"..........We did not leave ANYTHING out of this qur’an…! " 6:38

...അവര്‍ ഇ ഖുര്‍ആനെക്കുറിച്ച്‌ ചിന്തിക്കുന്നില്ലേ...? അവരുടെ ഹൃദയങ്ങള്‍ പൂട്ടിട്ടു പോയോ...? (47:25)

.....അല്ലാഹുവിന്റെ വചനങ്ങളെ നിഷേധിക്കുകയും തിരിഞ്ഞു കളയുകയും ചെയ്യുന്നവനെക്കാള്‍ വലിയ അക്രമി മറ്റാരാണ്‌ ? (6:158)

ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്‌ നേര്‍വഴി കാണിക്കുന്നതത്രെ അത്‌. ( 2:2 )

ഒരു വിഭാഗം ആളുകളുണ്ട്‌. നാവുകള്‍ വളച്ചൊടിക്കുന്നു; അത്‌ ഗ്രന്ഥത്തില്‍പ്പെട്ടതാണെന്ന്‌ ധരിക്കുന്നതിനു വേണ്ടി. അത്‌ ഗ്രന്ഥത്തില്‍പ്പെട്ടതല്ല. അല്ലാഹുവില്‍നിന്നാണെന്നു പറയുന്നു. അതു അല്ലാഹുവില്‍നിന്നുള്ളതല്ല. അവര്‍ അറിഞ്ഞുകൊണ്ട്‌ അല്ലാഹുവിന്റെ മേല്‍ കള്ളം പറയുന്നു. (3:79)

അല്ലാഹു അവതരിപ്പിച്ചതിലേക്കും ദൂതനിലേക്കും വരൂ വെന്നു പറഞ്ഞാല്‍, (അവര്‍പറയും) ഞങ്ങളുടെ പൂര്‍വപിതാക്കളെ ഏതൊരു സമ്പ്രദായത്തില്‍ കണ്ടുവോ , ഞങ്ങള്‍ക്കത്‌ മതി. (5: 108)

നാം നിനക്ക്‌ "വേദ ഗ്രന്ഥം" ഇറക്കിത്തന്നിരിക്കുന്നു എന്നത്‌ തന്നെ അവര്‍ക്ക്‌ മതിയായിട്ടില്ലേ ? (29:51)

അല്ലാഹു ഗ്രന്ഥത്തിലൂടെ ഇറക്കിയ അധ്യാപനങ്ങളെ മറച്ചു വയ്‌ക്കുകയും അതിനുപകരം നിസ്സാരവില വാങ്ങുകയും ചെയ്യുന്നവരാരോ അവരുടെ വയറ്റില്‍ അഗ്നിയല്ലാതെ മറ്റൊന്നുമില്ല. (2:174)

അന്ന് റസൂല്‍ പറയും, " എന്റെ നാഥാ ഈ ജനം വിശുദ്ധ ഖുര്‍ആനിനെ തീര്‍ത്തും അവഗണിച്ചു കളഞ്ഞു " ( 25 :30 )

Quran is perfect; no mistakes, no falsehood, no nonsense.!
"No falsehood could enter it (Quran), in the past or in the future; a revelation from a Most Wise, Praiseworthy." (Quran 41:42)

ബന്ധപ്പെടുക 0091 9048718329 | e-mail : feedback@chekanoormoulavi.com

  • Site Counter: 15,714

ജമാഅത്തെ ഇസ്ലാമിക്ക് മറുപടി..! (ചേകനൂര്‍ മൌലവി )

'മുന്‍ കുറി'. . . . . .

ചേകനൂര്‍ മൌലവിയുടെ ഖുര്‍ആനിക വാദങ്ങളെ നേരിടാന്‍ -പ്രതിഭാ ദാരിദ്ര്യം അനുഭവപ്പെടുന്ന -ജമാഅത്തെ ഇസ്ലാമിക്കാര്‍ അവസാനം തര്‍ജമയെ ആശ്രയിക്കുന്നത് കാണുക...!

" ചെറുതെങ്കിലും ഹദീസ് നിഷേധികളുടെ ഒരു സംഘം കേരളത്തിലും പ്രവര്‍ത്തിക്കുന്നുണ്ട്. കണ്ണൂര്‍ജില്ലയിലെ പഴയങ്ങാടി സ്വദേശിയായിരുന്ന ബി. കുഞ്ഞിമുഹമ്മദ് ഹാജിയാണ് ഈ ഫിത്ന കേരളത്തിലെത്തിച്ചത്. പിന്നീട് മൌലവി ചേകനൂരും അദ്ദേഹത്തിന്റെ ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയും അതിന് ശക്തി പകര്‍ന്നു. മൌലവി ചേകനൂരിന്റെ മൌലവി ചേകനൂരിന്റെ ദുരൂഹമായ തിരോധാനത്തിനു ശേഷവും അദ്ദേഹം കത്തിച്ച 'അഗ്നി 'കെട്ടടങ്ങിയിട്ടില്ല.

ചേകനൂരും സംഘവും ഉയര്‍ത്തിവിട്ട സംശയങ്ങഘളില്‍ പല മുസ്ലിം ബുദ്ധിജീവികളും അകപ്പെട്ടുപോയിട്ടുണ്ടെന്ന വസ്തുത കൂടി ഇവിടെ പരാമര്‍ശീയമാണ്. എഴുപതുകളില്‍ ചേകനൂര്‍ മോഡേണ്‍ ഏജ് സൊസൈറ്റിയുമായി രംഗത്തു വന്നപ്പോള്‍ അവരില്‍ പലരും പരസ്യമായിതന്നെ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. എണ്‍പതുകളുടെ അവസാനത്തിലെ രണ്ടാം രംഗപ്രവേശത്തിലെ പ്രശസ്ത കവി യൂസഫ് അലി കേച്ചേരി മാത്രമാണ് അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് രംഗത്തുവരാന്‍ ധൈര്യം കാണിച്ച പ്രമുഖന്‍. പഴയ അനുയായികള്‍ തങ്ങളുടെ നിലപാടില്‍നിന്നും പൂര്‍ണ്ണമായും പിന്തിരിഞ്ഞു എന്ന് ഇതിന് അര്‍ത്ഥം കല്‍പിക്കേണ്ടതില്ല.. കേരളത്തിലെ ചില മുസ്ലിം ബുദ്ധിജീവികള്‍ ഹദീസുകളുടെ സംഭാഷണങ്ങളില്‍നിന്ന് ഈയുള്ളവന് ബോധ്യമായിട്ടുണ്ട്.

ഇത്തരക്കാര്‍ക്ക് ‘സുന്നത്ത് കീ ആയീനീ ഹൈഥിയ്യ’ ത്തിന്റെ ഈ വിവര്‍ത്തനം, ഒരു മനസ്സുമാറ്റത്തിന് സഹായകമായിതീരട്ടെ എന്ന പ്രാര്‍ത്ഥനയാണ് ഈ കൃതി വായനക്കാര്‍ക്കു മുന്‍പില്‍ സമര്‍പ്പിക്കുമ്പോള്‍ ഈ വിനീതന്റെ ഹൃദയത്തിലുള്ളത്.

അബ്ദുറഹമാന്‍ മൂനൂര്‍ - ( വിവര്‍ത്തകന്‍ )
സുന്നത്തിന്റെ പ്രാമാണികത” പേജ് - 8.“ (നവംബര്‍ - 1999)

********************************************************************************************************************

സി,എന്‍ മൌലവിക്കും ജമാത്തെ ഇസ്ലാമിക്കാര്‍ക്കും മറുപടി!
മൗലവി ചേകനൂര്‍,

( "നമസ്ക്കാരം മൂന്നു മാത്രം " സി,എന്‍ മൌലവിക്കും ജമാത്തെ ഇസ്ലാമിക്കാര്‍ക്കും മറുപടി എന്ന ഗ്രന്ഥത്തില്‍ നിന്ന് )

സി.എന്‍. മൌലവിയുടെ
"അറബീപാണ്ഡിത്യം''

പശുവിന്റെയും പശുക്കുട്ടിയുടെയും അറബി
പേരുപോലും സി.എന്നിനറിയില്ല!

ഖുര്‍ആനും അറബി ഭാഷയുമൊന്നും ശരിക്ക് പഠിക്കാത്ത ഒരു വ്യക്തിയാണ് ഞാനെന്നും അതിനാല്‍ തന്റെ പരിഭാഷയെങ്കിലുമൊന്ന് വായിക്കേണ്ടതായിരുന്നുവെന്നുമൊക്കെയാണ് സി.എന്‍.മൌലവി തന്റെ ഖണ്ഡനകൃതിയില്‍ എന്നോടുപദേശിച്ചിരിക്കുന്നത്. നല്ലത് തന്നെ.

എന്നാല്‍ ആണും പെണ്ണും നോക്കാതെയും ശിര്‍ക്കും തൌഹീദും പഠിക്കാതെയും ഇബാദത്തും ഇത്വാഅത്തും വേര്‍തിരിക്കാതെയുമൊക്കെ കുത്തിക്കുറിച്ചുണ്ടാക്കിയതാണ് നിങ്ങളുടെ പരിഭാഷയും "സമഗ്ര''വുമെല്ലാമെന്ന് ഞാന്‍ കണിശമായി തെളിയിച്ചു തന്നാലെങ്കിലും നിങ്ങളുടെ ഈ ബഡായിയും അഹന്തയുമൊക്കെ ഒന്നവസാനിപ്പിക്കുമോ എന്നാണെനിക്ക് സി.എന്നിനോട് ചോദിക്കുവാനുള്ളത്. അതിനാല്‍ എന്റെയും സി.എന്നിന്റെയും അറബീ ഭാഷയിലുള്ള പ്രാഥമിക പാണ്ഡിത്യം മുതല്‍ക്ക് തന്നെ നമുക്കൊന്നളന്നു നോക്കാം.

1. "മൂസാനബിയുടെ ജനത ഒരു പശുക്കുട്ടിയെ ഉണ്ടാക്കി ആരാധിച്ചു'' എന്നും മറ്റും സി.എന്‍. തന്റെ ഖുര്‍ആന്‍ പരിഭാഷയില്‍ 10 സ്ഥലത്ത് അര്‍ത്ഥമെഴുതിയത് അറബിഭാഷയിലുള്ള തന്റെ വഷളായ വിവരക്കേട് കൊണ്ടാണെന്നതില്‍ സംശയമില്ല.

കാരണം :"ഇജ്ല്'' എന്ന പദത്തിന്റെ അര്‍ത്ഥം ഒരിക്കലും പശുക്കുട്ടി എന്നല്ല. ‘മൂരിക്കുട്ടി’ എന്ന് മാത്രമാണ്. "ലഹാ'' എന്നു പറയാതെ "ലഹു'' എന്നത് പോലുള്ള പുല്ലിംഗ പ്രയോഗത്തിലൂടെ പല തവണ ഖുര്‍ആനത് വ്യക്തമാക്കിയതുമാണ്. എന്നിട്ടും പശുക്കുട്ടി എന്ന് 10 സ്ഥലത്തും സി.എന്‍. അര്‍ത്ഥം പറഞ്ഞപ്പോള്‍ ആണും പെണ്ണും നോക്കാതെയാണ് മൂപ്പന്‍ ഖുര്‍ആന്‍ പരിഭാഷ എഴുതിയതെന്നല്ലേ അത് തെളിയിക്കുന്നത്?

ഇല്ലാത്ത പാണ്ഡിത്യം ഉണ്ടെന്നഹങ്കരിച്ചാല്‍ ഇതിലപ്പുറം വങ്കത്തങ്ങള്‍ സി.എന്‍. എഴുതേണ്ടിവരും. ധാരാളം എഴുതിയിട്ടുമുണ്ട്.

മേല്‍പറഞ്ഞ വങ്കത്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി 'പശുക്കുട്ടി''യെ "പശുവിന്റെ കുട്ടി'' എന്ന് ചില ശിങ്കിടികള്‍ വ്യാഖ്യാനിക്കുന്നത് അതിലേറെ വങ്കത്തമാണ്. കാരണം : അങ്ങിനെ പറയാന്‍ തുടങ്ങിയാല്‍ മൂരിക്കുട്ടിക്ക് ‘മൂരിയുടെ കുട്ടി,’ ആണ്‍കുട്ടിക്ക് “ആണിന്റെ കുട്ടി,” പെണ്‍കുട്ടിക്ക് "പെണ്ണിന്റെ കുട്ടി'' എന്നൊക്കെ അര്‍ത്ഥം പറയേണ്ടിവരും…!!. അതോടെ ആണ്‍കുട്ടി എന്നോ പെണ്‍കുട്ടി എന്നോ പറഞ്ഞാല്‍ പോലും കുട്ടി ആണോ പെണ്ണോ എന്ന് വ്യക്തമാകാതെയും വരും. അതിനാല്‍ അത്തരം മണ്ടത്തരങ്ങളൊന്നും എഴുന്നെള്ളിക്കാതിരിക്കലാണ് നല്ലത്..…

കേരളത്തിലെ സകല പുരോഹിതന്മാരും കൂടി 'ഇജ്ലി'ന് പശുക്കുട്ടി എന്ന് ഏകകണ്ഠമായി അര്‍ത്ഥം പറഞ്ഞിരുന്നാലും അത് മൂരിക്കുട്ടിയല്ലാതെ പശുക്കുട്ടി ആവുകയില്ല തീര്‍ച്ച…! അതാവണമെങ്കില്‍ "ഇജ്ലത്ത്'' എന്ന് തന്നെ പറയണം…!

