"..........We did not leave ANYTHING out of this qur’an…! " 6:38
ബന്ധപ്പെടുക 0091 9048718329 | e-mail : feedback@chekanoormoulavi.com
- Site Counter: 28,588
അവര്‍ എന്തു പറയുന്നു
ചേകനൂര്‍ മൌലവിയുടെ തിരോധാനം
എഡിറ്റോറിയല്‍ (മാധ്യമം ) 18.08.1993
ചേകനൂര്‍ മൌലവി എന്നറിയപ്പെടുന്ന മൌലവി പി.കെ.എം.അബുല്‍ ഹസന്റെ തിരോധാനം ഇതിനകം ഗുരുതരമായ ഒരു സാമൂഹികപ്രശ്നമായി വളര്‍ന്നുകഴിഞ്ഞിരിക്കുന്നു. ഇതു സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ നല്‍കുന്ന മൊഴികള്‍ വിശ്വസിക്കാമെങ്കില്‍ അനുയായികളെന്ന വ്യാജേന മൌലവിയെ സമീപിച്ച് സൂത്രത്തില്‍ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോവുകയാണുണ്ടായത്. സാമ്പത്തിക കാരണങ്ങളോ വ്യക്തിവിരോധമോ ആണ് സംഭവത്തിനു പിന്നിലെന്ന് തുടക്കത്തില്‍ അനുമാനിക്കപ്പെട്ടിരുന്നുവെങ്കിലും അവയ്ക്കൊന്നുംതന്നെ ഇതുവരെ തെളിവുകള്‍ ലഭിച്ചിട്ടില്ല. പബ്ളിസിറ്റിക്കു വേണ്ടി മൌലവി സ്വയം ഒളിവില്‍ പോയതാവാമെന്ന സംശയത്തിനും ഇപ്പോള്‍ പ്രസക്തിയില്ല. ഈ അവസ്ഥയില്‍ മൌലവിയുടെ തിരോധാനം ദുരൂഹമായ ഒരു സമസ്യയായിത്തന്നെ അവശേഷിക്കുന്നു.
ഈ പശ്ചാത്തലത്തിലാണ് മൌലവിയെ തട്ടിക്കൊണ്ടുപോയതിനു പിന്നില്‍ മതമൌലികവാദികളാണെന്ന പ്രചാരണത്തിന് ഊക്കു കൂടുന്നത്. ഇസ്ലാമിക ജീവിത വ്യവസ്ഥയെ സംബന്ധിച്ചേടത്തോളം ഇതര സംഘടനകളില്‍നിന്ന് വ്യത്യസ്തമായ ചില അഭിപ്രായങ്ങള്‍ വച്ചുപുലര്‍ത്തുകയും സ്വന്തം പരിമിതികള്‍ക്കകത്തു നിന്നുകൊണ്ട് അവ പ്രചരിപ്പിക്കുകയും ചെയ്യുന്ന ആളാണ് ചേകനൂര്‍ മൌലവി. പ്രസ്തുത ആശയങ്ങളോട് എതിര്‍പ്പുള്ളവര്‍ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയെന്നും അപായപ്പെടുത്തി എന്നുമാണ് പ്രചാരണങ്ങളുടെ പൊരുള്‍. കേരളത്തിലെ ഏതാനും സംസ്കാരിക നായകന്മാര്‍ പുറപ്പെടുവിച്ച പ്രസ്താവനയിലും ഇങ്ങനെയൊരു സൂചനയുണ്ട്. അതായത് മൌലവിയുടെ പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ പൊറുപ്പിക്കാന്‍ കഴിയാത്ത ഇതര മുസ്ലിംകള്‍ ഈ ഗൂഢനീക്കത്തിന് തുനിഞ്ഞിറങ്ങി എന്ന്. കാള പെറ്റു എന്നു കേട്ടപ്പോള്‍തന്നെ കയറെടുക്കുന്ന മനോഭാവത്തോടെ ബി.ജെ.പി ഇത് മുസ്ലിം മതമൌലികവാദത്തിന്റെ ഭീകരപ്രവര്‍ത്തനമാണെന്നു പറഞ്ഞ് പ്രതിഷേധവും ബന്ദും മറ്റുമായി ചാടിവീഴുകയും ചെയ്തിരിക്കുന്നു. ഹൈന്ദവ ഫാസിസ്റുകളെ ചെറുതായൊന്നു പരിഹസിച്ചുപോയാല്‍ ഏതു സാംസ്കാരിക പ്രവര്‍ത്തകന്റെ നേരെയും കയ്യോങ്ങുന്നവരാണ് ഇവര്‍ എന്നതിലെ വൈരുധ്യമിരിക്കട്ടെ. ഇവര്‍ക്ക് മൌലവിയുടെ തിരോധാനത്തെ മതസംഘടനകളുമായി ഒരു നിലയ്ക്കും ബന്ധിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നതാണ് പരമാര്‍ഥം. എന്നിട്ടും വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നത് മൌലവിയുടെ ആശയത്തോട് എതിര്‍പ്പുള്ള മുസ്ലിം മതവാദികള്‍ അദ്ദേഹത്തെ അപായപ്പെടുത്തി എന്നാണ്. ഇസ്ലാമിന്റെ സഹിഷ്ണുതയില്ലായ്മയായിപ്പോലും ചിലര്‍ ഇതിനെ വ്യാഖ്യാനിച്ചുകളഞ്ഞിട്ടുണ്ട്.
മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഈ വ്യാഖ്യാനങ്ങളെല്ലാം പരമാബദ്ധങ്ങളാണ്. ചേകനൂര്‍ മൌലവി തന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയിട്ട് കുറേയേറെ വര്‍ഷങ്ങളായി. നാമമാത്രമായ അനുയായികള്‍ മാത്രമേ അദ്ദേഹത്തിനുള്ളൂ. സംഘടിതവും വ്യവസ്ഥാപിതവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ അദ്ദേഹത്തിന് താല്‍പ്പര്യമുണ്ടെന്ന് തോന്നുന്നില്ല. ഈ സ്ഥിതിക്ക് മതതീവ്രവാദികള്‍ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോവാന്‍ സാധ്യത കാണുന്നില്ല. മാത്രവുമല്ല, ചേകനൂരിന്റേതിനേക്കാള്‍ കടുത്ത വീക്ഷണങ്ങള്‍ പുലര്‍ത്തുന്ന പ്രസ്ഥാന നായകര്‍ ഇസ്ലാമിന്റെ ചരിത്രത്തില്‍ ധാരാളം ഉണ്ടായിട്ടുണ്ട്. ഇന്നുമുണ്ട്. കേരളീയ മുസ്ലിം സമൂഹത്തില്‍ ചേകനൂര്‍ ഇപ്പോള്‍ കാര്യമായ കോളിളക്കങ്ങളൊന്നും ഉണ്ടാക്കാത്ത സ്ഥിതിക്ക് അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയിട്ട് ഏതു തീവ്രവാദി പ്രസ്ഥാനത്തിനാണ് ഗുണം?
പക്ഷേ, ഇങ്ങനെയൊരു സംഭവം പടച്ചുണ്ടാക്കി അതില്‍നിന്ന് മുതലെടുക്കാന്‍ ചില കേന്ദ്രങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടാവുക സ്വാഭാവികമാണ്. മലപ്പുറം ജില്ലയിലെ സിനിമാ തിയേറ്റര്‍ കത്തലിനു പുറകില്‍ ഇത്തരം ചില താല്‍പ്പര്യങ്ങളുണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. മലപ്പുറത്ത് മുസ്ലിം തീവ്രവാദികള്‍ തങ്ങള്‍ക്കെതിരു നില്‍ക്കുന്നവരെ തട്ടിക്കൊണ്ടുപോകുന്നു എന്ന് വരുത്തിത്തീര്‍ത്ത് മാധ്യമങ്ങളിലൂടെ ഈ പ്രദേശത്തെ മറ്റൊരു കാശ്മീരാക്കി ചിത്രീകരിച്ചാല്‍ അതൊരുപക്ഷേ, ഹൈന്ദവ തീവ്രവര്‍ഗീയതയ്ക്ക് ഗുണം ചെയ്തേക്കും. മതമൌലികവാദികളുടെ നേരെ സംശയത്തിന്റെ വിരല്‍ ചൂണ്ടുന്ന നേരത്ത് ഈ സാധ്യതയും കണക്കിലെടുക്കാവുന്നതാണ്.
