയിലെ കമ്മറ്റിക്കാരോടൊപ്പം ഈയുള്ളവനും നേരിട്ട് പോയി അവരെയൊക്കെ ചര്‍ച്ചക്ക് ക്ഷണിച്ചപ്പോള്‍ എല്ലാവരും പങ്കെടുക്കാമെന്ന് ഞങ്ങള്‍ക്കുറപ്പുതന്നെങ്കിലും ചര്‍ച്ചാദിവസം ജമാഅത്ത്, നദ്വത്ത് നേതാക്കളും സി.എന്‍.മൌലവിയും ചര്‍ച്ചക്ക് വരാതെ ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. സത്യം പുറത്തുവരുന്നതില്‍ താല്‍പര്യമുള്ള ചില യുവപണ്ഡിതന്മാര്‍ മാത്രം ചര്‍ച്ചക്ക് വരികയുണ്ടായി. "തീരുമാനമൊന്നും എടുക്കാതെ പിരിഞ്ഞുപോരാന്‍ സമ്മതിക്കുമെങ്കില്‍ ഞങ്ങള്‍ പങ്കെടുക്കാ''മെന്നായിരുന്നു, ഇപ്പോളത്തെ നദ്വത്ത് സെക്രട്ടിയായ കെ.പി. മുഹമ്മദ് മൌലവി ഒരു കത്തുമുഖേന തലേദിവസം എന്നെയും പറവണ്ണ മുജാഹിദ് കമ്മറ്റിയെയും അറിയിച്ചിരുന്നത്. ഖുര്‍ആനികതെളിവുകള്‍ സമ്മതിക്കുകയോ അവക്ക് മറുപടി പറയുകയോ ചെയ്യാതെ ഖുര്‍ആന്‍കൊണ്ടും സുന്നത്തുകൊണ്ടും സത്യം തെളിയിച്ചുകൊടുത്തിരുന്നാലും പഴയ വാദത്തില്‍തന്നെ ഉറച്ച് നില്‍ക്കാന്‍ തങ്ങള്‍ക്ക് സ്വാതന്ത്യ്രമുണ്ടാവണമെന്ന് താല്‍പര്യം.
ചുരുക്കത്തില്‍ ഇസ്ളാമില്‍ കടന്നുകൂടിയ ഏറ്റവും കടുത്ത അനീതിയായ അനാഥകളുട സ്വത്തവകാശനിഷേധപ്രശ്നത്തില്‍ ഖുര്‍ആനും സുന്നത്തും എന്തുപറയുന്നു എന്ന് 22 വര്‍ഷം മുമ്പ് അറബിയിലും നിരീക്ഷണം മാസികയിലൂടെ മലയാളത്തിലും ഈയുള്ളവന്‍ വ്യക്തമായി എഴുതിക്കൊടുത്തിട്ടും ഇന്നേവരെ ആ തെളിവുകള്‍ക്കൊന്നിനും ഒരു മറുപടിയും പറയാതെ, തങ്ങളുടെ അഭിമാനം നിലനിര്‍ത്താന്‍വേണ്ടി പട്ടിക്ക്പോലും അവകാശമുണ്ടാക്കിക്കൊടുക്കാവുന്ന, ഔദാര്യനിയമമായ - വസിയ്യത്തിന്റെ പേരും പറഞ്ഞുകൊണ്ട് - അനാഥകളായ പൌത്രന്‍മാരുടെ അവകാശം പറ്റെ നിഷേധിച്ചുകൊണ്ട് - നീതിപൂര്‍വ്വകമായ ഖുര്‍ആനിക നിയമം മനപൂര്‍വ്വം പൂഴിത്തിവെച്ചുകൊണ്ട് - "പൂച്ചശൈഖന്മാരായി'' നടക്കുന്ന ഈ പുരോഹിതവര്‍ഗ്ഗമാണോ തങ്ങളുടെ മതക്കച്ചവടം ആകെ തരിപ്പണമാക്കുന്ന നമസ്ക്കാരത്തെ സംബന്ധച്ചുള്ള ഖുര്‍ആനിക സത്യങ്ങള്‍ തുറന്നുപറയാന്‍ മുന്നോട്ടുവരിക? അതൊരിക്കലുമുണ്ടാവില്ല. അതിന്റെ ഏറ്റവും വലിയ തെളിവാണ് 5 നേരനമസ്ക്കാരം സ്ഥാപിക്കാന്‍വേണ്ടി 5 ഖുര്‍ആന്‍ സൂക്തങ്ങള്‍ പരസ്യമായി കട്ടതിന് പുറമെ 20ല്‍പരം ശുദ്ധ നുണകള്‍ സമര്‍ത്ഥമായി കോര്‍ത്തിണക്കി കൊണ്ട് സി.എന്‍. അഹമ്മദ് മൌലവി എനിക്കെതിരില്‍ തന്റെ ഖണ്ഡനക്കൃതി തയ്യാറാക്കി എന്നത്. സി.എന്‍. മൌലവിയുടെ മേല്‍പറഞ്ഞ കളവും വഞ്ചനയും അട്ടിമറിയുമെല്ലാമുള്‍ക്കൊള്ളുന്ന ആ ഗ്രന്ഥം സംഘംചേര്‍ന്ന് പരിശോധിച്ചശേഷം അച്ചടിച്ചിറക്കുമ്പോള്‍ അതിലൊന്നിനെങ്കിലും ഒരടിക്കുറിപ്പുപോലും കൊടുക്കാതെ "ഖുര്‍ആന്‍ വാക്യങ്ങളുടെ വെളിച്ചത്തില്‍ അഞ്ച്നേര നമസ്ക്കാരവും മറ്റും സമര്‍ത്ഥിക്കുന്ന - പണ്ഡിതന്മാര്‍ക്കുപോലും പ്രയോജനകരമായ ഒരുത്തമകൃതിയാണ് സി.എന്‍. എഴുതിയ ആ കൃതി'' എന്ന് അതിന്റെ പുറംചട്ടയില്‍തന്നെ ജമാഅത്ത് മൌലവിമാര്‍ എഴുതിചേര്‍ത്തപ്പോള്‍ അതൊരു കടുത്ത സമുദായ വഞ്ചനയും അസത്യപ്രചരണവുമായിപ്പോയി എന്ന് തുറന്നുപറയാതെ നിര്‍വ്വാഹമില്ല.