ഇനി സ്ത്രീലിംഗപ്രയോഗം തന്നെ കണ്ടിരുന്നാലും സ്ത്രീയാണെന്ന് ധരിക്കാന്‍ പാടില്ലാത്ത പദങ്ങളും അറബീഭാഷയില്‍ ധാരാളമുണ്ട്. അവിടെയാണ് സി.എന്നിന്റെ രണ്ടാമത്തെ "പാണ്ഡിത്യം'' വെളിപ്പെടുന്നത്. അതാണ് താഴെ വിവരിക്കുന്നതും.

2. ഒരദ്ധ്യായത്തിന്റെ പേരുള്‍പ്പെടെ ഖുര്‍ആനില്‍ ആകെ പത്ത് സ്ഥലത്ത് "ബഖറ്'', "ബഖ്റത്ത്'' എന്ന പദങ്ങളും വന്നിട്ടുണ്ട്. പൂര്‍വ്വികരായ മുസ്ള്യാന്‍മാര്‍ മുതല്‍ക്കിങ്ങോട്ടാണ് ബഖറത്തിന്ന് ‘പശു’ എന്നുമാത്രമാണര്‍ത്ഥം പറഞ്ഞുപോന്നതെങ്കിലും അറബീഭാഷയില്‍ അതിന്റെ ശരിയായ അര്‍ത്ഥം ‘മാട ് ‘ (Cattle) എന്നു മാത്രമാണ്. അത് സാക്ഷാല്‍ കാളയാകാമെന്നത് പോലെ പശുവും (ഇീം) ആകാമെന്ന് മാത്രം.

അതായത് : ബഖറത്തില്‍ കാണപ്പെടുന്ന "ത'' ഒരിക്കലും സ്ത്രീലിംഗ ചിഹ്നമല്ലെന്നും അത് കേവലം ഏകവചന ചിഹ്നമാണെന്നും സാരം. സകല അറബീ നിഘണ്ടുക്കളും ഏകകണ്ഠമായി അത് വ്യക്തമാക്കിയതുമാണ്. എന്നിട്ടും സി.എന്നിനെപ്പോലുള്ള "ബഡാ ആലിമുകളുടെ'' ശ്രദ്ധയില്‍ പോലും ഇക്കാലം വരെ അതൊന്നും പെട്ടില്ലെന്ന് വരുമ്പോള്‍ പഴയ മുസ്ള്യാന്‍മാരെ അന്ധമായനുകരിക്കുന്നതില്‍ നിന്ന് സി.എന്‍ ,ജമാഅത്ത് മൌലവിമാരടക്കം ആരും രക്ഷപ്പെട്ടിട്ടില്ലെന്നല്ലേ! അതും തെളിയിക്കുന്നത്…

അറബി പഠിക്കേണ്ട കാലത്ത് കുറച്ച് "മുറിയന്‍ ഇംഗ്ളീഷും'' "തുണ്ടം പാര്‍സി''യും കുത്തിക്കുറിക്കാന്‍ നടന്നാലൊന്നും അറബീഭാഷയില്‍ പാണ്ഡിത്യം നേടാന്‍ കഴിയുകയില്ല. അറബീപാണ്ഡിത്യം നേടാനാവാത്തവര്‍ക്ക് ഖുര്‍ആന്‍ പാണ്ഡിത്യം നേടാനും സാധ്യമല്ലല്ലോ. 'ശാത്ത്' (ആട്) എന്ന പദത്തിന് പെണ്ണാട് എന്നും, "ഇന്‍സാന്‍'' (മനുഷ്യന്‍) എന്ന പദത്തിന് 'സ്ത്രീ' എന്നുമൊക്കെ അര്‍ത്ഥം പറയുന്നതിലുള്ള അതേ വിവരക്കേട് 'ബഖറത്തി'ന്ന് പശു എന്നര്‍ത്ഥം പറയുന്നതിലുമുണ്ടെന്നാണ് മേല്‍വിവരിച്ചതിന്റെ ചുരുക്കം.

3. നമസ്ക്കാരം അഞ്ച് നേരമുണ്ടാക്കാന്‍ വേണ്ടി ഖു: 30:17ലെ "സുബ്ഹാന'' എന്ന നാമപദത്തിന് "വാഴ്ത്തുവിന്‍'' - അഥവാ 'നമസ്ക്കരിക്കുവിന്‍' - എന്ന വിധിവാക്യത്തിന്റെ അര്‍ത്ഥം സി.എന്‍. മൌലവിയും മറ്റും പറഞ്ഞത് അറബീഭാഷയെക്കുറിച്ചുള്ള അവരുടെ ആഴമേറിയ വിവരക്കേടാണെന്ന് തീര്‍ത്ത് പറയാതെ വയ്യ. കാരണം : 'ഖുര്‍ആനിലോ ഹദീസിലോ അറബീ സാഹിത്യത്തിലോ 'സുബ്ഹാന' എന്ന പദത്തിന്നങ്ങിനെയൊരര്‍ത്ഥമുണ്ടെന്ന് സി.എന്‍. മൌലവിക്കെന്നല്ല, ലോകത്തൊരു പണ്ഡിതനും തെളിയിക്കാന്‍ സാധ്യമല്ല. ഖുര്‍ആനില്‍ 41 സ്ഥലത്താപദം പ്രയോഗിച്ചിട്ടും അവയിലൊരിടത്തും ആ അര്‍ത്ഥം ഉദ്ദേശിച്ചിട്ടുമില്ല തീര്‍ച്ച.!

4. മേല്‍വിവരിച്ചപോലെ ഖുര്‍ആനും അറബീഭാഷയും ശരിക്ക് പഠിക്കാത്തതുമൂലമാണ് ഖു: 17:79ലെ "നാഫിലത്തന്‍ലക്ക'' എന്ന പദത്തിന് ഒറ്റ അറബി സാഹിത്യത്തിലും കാണപ്പെടാത്ത ഒരര്‍ത്ഥം - "കൂടുതല്‍ നന്മ കൈവരുത്തിത്തരുന്ന'' എന്ന അര്‍ത്ഥം - നല്‍കികൊണ്ട് തഹജ്ജുദ് നമസ്ക്കാരത്തിന് തെളിവുണ്ടാക്കാന്‍ സി.എന്‍. ഒരുമ്പെട്ടതെന്ന് മുമ്പ് (60-ാം പേജില്‍) വിവരിച്ചതും ഇതിന്റെ കൂടെ വായിക്കേണ്ടതാണെന്ന് ഉണര്‍ത്തുന്നു.

സി.എന്നിന്റെ ഭാഷാപരമായ വിവരക്കേട് ധാരാളം എടുത്തുകാണിക്കാനുണ്ട്. മേല്‍വിവരിച്ച നാലുദാഹരണങ്ങള്‍കൊണ്ട്തന്നെ വിവരക്കേടിന്റെ ആഴംമനസ്സിലാക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

രണ്ടാമതായ സി.എന്നിന്റെ അറബീവ്യാകരണ വൈഭവത്തെപ്പറ്റിയാണ് പരിശോധിക്കാനുള്ളത്. അതും പരിശോധിക്കാം. വുസുവെടുക്കുമ്പോള്‍ കാല്‍കഴുകല്‍ നിര്‍ബന്ധമാണോ അല്ലയോ എന്നതിനെ സംബന്ധിച്ചുള്ള ചര്‍ച്ചയിന്മേലാണ് സി.എന്‍. വ്യാകരണം പറഞ്ഞുകൊണ്ട് എന്റെ മേല്‍ കുതിരകയറിയിരിക്കുന്നത് അതിനാല്‍ ആ വിഷയം വിശദീകരിക്കുന്നതോടൊപ്പം നമുക്ക് വ്യാകരണത്തെക്കുറിച്ചും വിവരിക്കാം.

സി.എന്‍. മൌലവിയുടെ
"അറബീ വ്യാകരണ വൈഭവം''

വുളുവെടുക്കുമ്പോള്‍ കാല്‍കഴുകല്‍ നിര്‍ബന്ധമാണെന്നത് ഖുര്‍ആന്‍ വിരുദ്ധമായ ജൂതനിയമമാണ്.

നമസ്ക്കാരത്തിന്റെ പ്രാഥമിക മര്യാദയായ അംഗശുദ്ധിയുടെ രൂപം ഖുര്‍ആന്‍ തന്നെ വ്യക്തമായി വരച്ചുകാണിക്കുകയുണ്ടായി. പക്ഷെ, ജൂതന്മാരുടെ വുസുവുമായി അതിന് സ്വല്‍പം വ്യത്യാസമുണ്ട്. അതെങ്ങിനെ എന്നാല്‍ : ജൂതന്മാരുടെ സുപ്രസിദ്ധ പ്രമാണഗ്രന്ധങ്ങളായ തല്‍മൂദിലും,മിഡ്രാസിലും മറ്റും വിവരിച്ചതനുസരിച്ചു കയ്യും മുഖവും കഴുകുന്നതോടൊപ്പം കാലും കൂടി കഴുകിയെങ്കിലേ അതിന് "വുസു'' എന്നു പറയാന്‍ പാടുള്ളൂ. മാത്രമല്ല, നബിയടക്കമുള്ള സകല പ്രവാചകന്മാരുടെയും ലോക സമുദായങ്ങളുടെയും ദേവാലയങ്ങളില്‍ നിന്നെല്ലാം വ്യത്യസ്ഥമായിക്കൊണ്ട് ജൂതപള്ളികളിലൊന്നിലും തന്നെ (ഇടക്കാലം മുതല്‍ക്കുള്ള നമ്മുടെ മുസ്ളിംപള്ളികളെപ്പോലെ) കാല്‍കഴുകിയല്ലാതെ അകത്തേക്ക് കടക്കാനോ, ചെരിപ്പോ ഷൂസോ ധരിച്ച് നമസ്ക്കരിക്കാനോ പാടുണ്ടായിരുന്നില്ല. എന്നാല്‍ അതെല്ലാം തനി ജൂതായിസങ്ങളാണെന്നും കാലാകാലങ്ങളില്‍ ലോകവ്യാപകമായി നടത്തപ്പെടേണ്ട നിത്യാരാധനക്കതൊന്നും പ്രായോഗികമല്ലെന്നും കണ്ടതിനാലാണ് (മാലിന്യങ്ങളൊന്നുമില്ലെങ്കില്‍) കാല്‍കഴുകള്‍ വുസുവിന്റെ ഒരു ഘടകമേ അല്ലെന്ന് ഖുര്‍ആന്‍ വ്യക്തമാക്കാന്‍ കാരണമായത്.

എന്നല്ല, കാലുംകൂടി കഴുകണമെന്ന ഉദ്ദേശത്തോടെ ജൂതന്മാര്‍ പറയാറുള്ള 'വുസു' എന്ന പദം പോലും ഖുര്‍ആനൊരിക്കലും പ്രയോഗിച്ചതേയില്ല. അതായത് : "തവള്ളഊ'' (വുളു ചെയ്തോളൂ) എന്ന് പറയുന്നതിന് പകരം "മുഖവും കയ്യും കഴുകുകയും തലയും കാലും തുടക്കുകയും ചെയ്തോളൂ'' എന്ന് വ്യക്തമായ ഭാഷയില്‍ വിവരിക്കുകയാണ് ഖു: 5:6ല്‍ ചെയ്തത്. അത് മേല്‍പറഞ്ഞ ജൂതനിയമത്തെ പറ്റെ എതിര്‍ക്കാനും ആര്‍ക്കും ഒരവ്യക്തതയും തോന്നാതിരിക്കാനും വേണ്ടി മാത്രമായിരുന്നുവെന്നതില്‍ സംശയമില്ല. പക്ഷേ, അബൂഹുറയ്റക്കോ തന്റെ താവഴിക്കാര്‍ക്കോ ഖുര്‍ആനിന്റെ ആ വിവരണമൊക്കെ ഒരു പ്രശ്നമാണോ?

അവര്‍ ലോകത്തൊട്ടാകെ പ്രചരിപ്പിച്ചു: കാലിന്മേല്‍ യാതൊരഴുക്കുമില്ലെങ്കിലും കാല്‍ കഴുകാതെ വുസുവെടുത്താല്‍ ആ വുസു സ്വീകാര്യമേ അല്ലെന്ന്. അഥവാ കാല്‍കഴുകാതെ നമസ്ക്കരിച്ചാല്‍ നമസ്ക്കാരം ശരിയാവുകയില്ലെന്നവര്‍ ഏകകണ്ഠമായി പ്രഖ്യാപിച്ചു. അതിന് വേണ്ടി ധാരാളം കള്ള ഹദീസുകള്‍ അബൂഹുറയ്റ തന്നെ സ്വയം നെയ്തുവിടുകയും ചെയ്തു. അതെല്ലാം 'മുത്തഫഖ് അലൈഹിയായി' ബുഖാരിയും മുസ്ളിമുമൊക്കെ രേഖപ്പെടുത്തീട്ടുമുണ്ട്. ചുരുക്കത്തില്‍ ഖുര്‍ആനിന്റെ വിശദീകരണത്തിന് കടകവിരുദ്ധമായ തന്റെ ജൂതമതം അബൂഹുറയ്റ ഇസ്ളാമില്‍ അരക്കിട്ടുറപ്പിച്ചു. അതേസമയം മലവിസര്‍ജ്ജനം ചെയ്തവരൊക്കെ ആസനം കഴുകി ശുദ്ധിയാക്കണമെന്നും രാവിലെ എഴുന്നേറ്റ് അംഗശുദ്ധി വരുത്തുമ്പോള്‍ പല്ല് തേച്ച് വായ വൃത്തിയാക്കണമെന്നും മറ്റുമുള്ള - ഖുര്‍ആനിന്റെ നിര്‍ബന്ധ കല്‍പ്പനയിലുള്‍പ്പെട്ട - മര്യാദകളൊന്നും പാലിക്കല്‍ ഒരിക്കലും നിര്‍ബന്ധമല്ലെന്നും ജൂതനായ അബൂഹുറയ്റ തന്നെ അക്കാലത്തെ മുസ്ളിംകളെ മുഴുവന്‍ പഠിപ്പിച്ചു. ഇപ്പോഴും നാല് മദ്ഹബുകാരുടെയും സി.എന്‍. അടക്കമുള്ള ആധുനിക പുരോഹിതന്മാരുടെയും ഏകകണ്ഠമായ ശരീഅത്ത് നിയമം അത് മാത്രമാണ്.