കാരണമെന്തായാലും ഒരു വ്യക്തി -വിശേഷിച്ചും മതപണ്ഡിതനായ ഒരാള്‍-തിരോഭവിച്ചിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു വിവരവും കിട്ടാതിരിക്കുക എന്നത് തീര്‍ച്ചയായും ഗൌരവത്തോടെ പരിഗണിക്കേണ്ടിയിരിക്കുന്നു. മൌലവിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണെങ്കില്‍ അതിന് ഉത്തരവാദികള്‍ ആരായാലും അവരെ കണ്ടുപിടിക്കുകയും മാതൃകാപരമായി ശിക്ഷിക്കുകയും വേണം. ആശയത്തെ നേരിടേണ്ടത് ആശയംകൊണ്ടാണ്. വ്യക്തികള്‍ തമ്മിലുള്ള പ്രശ്നങ്ങളും നിയമപരമായി മാത്രമാണ് കൈകാര്യം ചെയ്യേണ്ടത്. തട്ടിക്കൊണ്ടുപോകലും കൊല്ലും കൊലയുമൊന്നും അതിന് പ്രതിവിധിയല്ല. കേരളത്തില്‍ ഇങ്ങനെയൊരു സാമൂഹിക പശ്ചാത്തലം നിലനില്‍ക്കുന്നു എന്നതുതന്നെ നമ്മെ സംബന്ധിച്ചിടത്തോളം നടുക്കമുളവാക്കുന്നു.
ചേകനൂര്‍ മൌലവിയുടെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ ശരിയായ രീതിയിലാണോ മുന്നോട്ടുനീങ്ങുന്നത് എന്നും സംശയിക്കേണ്ടതുണ്ട്. സര്‍ക്കാറിന്റെ ഭാഗത്ത് ഒന്നുകില്‍ അലംഭാവമുണ്ട്. അല്ലെങ്കില്‍ ആരെയൊക്കെയോ സഹായിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു എന്ന് ചിലര്‍ അഭിപ്രായപ്പെടുന്നത് ഈ സാഹചര്യത്തിലാണ്. അതിനാല്‍ നിഷ്പക്ഷമായ അന്വേഷണം ഉറപ്പുവരുത്താന്‍ സഹായകമായ രീതിയില്‍ കേസ് ഏതെങ്കിലും ബാഹ്യ ഏജന്‍സിക്ക് വിടണം. സി.ബി.ഐ അന്വേഷണമുണ്ടാവുകയാണെങ്കില്‍ കുറേക്കൂടി വേഗം തെളിവുകള്‍ ലഭിച്ചേക്കാം. എങ്ങനെയായാലും മൌലവിയുടെ തിരോധാനവുമായി ബന്ധപ്പെട്ട യഥാര്‍ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരികയും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കുകയും ചെയ്യാന്‍ ഉചിത നടപടികളുണ്ടായേ തീരൂ.
------------------------------------------------------
മൌലവിയുടെ തിരോധാനം: അലംഭാവം വെടിയണം
എഡിറ്റോറിയല്‍ (ദേശാഭിമാനി ) 25-08-1993
ചേകനൂര്‍ മൌലവി എന്നറിയപ്പെടുന്ന കേരളത്തിലെ പ്രശസ്ത ഇസ്ലാം മതപണ്ഡിതനെ തട്ടിക്കൊണ്ടുപോയിട്ട് ഒരു മാസമാവുകയാണ്. കഴിഞ്ഞ ജൂലായ് 29നാണ് അദ്ദേഹത്തെ വീട്ടില്‍നിന്ന് രണ്ടുപേര്‍ വിളിച്ചിറക്കിക്കൊണ്ടുപോയത്. നമ്പര്‍ കാണിക്കാത്ത ഒരു ജീപ്പില്‍ വന്നാണദ്ദേഹത്തെ കൊണ്ടുപോയതെന്നറിയുമ്പോള്‍ സമര്‍ഥമായൊരുക്കിയ ഒരു ഗൂഢാലോചനയാണതിനു പിന്നിലെന്നു സംശയിക്കുന്നതില്‍ തെറ്റില്ല.