ഖുര്‍ആനിക സത്യങ്ങള്‍ വെളിപ്പെടുത്താന്‍ വേണ്ടി മേല്‍ വിവരിച്ച പ്രകാരമുള്ള ഏറ്റുമുട്ടലുകള്‍ എല്ലാ വിഭാഗത്തിലേയും മതപണ്ഡിതന്മാരുമായി നടത്താന്‍ വേണ്ടിതന്നെയായിരുന്നു ശാന്തപുരം ഇസ്ളാമിയാകോളേജ്. എടവണ്ണ ജാമിഅനദവിയ്യാകോളേജ് മുതലായ മതപഠനകേന്ദ്രങ്ങളിലെ ഉന്നത സ്ഥാനങ്ങള്‍ രാജിവെച്ചുകൊണ്ട് ഞാനിറങ്ങിപ്പോന്നിരുന്നതും. ഇപ്പോള്‍ ഞാന്‍ പറയുന്ന ഖുര്‍ആനിക സത്യങ്ങളൊന്നും തന്നെ മേലില്‍ പറയുകയില്ലെന്നും നിങ്ങളെല്ലാവരും പറയുന്നത് മാത്രമേ ഇനി ഞാനും പറയുകയുള്ളൂവെന്നും ഉറപ്പുകൊടുത്താല്‍ ഏത് ഗ്രൂപ്പുകാരും എന്നെ സന്തോഷപൂര്‍വ്വം സ്വീകരിക്കുമെന്നതിലും അവരുടെ ഏത് കേന്ദ്ര കോളേജിലും എന്നെ പ്രിന്‍സിപ്പാള്‍ വരെ ആക്കുമെന്ന കാര്യത്തിലും എനിക്കണുവോളം സംശയമില്ല. ഞാന്‍ രാജിവെച്ച് പോന്നശേഷം എന്റെ ശിഷ്യന്മാരെ പ്രിന്‍സിപ്പാള്‍മാരാക്കിയ അതേ കോളേജുകളില്‍ ഞാന്‍തന്നെ തിരിച്ചുചെന്നാല്‍ എന്നെ എങ്ങനെയാണ് ആ സ്ഥാപനങ്ങളില്‍ കയറ്റാതിരിക്കുക. എന്നെക്കൊണ്ടുള്ള 'ശല്യം' കാലാകാലത്തേക്കൊഴിവായി കിട്ടി എന്ന് വരുമ്പോള്‍ വിശേഷിച്ചും. അതോടെ പള്ളി, കോളേജ്, കോംപ്ളക്സ്, യൂണിവേഴ്സിറ്റി മുതലായവക്കുള്ള ധനശേഷരണാര്‍ത്ഥം - "സ്വന്തം ശേഖരണാര്‍ത്ഥവും'' - ഗള്‍ഫുനാടുകളിലും മറ്റും വേണ്ടത്ര "വി.ഐ.പി. പര്യടനങ്ങളും'' എനിക്ക് സംഘടിപ്പിക്കാവുന്നതാണ്.