ആകെയാല്‍ : അബൂഹുറയ്റയുടെ ഹദീസുകളില്‍ വിശ്വസിക്കുന്ന നമ്മുടെ സി.എന്നിനെയും തന്നോടൊപ്പമുള്ള ജമാഅത്ത് മൌലവിമാരെയും പോലുള്ളവര്‍ക്ക് അംഗശുദ്ധിയെപ്പറ്റി ഖുര്‍ആന്‍ പറഞ്ഞതൊന്നും ഒരു പ്രശ്നമേയല്ല. അവരുടെ വാദം: പല്ല് തേക്കലും ആസനം കഴുകലുമൊന്നും വുസുവിന്റെയോ നമസ്ക്കാരത്തിന്റെയോ ഫര്‍ളോ, ശര്‍ത്തോ അല്ലെന്നും അതേയവസരത്തില്‍ കാല്‍ തുടച്ചാല്‍ മാത്രം മതി എന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയതിന്നെതിരായി മാലിന്യമൊന്നുമില്ലെങ്കിലും കാല്‍ കഴുകല്‍ നിര്‍ബന്ധമാണെന്നുമാണ്. എന്തൊരു ധിക്കാരം! മേല്‍പറഞ്ഞതിന് അബൂഹുറയ്റാ പ്രഭൃതികളുടെ ന്യായീകരണമെന്തെന്നല്ലേ? തുടക്കാന്‍ പറഞ്ഞ ഐറ്റത്തിലാണ് കാലിന്റെ കാര്യം ഖുര്‍ആന്‍ പറഞ്ഞതെങ്കിലും കഴുകാന്‍ പറഞ്ഞ കൂട്ടത്തിലായി അതിനെ കണക്കാക്കേണ്ടതാണെന്നും ഖുര്‍ആന്‍ വെറുതെ സ്ഥാനം മാറ്റി പറഞ്ഞതാണെന്നുമാണ്. പോരെ, പൂരം! ഇപ്പറഞ്ഞ ഖുര്‍ആന്‍ നിഷേധത്തിന്നും ധിക്കാരത്തിന്നും ഒരു മറയുണ്ടാക്കാന്‍വേണ്ടിയാണ് ഖു. 5:6ലെ "വഅര്‍ജുലിക്കും'' എന്ന വാക്കിലെ "ല'' എന്ന അക്ഷരത്തിന് അബൂഹുറൈറയുടെ താവഴിക്കാരായ ഏഴ് മൊല്ലമാരില്‍ മൂന്ന്പേര്‍ തങ്ങളുടെ മുസ്ഹഫുകളില്‍ 'കസ്റ്' (ഇകാരം) ഇട്ടുകൊടുക്കേണ്ടതിന് പകരം 'ഫത്ഹ്' (അകാരം) ഇട്ട്കൊടുത്തത്. അകാരമാകുമ്പോള്‍ കാല്‍കഴുകണമെന്നും
ഇകാരമാകുമ്പോള്‍ കാല്‍ തുടച്ചാല്‍മതി എന്നുമാണ് അര്‍ത്ഥം വരിക. എന്നാല്‍ ആ കൃത്രിമത്തിന്നവിടെ പഴുതില്ലാതാക്കാനായിരിക്കണം അകാരത്തെ ന്യായീകരിക്കാവുന്നവിധം 'വംസഹൂ റുഊസക്കും' എന്ന് പറയാവുന്നതിന് പകരം അതിന് ന്യായീകരിക്കാനാവാത്ത വിധം 'വംസഹൂ ബിറുഊസിക്കും' എന്ന പ്രയോഗം തന്നെ അല്ലാഹു തെരഞ്ഞെടുത്തതും.

"വംസഹൂ ബി റുഊസിക്കും'' എന്നുപറഞ്ഞശേഷം 'വഅര്‍ജുലിക്കും' എന്ന് പറയുമ്പോള്‍ അവിടെ 'ല'ക്ക് ഇകാരമല്ലാതെ അതിന്ന് പകരമായി അകാരം ചേര്‍ക്കാന്‍ പാടില്ലാതാക്കിത്തീര്‍ത്തു എന്ന് ചുരുക്കം.

അതായത്, മേല്‍പറഞ്ഞ മൊല്ലമാരാല്‍ ഹറകത്തിടപ്പെട്ട മുസ്ഹഫുകള്‍ക്ക് പകരം ഖലീഫമാര്‍ എഴുതി പ്രസിദ്ധീകരിച്ച, ഹറകത്തൊന്നുമിടാത്ത, മുസ്ഹഫുകള്‍ നോക്കിവായിക്കുന്ന ഏതൊരു ഖുര്‍ആന്‍ പണ്ഡിതന്നും അവിടെ ഇ കാരത്തോടുകൂടിയല്ലാതെ അ കാരത്തോടെ വായിക്കാന്‍ സാധ്യമല്ല. ആണെന്ന് അറബീ ഭാഷയും വ്യാകരണവും പഠിച്ചവരാരും പറയുകയുമില്ല. അതുകൊണ്ടാണ് ഏഴ് ഖാരികളിലെ നാലുപേരും ഇകാരം തന്നെ ചേര്‍ക്കാനിടയായതും. തഫ്സീര്‍റാസീ, തഫ്സീര്‍ ഖുര്‍ത്തുബീ, ഫത്ഹുല്‍ ഖദീര്‍ മുതലായ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളിലത് രേഖപ്പെടുത്തീട്ടുണ്ട്.

പക്ഷേ, ഇന്ത്യക്കാരായ നമുക്ക് ലഭിച്ച മുസ്ഹഫ് അബൂഹുറൈറയുടെ താവഴിക്കാരനായ ഹഫ്സ് എന്ന വ്യക്തിയാല്‍ ഹറകത്തിടപ്പെട്ട മുസ്ഹഫ് മാത്രമാണ്. 7 ഖാരികളില്‍ മറ്റാറ് പേരുടേയും മുസ്ഹഫുകള്‍ മക്കാ, മദീനാ, ഇറാന്‍, ഇറാക്ക്, ഈജിപ്ത് മുതലായ പൂര്‍വ്വ മുസ്ളിം രാജ്യങ്ങളിലെ ചില ലൈബ്രറികളില്‍ കാണപ്പെടുമെന്നല്ലാതെ നമുക്ക് പൊതുവെ അതൊന്നും ലഭ്യമല്ല.

എങ്കിലും ആ മുസ്ഹഫുകളിലെ വ്യത്യാസങ്ങളേതാനും തഫ്സീറുകളില്‍ വിവരിക്കാറുണ്ട്. നമ്മുടെ പ്രതിപാദ്യ സൂക്തമായ 5:6ലെ മേല്‍പറഞ്ഞ വ്യത്യാസവും ധാരാളം തഫ്സീറുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നു. കേരളത്തിലെ പ്രസിദ്ധ തഫ്സീറായ ജലാലൈനിയില്‍പോലും അവിടെ ഇകാരത്തോടുകൂടിയ വായന ശരിയാണെന്ന് സമ്മതിച്ചതാണ്. ഇനി അകാരത്തോടെ വായിച്ചാല്‍തന്നെയും ഇകാരത്തോടെ വായിക്കുമ്പോഴുള്ള അര്‍ത്ഥമേ (കാല്‍ തുടക്കണമെന്ന്മാത്രമേ) അവിടെ ഉദ്ദേശമാക്കാവൂ എന്നുവരെ സി.എന്നിന്റെ ഒരു ഇമാമായ ഇബുനുഹസ്മ് പോലും തന്റെ 'മുഹല്ലാ'യിലും 'ഇഹ്ക്കാമി'ലുമൊക്കെ ശക്തിയായി വാദിച്ചിരിക്കുന്നു. പക്ഷേ, നമ്മുടെ "ബഡാആലിം'' സി.എന്‍. മൌലവിയുടെ ശ്രദ്ധയില്‍ അതൊന്നും പെട്ടിട്ടില്ലെന്ന് തോന്നുന്നു. അതല്ലെങ്കില്‍ ആ സത്യങ്ങളെല്ലാം താന്‍ മനപൂര്‍വ്വം പൂഴ്ത്തിവെച്ചതാവും.

ഏതായാലും കേരളത്തില്‍ തനിക്കിന്നേവരെ കാണാന്‍കഴിഞ്ഞ മുസ്ഹഫുകളുടെ കോപ്പികളേ ലോകത്തുള്ളൂവെന്നും അവയിലുള്ള വള്ളിപുള്ളികളേ ശരിയുള്ളൂവെന്നുമാണ് സി.എന്‍. മൌലവിയു കൂട്ടുകാരും ധരിച്ചിട്ടുള്ളതെങ്കില്‍ അത് കടുത്ത വിവരക്കേടാണെന്ന് പറയാതെ നിവൃത്തിയില്ല. കാരണം : ഈ വള്ളിപുള്ളികളൊന്നുംതന്നെ നബിയുടെയും നാല് ഖലീഫമാരുടെയോ ഒറ്റ മുസ്ഹഫിലുമില്ലാത്തതാണ്. അറബീ സാഹിത്യവും വ്യാകരണവുമൊക്കെ ശരിക്ക് പഠിച്ച ആര്‍ക്കും വള്ളിപുള്ളികളുടെ ആവശ്യമില്ലതാനും. അത്രക്കും കണിശമായ നിയമങ്ങളാണ് ശുദ്ധ അറബീഭാഷക്കുള്ളതെന്ന് സാരം.

ഖുര്‍ആനിന്റെ ചില ആശയാദര്‍ശങ്ങള്‍ അട്ടിമറിക്കാന്‍വേണ്ടി മുസ്ഹഫുകളില്‍ വള്ളിപുള്ളികളിട്ടുകൊടുത്തത് അബൂഹുറൈറയുടെ താവഴിക്കാരനും അമവീഖലീഫയുമായ അബ്ദുല്‍ മലിക്ബ്നു മര്‍വാന്റെ കാലത്തായിരുന്നു. അങ്ങനെ ഇട്ടുകൊടുത്ത വള്ളി 'പുള്ളികളില്‍ ഭാഷാപരമായി പറ്റെ വഷളായ ചില തെറ്റുകള്‍പോലും സംഭവിച്ചിട്ടുണ്ട്. കേരളക്കാരിലെ ഏറ്റവും വലിയ ഖുര്‍ആന്‍ പണ്ഡിതനാണെന്നഹങ്കരിക്കുന്ന സി.എന്‍. മൌലവിക്കുപോലും ഇക്കാലംവരെ അതൊന്നും കണ്ട്പിടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നുമാത്രം. വായനക്കാരുടെ അറിവന്നായി അതില്‍ ഒന്നുരണ്ടുദാഹരണംമാത്രം താഴെ വിവരിക്കാം.

1. സൂറത്തുല്‍ ഫുര്‍ഖാനില്‍ (ഖുര്‍ആന്‍ 25:69ല്‍) "വയഖ്ലുദ് ഫീഹി'' എന്ന വാക്യത്തിലുള്ള 'ഫീഹി' എന്ന പദത്തിലെ 'ഹി' എന്ന അക്ഷരത്തിന്ന് ഖുര്‍ആനിന്റെ ഭാഷാനിയമമനുസരിച്ച് (ഇന്ന് വരെയുള്ള ഏകകണ്ഠമായ അറബീഭാഷാനിയമവും അത് തന്നെയാണ്) ഹൃസ്വമായ ഇകാരത്തോടുകൂടി 'ഫീഹി' എന്ന് മാത്രമേ ഉച്ചരിക്കാന്‍പാടുള്ളൂ. ദീര്‍ഘമുള്ള ഇകാരം ചേര്‍ത്തിക്കൊണ്ട് "ഫീഹീ'' എന്നൊരിക്കലും ഉച്ചരിക്കാന്‍ പാടുള്ളതല്ല. ആശയപരമായി വ്യത്യാസമൊന്നുമില്ലെങ്കിലും 'ഫീഹി' (അതില്‍) എന്ന് ഹൃസ്വമാക്കിപ്പറയേണ്ടിടത്ത് കെട്ട്വള്ളിയോടുകൂടി 'ഫീഹീ' ( അതീല്‍ ) എന്ന് വായിക്കുന്നത് കേവലം വികലമായ ഉച്ചാരണമാണെന്നതില്‍ സംശയമില്ലല്ലോ ?

ഖു. 16:103, 26:195, 39:28, 14:4 മുതലായ സൂക്തങ്ങളിലെ പ്രഖ്യാപനപ്രകാരം - അഥവാ അണുവോളം വൈകല്യം കലരാത്ത ശുദ്ധ അറബീഭാഷയാണ് ഖുര്‍ആനിന്റെ ഭാഷയെന്ന അല്ലാഹുവിന്റെ ആവര്‍ത്തിച്ചുള്ള വിളംബരപ്രകാരം - ഖുര്‍ആനില്‍ ഒറ്റ സ്ഥലത്തും 'ഫീഹീ' എന്നോ 'ഫീഹു' എന്നോ ഉച്ചരിക്കാന്‍ പാടില്ലാത്തതാണ്. അതായത്: 'ഹാ'യുടെ ശബ്ദം ഹൃസ്വമാക്കിക്കൊണ്ട് 'ഫീഹി' എന്ന് തന്നെ ഉച്ചരിക്കല്‍ നിര്‍ബന്ധമാണെന്നുസാരം.