ബൌദ്ധികമായ സത്യസന്ധതയും അടിയുറച്ച ആദര്‍ശധീരതയുമാണ് ചേകനൂര്‍ മൌലവിയെ അപകടത്തില്‍ പെടുത്തിയത്. ആര്‍ജിച്ച വിദ്യാഭ്യാസത്തിന്റെയും അറിവിന്റെയും വെളിച്ചത്തില്‍ തനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ അദ്ദേഹം വിട്ടുവീഴ്ചയില്ലാതെ പറയുകയും എഴുതുകയും ചെയ്തുപോന്നു. ഒരു മതപണ്ഡിതനെന്ന നിലയില്‍ അദ്ദേഹം എഴുതിയതും പറഞ്ഞതുമൊക്കെ മതപരമായ കാര്യങ്ങളായിരുന്നു. ചരിത്രത്തിന്റെ ഗതിക്രമത്തിലൂടെ നടന്നുനീങ്ങിയ ചാലുകളിലൂടെ തന്നെ നടന്നുപോകാന്‍ ആ ധിഷണാശാലിക്കു കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ മതവിശ്വാസികളില്‍ പെട്ട യാഥാസ്ഥിതികന്മാരുടെയും മത തീവ്രവാദികളുടെയും ശക്തിയായ എതിര്‍പ്പിനദ്ദേഹം വിധേയനായിക്കൊണ്ടിരിക്കുകയും ചെയ്തു. വെല്ലുവിളികള്‍, ഭീഷണിക്കത്തുകള്‍ എന്നിവയില്‍ ഒതുങ്ങിനില്‍ക്കാത്ത ആ കറുത്ത ശക്തികളുടെ എതിര്‍പ്പ് ശാരീരികമായ ആക്രമണങ്ങളിലും ചെന്നെത്തിയിരുന്നു. എന്നാല്‍ ചേകനൂര്‍ മൌലവി ഇതുകൊണ്ടൊന്നും കുലുങ്ങിയില്ല. തനിക്ക് ശരിയല്ലെന്നു തോന്നുന്ന കാര്യങ്ങള്‍ ശരിയല്ലെന്നു പറയുവാനും അദ്ദേഹം അശേഷം ശങ്കിച്ചില്ല. ഭയപ്പെട്ടുമില്ല. ഇതുകാരണം അദ്ദേഹത്തെ ഇസ്ലാമിലെതന്നെ വര്‍ഗീയവാദികള്‍ തട്ടിക്കൊണ്ടുപോയെന്നാണ് പൊതുവെയുള്ള ധാരണ.
മൌലവി അപ്രത്യക്ഷനായപ്പോള്‍ ചില പ്രചാരണങ്ങള്‍ അതോടൊപ്പം തന്നെ അരങ്ങേറിയിരുന്നു. പ്രശസ്തി നേടാന്‍ സ്വയം ഒളിഞ്ഞിരിക്കുകയാണദ്ദേഹമെന്നായിരുന്നു അതിലൊന്ന്. താങ്ങാനാവാത്ത കടഭാരത്തില്‍നിന്ന് രക്ഷനേടാന്‍ ഒളിച്ചുനടക്കുകയാണെന്നതായിരുന്നു മറ്റേത്. ഈ പ്രചാരണങ്ങളില്‍ ഒരുവേള ചിലരൊക്കെ അകപ്പെട്ടുപോയിട്ടുണ്ടെന്നു വേണം കരുതാന്‍. എന്നാല്‍ ഇന്നിപ്പോള്‍ അത്തരം പ്രചാരണങ്ങളൊക്കെ നിരര്‍ഥകമാണെന്ന് അധികൃതര്‍ക്കുപോലും തോന്നിത്തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മൌലവിയുടെ പ്രഭാഷണങ്ങളിലും ഗ്രന്ഥങ്ങളിലും പറയുന്ന കാര്യങ്ങളില്‍ എതിര്‍പ്പുള്ള ഇസ്ലാം മതവിശ്വാസികളിലെ മതാന്ധരാണിതിനു പിന്നിലെന്നു പരക്കെ വിശ്വസിക്കപ്പെടുകയാണ്.
തങ്ങള്‍ വിശ്വസിക്കുന്നതു മാത്രമാണ് മതതത്ത്വസംഹിതകളെന്നു വിശ്വസിച്ചുപോരുന്നവര്‍ എല്ലാ മതാനുയായികളിലുമുണ്ട്. തങ്ങളുടെ വിശ്വാസത്തിനു നിരക്കാത്ത ധാരണയോടെ കഴിയുന്നവരെ പൊറുപ്പിക്കാത്ത മതാന്ധര്‍ എല്ലാ മതവിഭാഗത്തിലുമുണ്ട്. ഇസ്ലാംമതത്തിലെ ഇത്തരക്കാര്‍ ചേകനൂര്‍ മൌലവിയെപ്പോലുള്ളവരെ തട്ടിക്കൊണ്ടുപോകുമ്പോള്‍ ഹൈന്ദവവിഭാഗത്തില്‍ പെട്ട ഇത്തരക്കാര്‍ ബാബറിമസ്ജിദ് ഇടിച്ചുതകര്‍ക്കുന്നുവെന്ന വ്യത്യാസമേയുള്ളൂ. ഇന്ത്യയിലും തെക്കുകിഴക്കനേഷ്യയുടെ മറ്റു പല ഭാഗങ്ങളിലുമായി പല രാമായണങ്ങളും രാമകഥകളും നിലനില്‍ക്കുന്നുണ്ട്. അവയിലൊന്നാണ് പാലി ഭാഷയില്‍ രചിക്കപ്പെട്ട ബൌദ്ധരുടെ ദശരഥജാതകം. ആ രാമകഥ ചിത്രീകരിച്ചത് ആര്‍.എസ്.എസിനും അവരുടെ സംഘപരിവാറിനും രുചിച്ചില്ല. രുചിച്ചില്ലെന്നു മാത്രമല്ല അവര്‍ ആ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച അയോധ്യയിലെ 'ഹം സബ് അയോധ്യ' പരിപാടിയില്‍ കയറിച്ചെന്ന് അവ ചീന്തിയെറിഞ്ഞു കുഴപ്പങ്ങളുണ്ടാക്കി. അസഹിഷ്ണുതയും അന്യമത വിരോധവും ഒരു മതവും പഠിപ്പിക്കുന്നില്ല. എന്നിട്ടുമിവിടെ ബാബറിമസ്ജിദ് തകര്‍ക്കപ്പെടുന്നു. എന്നിട്ടുമിവിടെ സഹ്മതിന്റെ പ്രദര്‍ശനത്തിലെ സീതാചിത്രം കീറിയെറിയപ്പെടുന്നു. എന്നിട്ടുമിവിടെ ചേകനൂര്‍ മൌലവി തട്ടിക്കൊണ്ടുപോകപ്പെടുന്നു!