ഇങ്ങനെയുള്ള നേട്ടങ്ങളൊക്കെ നാനാഭാഗത്തുനിന്നും എന്നെ മാടിവിളിക്കുമ്പോഴാണ് ഞാനിത്തരം സമുദായോദ്ധാരണ പ്രവര്‍ത്തനവുമായി, എല്ലാ മതപുരോഹിതന്‍മാരുടെയും പൊതുശത്രുവായി രാപ്പകലില്ലാതെ കഠിനത്യാഗം ചെയ്ത് പോരാടാന്‍ തീരുമാനിച്ചത്. എന്തിന്വേണ്ടി എന്നല്ലേ? ഞാനിപ്പോള്‍ വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്ന - സമുദായത്തിന് വളരെയേറെ ഉപകാരമുള്ള - മതപുരോഹിതന്‍മാര്‍ ഇക്കാലംവരെ പൂഴ്ത്തിവെച്ച - വിലയേറിയ ഖുര്‍ആനിക സത്യങ്ങള്‍ നമ്മുടെ സമുദായത്തിന്ന് മേലിലെങ്കിലും ഉപകാരപ്പെടട്ടെ എന്ന ആത്മാര്‍ത്ഥമായ ആഗ്രഹം നിറവേറ്റാന്‍വേണ്ടിതന്നെ. അബൂഹുറൈറയുടെ താവഴിക്കാരായ ഒറ്റ മതപണ്ഡിതനും ഖുര്‍ആന്‍കൊണ്ട് പോരാടാനോ, സത്യസന്ധതയുടെ തെളിവായി "മുബാഹലയെ'' ഒരായുധമായെടുക്കാനോ ഇന്നേവരെ ധൈര്യം കാണിക്കാതിരിക്കെ, അങ്ങനെയുള്ള ഏതെങ്കിലുമൊരു വ്യക്തിയുടെ ചരിത്രം ഇക്കാലം വരെ രേഖപ്പെട്ടുകാണാതിരിക്കെ, അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹത്താല്‍ ഈയുള്ളവന്നതിനൊക്കെ ധൈര്യവും മനസ്സാന്നിദ്ധ്യവും കൈവന്നെങ്കില്‍ ആ അനുഗ്രഹത്തെ സമുദായനന്മക്കുവേണ്ടി - വ്യാപകമായ നന്മക്കുവേണ്ടി - എങ്ങനെയാണ് ഞാനുപയോഗപ്പെടുത്താതിരിക്കുക? ഈ കര്‍ത്തവ്യം ഏറ്റെടുക്കാന്‍ ഒറ്റ വ്യക്തിയും ഒരു സംഘടനയും ഇനിയും രംഗത്ത് വരാതിരിക്കുമ്പോള്‍ വിശേഷിച്ചും.
എത്ര എത്ര സാമ്പത്തിക നഷ്ടങ്ങള്‍
1960 മുതല്‍ 70 വരെയുള്ള കാലയളവിലാണ് ഈയുള്ളവന്‍ ആദ്യം പ്രസ്ഥാനപ്രവര്‍ത്തനം നടത്തിയിരുന്നത്. 4 വര്‍ഷക്കാലം ഒറ്റ ലക്കവും മുടങ്ങാതെ "നിരീക്ഷണം'' എന്നപേരില്‍ ഒരു മാസിക അക്കാലത്ത് സ്വന്തമായി നടത്തിയതുമൂലം വമ്പിച്ചൊരു സാമ്പത്തിക നഷ്ടം ഞാന്‍ ഒറ്റക്ക് താങ്ങേണ്ടിവന്നു. അത്തരം അനുഭവങ്ങളൊക്കെയുണ്ടാകുമെന്ന് സി.എന്‍. മൌലവിപോലും അക്കാലത്തെന്നെ മുന്‍കൂട്ടി ഉപദേശിച്ചെങ്കിലും ബോധപൂര്‍വ്വം ഞാനാ പ്രവര്‍ത്തനത്തില്‍ പ്രവേശിക്കുകയാണ് ചെയ്തത്. എനിക്ക് പറയാനുള്ള ഒറ്റ ഖുര്‍ആനിക സത്യവും അല്‍-മനാര്‍, പ്രബോധനം, സുന്നീടൈംസ്, ചന്ദ്രിക മുതലായ മുസ്ളിം നാമധാരി പത്രങ്ങളിലൊന്നിലും തീരെ എഴുതാന്‍ ഇന്നത്തെപ്പോലെത്തന്നെ അന്നും സ്ഥലമനുവദിക്കാത്തതുകൊണ്ടാണ് ഞാനാത്യാഗത്തിന് മുതിരേണ്ടിവന്നത്. പക്ഷേ, എത്രയും ത്യാഗപൂര്‍ണ്ണമായ അത്തരം പ്രവര്‍ത്തനങ്ങളൊക്കെ ഈയുള്ളവന്‍ നടത്തിയിട്ടും സമുദായത്തിലെ ഒറ്റ വ്യക്തിയും അല്ലെങ്കില്‍ പല വ്യക്തികള്‍ കൂടിചേര്‍ന്നുകൊണ്ടെങ്കിലും - ആ ത്യാഗത്തിന്റെ ഒരു ഭാഗം ഏറ്റെടുക്കാന്‍ തയ്യാറാവുകയുണ്ടായില്ല. നദ്വത്തില്‍ നിന്നൊഴിഞ്ഞുകൊണ്ട് ശരിയായ ഖുര്‍ആനിക പ്രസ്ഥാനത്തിന്നുവേണ്ടി പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നുറപ്പ് നല്‍കി കൊണ്ട് മങ്കടടി അബ്ദുല്‍അസീസ് മൌലവി, എ.