എന്നാല്‍ ഏഴ് ഖാരികളില്‍ പെട്ട ഹഫ്സ് തന്റെ മുസ്ഹഫില്‍ കറക്ഷന്‍ നടത്തിയപ്പോള്‍ ആ ഒരു കെസ്റ് (ഇകാരം) കുത്തനെ വീണത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടാതെ പോയതായിരിക്കാം. അതൊക്കെ സ്വാഭാവികമല്ലേ., അല്ലെങ്കില്‍ അതൊന്നും ആര്‍ക്കും മനസ്സിലാവാത്തതല്ലല്ലോ എന്നു കരുതി അതവഗണിച്ചതുമാവാം. പക്ഷേ, "ഈച്ചയെ വരയന്‍മാര്‍'' അതങ്ങിനെത്തന്നെവരച്ചു. വെച്ചു...!

ആയിരം വര്‍ഷം കഴിഞ്ഞുപോയിട്ടും ആ "വര''നേരെയാക്കാന്‍ ഇന്ത്യയിലെ ഒറ്റ ഖുര്‍ആന്‍ പണ്ഡിതനും ഇന്നേവരെ തയ്യാറായില്ല. ഖുര്‍ആന്‍ പരിഭാഷയില്‍പോലും ആ "ഈച്ചവര'' അതേ പടി നിലനിര്‍ത്തുകയാണ് നമ്മുടെ സി, എന്‍. അടക്കം ചെയ്തിരിക്കുന്നത്. ആ തെറ്റ് തെറ്റാണെന്ന് സമര്‍ത്ഥിക്കാനുള്ള തെളിവുകള്‍ ഖുര്‍ആനില്‍ തന്നെ വേണ്ടത്ര ഉണ്ടായിരുന്നിട്ടും ഏഴ് 'പ്രമാണ മുസ്ഹഫുകളിലെ' മറ്റാറെണ്ണത്തിലും ശരിയായ രൂപത്തില്‍ അത് കണ്ടിട്ടും അതൊന്നും അവരാരും ഇക്കാലംവരെ ശ്രദ്ധിച്ചില്ലെന്നത് നമ്മുടെ ചരിത്രപാരമ്പര്യത്തിലെ മഹാത്ഭുതങ്ങളില്‍ പെട്ടതാണ്. തങ്ങളുടെ പൂര്‍വ്വികരുടെ ഒരു ഇജ്മാഅ് (ഏകകണ്ഠമായ ഒരു നടപടി) കണ്ടാല്‍ എന്ത് വഷളാണെങ്കിലും അതപ്പടി അനുരകരിക്കുന്നതില്‍നിന്ന് "മുജ്ത്തഹിദാ''ണെന്നവകാശപ്പെടുന്ന സി.എന്‍. മൌലവിവരെ രക്ഷപ്പെട്ടില്ലെന്നല്ലേ ഇതും തെളിയിക്കുന്നത്? ഇനി രണ്ടാമത്തെ ഉദാഹരണം കാണുക.

2. സൂറത്തുല്‍ ഫത്ഹില്‍ (ഖു. 48:10ല്‍) "ആഹദഅലൈഹില്ലാഹ'' എന്ന വാക്യത്തിലെ "അലൈഹി'' എന്ന പദത്തിലെ "ഹ'' എന്ന അക്ഷത്തിന്നു ഇകാരത്തോടെ ഉച്ചരിക്കേണ്ടതിന് പകരം ഉകാരം ചേര്‍ത്തിക്കൊണ്ട് "അലൈഹു'' എന്ന് ഹഫ്സിന്റെ മുസ്ഹഫില്‍ മാത്രം കാണപ്പെടുന്നതും മേല്‍ വിവരിച്ചരൂപത്തില്‍ സംഭവിച്ച മറ്റൊരബദ്ധമാണ്. അതായത്: 'അലൈഹി' (അതിന്റെ മേല്‍) എന്ന് പറയേണ്ടിടത്ത് 'അലൈഹു' (അതുന്റെ മേല്‍) എന്ന് പറയുന്നതും മേല്‍ പ്രസ്താവിച്ചതുപോലുള്ള വികലമായ ഉച്ചാരണമാണെന്ന് പറയേണ്ടതില്ലല്ലോ. ഇന്ത്യയില്‍ പ്രചാരത്തിലുള്ള ഹഫ്സിന്റെ ഏക മുസ്ഹഫിന്റെ പകര്‍പ്പിലല്ലാതെ ഏഴ്ഖാരികളില്‍ മറ്റാറു പേരുടെയും മുസ്ഹഫുകളില്‍ ആ വൈകല്യം കാണപ്പെടുകയില്ല. എന്നാല്‍ ആശയവ്യത്യാസമൊന്നുമില്ലെങ്കിലും നമ്മുടെ ബഡാ ആലിമുകളാരും തന്നെ ഇക്കാലം വരെ അതൊന്നും ശ്രദ്ധിക്കുകയോ ആ വൃത്തികെട്ട വായന തിരുത്താന്‍ സമുദായത്തെ ഉപദേശിക്കുകയോ ചെയ്തില്ലെന്ന് മാത്രം. അന്ധമായ അനുകരണത്തിന്റെ വ്യാപകമായ "തിമിരം'' ഖുര്‍ആനിന്റെ അക്ഷരങ്ങള്‍ തെറ്റായി ഉച്ചരിക്കുന്നതില്‍പോലും അവരെ മുഴുവന്‍ ഒരുപോലെ ബാധിച്ചു എന്നല്ലേ ഇതെല്ലാം തെളിയിക്കുന്നത്.

എന്നിട്ടാണോ ഖുര്‍ആനിന്റെ ആശയാദര്‍ശങ്ങള്‍ ഗ്രഹിക്കുന്നതില്‍ പൂര്‍വ്വികര്‍ക്ക് പറ്റിയ ആഴമേറിയ തെറ്റുകളെ ഇക്കൂട്ടര്‍ അനുകരിക്കാതിരിക്കുക. അതൊരിക്കലുമുണ്ടാവില്ല.

എന്നല്ല, ആയിരത്തിലേറെ വര്‍ഷങ്ങളായി, ഈ "കുരുടന്‍ അനുകരണ''മല്ലാതെ, നമ്മുടെ പുരോഹിതന്മാര്‍ ശീലിച്ചിട്ടേ ഇല്ലെന്നതിന്നു അവരുടെ സകല ഗ്രന്ഥങ്ങളും പരിപൂര്‍ണ്ണസാക്ഷികളാണ്. ഖുര്‍ആനിന്റെ പരിശുദ്ധാദര്‍ശങ്ങളില്‍ നിന്നും പാവനനിയമങ്ങളില്‍ നിന്നും നമ്മുടെ സമുദായം ബഹുദൂരം വഴിതെറ്റിപ്പോവാനുണ്ടായ കാരണവും അതുതന്നെയാണ്.

പ്രത്യേകം ശ്രദ്ധിക്കുക !

മുസ്ഹഫുകളിലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ സി.എന്‍. ധരിച്ചതുപോലെ, അത് ഖുര്‍ആനിലെ തെറ്റുകളാണെന്നാരും തെറ്റദ്ധരിച്ചുപോവരുത്.!കാരണം: ഖുര്‍ആനിലെ ഒറ്റ അക്ഷരത്തിന്നും ഒറ്റ സ്വരത്തിന്നും ഒരു തെറ്റും പറ്റാന്‍ പാടുള്ളതല്ല. അതുണ്ടെന്ന് വിശ്വസിക്കുന്നവന്‍ കാഫിറും മുര്‍ത്തദ്ദുമാണുതാനും..!. എന്ത്കൊണ്ടെന്നാല്‍: ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനങ്ങളാണ്. മുസ്ഹഫുകള്‍ അങ്ങിനെയല്ല. അത് ഖുര്‍ആനിനോടൊപ്പിച്ചുകൊണ്ട് ഓരോ കാലഘട്ടക്കാര്‍ എഴുതി അച്ചടിച്ചുണ്ടാക്കുന്ന മനുഷ്യകൃതികള്‍ മാത്രമാണ്. അതില്‍ പലപ്പോഴും തെറ്റുകള്‍ സംഭവിച്ചെന്ന് വരാം. പഴയ കാലത്തെ ചില പൊന്നാനി മുസ്ഹഫുകള്‍പോലെ. എങ്കിലും മുസ്ഹഫുകളില്‍ അങ്ങനെ വല്ലതും സംഭവിച്ചാല്‍ എത്ര നൂറ്റാണ്ടുകള്‍ കഴിഞ്ഞിരുന്നാലും ആ തെറ്റകള്‍ കണ്ടുപിടിക്കാന്‍ ഖുര്‍ആന്‍ ശ്രദ്ധിച്ചു പഠിക്കുന്നവര്‍ക്ക് കഴിയുമെന്നതും, ഇതേപോലെ ഏതെങ്കിലും കാലത്താതെറ്റുകള്‍ വെളിക്ക് വരാതിരിക്കില്ലെന്നതും തീര്‍ച്ചയാണ്.

സി.എന്നിന്റെ "വ്യാകരണവൈഭവ''ത്തിന്റെ ഒരുദാഹരണവുംകൂടി പറയാം: കര്‍ത്താവ് സ്ത്രീവര്‍ഗ്ഗത്തില്‍ പെട്ടതായാല്‍ ക്രിയയില്‍ സ്ത്രീലിംഗചിഹ്നം ചേര്‍ക്കണമെന്നതാണ് പൊതുവെ അറബീ വ്യാകരണനിയമം. എന്നാല്‍ സ്ത്രീവര്‍ഗ്ഗത്തെക്കുറിക്കുന്നപദം "ജം ഉത്തക്സീര്‍'' ( ആൃീസലി ജഹൌൃമഹ ശിഥില ബഹുവചനം) ആയാല്‍ അവിടെ ആനിയമം ബാധകമല്ലെന്നതും വ്യാകരണ ഗ്രന്ഥങ്ങളിലെ ഒരേകകണ്ഠ നിയമം തന്നെയാണ്.

ഉദാഹരണമായി "ഖാലത്ത് - നിസ്വത്തുന്‍'' എന്ന് പറയുമ്പോലെ തന്നെ "ഖാല-നിസ്വത്തുന്‍'' എന്നും ശരിയായ വ്യാകരണ നിയമപ്രകാരം പറയാവുന്നതാണ്. പക്ഷേ, നമ്മുടെ സി.എന്‍. മൌലവി ഇവിടെ ഒരു വിഡ്ഢിത്തം എഴുന്നെള്ളിച്ചിരിക്കുന്നു. തന്റെ കൃതി 20-ാം പേജില്‍ താനെഴുതുന്നതെന്തെന്നല്ലേ? ഏകകണ്ഠമായ അറബീ വ്യാകരണനിയമത്തിന്നെതിരായിട്ടാണ് ഖു:12:30ല്‍ "ഖാലനിസ്വത്തുന്‍'' എന്ന് പറഞ്ഞിരിക്കുന്നത് എന്ന്. വ്യാകരണനിയമപ്രകാരം "ഖാലത്ത് നിസ്വത്തുന്‍'' എന്ന് തന്നെ പറയണമത്രെ! എവിടെന്നാണീ പുരോഹിതനേതാവ് വ്യാകരണം പഠിച്ചതാവോ? മുസ്ള്യാന്‍മാര്‍പോലും സര്‍വ്വസാധാരണയായി പഠിക്കാറുള്ള "അല്‍ഫിയ്യ'' എന്ന പ്രസിദ്ധ വ്യാകരണ ഗ്രന്ഥമെങ്കിലും ഒന്ന് മറിച്ചുനോക്കാമായിരുന്നില്ലേ?

അറബീ വ്യാകരണ നിയമങ്ങളെല്ലാം "കലക്കിക്കുടിച്ചവര്‍'' (ജമാഅത്തെ ഇസ്ളാമക്കാര്‍)തന്റെ പുരോഹിത ഗ്രൂപ്പിലുണ്ടെന്ന് പറഞ്ഞു സമാധാനിച്ചിരുന്നാല്‍ മതിയോ? ഖുര്‍ആന്‍ പരിഭാഷ ചെയ്യുമ്പോള്‍ പ്രാഥമിക അറബീ വ്യാകരണ നിയമങ്ങളെങ്കിലും തെറ്റുകൂടാതെ ഓര്‍മ്മിക്കാതിരുന്നത് അപകടമല്ലേ? വ്യാകരണസംബന്ധമായ ഇത്തരം വിവരക്കേടില്‍ മുങ്ങിക്കുളിച്ച ഒരു മനുഷ്യനാണത്രെ തന്റെ കൃതി 20-ാം പേജില്‍ എന്നോടുപറയുന്നത്: 'ഒരു നൂറുകൊല്ലം തപസ്സിരുന്നാല്‍പോലും നിങ്ങളുടെ വാദം ശരിവെക്കുന്ന ഒരു വ്യാകരണനിയമം കൊണ്ടുവരാന്‍ നിങ്ങള്‍ക്ക് കഴിയില്ലാ' എന്ന്. അതും സി.എന്നിന്റെ ആഴമേറിയ വിവരക്കേടിന്റെ മറ്റൊരു തെളിവെന്നല്ലാതെ, മറ്റെന്താണ് നാം പറയുക….!

സി.എന്‍. മൌലവിയുടെ രസകരമായ
'അറബീസാഹിത്യം'

അബൂഹുറൈറയെ നന്നാക്കാന്‍ മെനക്കെട്ടപ്പോള്‍
വഷളായ വിഡ്ഢിത്തങ്ങളില്‍ കുടുങ്ങി!