സീതാചിത്രം ചീന്തിയെറിഞ്ഞു കലിതുള്ളിയവര്‍ മൌലവി പ്രശ്നത്തില്‍നിന്നു മുതലെടുക്കാന്‍ ശ്രമിക്കുകയാണ്. അവര്‍ കലങ്ങിയ വെള്ളത്തില്‍ മീനുണ്ടോ എന്നാണ് നോക്കുന്നത്. കേരളത്തെ കാശ്മീരാക്കി മാറ്റാന്‍ ശ്രമിക്കുകയാണെന്നു പറഞ്ഞ് വികാരമിളക്കിവിടാന്‍ സംഘപരിവാര്‍ ഈ സന്ദര്‍ഭം അപലപനീയമാംവിധം ഉപയോഗപ്പെടുത്തുകയാണ്.
അതിപുരാതന കാലത്തുതന്നെ പാലിയില്‍ രചയിതമായ ദശരഥജാതകത്തിലെ സീതയുടെ ചിത്രം കാണുമ്പോള്‍ ഇവിടെ മതവികാരം വ്രണപ്പെടുന്നു. ഇവിടെ മതവികാരം തീവ്രരൂപം കൊള്ളുന്നു. ചെകുത്താന്റെ വചനങ്ങള്‍ എന്ന കൃതി ലോകത്താകമാനമുള്ള ആയത്തൊള്ള ഖൊമേനിമാരുടെയും അനുയായികളുടെയും മതവികാരം വ്രണപ്പെടുത്തുന്നു; അവരുടെയൊക്കെ മതവികാരം തീവ്രത കൈവരിക്കുന്നു. ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം ക്രിസ്തീയവികാരം വ്രണപ്പെടുത്തുന്നു. അവരുടെ വികാരവും തീവ്രതയാര്‍ന്ന് രംഗത്തുവരുന്നു. ഇവയൊക്കെ കേവല കലാസാഹിത്യസൃഷ്ടികള്‍ മാത്രമാണ്. എന്നാല്‍ ഇവിടെ പച്ചജീവനോടെ ഇരിക്കുന്ന ഒരു മതപണ്ഡിതന്‍ തട്ടിക്കൊണ്ടുപോകപ്പെട്ടിരിക്കുന്നു. ആ മതപണ്ഡിതന്റെ ജീവന്‍ അപകടത്തിലാണെന്നു പറയപ്പെടുന്നു. എന്നാല്‍ ഇതിനുമുമ്പില്‍ മതവികാരം ആറിത്തണുത്തുറച്ചുനില്‍ക്കുന്നു. അപ്പോള്‍ ഇവരുടെയൊക്കെ മതവികാരമെന്തെന്ന് അവര്‍തന്നെ വിളിച്ചറിയിക്കുകയാണ്. നിക്ഷിപ്തതാല്‍പര്യ സംരക്ഷണമാണിവര്‍ക്കൊക്കെ മതവികാരം. ഇവരാരും യഥാര്‍ഥ മതവിശ്വാസികളല്ല. ഇവരാരും മനുഷ്യസ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഉല്‍കൃഷ്ടമായ സഹനശീലത്തിന്റെയും ധാര്‍മിക സംസ്കാരമുള്ളവരല്ല. ഇത്തരക്കാരൊക്കെ കപട മതവിശ്വാസികള്‍ മാത്രമാണ്.