പി. അബ്ദുല്‍ഖാദര്‍ മൌലവി മുതലായ പല മുജാഹിദ്മൌലവിമാരും ആദ്യം എന്നോടൊപ്പമുണ്ടായിരുന്നുവെങ്കിലും ഒരു ജോലിയും കിട്ടുകയില്ലെന്നും ഈ പ്രസ്ഥാനത്തിന്നുവേണ്ടി പ്രവര്‍ത്തിച്ചാല്‍ കഠിനമായ പല ത്യാഗങ്ങളും സഹിക്കേണ്ടിവരുമെന്നും അവര്‍ക്ക് ബോധ്യപ്പെടാന്‍ തുടങ്ങിയതോടെ അവരെല്ലാവരും വഴിക്കുവഴിയായി പിന്‍മാറുകയാണ് ചെയ്തത്. എന്നല്ല ഈ ഖുര്‍ആനിക പ്രസ്ഥാനത്തിന്റെ പേരില്‍ നദ്വത്തിന്റെ ഏതൊരു കേന്ദ്രത്തിലെ ഉന്നതസ്ഥാനം രാജിവെച്ചുകൊണ്ട് ഞാന്‍ ഇറങ്ങിപ്പോന്നുവോ ആ കേന്ദ്രത്തില്‍ (എടവണ്ണ ജാമിഅഃ നദവിയ്യയില്‍) കയറിപ്പറ്റാന്‍ മേല്‍പറഞ്ഞ എ.പി. അബ്ദുല്‍ഖാദര്‍ മൌലവി ശ്രമം നടത്തുകയും പിന്നീടതില്‍ കടന്നുകൂടുകയും ചെയ്തു. അതിലൊന്നും എനിക്ക് യാതൊരു പരാതിയുമില്ല. മുമ്പ് ഞാന്‍ പറഞ്ഞതുപോലെ എപ്പോഴാണോ അങ്ങോട്ട് തിരിച്ചുചെല്ലാന്‍ ഞാനും തയ്യാറാവുന്നതെങ്കില്‍ അപ്പോഴൊക്കെ വേണ്ടപ്പെട്ട എല്ലാ സ്ഥാനമാനങ്ങളും കുറച്ച് കൂടുതലും എനിക്ക് കിട്ടുമെന്ന കാര്യത്തില്‍ അണുവോളം സംശയമില്ല. പിന്നെന്തിനു പരാതിപ്പെടണം? കപടനായി ജീവിക്കാന്‍ എനിക്ക് കഴിയാത്തതിനാല്‍ കള്ളത്തൌബ ചെയ്തുകൊണ്ട് ഞാനങ്ങോട്ടു പോകുന്നില്ലെന്നുമാത്രം. ചുരുക്കത്തില്‍ ജീവിത നിലനില്‍പിനെപ്പറ്റിയും മറ്റും ഭയപ്പാടുണ്ടായതിനാല്‍ എന്റെകൂടെ ഈ ഖുര്‍ആനിക പ്രസ്ഥാനത്തില്‍ ധൈര്യമായി ഉറച്ചുനില്‍ക്കാന്‍ പറ്റിയ ഒറ്റ പണ്ഡിതനേയും അക്കാലത്തെനിക്ക് കിട്ടിയില്ല. ഇപ്പോഴും ഈ നില മാറിയെന്ന് പറയാറായിട്ടുമില്ല. മേല്‍വിവരിച്ച സാഹചര്യങ്ങള്‍കൊണ്ടൊക്കെയാണ് 1970ല്‍ നിരീക്ഷണം മാസിക നിര്‍ത്തിവെക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായത്. അതിന്റെ നടത്തിപ്പും നിരന്തരമായ ആദര്‍ശപ്രചരണ പരിപാടികളുംമൂലം എനിക്ക് നേരിട്ട ഭാരിച്ച നഷ്ടങ്ങളൊക്കെ സ്വന്തം സ്വത്ത് വിറ്റ് നികത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഞാന്‍ വ്യവസായത്തിലേക്ക് തിരിയേണ്ടിവന്നത്. അങ്ങനെ റൈസ്മില്‍, ഐസ്പ്ളാന്റ്, സോമില്‍ മുതലായ ചില ചെറുകിട വ്യവസാങ്ങള്‍ നടത്തിയശേഷം അല്‍പവും കൂടി മെച്ചപ്പെട്ട ഒരു വ്യവസായത്തിലേക്കിറങ്ങാന്‍ തീരുമാനിച്ചിരിക്കുമ്പോഴാണ് എം.ഇ.എസ്. പ്രസിഡന്റായിരുന്ന ഡോക്ടര്‍ ഗഫൂര്‍സാഹിബിനേയും മറ്റും കോഴിക്കോട്ട് വെച്ച് കാണാനിടയായത്.