സി.എന്‍. മൌലവിയുടെ കൃതി 108-ാം പേജില്‍ അറബീസാഹിത്യത്തിലുള്ള തന്റെ വൈഭവത്തെപറ്റി അല്പം അഹങ്കാരത്തോടെത്തന്നെ പ്രസംഗിക്കുകയും ആ വൈഭവമൊന്നും എനിക്കില്ലെന്ന് പുച്ഛസ്വരത്തില്‍ സൂചിപ്പിക്കുകയും ചെയ്തശേഷം താനൊരു സാഹിത്യം വിളമ്പിയത് വളരെ രസാവഹമായിട്ടുണ്ട്. സാഹിത്യശൈലി എന്നത് പോകട്ടെ, ഭാഷാപരമായ അറുവഷളത്തരമാണതില്‍ സി.എന്‍. പകര്‍ത്തിയരിക്കുന്നത്. അത് വ്യക്തമായി ഗ്രഹിക്കാന്‍പറ്റിയ ഒരു ചെറിയസംഭവം ആദ്യംപറയാം.

എന്റെ പ്രദേശത്തിന്നടുത്ത് ഒരു ക്ഷേത്രത്തില്‍ മുമ്പൊരു ഉത്സവദിവസം ഒരു അവര്‍ണ്ണന്‍ കടന്നുകൂടി. സവര്‍ണ്ണര്‍ക്കല്ലാതെ ആ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ പാടുണ്ടായിരുന്നില്ല. അതറിയാവുന്ന കക്ഷി, തന്നെ പിടികൂടപ്പെടുന്നപക്ഷം "ഞാന്‍ നായരാണെന്നുപറഞ്ഞു രക്ഷപ്പെടാമെന്നൊക്കെ'' മനസ്സില്‍ കരുതിയെങ്കിലും ക്ഷേത്രമേധാവികള്‍ അവനെ പിടികൂടി 'നീ ആരെടാ' എന്ന് ചോദിച്ചപ്പോള്‍ 'അടിയന്‍ കമ്മളാണെ'ന്ന മറുപടിയാണ് പുള്ളിക്കാരന്റെ വായില്‍ നിന്ന് ചാടിയത്. ഉടനെ അടിയും കിട്ടി. കീഴ്ജാതിക്കാര്‍ നായന്മാരെ "കമ്മള്‍'' എന്നാണവിടങ്ങളില്‍ വിളിച്ചിരുന്നത്.

അപ്പോള്‍ സംഗതി വ്യക്തമായില്ലേ? അതായത്: ഞാന്‍ നായരാണെന്ന് പറയുന്ന അതേ ആശയം തന്നെയാണ് 'അടിയന്‍ കമ്മളാണെ'ന്ന വാക്യത്തിന്നുമുള്ളതെങ്കിലും 'അടിയന്‍' എന്നും 'കമ്മള്‍' എന്നുമുള്ള പദപ്രയോഗം ഒരു സാക്ഷാല്‍ നായരുടെ വായില്‍ നിന്ന് സ്വമേധയാ വരികയില്ലെന്നത് തീര്‍ച്ചയാണ്. അത് കേവലം കീഴ്ജാതിക്കാരന്റെ ഭാഷയായത് കൊണ്ടുതന്നെ. അപ്പോള്‍ അടിയന്‍ കമ്മളാണെന്ന് അവന്‍ പറഞ്ഞെങ്കിലും അവന്‍ 'കമ്മളല്ലെന്നതിന്ന് അവന്റെ ഭാഷതന്നെ തെളിവായെന്ന് സാരം. ഇതുപോലുള്ളൊരു മഹാവഷളത്തരത്തിലാണ് നമ്മുടെ "സാഹിത്യപണ്ഡിതനായ'' സി.എന്‍. മൌലവിയും ഇപ്പോള്‍ പെട്ടിരിക്കുന്നതും.

ഹസ്രത്ത് ഉമര്‍ അബൂഹുറൈറയെ "യാ അദുവ്വല്ലാഹി'' (സാക്ഷാല്‍ യഹൂദീ) എന്ന് വിളിച്ചാക്ഷേപിച്ചെന്ന് അബൂഹുറൈറ തന്നെ പറഞ്ഞതായി ബുഖാരി മുസ്ളിമിന്റേതിനേക്കാള്‍ മുന്തിയ പരമ്പരകളിലൂടെ ത്വബഖാത്തുബ്നു സഅ്ദില്‍ (4-ാം വാല്യം 335-ാം പേജില്‍) വ്യക്തമായി രേഖപ്പെടുത്തിയത് കേരളത്തിലാദ്യമായി ഈയുള്ളവന്‍ പരസ്യപ്പെടുത്തുകയുണ്ടായി. ബുഖാരിയുടെ ഒരു പ്രധാന ഗുരുവും ബുഖാരിയേക്കാള്‍ പതിന്മടങ്ങ് വിശ്വസ്തനുമായ ഇമാം അബൂഉബൈദ് തന്റെ 'കിതാബുല്‍ അംവാല്‍' എന്ന ലോകപ്രസിദ്ധ ഗ്രന്ഥത്തിലും അത് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ ആ റിപ്പോര്‍ട്ട് ബലഹീനമാണെന്ന് പറഞ്ഞ് തള്ളിക്കളയാന്‍ സാധ്യമല്ലെന്നുകണ്ട അബൂഹുറൈറ പ്രഭൃതികള്‍ ഇപ്പോള്‍ ചെയ്യുന്ന പണി എന്തെന്നല്ലേ? ഹസ്രത്ത് ഉമര്‍ ആ വിഷയത്തില്‍ "അല്‍പം ചൂടനാ''യിരുന്നുവെന്നും തരം തെറ്റിയാല്‍ തന്റെ സ്വന്തക്കാരെപ്പോലും അങ്ങനെ വിളിക്കാറുണ്ടെന്നും മറ്റും അങ്ങ് പ്രചരിപ്പിക്കുകതന്നെ!. അബൂഹുറൈറയുടെ പൂര്‍വ്വ അനുയായികള്‍ അതിന്നായി ചില കള്ളക്കഥകള്‍ കെട്ടിച്ചമക്കുകയും ചെയ്തിട്ടുണ്ട്. അതിലൊരു കഥയാണ് നമ്മുടെ സി.എന്‍. ഇപ്പോള്‍ ഉദ്ധരിച്ചിരിക്കുന്നത്. അതിപ്രകാരമാണ്:

"ഉമര്‍ തന്റെ പ്രിയപത്നിയെപ്പോലും ഒരിക്കല്‍ അങ്ങനെ വിളിക്കുകയുണ്ടായി'' എന്ന് പോരെ? ഉമര്‍ 'ചൂടനാണെ'ന്നതിന്ന് ഇതിലപ്പുറം എന്ത് തെളിവുവേണം. പക്ഷേ, ചോട്ടാ അബൂഹുറൈറകള്‍ക്കവിടെ ഒരബദ്ധം പറ്റി. അതായത്: ആ കൃതിപ്പ് മുഴുവന്‍ " അടിയന്‍ കമ്മള്‍ ഭാഷ''യായി മാറിപ്പോയി. അതെങ്ങനെ എന്നാല്‍: അക്കഥയില്‍ പറയുന്നതിപ്രകാരമാണ്: ഉമര്‍ തന്റെ ഒരുദ്യോഗസ്ഥനെ ആക്ഷേപിക്കുന്നതു കണ്ടപ്പോള്‍ ഭാര്യ ചോദിച്ചുപോല്‍: 'എന്തിനാണയാളെ ഇങ്ങനെ കുറ്റപ്പെടുത്തുന്നത്' എന്ന്. അപ്പോള്‍ ഉമര്‍ പറഞ്ഞുവത്രെ! "യാഅദുവ്വത്തല്ലാഹി-വഫീമ-അന്തി-വഹാദാ'' എന്ന്.

സി.എന്‍. തന്റെ കൃതി 108-ാം പേജില്‍ പകര്‍ത്തിയ അറബീ സാഹിത്യമാണിത്. സാഹിത്യമെന്നത് പോയിട്ട് ശരിയായ ഒരു അറബീഭാഷക്കാരന്‍ കേട്ടാല്‍ കാര്‍ക്കിച്ചു തുപ്പിപ്പോകുമാറുള്ള ഒരു വഷളന്‍ ശൈലിയാണത്. ഹസ്രത്ത് ഉമറിനെപ്പോലുള്ള അറബീ സാഹിത്യ സമ്രാട്ടുകളുടെ വായില്‍നിന്ന് ഓര്‍ക്കാതെ പോലും ആ ശൈലി പുറത്ത് വരില്ലെന്നത് തീര്‍ച്ചയാണ്. കാരണം: മേല്‍പറഞ്ഞ വാക്യത്തില്‍ അറബീ സാഹിത്യത്തിന്ന് നിരക്കാത്ത -അറുവഷളായ -മൂന്ന് പ്രയോഗങ്ങളുണ്ട്.

1) ."അദുവ്വ്'' എന്ന അറബീപദം സ്ത്രീ, പുരുഷന്‍, ഏകവചനം ദ്വിവചനം, ബഹുവചനം എന്നിവക്കെല്ലാം ചിഹ്ന വ്യത്യാസമില്ലാതെ, കേവലം കോമണായിട്ടാണത് പ്രയോഗിക്കാറുള്ളത്. ഖുര്‍ആനില്‍ മുഴുവന്‍ അങ്ങനെമാത്രമേ അത് പ്രയോഗിച്ചിട്ടുമുള്ളു. അതായത്: സാക്ഷാല്‍ സ്ത്രീയെ ഉദ്ദേശിച്ചാണെങ്കിലും "അദുവ്വ്'' എന്നല്ലാതെ "അദുവ്വത്ത്'' എന്ന സ്ത്രീലിംഗപ്പദം ശുദ്ധ അറബിയില്‍ പ്രയോഗിക്കാന്‍ പാടുള്ളതല്ല. ഖു. 64:14 അതിന് വ്യക്തമായ തെളിവുമാണ്. നിങ്ങളുടെ ഭാര്യമാരിലും നിങ്ങള്‍ക്ക് 'അദുവ്വ്' ഉണ്ട് എന്നല്ലാതെ, 'അദുവ്വത്ത്' ഉണ്ട് എന്നല്ല അവിടെ പറഞ്ഞത്. മലയാളഭാഷയിലും ഇത്തന്നെയാണ് സ്ഥിതി. അതായത്: സ്ത്രീയെപ്പറ്റിയാണെങ്കിലും ശത്രു, വൈരി, വിരോധി എന്നൊക്കെയല്ലാതെ ശത്രുച്ചി, വൈരിച്ചി, വിരോധിച്ചി എന്നൊന്നും പറയാവുന്നതല്ലല്ലോ. പക്ഷേ, നമ്മുടെ സി.എന്നിനെപ്പോലെത്തന്നെ, ശുദ്ധ അറബീഭാഷ പഠിക്കാത്ത - അക്കഥ കെട്ടിച്ചമച്ച - ചോട്ടാ അബൂഹുറൈറക്കും അതൊന്നും അറിയില്ലെന്ന് മാത്രം. എന്നാല്‍ അതും ഒരു താണഭാഷ എന്നനിലയില്‍ അബൂഹുറൈറയുടെ ചില പിന്‍ഗാമികള്‍ എഴുതിവെച്ചിരിക്കുന്നു. 'അണ്ണാനെക്കൊണ്ടാവുംവിധം അണ്ണാനും'എന്നമട്ടില്‍. എങ്കിലും ശുദ്ധ അറബീഭാഷക്കതൊന്നും ബാധകമല്ലല്ലോ. ചേകനൂര്‍ മൌലവിക്ക് അറബീ സാഹിത്യമൊന്നും അറിയില്ലെന്നതിന്ന് തെളിവായി സി.എന്‍. വിളമ്പിയ സാഹിത്യമായതിനാല്‍ താനത് ശ്രദ്ധിക്കാതെ പകര്‍ത്തിയതാണെന്ന് പറയാനൊക്കുമോ? അതുമില്ല. അവസാന പേജുകളിലെ ശുദ്ധീപത്രത്തിലെങ്കിലും അത് 'ശുദ്ധി ചെയ്യാതിരുന്നപ്പോള്‍' വിശേഷിച്ചും.

2) . രണ്ടാമത്തെ തെറ്റ് കാണുക, "യാ അദുവ്വല്ലാ'' എന്ന സംബോധന കഴിഞ്ഞ് തുടങ്ങുന്നതുതന്നെ, 'വഫീമ' എന്നിങ്ങനെ 'വ' എന്ന സമുച്ചയത്തോടുകൂടിയാണ്. മറ്റൊരു ചോദ്യവാക്യം മുന്‍കടക്കാതെ സംബോധനക്കുശേഷം ആരംഭിക്കുന്ന ചോദ്യവാക്യത്തില്‍ 'വ' എന്ന സമുച്ഛയം കാണാനേ പാടുള്ളതല്ല. ഇത് അറബീ സാഹിത്യത്തിലെന്നല്ല, നാടന്‍ അറബിയില്‍പോലും കാണാന്‍ പാടില്ലാത്തതാണ്. അറബിഭാഷ ശരിക്ക് പഠിക്കാത്ത അനറബികളില്‍നിന്ന് മാത്രമേ ഇത്തരം പിശകുകള്‍ സംഭവിക്കുകയുള്ളൂ. അതോ ഖലഫ: ഉമറിന്ന് ശരിക്കും അറബി അറിയാമായിരുന്നില്ലെന്നും ഈ ചോട്ടാ അബൂഹുറൈറകള്‍ വാദിച്ചേക്കുമോ? ഇല്ലെന്നാരുകണ്ടു?