എന്നാല്‍ അതവരുടെ കാര്യം. ചേകനൂര്‍ മൌലവിയുടെ തിരോധാനത്തിനു പിന്നിലുള്ള യാഥാര്‍ഥ്യം പുറത്തുകൊണ്ടുവരുവാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്. അദ്ദേഹത്തെ വീട്ടില്‍നിന്ന് വിളിച്ചിറക്കി കൊണ്ടുപോയവരാരെന്ന് കണ്ടുപിടിച്ചു ശിക്ഷിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാറിനുണ്ട്; അത് ഇന്ന് നിസ്സംഗതയിലാണ്. ഇതു മാറ്റി കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കാന്‍ സര്‍ക്കാര്‍ ഇളകി പ്രവര്‍ത്തിക്കണം
------------------------------------------------------------------------------
ചന്ദ്രിക ദിനപത്രം
" ....ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി എന്ന ഒരു
രു സംഘടനക്ക് ചേകനൂര്‍ മൌലവി ജന്മം നല്‍കി , ഈ സംഘടനയിലൂടെ ഇസ്ളാമികമായ പല അനുഷ്ടാനങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ചേകനൂര്‍ തിരുത്തുകള്‍ നല്‍കുകയും , ഒരു വിചാര വിപ്ളവത്തിന്നു പലരേയും പ്രചോതിതരാക്കുകയും ചയ്തു ,സ്വന്തം ശരികള്‍ പ്രബോധനങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും പ്രചരിപ്പിക്കാന്‍ ഒരായുഷ്ക്കാലം മുഴുവന്‍ പാഥേയമില്ലാത്ത പഥികനായി അദ്ദേഹം അക്ഷീണം യത്നിച്ചു കൊണ്ടിരുന്നു ജീവിച്ചിരുന്ന നാളുകളത്രയും ഉയര്‍ത്തി പിടിച്ച ശിരസ്സുമായി ഉയര്‍ന്ന മനസ്സോടെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചയ്തു പോന്ന ആ മനുഷ്യന്‍ വാക്കുകള്‍ കൊണ്ടു പോലും ആരെയും നോവിച്ചിട്ടില്ല...! "
(ചന്ദ്രിക ദിനപത്രം , 31. 7 .1995 )
ഒ.അബ്ദുല്ല .
" . . . . .ചേകനൂര്‍ മൌലവി തന്റെ വിശാലമായ ചിന്തയും , അപാരമായ അറിവും കൊണ്ട് ഞങ്ങളേ കീഴടക്കും മുന്‍പു തന്നെ ഉദ്ക്ര്ഷ്ടമായ പെരുമാറ്റവും കുലീനത തുടിക്കുന്ന സ്വഭാവ നൈര്‍മല്ല്യവും കൊണ്ട് വിദ്യാര്‍ഥികളായ ഞങ്ങളെ കയ്യിലെടുത്തിരുന്നു ഫിഖ്ഹിന്റെ (കര്‍മശാസ്ത്രം ) ന്റെ അനന്തമായലോകത്തേക്ക് ഒരു മെഴുക് തിരി വെളിച്ചത്തില്‍ ആണ്ടിറങ്ങി , പഴയ അറബി ചന്തയിലെ അടിമകള്‍ക്ക് വില പറഞ്ഞും ഉള്ളം കയ്യില്‍ മുളച്ച മുടിയുടെ മറ്റേ അറ്റം ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് നിന്ന് നീണ്ട് നീണ്ട് പോയി അങ്ങകലെ ബാഗ്ദാദ് തെരുവിലെത്തിയാല്‍ , നമസ്ക്കാരത്തിന്ന് വേണ്ടി അംഗശുദ്ധി വരുത്തവെ, ആ മുടിയുടെ അങ്ങേ അറ്റം കഴുകി വ്ര്ത്തിയാക്കേണ്ട വിധം 'ശ്രദ്ധിച്ച്' മനസ്സിലാക്കിയും ഇസ്ളാമിക വിത്ജ്നാനത്തില്‍ എടുത്തു പറയത്തക്ക 'മുന്നേറ്റം' നടത്തിക്കൊണ്ടിരിക്കവേയാണു ചേകനൂര്‍ മൌലവി ഞങ്ങള്‍ക്കിടയില്‍ വന്നെത്തുന്നത് .