"..........We did not leave ANYTHING out of this qur’an…! " 6:38
ബന്ധപ്പെടുക 0091 9048718329 | e-mail : feedback@chekanoormoulavi.com
- Site Counter: 15,947
ചേകനൂര്‍ വധവും , C.B.I ഡയറിക്കുറിപ്പുകളും !
ചേകനൂര്‍ വധവും , C.B.I ഡയറിക്കുറിപ്പുകളും!
Dr. അബ്ദുല്‍ ജലീല്‍ പുറ്റെക്കാട്
സമീപകാല കോടതിവിധികളില്‍ സമ്പന്ന പക്ഷപാതിത്വം നിറഞ്ഞുനില്‍ക്കുന്നു എന്ന ചില ഇടതുപക്ഷ കക്ഷികളുടെയും, പിണറായി വിജയന്റെയും, മന്ത്രി പാലോളി മുഹമ്മദുകുട്ടിയുടെയുമൊക്കെ പ്രസ്താവനകളില്‍ തീരെ കഴമ്പില്ലാ എന്നു വിശ്വസിക്കാതിരിക്കാന്‍ തരമില്ല. അതിന് ഏറ്റവും നല്ല ഒരു ഉദാഹരണമാണ് ചേകന്നൂര്‍ മൌലവി വധക്കേസില്‍ കാന്തപുരത്തിനോടുള്ള കോടതിയുടെയും, സി.ബി.ഐ.യുടെയും നിലപാട്.
ചേകന്നൂര്‍ മൌലവി വധക്കേസില്‍ സി.ബി.ഐ. തയ്യാറാക്കിയ ചാര്‍ജ്ജ് ഷീറ്റില്‍, മറ്റു പ്രതികളോടൊപ്പം കാന്തപുരത്തെയും പ്രതിയാക്കാന്‍ പര്യാപ്തമായ തെളിവുകളും സൂചനകളും ധാരാളമുണ്ട്. എന്നാല്‍ ‘പണക്കാരനായ ഉസ്താദു മാത്രം' കോടതിയുടെയും, പോലീസിന്റെയും കരങ്ങളില്‍ നിന്ന് വഴുതിമാറിക്കൊണ്ടിരിക്കുന്നു.! എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നു ചോദിക്കാനുള്ള അവകാശം ചേകന്നൂര്‍ മൌലവിയുടെ ബന്ധുക്കള്‍ക്കും അനുയായികള്‍ക്കുമില്ലേ ? ഇത്തരം ഘട്ടങ്ങളില്‍ സാധാരണക്കാരന്റെയും, മൌലവിയുടെ ബന്ധുക്കളുടെയും, മൌലവിയുടെ ആദര്‍ശ ബന്ധുക്കളുടെയും ആശങ്കയകറ്റാനും തൃപ്തികരമായ വിശദീകരണം നല്‍കാനും കോടതികള്‍ക്കു ബാധ്യതയില്ലേ ?
മുഹമ്മദ് ബഷീര്‍ പത്തനാപുരം, ഹംസ സഖാഫി, സൈഫുദ്ദീന്‍, മുഹമ്മദ്കുട്ടി, കുഞ്ഞിമരക്കാര്‍, അബ്ദുല്‍ ഗഫൂര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ചേകന്നൂര്‍ മൌലവിയെ 1993 ജൂലായ് 29-ാം തിയ്യതി രാത്രി ജീപ്പില്‍ വെച്ച് വധിച്ചതായി സി.ബി.ഐ. അന്വേഷണ ഉദ്യോഗസ്ഥര്‍ കുറ്റപത്രത്തില്‍ പറയുന്നു. ചേകന്നൂര്‍ മൌലവിയെ ഖുര്‍ആന്‍ ക്ളാസിനെന്ന വ്യാജേന തെറ്റിദ്ധരിപ്പിച്ച് രാത്രിയില്‍ തട്ടിക്കൊണ്ടുവരാനും മാര്‍ഗ്ഗമദ്ധ്യേ ചതിയിലൂടെ വകവരുത്തുക എന്നതുമായിരുന്നു പ്രതികളുടെ പദ്ധതി എന്നും സി.ബി.ഐ. കണ്ടെത്തി. രജിസ്ട്രര്‍ ചെയ്തിട്ടില്ലാത്ത നമ്പര്‍ പ്ളെയിറ്റില്ലാത്ത ഒരു പുതിയ നീല ജീപ്പാണ് പ്രതികള്‍ അതിനു തിരഞ്ഞെടുത്തത്. പിന്നീട് കെ.എല്‍. 11. എ. 9967 എന്ന നമ്പറില്‍ രജിസ്ട്രര്‍ ചെയ്യപ്പെട്ട ആ ജീപ്പ് സി.ബി.ഐ. കസ്റഡിയില്‍ എടുത്തു.