3) . മേല്‍പറഞ്ഞ വാക്യത്തിലെ മൂന്നാമത്തെ തെറ്റും പ്രയോഗസമ്പന്നമായതുതന്നെയാണ്. അതായത്: 'വ' എന്ന ഘടകാക്ഷരം കൊണ്ടാരംഭിച്ചതിനു പുറമെ 'ഫീമ അന്തി വഹാദാ' എന്നപ്രയോഗവും ഭാഷ പരിചയമില്ലാത്ത അനറബികളുടെ വായില്‍നിന്നേ വരികയുള്ളൂ. ഖലീഫ ഉമറിനെപ്പോലുള്ള ശുദ്ധ അറബികള്‍ അത്തരം സന്ദര്‍ഭങ്ങളില്‍ പറയാറുള്ള ഏകശൈലി 'യാ അദുവല്ലാഹി മാലക്കി ഫീഹാദാ' (അല്ലാഹുവിന്റെ ശത്രു നിനക്കിതിലെന്ത് കാര്യം) എന്നിങ്ങിനെ മാത്രമാണ്. അല്ലാതെ, യാ അദുവത്തല്ലാഹി....... (അല്ലാഹുവിന്റെ ശത്രുച്ചി, നീയും ഇതും ഏതൊന്നില്‍കൂടിയുമാണ്) എന്നൊന്നും പറയുന്നതിലര്‍ത്ഥമില്ല. ഭാഷ അറിയാവുന്നവരാരും അങ്ങനെയൊന്നും പറയുകയില്ല. എന്നാല്‍ ദോഷം പറയരുതല്ലോ അറബീശൈലി അറിയില്ലെങ്കിലും അവിടെ മലയാളത്തില്‍ പറയേണ്ടതെങ്ങിനെയാണെന്ന് സി.എന്‍. മൌലവിക്കറിയാം: അതുകൊണ്ടല്ലേ "അല്ലാഹുവിന്റെ ശത്രു, നിനക്കിതിലെന്തുകാര്യം'' എന്ന ശരിയായ ശൈലിയില്‍ താന്‍ പരിഭാഷപ്പെടുത്തിയത്.

ചുരുക്കത്തില്‍ ഖലീഫ:ഉമര്‍ തന്റെ ഭാര്യയെപ്പോലും "അല്ലാഹുവിന്റെ ശത്രു'' എന്ന് വിളിച്ചിട്ടുണ്ടെന്ന് പറയുന്നത് ശുദ്ധനുണയും തനി അസംബന്ധവുമാണെന്ന് അപ്പറഞ്ഞ കക്ഷിയുടെ ഭാഷകൊണ്ട്തന്നെ നമുക്ക് തെളിഞ്ഞുകിട്ടി. അതിനാല്‍ അത്തരം റിപ്പോര്‍ട്ടുകളുടെ പരമ്പരകളിലെ ചോട്ടാ അബൂഹുറൈറകള്‍ പെരുംപൊള്ളന്മാരാണെന്നതിന്റെ തെളിവുകളൊന്നും ഇനി നിരത്തിവെക്കേണ്ട ആവശ്യമില്ല.

സാഹിത്യനിപുണത വീണ്ടും…!

അബൂഹുറയ്റയെ നന്നാക്കിയപ്പോള്‍
വീണ്ടും വഷളായി!!

സി.എന്നിന്റെ കൃതി 109-ാം പേജില്‍ താനൊരു 'സാഹിത്യനിയമവും വിളമ്പിയിരിക്കുന്നു. അതെന്തെന്നുകാണുക. ഖു: 32:28ലും 29ലും ഒരു 'ഫത്ഹി'നെപ്പറ്റി പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുദ്ദേശം യുദ്ധം ജയിച്ചടക്കല്‍ എന്നാണെന്നും ആ ഘട്ടത്തില്‍ വിശ്വസിക്കുന്നവരുടെ ഈമാന്‍ സാധുവല്ലെന്നിവിടെ പ്രഖ്യാപിച്ചതിനാല്‍ ഖൈബര്‍ ജയിച്ചടക്കിയ ഘട്ടത്തില്‍ വിശ്വസിച്ച അബൂഹുറൈറയുടെ ഈമാന്‍ സാധുവല്ലെന്ന് മേല്‍ ഖുര്‍ആന്‍ വാക്യംകൊണ്ട് തെളിഞ്ഞെന്നും "അബൂഹുറൈറയുടെ തനിനിറം'' എന്ന ഗ്രന്ഥത്തില്‍ ഞാന്‍ ശക്തിയായി സ്ഥാപിച്ചിരുന്നു. ആ തെളിവുകള്‍ക്കൊന്നിന്നും യാതൊരു മറുപടിയും പറയാതെ, ഖുര്‍ആനില്‍ 10 സ്ഥലത്ത് ഫത്ഹ് എന്നപദം പ്രയോഗിച്ചിട്ടും അവിടെ മുഴുവന്‍ ജയിച്ചടക്കല്‍ എന്നര്‍ത്ഥം സമ്മതിച്ചിട്ടും ഇവിടെ (അബൂഹുറൈറക്ക് ദോഷം പറ്റുമെന്ന് കണ്ടിടത്ത്) മാത്രം ഫത്ഹിന്റെ അര്‍ത്ഥം മാറ്റിപ്പറയണമെന്ന് സി.എന്‍. വാദിച്ചാല്‍ ഏത് മുസ്ളിമാണത് വകവെച്ചുകൊടുക്കുക? ഇവിടെ സി.എന്‍. അതിന്നുന്നയിക്കുന്ന ന്യായമെന്തെന്നല്ലേ? അതാണ് രസാവഹമായിട്ടുള്ളത്. 32:29ല്‍ "ഫത്ഹി''നെപറ്റി പറയുന്നതിനു മുമ്പ് ഒരു "ഫസ്ലി''നെപ്പറ്റി പറഞ്ഞിട്ടുണ്ട്. ആ "ഫസ്ലി''ന്റെ അര്‍ത്ഥം 'വിധികല്‍പിക്കല്‍' എന്നായതിനാല്‍ ഫത്ഹിന്നും അതേ അര്‍ത്ഥം തന്നെ നല്‍കണമത്രെ. ന്യായം ബഹുജോറ്തന്നെ. 'ഫലക്കി'നെപറ്റി പറയുന്നതിന്ന് മുമ്പ് 'ഫലഖി'നെപറ്റി പറഞ്ഞതിനാല്‍ രണ്ടിനും ഒരേ അര്‍ത്ഥം കല്‍പ്പിക്കണമെന്ന് വാദിക്കുമ്പോലെയല്ലേ ഇത്? ഇതിലപ്പുറം വേറെ വിഡ്ഢിത്തം വല്ലതുമുണ്ടോ?. "ഫസ്ല്‍'' എന്നപദം ഖുര്‍ആനില്‍ ആകെ 9 സ്ഥലത്ത് വന്നിട്ടുണ്ട്. അവയില്‍ ഒറ്റ സ്ഥലത്തും "വിധികല്‍പിക്കല്‍'' എന്നര്‍ത്ഥമല്ലാതെയില്ല. അതേസമയം 'ഫത്ഹ്' എന്നപദം ഖുര്‍ആനില്‍ 12 സ്ഥലത്തും പ്രയോഗിച്ചിട്ടും അവയില്‍ ഒറ്റ സ്ഥലത്തും 'വിധികല്‍പിക്കല്‍' എന്ന അര്‍ത്ഥമേ ഇല്ലതാനും. എന്നിരിക്കെ, അബൂഹുറൈറയെ രക്ഷിക്കാന്‍വേണ്ടി മാത്രം 32-ാം അദ്ധ്യായത്തില്‍ "ഫത്ഹി''ന്ന് 'ഫസ്ലി'ന്റെ അര്‍ത്ഥം നല്‍കണമെന്ന് പറഞ്ഞാല്‍ ഏത് മൂഢനാണത് സമ്മതിച്ചുകൊടുക്കുക?

വെല്ലൂര്‍ ബി.എസ്.എ. കോളേജില്‍പോയി "മുത്വവ്വല്‍'' ക്ളാസൊക്കെ പാസായി എന്ന നാട്യത്തില്‍ നടന്നാല്‍ മാത്രം പോരാ. അറബീലോകത്തിലെ ഏറ്റവും മുന്തിയ സാഹിത്യശാസ്ത്ര ഗ്രന്ഥമായ ആ 'മുത്വവ്വ'ലും അതിന്റെ അനുബന്ധ ഗ്രന്ഥങ്ങളുമൊക്കെ മെനക്കെട്ടിരുന്ന് പഠിക്കുകതന്നെവേണം. എങ്കിലേ സാഹിത്യശാസ്ത്ര നിയമങ്ങളെപ്പറ്റി ആഴമേറിയ വിവരങ്ങള്‍ ലഭിക്കുകയുള്ളൂ. ഇവിടെ പരിഗണിക്കേണ്ട ഒരു പ്രധാന സാഹിത്യനിയമം ഇപ്പോഴെങ്കിലും ശ്രദ്ധിച്ചുക്കൊള്ളുക…..,

ആദ്യം പറഞ്ഞ ഒരു കാര്യത്തെപ്പറ്റിത്തന്നെയാണ് രണ്ടാമത് ചൂണ്ടിപ്പറയുന്നതെങ്കില്‍ ആദ്യം പ്രയോഗിച്ച പദമല്ലാതെ അര്‍ത്ഥവ്യത്യാസമില്ലെങ്കില്‍പോലും മറ്റൊരുപദം മാറ്റിപ്പറയാന്‍ പാടുള്ളതല്ല. കൂടുതല്‍ തവണ ആവര്‍ത്തിക്കേണ്ടിവരുമ്പോള്‍ പര്യായം മാറ്റിവെക്കാമെന്നുമാത്രം. പര്യായമായിക്കൊണ്ട് ആദ്യമേ പ്രയോഗിക്കപ്പെടാതിരുന്നാല്‍ അതും പാടില്ലതാനും. ഇതാണ് അറബീ ഭാഷയിലെ സാഹിത്യനിയമം. അപ്പോള്‍ ആദ്യം ഒരു 'ഫസ്ലി'നെപറ്റി പറഞ്ഞശേഷം ആ 'ഫസ്ലിനെ ചൂണ്ടിയിട്ടാണ് രണ്ടാമതും പറയുന്നതെങ്കില്‍ "ഹാദല്‍ഫസ്ലു'' എന്നല്ലാതെ 'ഹാദല്‍ഫത്ഹു' എന്നൊരിക്കലും പറയാന്‍ പാടുള്ളതല്ല. ഖുര്‍ആന്‍ മുമ്പൊരിടത്തെങ്കിലും 'ഫസ്വ്ലി'ന്റെ അര്‍ത്ഥത്തില്‍ 'ഫത്ഹിനെ പ്രയോഗിക്കാതിരിക്കെ വിശേഷിച്ചും.

ഇതുപോലെത്തന്നെയാണ് 'അല്‍-ഹാഖത്തു മല്‍-ഹാഖ: എന്നും 'അല്‍ഖാരിഅത്തു - മല്‍ഖാരിഅ: എന്നും പറയുന്നതിന്ന് പകരം ആശയമൊന്നാണെങ്കിലും 'അല്‍ഹാഖത്തു - മല്‍ഖാരിഅ:' എന്നോ, 'അല്‍ഖാരിഅത്തു - മല്‍ഹാഖ:' എന്നോ ഖുര്‍ആനല്ലെങ്കില്‍പോലും പറയാന്‍ പാടില്ലാത്തതാണ്… കൂടുതല്‍ വ്യക്തമാവാന്‍ വേണ്ടി "മലയാളത്തിലെ ഒരുദാഹരണവുംകൂടി പറയാം. "മുമ്പൊരിക്കല്‍ ഞാന്‍ ഹജ്ജിന് പോയി. ആ പോക്കില്‍ അനവധി ഗ്രന്ഥങ്ങള്‍ ശേഖരിച്ചു.'' എന്നു പറയുന്നതിനു പകരം "മുമ്പൊരിക്കല്‍ ഞാന്‍ ഹജ്ജിനുപോയി. ആ 'ഗമന'ത്തില്‍ അനവധി ഗ്രന്ഥങ്ങള്‍ ശേഖരിച്ചു'' എന്നുപറയുന്നത് സാഹിത്യമല്ല. അര്‍ത്ഥത്തില്‍ തെറ്റൊന്നുമില്ലെങ്കിലും പദം മാറ്റിക്കൊണ്ടുള്ള ആ പ്രയോഗം തെറ്റാണെന്ന് സാരം. ഇത്തരം കാര്യങ്ങളൊന്നും മനസ്സിലാക്കാതെയാണ് നമ്മുടെ 'സാഹിത്യ പണ്ഡിത'നായ സി.എന്‍. മൌലവി 'ഖുര്‍ആന്‍ വ്യാഖ്യാനി'ക്കുന്നതും അബൂഹുറൈറയെ നല്ലപിള്ളയാക്കാന്‍ വേണ്ടി ഈ വഷളായ ദുര്‍വ്യാഖ്യാനം ചെയ്യുന്നതുമൊക്കെ.ചുരുക്കത്തില്‍ 'വിധി കല്‍പിക്കുന്ന നാള്‍' (അന്ത്യനാള്‍) എന്നാണുദ്ദേശമെങ്കില്‍ 32:29ല്‍ 'മതാഹാദല്‍ ഫസ്ലു' എന്ന് തന്നെ നിര്‍ബ്ബന്ധമായും ഖുര്‍ആന്‍ പറയുമായിരുന്നു. അപ്പോള്‍ അങ്ങനെ പറയാതെ 'മതാഹാദല്‍ഫത്ഹു' എന്ന് ഖുര്‍ആന്‍ തിരുത്തിപ്പറഞ്ഞപ്പോള്‍ അന്ത്യനാളല്ല ഉദ്ദേശമെന്നും ജയിച്ചടക്കുന്നനാള്‍ എന്നുതന്നെയാണുദ്ദേശമെന്നും തീര്‍ച്ചയായി. ജയിച്ചടക്കുന്നതിനെപറ്റി മാത്രമേ ഖുര്‍ആനില്‍ മുമ്പ് 'ഫത്ഹി'നെ പ്രയോഗിച്ചിട്ടുള്ളൂവെന്നതുകൊണ്ടുതന്നെ. അപ്പോള്‍ സി.എന്‍. മൌലവി 'ആറ്റിക്കുറുക്കി എടുത്തതെളിവ്' വാസ്തവത്തില്‍ തനിക്കെതിരിലുള്ള ശക്തിയായ തെളിവാണെന്നും അത് വിശദീകരിക്കാനുള്ള അവസരമുണ്ടാക്കിതന്നതില്‍ അദ്ദേഹത്തോടെനിക്ക് നന്ദിയാണുള്ളതെന്നും മാന്യവായനക്കാരെ ഉണര്‍ത്താന്‍ ഞാനാഗ്രഹിക്കുന്നു.