അന്നദ്ദേഹത്തിന്ന് താടി ഉണ്ടായിരുന്നു ശുദ്ധ മുസ്ളിയാര്‍ വേഷം എന്ന് തീര്‍ത്ത് പറഞ്ഞ് കൂടെങ്കിലും സംസാരഭാഷ ' അവന്ന് ' പകരം ' അവനിക്ക് ' എന്നായിരുന്നു .മറ്റു പലരേയും സഹിക്കുന്ന കൂട്ടത്തില്‍ ഇയാളേയും സഹിച്ച് കളയാം എന്ന അലസ ചിന്തയായിരുന്നു ഞങ്ങള്‍ വിദ്യാര്‍ഥികള്‍ക്കുണ്ടായിരുന്നത് കര്‍മ ശാസ്ത്ര വിഷയങ്ങളും അവയുടെ മൌലിക ശിലകളായി അംഗീകരിക്കപ്പെട്ട ഗ്രന്ഥങ്ങളും പിന്നെ ഹദീസുകളും ആയിരുന്നു ചേകനൂര്‍ മൌലവി ഞങ്ങളെ പഠിപ്പിച്ചിരുന്നത് ,
ക്ളാസ് എടുക്കാന്‍ തുടങ്ങിയപ്പോള്‍ ചില പ്രത്യേകതകള്‍ ശ്രദ്ധയില്‍ പെട്ടു , മുന്നൂറും , നാനൂറും പേജുകള്‍ ഉള്ള ,ഉണങ്ങിയ വൈക്കോല്‍ പരത്തി വെച്ചത് പോലുള്ള- തൊട്ടാല്‍ മുറിഞ്ഞു മുറിഞ്ഞു കയ്യിലേക്ക് പോരുന്ന-ആ ഉണക്ക ഗ്രന്ഥങ്ങളില്‍ നല്ല അവഗാഹമായിരുന്നു മൌലവിക്ക് . അപ്രസക്തമെന്നു കരുതി ഞങ്ങള്‍ തിരിഞ്ഞു നോക്കാതിരുന്ന പല പ്രശ്നങ്ങളേക്കുറിച്ചും മൌലവി ഞങ്ങള്‍ക്ക് പുതിയ അറിവുകള്‍ പകര്‍ന്നു തന്നു . കര്‍മ ശാസ്ത്ര ഗ്രന്ഥങ്ങളിലെ ഊരാക്കുടുക്കുകളെ മൌലവി തന്റെ പ്രത്യേക തരം വിശകലനരീതിയിൂടെ കെട്ടഴിച്ചു! അവയില്‍ ഒളിചിതറുന്ന മുത്തുകളെ അദ്ദേഹം പൊടിതട്ടിയെടുത്തു ഒരു പ്രത്യേകതരം നൂലില്‍ കോര്‍ത്തു തന്നു.. , ഞങ്ങള്‍ ആവേശ ഭരിതരായി....! പിന്‍ ബെഞ്ചുകളില്‍ ഉറങ്ങിക്കിടന്നവര്‍ മുന്‍ ബെഞ്ചുകളിലെത്തി.... സംശയങ്ങള്‍ക്കു പിന്നാലെ സംശയങ്ങള്‍...! എല്ലാറ്റിനും സുവിശദവും ത്ര്പ്തികരവുമായ മറുപടി. ക്ളാസ് സജീവമായി .ഇസ്ളാമിക കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ 'കുത്ബ്' ഖാനകളുടെ പൊടിപിടിച്ച് അലമാരകളില്‍ കിടന്ന് അന്ത്യശ്വാസം വലിച്ചിരുന്ന അവസ്ഥ മാറി, ഇസ്ളാമിക കാമ്പസ്സുകളിലൂടെ ചുറു ചുറുക്കോടെ കൈ വീശി മൌലവി നടന്ന് നീങ്ങുന്നത് കണ്ടപ്പോള്‍ സഹാധ്യാപകര്‍ അന്തം വിട്ടു ! പക്ഷേ ജമാത്തെ ഇസ്ളാമി നേരിട്ട് നടത്തുന്ന ശന്തപുരം കോളേജ് അധിക്ര്തര്‍ ചേകനൂര്‍ അബുല്‍ ഹസ്സന്‍ മൌലവി പാരമ്പര്യ വിശ്വാസത്തിന്റെ മാറാപ്പുകള്‍ തീയിട്ട് ചുടുന്നത് കണ്ടിട്ടും തെല്ലും കുലുങ്ങിയില്ല എന്നല്ല ,യശശ്ശരീരനായ കെ . സി . അബ്ദുല്ല മൌലവി ,ടി .