ഡോ. ഗഫൂറിന്റെ ഉപദേശം
എം.ഇ.എസിന്റെ പ്രാരംഭ ദശയില്‍ അതിന്റെ പ്രവര്‍ത്തനത്തെ മുക്തകണ്ഠം പ്രശംസിച്ചുകൊണ്ടും അഭിനന്ദിച്ചുകൊണ്ടും ആദ്യമായി മുഖപ്രസംഗമെഴുതിയ കേരളത്തിലെ ഏക മുസ്ളിം പ്രസിദ്ധീകരണം എന്റെ അക്കാലത്തെ നിരീക്ഷണം മാസികയായിരുന്നു, 1968ല്‍. ആനിലയില്‍ ഡോ. ഗഫൂര്‍സാഹിബും ഈയുള്ളവനും തമ്മില്‍ വളരെ അടുത്ത ബന്ധത്തലുമായിരുന്നു. കൂടാതെ, അവശവിഭാഗങ്ങള്‍ക്ക് പലിശയില്ലാതെ ലോണ്‍കൊടുക്കലുള്‍പ്പെടെയുള്ള ശാസ്ത്രീയമായ സകാത്ത് വിതരണപദ്ധതി (വിവരംകെട്ട മതപുരോഹിതന്മാരുടെ ഏകകണ്ഠമായ എതിര്‍പ്പുമൂലമാണ് ആ മഹത്തായ ഖുര്‍ആനിക പദ്ധതി എം.ഇ.എസും. എം.എസ്.എസും മറ്റും പാടെ ഉപേക്ഷിക്കാന്‍ നിര്‍ബ്ബന്ധിതരായത്.) അനാഥരായ പൌത്രന്‍മാരുടെ സ്വത്തവകാശം, നമ്മുടെ സമുദായത്തിന്റെ പള്ളിപ്പണി ഭ്രമത്തിലുള്ള എന്റെ തുറന്ന അഭിപ്രായം, നോമ്പും പെരുന്നാളും ഏകീകരിക്കാന്‍വേണ്ടി ഗണിതശാസ്ത്രത്തെ അടിസ്ഥാനമാക്കണമെന്ന അക്കാലം മുതല്‍ക്കുള്ള ഈയുള്ളവന്റെ ശക്തിയായ വാദം. അക്ഷരാഭ്യാസം - ഒന്നാമത്തെ ഇസ്ളാംകാര്യമാണെന്ന എന്റെ ഏറ്റവും അടിസ്ഥാനപരമായ ആദര്‍ശം. ഇതൊക്കെ ഗഫൂര്‍സാഹിബിനെ വളരെയേറെ ആകര്‍ഷിച്ച വിഷയങ്ങളായിരുന്നു. പലപ്പോഴും അവയെപ്പറ്റിയെല്ലാം തന്റെ സുഹൃത്തുക്കളോടദ്ദേഹം സംസാരിക്കാറുമുണ്ട്. അങ്ങനെയിരിക്കെയാണ് ആദ്യത്തെ വ്യവസായങ്ങളെല്ലാം ഒഴിവാക്കിയശേഷം വീണ്ടും വ്യവസായത്തിലിറങ്ങാന്‍ തന്നെയാണുദ്ദേശമെന്ന് ഞാനദ്ദേഹത്തോട് പറഞ്ഞത്.
അപ്പോള്‍ ഗഫൂര്‍ സാഹിബും കൂടെയുള്ള മാന്യന്‍മാരുംകൂടി സ്നേഹത്തോടെയാണെങ്കിലും എന്നെ ശക്തിയായി എതിര്‍ക്കുകതന്നെ ചെയ്തു. അക്കൂട്ടത്തില്‍ ഗഫൂര്‍സാഹിബ് പറഞ്ഞ ചില വാചകങ്ങളിതാണ്. "മതപണ്ഡിതന്‍മാരുടെ അജ്ഞതയും അശ്രദ്ധയും മൂലമാണ് നമ്മുടെ സമുദായം ഇന്നിക്കാണുന്ന അവസ്ഥയിലായിത്തീര്‍ന്നത്. സമുദായത്തെ നേര്‍വഴിക്ക് നയിക്കാന്‍ പറ്റിയ നല്ലനല്ല ഖുര്‍ആനികാദര്‍ശങ്ങളാണ് നിങ്ങള്‍ പഠിച്ചിട്ടുള്ളതെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അക്ഷരാഭ്യാസത്തെപറ്റി നിങ്ങള്‍പറഞ്ഞ ഖുര്‍ആനികാദര്‍ശം വിദ്യാഭ്യാസപ്രവര്‍ത്തനത്തില്‍ എനിക്ക്തന്നെ വളരെയേറെ പ്രചോദനം നല്‍കിക്കൊണ്ടിരിക്കുന്നുണ്ട്.നമ്മുടെ സമുദായത്തിന്ന് ഇത്രയേറെ ഉപകാരമുള്ള ആദര്‍ശങ്ങളൊക്കെ ഖുര്‍ആനില്‍നിന്ന് നേരിട്ട് പഠിക്കാനവസരംലഭിച്ച നിങ്ങള്‍, അതെല്ലാം ഒരു മൂലയില്‍വെച്ചുകൊണ്ടും സമുദായോദ്ധാരണരംഗത്തുനിന്ന് പറ്റെ പിന്‍മാറിക്കൊണ്ടും വെറും വ്യവസായത്തിലേക്ക് തിരിയുന്നത് വലിയ തെറ്റാണെന്നാണ് എന്റെ വ്യക്തമായ അഭിപ്രായം''.