സി.എന്‍. മൌലവിയുടെ ഗ്രന്ഥത്തില്‍നിന്ന് ഇതേവരെ വിവരിച്ച വിവരക്കേടുകളേക്കാള്‍ വഷളായ വിവരക്കേടുകളാണിനിയും പറയാന്‍ പോവുന്നത്…... ഖുര്‍ആനും ഹദീസുമൊക്കെ പരിഭാഷപ്പെടുത്തിയ ഒരു മഹാ പണ്ഡിതനില്‍നിന്നിതൊക്കെ എങ്ങനെ സംഭവിച്ചു എന്നൊന്നും ചിന്തിച്ചിട്ട് കാര്യമില്ല. പശുവിന്നും പശുക്കുട്ടിക്കും അറബിയില്‍ എന്താണു പറയുക എന്നുപോലും ഇക്കാലംവരെ പഠിച്ചിട്ടില്ലാത്ത 'അടിയന്‍ കമ്മള്‍ ഭാഷ'ക്കാരനായ പുരോഹിതനേതാവിന്ന് ഖുര്‍ആനിന്റെ സാഹിത്യനിയമങ്ങളെല്ലാം ശ്രദ്ധിച്ചുകൊണ്ട് ശരിയായ ആശയങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാതെപോയെങ്കില്‍ അതിലൊട്ടും അത്ഭുതപ്പെടാനില്ല. കുറെ കള്ളത്തഫ്സീറുകളും അനവധി വാറോല ഗ്രന്ഥങ്ങളും വായിച്ചു കാലംകളഞ്ഞതുകൊണ്ടോ, അവയിലെല്ലാം ഒരു 'തൊലിപ്പുറ ഗവേഷണം' നടത്തിയതുകൊണ്ടോ തദടിസ്ഥാനത്തില്‍ ചില പരിഭാഷകളെഴുതിയതുകൊണ്ടോ, അതുവഴി അജ്ഞരായ പുരോഹിതന്മാര്‍ക്കിടയിലെ ഒരു 'വിജ്ഞാനി'യായി അറിയപ്പെട്ടതുകൊണ്ടോ ഒന്നുംതന്നെ - ഒരാള്‍ ഒരു മഹാ പണ്ഡിതനാവുകയില്ലെന്നതിന് ഇതുപോലുള്ള ചര്‍ച്ചകളും ആ ചര്‍ച്ചകളിലൂടെ ഉരുത്തിരിഞ്ഞുവരുന്ന വിവരക്കേടുകളും മതിയായ തെളിവുകളാണ്.

അറബീ ഭാഷപോലും ശരിക്ക് പഠിക്കാതെ അല്‍പം 'മുറിയന്‍ ഇംഗ്ളീഷും' കുറച്ച് 'കണ്ടന്‍പാര്‍സി'യും ഉര്‍ദുവും വെച്ചുകൊണ്ട്, ആ ഭാഷകളിലെ ചില പരിഭാഷകളൊക്കെ പരസഹായത്തോടെ പരിശോധിച്ചുകൊണ്ട്, ഖുര്‍ആനും ഹദീസുമെല്ലാം വ്യാഖ്യാനിച്ച് പല വങ്കത്തങ്ങളും എഴുതിവിട്ട ഒരു മനുഷ്യന്‍ , “അറബിയും ഇംഗ്ളീഷും ഉര്‍ദുവും പാര്‍സിയുമെല്ലാം ശരിക്ക് പഠിച്ചവര്‍ക്കേ ഖുര്‍ആന്‍ പരിഭാഷ ചെയ്യാനോ വ്യാഖ്യാനിക്കാനോ പാടുള്ളൂവെന്ന് “ തന്റെ കൃതിയില്‍ സൂചിപ്പിച്ചപ്പോള്‍ ചിരിക്കുകയാണോ കരയുകയാണോ വേണ്ടതെന്ന് നിശ്ചയമില്ലാതായിപ്പോയി…!

അസംബന്ധം പറയുന്നതിനുംവേണം ഒരു പരിധിയൊക്കെ. അറബീഭാഷപോലും ശരിക്ക് പഠിക്കാതെ ഖുര്‍ആന്‍ വ്യാഖ്യാനിച്ച ഒരു വ്യക്തി, അറബിക്ക് പുറമെ മറ്റു പ്രധാന ഭാഷകളുംകൂടി പഠിച്ചിട്ടേ ഖുര്‍ആന്‍ വ്യാഖ്യാനിക്കാവൂ എന്ന് സൂചിപ്പിച്ചപ്പോഴാണ് ചിരിക്കാന്‍ തോന്നിയത്.

പൂര്‍വ്വപുരോഹിതന്‍മാര്‍ ഇജ്തിഹാദിന്ന് (ഖുര്‍ആനില്‍ ഗവേഷണം നടത്തുന്നതിന്ന്) അനാവശ്യമായ കുറേ ശര്‍ത്തുകളും ഫര്‍സുകളും കെട്ടിച്ചമച്ചതിനാലാണ് ഹിജ്ര 200 മുതല്‍ 1300 വരെ ആരും ഖുര്‍ആനില്‍ ഗവേഷണം നടത്താന്‍ മെനക്കെടാതെ പോയതെന്നും സി.എന്‍. മൌലവി ഇപ്പോഴുണ്ടാക്കിയ പുതിയ ശര്‍ത്ത് (ഖുര്‍ആന്‍ ഗവേഷണത്തിന് പല ഭാഷകളും പഠിക്കണമെന്ന ശര്‍ത്ത്) കൂടി പ്രചാരത്തിലായാല്‍ ഖുര്‍ആന്‍ പഠിക്കുക എന്ന പരിപാടി തന്നെ ലോകത്ത്നിന്ന് അപ്രത്യക്ഷമാകുമല്ലോ എന്നും ഓര്‍ത്തപ്പോഴാണ് കരയാന്‍ തോന്നിയത്.

'പല ഭാഷകളിലേയും തഫ്സീറുകള്‍ പരിശോധിച്ചെങ്കിലേ ഖുര്‍ആനിന്റെ ശരിയായ ആശയങ്ങള്‍ 'മനസ്സിലാക്കാനാ'വുകയുള്ളൂവെന്ന ശുദ്ധ അസംബന്ധം വിളമ്പിയ സി.എന്നിന്, കേവലം അറബീഭാഷയല്ലാതെ മറ്റൊരു ഭാഷയും പഠിച്ചിട്ടില്ലാത്ത സഹാബികളിലെ ഏറ്റവും വലിയ ഖുര്‍ആന്‍ പണ്ഡിതന്‍മാര്‍ക്കും എന്നല്ല. നബിക്ക് പോലും ഖുര്‍ആനിന്റെ ശരിയായ ആശയാദര്‍ശങ്ങള്‍ ഗ്രഹിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പറയേണ്ടിവരില്ലേ? ഇതിലപ്പുറം അസംബന്ധം വേറെ വല്ലതുമുണ്ടോ?

മൗലവി ചേകനൂര്‍

( "നമസ്ക്കാരം മൂന്നു മാത്രം " സി,എന്‍ മൌലവിക്കും ജമാത്തെ ഇസ്ലാമിക്കാര്‍ക്കും മറുപടി എന്ന ഗ്രന്ഥത്തില്‍ നിന്ന് )

( ഐ . പി .എച്ച് ( Islamic Publishsing House ), സി .എന്‍ അഹമ്മദ് മൌലവിയുടെ ഗ്രന്ഥം പിന്‍ വലിക്കാനണ്ടായ യദാര്ഥ കാരണം ഇപ്പോള്‍ വയനക്കാര്‍ക്ക് ബോദ്ധ്യമയിക്കണുമല്ലോ... ?അവരടെ കാപട്യം തിരിച്ചറിയുക ! താഴെയുള്ള ലേഖനം കൂടി വായിച്ചു കഴിയുമ്പോള്‍ അത് പൂര്‍ണമാകും ! )

എന്റെ വിമര്‍ശന ശൈലിയെപ്പറ്റി !

മൗലവി ചേകനൂര്‍

മറച്ചുവെക്കപ്പെട്ട സത്യം തുറന്നുപറയാന്‍ മൂന്നുതരം ശൈലിയുണ്ട്.

1. ഭംഗിയായി അവതരിപ്പിക്കല്‍

2. കണിശമായി സമര്‍ത്ഥിക്കല്‍

3. ശക്തിയായി സ്ഥാപിക്കല്‍

ഭംഗിയായി അവതരിപ്പിക്കല്‍

മതപുരോഹിതന്മാരുടെ അജ്ഞതകൊണ്ടോ, അശ്രദ്ധകൊണ്ടോ, മറ്റോ അവര്‍ സമുദായത്തെ തീരെ പഠിപ്പിക്കാത്തതും തന്നിമിത്തം തുറന്നുപറഞ്ഞാല്‍ ആ പുരോഹിതന്മാര്‍ക്ക് അതില്‍ അമര്‍ഷമുണ്ടാകുമെന്ന് കാണപ്പെടുന്നതുമായ സത്യങ്ങള്‍ വളരെ ഭംഗിയായ ശൈലിയില്‍ തീരെ ശക്തികൂടാതെ, ആരെയും ആക്ഷേപിക്കാതെ, വിനയപൂര്‍വ്വം അവതരിപ്പിക്കുക. ഇത്തരം പ്രതിപാദനരീതിക്കാണ് ഭംഗിയായി അവതരിപ്പിക്കല്‍ എന്ന് പൊതുവെ പറയുന്നത്. ഈശൈലി മുതിര്‍ന്ന തലമുറക്കാരെ എന്നപോലെ ഒരു വിഭാഗം ബുദ്ധിജീവികളെയും വളരെയേറെ ആകര്‍ഷിക്കുന്നതും അവര്‍ക്കെല്ലാം വായിക്കാന്‍ താല്‍പര്യം ജനിപ്പിക്കുന്നതും അതേസമയം യുവതലമുറകളിലും സാധാരണക്കാരിലും എന്തെങ്കിലുമൊരു പരിവര്‍ത്തനമുണ്ടാക്കാന്‍ പര്യാപ്തമല്ലാത്തതുമായ ഒരു "തണുപ്പന്‍'' ശൈലിമാത്രമാണ്.

'റിട്ടേഡ് ലൈഫി'ലുള്ളവര്‍ക്കും എത്രവലിയ സത്യമാണെങ്കിലും അതിന്ന്വേണ്ടി വിപ്ളവം നടത്താന്‍ തീരെ തയ്യാറില്ലാത്ത ബുദ്ധിജീവികള്‍ക്കും സ്വന്തം വീട്ടിലിരുന്ന് വായിച്ചാനന്ദിക്കുവാനുള്ള "ഒരാഢംബരശൈലി'' എന്നതില്‍ കവിഞ്ഞ്, സമുദായത്തെ പൊതുവെ ഉദ്ധരിക്കാന്‍ - അവരുടെ മുരടുറച്ച പാരമ്പര്യങ്ങള്‍ക്കിളക്കം തട്ടിക്കാന്‍ - അത്തരംശൈലി ഒരിക്കലും ഉപകരിക്കുകയില്ലെന്നത് തീര്‍ച്ചയാണ്. ആശൈലിയില്‍ രചിക്കപ്പെട്ട, ഉന്നതാദര്‍ശങ്ങളടങ്ങിയ, എത്രയെത്ര ഗ്രന്ഥങ്ങളാണ് സമുദായത്തില്‍ യാതൊരു പരിവര്‍ത്തനത്തിനും ഉപകരിക്കാതെ,

ചില ഉന്നതന്‍മാരുടെ ആത്മസംതൃപ്തിക്കും അവര്‍ക്കിടയില്‍ ഒതുങ്ങിനില്‍ക്കുന്ന കൌതുക ചര്‍ച്ചക്കും മാത്രം ഉപകരിക്കുന്ന ഒരു കാഴ്ചവസ്തുവെന്നോണം ലൈബ്രറികളില്‍ നൂറ്റാണ്ടുകളായി കഴിഞ്ഞുകൂടുന്നത്. അതുകൊണ്ടാണ് വിപ്ളവാദര്‍ശക്കാരാരും തന്റെ ആ ശൈലി പൊതുവെ ഉപയോഗിക്കാതിരിക്കാന്‍ കാരണമായത്.