ഇസ് ഹാഖലി മൌലവി ,ടി മുഹമ്മദ് സഹിബ്(കൊടിഞ്ഞി ) തുടങ്ങിയ മഹാ രഥന്മാര്‍ ചേകനൂര്‍ മൌലവിയുമായി മാന്യമായ വാഗ്വാദത്തിലേര്‍പെടുകയും പരസ്പരം അറിവുകള്‍ കൈമാറുകയും ചയ്തുപോന്നു .രണ്ടു വര്‍ഷക്കലമാണു ചേകനൂര്‍ മൌലവി ശാന്തപുരത്ത് ജോലി ചയ്തതെന്നാണു ഓര്‍മ. അതില്‍ പിന്നെ അദ്ദേഹം കേരള നദ് വത്തുല്‍ മുജാഹിദീന്‍ നടത്തുന്ന എടവണ്ണ ജാമിഅ നദ്വിയ്യയിലേക്ക് സ്ഥലം മാറിപ്പോവുകയാണുണ്ടായത് . പുത്തന്‍ ചിന്തകളുടെ പേരില്‍ ജമാഅത്ത് ഇസ്ളാമി യാഥാസ്ഥികന്മാര്‍ മൌലവിയെ ഇറക്കി വിടുകയായിരുന്നില്ല. . . . "
(ഒ.അബ്ദുല്ല .പേജ് -12, തേജസ്സ് , 31.10.2000 )
ഒ.അബ്ദുറഹ് മാന്‍
( 'മാധ്യമം' എഡിറ്റര്‍ )
" . . . . . . . പ്രാചീന ഇസ്ലാമിക കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ നന്നായറിയാവുന്ന പണ്ഡിതന്‍ എന്ന നിലയില്‍ ശാന്തപുരം ഇസ്ലാമിയാ കോളേജില്‍ അധ്യാപകനായി, അറുപതുകളുടെ തുടക്കത്തില്‍ ചേകനൂര്‍ പി.കെ. മുഹമ്മദ് മൌലവിയെ നിയമിക്കുകയായിരുന്നു അക്കാലത്ത് അദ്ദേഹം. പില്‍ക്കാലത്ത് അവതരിപ്പിച്ച സ്വതന്ത്ര ചിന്തകളൊന്നും അദ്ദേഹം മുന്നോട്ട് വെച്ചിരുന്നില്ല പുരോഗമന സംഘടനകള്‍ പൊതുവെ അംഗീകരിക്കുന്ന തത്വങ്ങളുടെ അടിസ്ഥാനത്തില്‍ സുന്നി പണ്ഡിതന്മാരുമായി വാഗ്വാദങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു പിന്നീട് മുജാഹിദുകള്‍ എടവണ്ണയില്‍ ജാമിഅ നദ്വിയ്യഃ സ്ഥാപിച്ചപ്പോള്‍ അവര്‍ അദ്ദേഹത്തിന്റെ സേവനം ആവശ്യപ്പെട്ടു. സുന്നികളുമായുള്ള വാദപ്രതിവാദങ്ങളില്‍ അതീവ തല്പരനായിരുന്ന ചേകനൂരിന് മുജാഹിദുകളുടെ ക്ഷണം സ്വീകാര്യമയിത്താന്നിയപ്പോള്‍ അദ്ദേഹം ശാന്തപുരം വിട്ടു. എടവണ്ണ നദ്വിയ്യയില്‍ അധ്യാപകനായിരിക്കുമ്പോഴാണ് അദ്ദേഹം ചില പുതിയ വാദഗതികള്‍ ഉയിക്കാന്‍ തുടങ്ങിയത്. മുജാഹിദ് പണ്ഡിതന്മാര്‍ ഇതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോള്‍ ചേകനൂര്‍ എടവണ്ണയും വിട്ടു. ഇസ്ലാമിന്റെ മൂലപ്രമാണമായ ഹദീസുകളെ ചേകനൂര്‍ പരസ്യമായി തള്ളിപ്പറയുകയും സ്വഹാബിവര്യനായ അബൂ ഹുറയ്റ(റ), ഹദീസ് ഗ്രന്ഥകാരനായ ഇമാം ബുഖാരി, മദ്ഹബിന്റെ ഇമാമായ ശാഫിഈ പോലുള്ള മഹാത്മാക്കളെ കഠിനമായി അധിക്ഷേപിക്കുകയും ചെയ്തപ്പോഴാണ് മുജാഹിദ്, ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകള്‍ അദ്ദേഹത്തിനെതിരെ ശക്തമായ സമീപനം സ്വീകരിച്ചത്. ...."
ചോദ്യോത്തരം ,
മുജീബ് (ഒ.അബ്ദുറഹ് മാന്‍ )
പ്രബോധനം വാരിക , 01-08-1998
- 128 reads