ഗഫൂര്‍സാഹിബ് ഇത്രയും പറഞ്ഞപ്പോള്‍ സദസ്സിലുള്ളവരും അദ്ദേഹത്തോടൊപ്പം ചേരുകയാണുണ്ടായത്. എന്നാല്‍ ഇനി പുനര്‍ചിന്തനം നടത്താമെന്ന് വിനയപൂര്‍വ്വം ഞാനവരോട് മറുപടിയും പറഞ്ഞു. ഇതേപോലെ എന്നെ ഉപദേശിച്ചുകൊണ്ടിരുന്ന ധാരാളം സമുദായനേതാക്കള്‍ ഇവിടെയുണ്ട്. പക്ഷേ മേല്‍പറഞ്ഞ ഉപദേശങ്ങളൊക്കെ കേട്ടുകൊണ്ടിരുന്നപ്പോള്‍, ഖുര്‍ആന്‍ സുന്നത്തിന്റെ പ്രചാരകന്‍മാരും പ്രബോധകന്മാരുമായി നൂറുകണക്കില്‍ മതപണ്ഡിതന്മാര്‍ ഇവിടെയുണ്ടായിരിക്കുമ്പോള്‍ ഈയുള്ളവന്‍ മാത്രം രംഗത്തില്ലാത്തതിനാല്‍ എന്തെങ്കിലും ഖുര്‍ആനികസത്യം ഇവിടെ പ്രചാരത്തിലാവാതിരിക്കുമോ എന്നാണ് ഞാന്‍ ചിന്തിച്ചിരുന്നത്. "നിങ്ങള്‍ പറയുന്നതുപോലുള്ള ഖുര്‍ആനിക സത്യങ്ങളോരോന്നും വഴിക്കുവഴിയായും സാവധാനത്തിലും ഞങ്ങള്‍ പ്രചരിപ്പിക്കുമെന്ന് നദ്വത്തിലേയും ജമാഅത്തിലേയും പണ്ഡിതനേതാക്കള്‍ എന്നോട് പലപ്പോഴും പറഞ്ഞിരുന്നത് ഈയുള്ളവന്‍ പൂര്‍ണ്ണമായും വിശ്വസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ 15ഉം 20ഉം കഴിഞ്ഞുപോയിട്ടും ഞാനവരോട് മുമ്പ് പറഞ്ഞിരുന്നതും രേഖാമൂലം എഴുതിക്കൊടുത്തിരുന്നതുമായ സുപ്രധാന ഖുര്‍ആനികസത്യങ്ങള്‍പോലും അവരാരും ഒരിക്കലും സമുദായത്തെ അറിയിക്കാന്‍ തയ്യാറായില്ലെന്ന് ബോധ്യമായി. മാത്രമല്ല, ആദ്യമേ ഞാന്‍ പറഞ്ഞു പ്രചാരത്തിലാക്കിയിരുന്ന സത്യങ്ങള്‍വരെ പറ്റെ മറച്ചുവെക്കാനും തള്ളിക്കളയാനുമാണ് അവര്‍ മുതിര്‍ന്നുകണ്ടത്. അതിന്റെ പല തെളിവുകളും അനുഭവപ്പെടുകയും ചെയ്തു. അപ്പോഴാണ് വ്യവസായവും ബിസിനസുമെല്ലാം നിര്‍ത്തിവെച്ചുകൊണ്ട് ഖുര്‍ആനിക പ്രസ്ഥാനപ്രവര്‍ത്തനത്തിലേക്ക് തന്നെ വീണ്ടും തിരിച്ചുവരണമെന്ന തീരുമാനത്തില്‍ ഈയുള്ളവനെത്തിച്ചേര്‍ന്നത്.
അങ്ങനെ 1984-ല്‍ എന്റെ പ്രവര്‍ത്തനം രണ്ടാമതും ആരംഭിച്ചു. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ രാപ്പകലില്ലാതെ കഠിനാദ്ധ്വാനത്തിലൂടെ നാല് വര്‍ഷം കഴിഞ്ഞപ്പോഴേക്കും അവഗണന എന്ന "ആധുനിക കാപട്യ''ത്തില്‍ ഉറച്ചു നിന്നിരുന്ന സി.എന്‍ , ജമാഅത്ത് മൌലവിമാരെകൊണ്ട് രണ്ടിലൊന്ന് തുറന്ന് പറയിക്കാനും ഒരൊറ്റ പുരോഹിതനേതാവിന്നും മുബാഹലക്ക് ധൈര്യമില്ലെന്ന പരമസത്യം സമുദായത്തെ പരക്കെ ബോധ്യപ്പെടുത്താനും ഈയുള്ളവനിപ്പോള്‍ കഴിഞ്ഞുവെന്നത് എടുത്തുപറയത്തക്ക വലിയൊരു നേട്ടമാണെന്നതില്‍ സംശയമില്ലല്ലോ. എന്റെ ത്യാഗമനസ്ഥിതിയും ആത്മാര്‍ത്ഥതയും നേരിട്ട് മനസ്സിലാക്കാനവസരം ലഭിച്ച ചില നേതാക്കളും സമുദായ സ്നേഹികളും ഈ പ്രസ്ഥാനത്തെ സഹായിക്കാനിപ്പോള്‍ മുന്നോട്ടു വന്നുകൊണ്ടിരിക്കുന്നുണ്ട്. നേരത്തെതന്നെ സഹായിക്കാന്‍ തുടങ്ങിയ ചുരുക്കം ചില മഹത്വ്യക്തികള്‍ വേറെയുമുണ്ടെന്ന വസ്തുത പ്രത്യേകം ഓര്‍മ്മപ്പെടുത്തിക്കൊള്ളട്ടെ. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ സുന്നത്ത് ജമാഅത്തിന് പകരം ഖുര്‍ആന്‍ സുന്നത്തിന്റെ പ്രസ്ഥാനം ഇവിടെ വളര്‍ന്നുവികസിക്കുകയാണെങ്കില്‍ ആ മാന്യവ്യക്തികളുടെ പേരുകളും അവരുടെ സാമ്പത്തിക സഹായത്തിന്റെ കണക്കുകളും മറ്റും കൃത്യമായി ഞാന്‍ പരസ്യപ്പെടുത്തുന്നതാണ്. ഇപ്പോള്‍ അതെല്ലാം പരസ്യപ്പെടുത്തുന്നത് പൊതുവെ ഗുണകരമാണെന്ന വിശ്വാസം എനിക്കോ ആ മാന്യവ്യക്തികള്‍ക്കോ ഒരിക്കലുമില്ല. ഒരുപക്ഷേ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയെ അത് പ്രതികൂലമായി ബാധിച്ചെന്നും വരാം. ഏതായാലും അബൂഹുറൈറയുടെ ജൂതമതംമൂലം കഷ്ടപ്പാടനുഭവിച്ചും മനസ്സമാധാനമില്ലാതെയും ശ്വാസംമുട്ടിക്കഴിയുന്ന നമ്മുടെ സമുദായത്തിന് ഈ ഖുര്‍ആന്‍ സുന്നത്ത് പ്രസ്ഥാനം തീര്‍ച്ചയായും ഗുണംചെയ്യുമെന്നകാര്യത്തില്‍ യാതൊരു സംശയവുമില്ല.