കണിശമായി സമര്‍ത്ഥിക്കല്‍

മേല്‍പറഞ്ഞ രൂപത്തിലുള്ള സത്യം മൂടിവെക്കാനായി, മതപുരോഹിതന്‍മാര്‍ ഉന്നയിക്കാറുള്ള ന്യായവാദങ്ങളിലെ തെറ്റുകള്‍ വിമര്‍ശനമെന്യേ ചൂണ്ടിക്കാണിക്കുന്നതോടൊപ്പം ആ സത്യം സത്യമാണെന്ന് തെളിയിക്കാനുതകുന്ന പ്രബലമായ തെളിവുകള്‍ കണിശതയോടെ വിവരിക്കുന്നതിന്നാണ് "കണിശമായി സമര്‍ത്ഥിക്കല്‍'' എന്നുപറയുന്നത്. സാമൂഹ്യപരിവര്‍ത്തനമുണ്ടാക്കുന്ന കാര്യത്തില്‍ ഇപ്പറഞ്ഞ ശൈലിയും വേണ്ടത്രപര്യാപ്തമല്ലെന്നതാണ് യാഥാര്‍ത്ഥ്യം. താഴെ വിവരിക്കുന്ന ഖുര്‍ആനിക ശൈലിയിലൂടെ 10വര്‍ഷം കൊണ്ടുണ്ടാക്കാവുന്ന പരിവര്‍ത്തനം മേല്‍പറഞ്ഞ ശൈലിയിലൂടെ 100 വര്‍ഷക്കാലം പ്രവര്‍ത്തിച്ചിരുന്നാലും ഉണ്ടാക്കാന്‍ കഴിയില്ലെന്നതൊരു പരമാര്‍ത്ഥം മാത്രമാണ്. ലോകത്തിന്നേവരെ അറിയപ്പെട്ട ധാരാളം പ്രസ്ഥാനങ്ങള്‍ ഇപ്പറഞ്ഞതിന്നു മികച്ച ദൃഷ്ടാന്തങ്ങളുമാണ്. കേവലമൊരു ചിന്താപ്രസ്ഥാനമായി അത് നീറിപുകഞ്ഞുകൊണ്ടിരിക്കുമെന്നല്ലാതെ, സമുദായത്തില്‍ കാര്യമായ ചലനങ്ങളൊന്നും അതുകൊണ്ടുണ്ടാവുകയില്ല. ചിലപ്പോഴത് പാടെ അസ്തമിച്ച് പോയെന്നുംവരും, ബഹുജനമുന്നേറ്റമില്ലാതെ കേവലം ബുദ്ധിജീവികളില്‍ ഒതുങ്ങിനില്‍ക്കുന്ന ഒറ്റ ചിന്താപ്രസ്ഥാനത്തിന്നും ഒരു സാമൂഹ്യവിപ്ളവമുണ്ടാക്കാന്‍ ഇന്നേവരെ കഴിഞ്ഞിട്ടില്ലെന്നത് വ്യക്തമായൊരു ചരിത്രസത്യം മാത്രമാണ്.

ശക്തിയായി സ്ഥാപിക്കല്‍

അതാണ് ഖുര്‍ആനിന്റെ ശൈലി…!

മതപുരോഹിതന്മാര്‍ പൂഴ്ത്തിവെച്ച സത്യമായ ആദര്‍ശങ്ങള്‍ കണിശമായി തെളിവുകളുടെ അടിസ്ഥാനത്തില്‍ സമര്‍ത്ഥിക്കുന്നതോടൊപ്പം ഇക്കാലം വരെ ആ സത്യങ്ങള്‍ മറച്ച് വെക്കാന്‍വേണ്ടി അവര്‍ മെനഞ്ഞുണ്ടാക്കിയ കള്ളപ്രമാണങ്ങളെ അര്‍ഹമായ വിധത്തില്‍ വിമര്‍ശിച്ചുകൊണ്ടും അവര്‍ക്കൊരു ഒഴിവ് കഴിവും പറയാന്‍ പഴുതില്ലാത്തവിധം അവരെ മുട്ടുകുത്തിച്ചുകൊണ്ടും കാര്യം ശക്തിയുക്തം സ്ഥിരപ്പെടുത്തി പറയുന്നതാണ് "ശക്തിയായി സ്ഥാപിക്കല്‍'' എന്ന് പറയുന്നത്. 'സംഹാരാത്മക നിര്‍മ്മാണശൈലി' എന്നും അതിനു പേരുപറയാറുണ്ട്. സാമൂഹിക വിപ്ളവവും പരിവര്‍ത്തനവും കൈവരുത്താന്‍ ഇപ്പറഞ്ഞ ശൈലി മാത്രമേ ഉപകരിക്കൂ എന്നാണ് "കലിമാത്തുത്തൌഹീദ്'' നല്‍കുന്ന മാര്‍ഗ്ഗദര്‍ശനം

ശക്തിയേറിയ സംഹാരത്തോടുകൂടിയ നിര്‍മ്മാണമാണല്ലോ കലിമത്തുത്തൌഹീദിന്റെ ഉള്ളടക്കം. സാമൂഹ്യവിപ്ളവം ലക്ഷ്യംവെച്ചുകൊണ്ടവതരിച്ച ഖുര്‍ആന്‍ സൂക്തങ്ങളില്‍ പൊതുവെ മേല്‍പറഞ്ഞ ശൈലി സ്വീകരിക്കാന്‍ കാരണവുമതാണ്. സംഹാരമില്ലാത്ത നിര്‍മ്മാണവും നിര്‍മ്മാണമില്ലാത്ത സംഹാരവും സമുദായോദ്ധാരണരംഗത്ത് ഫലപ്രദമല്ലെന്നാണ് കലിമത്തുത്തൌഹീദും ഖുര്‍ആനും നമ്മെ പഠിപ്പിക്കുന്നത് എന്ന് ചുരുക്കം. ഈയുള്ളവന്റെ ഗ്രന്ഥങ്ങളില്‍ പൊതുവെ ആ ശൈലി സ്വീകരിക്കാനുണ്ടായ കാരണവും മേല്‍പറഞ്ഞതൊക്കെത്തന്നെയാണ്. എന്റെ ഭാഷാശൈലിയെപ്പറ്റി ചില മാന്യസുഹൃത്തുക്കളും സമുദായനേതാക്കളും പലപ്പോഴും പരാതിപ്പെടുന്നതിനാലും

ഞാനാ ശൈലി സ്വീകരിച്ചതിന്റെ ന്യായവശം ആ മാന്യവ്യക്തികളെ വിനയപൂര്‍വ്വം ഉണര്‍ത്തേണ്ടിവന്നതിനാലുമാണ് ഇത്രയും വിവരിക്കാന്‍ ഞാന്‍ നിര്‍ബ്ബന്ധിതനായത്. ആയതുകൊണ്ട് എന്റെ ഗ്രന്ഥങ്ങളില്‍ ആവശ്യമുള്ളിടത്തെല്ലാം (1350 വര്‍ഷത്തെ പാരമ്പര്യത്തെ എതിര്‍ക്കുമ്പോള്‍ തീര്‍ച്ചായായും അതാവശ്യമായിവരും). ആ ശൈലി പ്രയോഗിക്കുന്നതില്‍ മാന്യസുഹൃത്തുക്കളാരും വെറുപ്പു വിചാരിക്കരുതെന്നപേക്ഷയുണ്ട്.

നമ്മുടെ യുവതലമുറയുടെയും സാധാരണക്കാരുടേയും ഹൃദയങ്ങളില്‍ ഖുര്‍ആനിക സത്യങ്ങള്‍ തറച്ചുകയറിയെങ്കിലല്ലാതെ, ഖുര്‍ആനിന്നെതിരില്‍ 1350 വര്‍ഷങ്ങളായി നിലിനിന്നുപോന്ന അബൂഹുറൈറയുടെ ജൂതമതം തകര്‍ക്കാന്‍ ലോകത്തൊരു ശക്തിക്കും സാധ്യമല്ല.! ഇക്കാലമത്രയും ആ ജൂതമതം നിലനില്‍ക്കാന്‍ കാരണവുമതാണ്. യുവതലമുറയുടെയും മറ്റും ഹൃദയങ്ങളിലേക്ക് ഖുര്‍ആനിക സത്യങ്ങള്‍ തറച്ചുകയറണമെങ്കില്‍ പുരോഹിതവര്‍ഗ്ഗത്തിന്റെ കാപട്യങ്ങളും കള്ളപ്രമാണങ്ങളും ശക്തിയായ ഭാഷയില്‍ തൊലിയുരിച്ച് കാണിക്കുകതന്നെവേണം.! എങ്കിലേ പുരോഹിതന്‍മാരുടെ വായ മൂടിക്കെട്ടാനും അല്ലെങ്കില്‍ അവരെക്കൊണ്ട് രണ്ടിലൊന്ന് തുറന്നുപറയിക്കാനും അതുവഴി സമുദായത്തിന് സത്യം ബോധ്യപ്പെടാനും അവസരമുണ്ടാകുകയുള്ളൂ. എത്രയോ വലിയ ഖുര്‍ആനിക സത്യങ്ങള്‍ 25 വര്‍ഷം മുമ്പ് മുതല്‍ ഈയുള്ളവന്‍ വെളിയില്‍ കൊണ്ടുവന്നിട്ടും ഭംഗിയായ ഭാഷയില്‍ വിനയത്തോടും കൂടിയ ശൈലിയില്‍ അറബിയിലും മലയാളത്തിലും എഴുതിതയ്യാറാക്കിക്കൊണ്ട് ഇവിടത്തെ സി.എന്‍. മൌലവിയടക്കമുള്ള പുരോഹിതനേതാക്കളുടെ കയ്യില്‍ ഈയുള്ളവന്‍ നേരിട്ടതൊക്കെ കൊണ്ടുപോയി കൊടുത്തിട്ടും ഇന്നേവരെ അതിനെപ്പറ്റി ഒരക്ഷരം ഉരിയാടാതെ "അവഗണന'' എന്ന "കപടമറ''ക്ക് പിന്നല്‍ ഒളിച്ചിരിക്കുകയാണ് ആ പുരോഹിത നേതാക്കളെല്ലാം ചെയ്തത്. അത്തരക്കാരെ - സി.എന്‍. മൌലവിയേയും ജമാഅത്ത് ഇസ്ളാമിക്കരേയും - വെറും 6 മാസം കൊണ്ട് പരസ്യമായി രംഗത്തിറക്കാന്‍ കഴിഞ്ഞത് മേല്‍ വിവരിച്ച മൂര്‍ച്ചയുള്ള ശൈലി സ്വീകരിച്ചതുകൊണ്ട് മാത്രമാണെന്ന സത്യം ഇവിടെ ഓര്‍മ്മപ്പെടുത്തിക്കൊള്ളട്ടെ.

ആ ശൈലി സ്വീകരിച്ചിട്ടില്ലായിരുന്നുവെങ്കില്‍ യാതൊരനക്കവുമില്ലാതെ, മരണം വരെ ഒരക്ഷരം ഉരിയാടാതെ, എന്നെപ്പോലുള്ളവരെ മുഴുവന്‍ കേവലം പരിഹാസപാത്രമാക്കിക്കൊണ്ട് അവര്‍ എക്കാലവും അവഗണിക്കുമായിരുന്നു. സത്യാന്വേഷികളായ പലരോടും ഇതിനിടയിലെല്ലാം അവര്‍ മറുപടി പറഞ്ഞിരുന്നതും അങ്ങനെത്തന്നെയാണ്. കഴിഞ്ഞുപോയ കാലങ്ങളില്‍ അവര്‍ ചെയ്തുപോന്നതും മറ്റൊന്നായിരുന്നില്ല. തങ്ങളുടെ മതമായ അബൂഹുറൈറയുടെ 'ശരീഅത്തിനെ' "വിമര്‍ശകന്‍ കുത്തിക്കലക്കി'' "കുത്തിക്കലക്കി'' എന്നും മറ്റും സി.എന്‍. തന്റെ കൃതിയില്‍ ആവര്‍ത്തിച്ചെഴുതിയതും അതുകൊണ്ടുമാത്രമാണ്.സി.എന്‍. മൌലവി മറുപടി എഴുതാന്‍ നിര്‍ബന്ധിതനായതെന്ന് തന്റെ കൃതിയില്‍ വ്യക്തമാക്കിയതുമൊക്കെ, ഇത്തരുണത്തില്‍ പ്രത്യേകം ഓര്‍ക്കേണ്ടതാണ്.

സമര രംഗത്ത് ഇങ്ങോട്ടുള്ള ആക്രമണശൈലിയില്‍ തന്നെ അങ്ങോട്ടും തിരിച്ചടിക്കണമെന്ന് അവസാനഘട്ടങ്ങളില്‍ ഖുര്‍ആന്‍ പ്രത്യേകം നിര്‍ദ്ദേശിച്ചത് നമുക്കൊരുത്തമ പാഠമാവേണ്ടിയിരിക്കുന്നു.

മൗലവി ചേകനൂര്‍

( "നമസ്ക്കാരം മൂന്നു മാത്രം " സി,എന്‍ മൌലവിക്കും ജമാത്തെ ഇസ്ലാമിക്കാര്‍ക്കും മറുപടി എന്ന ഗ്രന്ഥത്തില്‍ നിന്ന് )

വായിക്കുക..!

ചേകനൂര്‍ മൌലവിയുടെ

"ഖുര്‍ ആനില്‍ നമസ്ക്കാരം മൂന്ന് മാത്രം"
സി.എന്‍ മൌലവിക്കും ജമാത്ത്‌ ഇസ്ലാമിക്കര്‍ക്കും മറുപടി!,