ക്ഷമിക്കണം! അല്‍പം ചരിത്രത്തോടെ എന്റെ പ്രവര്‍ത്തനപാരമ്പര്യം ഇങ്ങനെ വിവരിച്ചതിന്റെ പ്രധാന ലക്ഷ്യം മൂന്ന്നാല് കാര്യങ്ങള്‍ മാന്യവായനക്കാരുടെ ശ്രദ്ധയില്‍പെടുത്തലാണ്.
1. കേരളത്തിലെ എല്ലാ വിഭാഗത്തിലേയും പണ്ഡിതനേതാക്കളുമായി ഖുര്‍ആനിക പ്രശ്നങ്ങളെപറ്റി ഈയുള്ളവന്‍ നേരിട്ട് ചര്‍ച്ചചെയ്യാനും ഏറ്റുമുട്ടാനും തുടങ്ങിയിട്ട് 30ഓളം വര്‍ഷമായി. എന്നിട്ടിന്നേവരെ ഒറ്റ പ്രശ്നത്തിനും ശരിയായൊരു മറുപടിപറയാന്‍ അവര്‍ക്കാര്‍ക്കും കഴിഞ്ഞിട്ടില്ല. അവരുടെ ആ കഴിവുകേട് സമുദായത്തിലെ ബുദ്ധിജീവികള്‍ മനസ്സിലാക്കുന്നുണ്ടെന്ന് അവര്‍ക്ക് തോന്നിയപ്പോള്‍ "ഞങ്ങളയാളെ അവഗണിച്ചിരിക്കുകയാണെ''ന്ന കൊഞ്ഞനം പറഞ്ഞുകൊണ്ട് തടിതപ്പുകയാണവര്‍ ചെയ്യുന്നത്. ആ തന്ത്രം പറ്റെ തകര്‍ക്കുവാനും സി. എന്നിനെപ്പോലുള്ള പുരോഹിതനേതാക്കളെക്കൊണ്ടുതന്നെ വായതുറപ്പിക്കുവാനുംവേണ്ടിയാണ് കോഴിക്കോട് കേന്ദ്രമാക്കി, ചില ആസൂത്രിത പ്രവര്‍ത്തനങ്ങള്‍ ഇതിനകം ഞങ്ങള്‍ നടത്തിയത്. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ അത് ശരിക്കും ഫലിക്കുകതന്നെചെയ്തു.
2. മറ്റൊരു പരിപാടിക്കും കഴിവോ പ്രാപ്തിയോ ഇല്ലാത്തതുകൊണ്ടാണ് ഞാനീപ്രവര്‍ത്തനത്തിനിറങ്ങിയിരിക്കുന്നതെന്ന് ചില പുരോഹിതപ്പരിഷകള്‍ സമുദായത്തെ തെറ്റദ്ധരിപ്പിക്കാറുണ്ട്. എന്നാല്‍ വ്യവസായരംഗത്ത്പോലും ആ പുരോഹിതന്‍മാര്‍ക്കാര്‍ക്കും കഴിയാത്ത കാര്യങ്ങള്‍ചെയ്യാന്‍ എത്രയോ മുമ്പ് ഈയുള്ളവന് കഴിഞ്ഞിട്ടുന്നെ വസ്തുത ശ്രദ്ധയില്‍പെടുത്താനാണ് ആ ചരിത്രം ഞാന്‍ സൂചിപ്പിച്ചത്.
3. സമുദായത്തിന്റെ ഒറ്റ സ്ഥാപനത്തിലും ജോലി ലഭിക്കാത്തതുകൊണ്ടാണ് ഒറ്റക്കൊരു പ്രസ്ഥാനം ആരംഭിച്ചിരിക്കുന്നതെന്നുപറയുന്ന ചില ദജ്ജാലുകളും നമുക്കിടയിലുണ്ട്. അവര്‍ക്കും ഒരു ചുട്ട മറുപടിയായിക്കൊണ്ടാണ് സമസ്ത, നദ്വത്ത്, ജമാഅത്ത് എന്നീ ഗ്രൂപ്പുകളുടെ മതപഠനകേന്ദ്രങ്ങളില്‍ നിന്ന് ഈയുള്ളവന്‍ നിര്‍ബന്ധപൂര്‍വ്വം രാജിവെച്ചുപോന്നതാണെന്നും ഖുര്‍ആനിക സത്യങ്ങള്‍ പൂഴ്ത്തിവെക്കാന്‍ തയ്യാറായി കൊണ്ട് ഏതു കേന്ദ്രത്തില്‍ ചെന്നിരുന്നാലും അവരെപ്പോഴും എന്നെ സ്വീകരിക്കാന്‍ തയ്യാറാണെന്നുമുള്ള വസ്തുത പ്രത്യേകം ചൂണിക്കാണിച്ചത്.
ചുരുക്കത്തില്‍ ഇത്രയും കഠിനത്യാഗങ്ങള്‍ സഹിച്ചുകൊണ്ട് ഞാനീ പ്രസ്ഥാന പ്രവര്‍ത്തനത്തിനിറങ്ങിയിരിക്കുന്നത്, വളരെ സുഖമായി, സുരക്ഷിതമായി, സമ്പന്നമായി ജീവിക്കാന്‍പറ്റിയ മറ്റു മാര്‍ഗ്ഗങ്ങളൊന്നും കണ്ടെത്താത്തതുകൊണ്ടല്ല. പിന്നെയോ? ദൈവീകായുധമായ മുബാഹല ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഖുര്‍ആനികസത്യങ്ങള്‍ വെട്ടിത്തുറന്ന് പറയാന്‍ തയ്യാറുള്ള ഒറ്റ മതപണ്ഡിതനേയും നമ്മുടെ സമൂഹത്തിലെവിടെയും കാണപ്പെടാത്തതുകൊണ്ട് മാത്രമാണ് ഞാനീ രംഗത്തേക്ക് തിരിച്ചുവരാന്‍ കാരണമായത്. അബൂഹുറൈറയുടെ ശരീഅത്ത് പ്രചരിപ്പിക്കാന്‍വേണ്ടി എന്റെ ധാരാളം ശിഷ്യന്മാര്‍ സഊദിഅറേബ്യയില്‍നിന്ന് ആയിരക്കണക്കിലുറുപ്പിക ശമ്പളംപറ്റിക്കൊണ്ടിരിക്കുമ്പോള്‍ അബൂഹുറൈറക്കെതിരില്‍ യാതൊന്നും മിണ്ടാതിരുന്നാല്‍ മാത്രംമതി, എന്നും എന്നാല്‍തന്നെ മാസംതോറും അയ്യായിരം രൂപവീതം വീട്ടിലേക്കെത്തിച്ചുതരാമെന്നും ഉത്തരവാദിത്തപ്പെട്ട ചിലര്‍ എനിക്കുറപ്പ് തരികയുണ്ടായി. പക്ഷേ ഞാന്‍ പഠിച്ചു മനസ്സിലാക്കിയ - സഊദിഅറേബ്യയിലേയും ഈജിപ്തിലേയും പണ്ഡിതനേതാക്കളോട് പോലും നേരിട്ട് ചര്‍ച്ചചെയ്ത് തീരുമാനത്തിലെത്തിയ - ഇത്തരം ഖുര്‍ആനിക സത്യങ്ങളൊന്നും ഇനി ഒരിക്കലും പൂഴ്ത്തിവെക്കാന്‍ സാധ്യമല്ലെന്ന ഉറച്ച തീരുമാനത്തില്‍ മേല്‍പറഞ്ഞ ഓഫറുകളെല്ലാം ഞാന്‍ നിരസിക്കുകയാണ് ചെയ്തത്.
അതിനാല്‍ കേരളത്തിലെവിടെയെങ്കിലും മുബാഹലക്ക് ധൈര്യമുള്ള, ഖുര്‍ആനും സുന്നത്തും പഠിച്ച ഒരു പണ്ഡിതനെ ആരെങ്കിലും കണ്ടെത്തിയാല്‍ ഉടനെ ആ വ്യക്തിയെപറ്റി എനിക്ക് വിവരം തരണമെന്നും ആ വ്യക്തി ആരായിരുന്നാലും ശരി അദ്ദേഹവുമായി നമ്മുടെ ഇത്തരം സുപ്രധാന പ്രശ്നങ്ങളെപ്പറ്റിയെല്ലാം ആഴത്തില്‍ ചര്‍ച്ചചെയ്യാനും അവസാനം മുബാഹല നടത്താനും ഈയുള്ളവനെപ്പോഴും തയ്യാറാണെന്ന് അദ്ദേഹത്തെ അറിയിക്കണമെന്നും മാന്യവായനക്കാരോട് പ്രത്യേകം അഭ്യര്‍ത്ഥിച്ചുകൊണ്ട് വിവാദത്തിനും മുബാഹലക്കും തയ്യാറില്ലാത്ത സി.എന്‍. മൌലവിയുടെയും കൂട്ടുകാരുടെയും കാപട്യങ്ങള്‍ ഖുര്‍ആനിന്റെ വെളിച്ചത്തില്‍ തുറന്നു കാണിക്കുക എന്ന മഹത്തായ ഉത്തരവാദിത്ത്വത്തിലേക്ക് ഈയുള്ളവന്‍ പ്രവേശിക്കുകയാണ്. ഖുര്‍ആനിക സത്യങ്ങളേതാണെങ്കില്‍ സര്‍വ്വജ്ഞനായ അല്ലാഹു നമുക്കെല്ലാവര്‍ക്കും അത് നല്ലപോലെ ബോധ്യപ്പെടുത്തിത്തരുമാറാകട്ടെ.
ചേകനൂര്‍ മൌലവി
(" നമസ്ക്കാരം മൂന്ന് മാത്രം " , സി. എന്‍ . മൌലവിക്കും ജമാഅത്തെ ഇസ്ലാമിക്കും മറുപടി )
- 97 reads