ചേകന്നൂര്‍ മൌലവിയെ തട്ടിക്കൊണ്ടുപോയി വധിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികള്‍ ചേകന്നൂര്‍ മൌലവിയുടെ എടപ്പാളിലുള്ള വീട്ടിലേക്കു പുറപ്പെട്ടത്. കൊളപ്പുറത്തെത്തിയപ്പോള്‍, ബഷീറിന്റെ നിര്‍ദ്ദേശപ്രകാരം ഹംസ സഖാഫിയൊഴികെ ബാക്കിയുള്ളവരെല്ലാം, ജീപ്പില്‍ നിന്നിറങ്ങി. അവര്‍ ബഷീറും, ഹംസയും മൌലവിയെയും കൊണ്ടു തിരിച്ചുവരുന്നതും കാത്ത് അവിടെച്ചുറ്റിക്കറങ്ങി നടന്നു. ബഷീറും, ഹംസ സഖാഫിയും നേരെ പോയത്, എടപ്പാളിനടുത്തുള്ള, നടുവട്ടത്തുള്ള ഒരു പള്ളിയിലേക്കായിരുന്നു. പള്ളിയില്‍ വെച്ച് ബഷീറും, സഖാഫിയും, ഹുസൈന്‍ മുസ്ലിയാര്‍ എന്ന സിദ്ധനെ സമീപിക്കുകയും, ‘എ.പി. ഉസ്താദുപറഞ്ഞതു പ്രകാരം ഞങ്ങള്‍ ചേകന്നൂര്‍ മൌലവിയെ സംബന്ധിച്ച ഒരു കാര്യത്തിനുപോകുകയാണെന്നും ദൌത്യം വിജയകരമാകാനും, കേസ് പിടിക്കപ്പെടാതിരിക്കാനും, ഞങ്ങളെയും ജീപ്പിനെയും അനുഗ്രഹിക്കണമെന്നും' ആവശ്യപ്പെട്ടു. ഹുസൈന്‍ മുസ്ലിയാരില്‍ നിന്നും ‘ദിക്ര്‍' (മന്ത്രിച്ചൂതിയ വെള്ളം കൊണ്ടുള്ള അനുഗ്രഹം) സ്വീകരിച്ചശേഷം ബഷീറും, ഹംസയും രാത്രി സുമാര്‍ 8 മണിയോടെ മൌലവിയുടെ വീട്ടിലെത്തി. തന്നെ ഖുര്‍ആന്‍ പഠനക്ളാസിന് വിളിക്കാന്‍ വന്ന അതിഥികളോടൊപ്പം പോവാന്‍ ചേകന്നൂര്‍ മൌലവി തയ്യാറായി. വീട്ടില്‍ ഭാര്യ തനിച്ചായതിനാല്‍ തന്റെ പ്രസ്സിലെ ജീവനക്കാരനായ ജബ്ബാറിനെ പ്രസ്സില്‍ പോയി കൂട്ടികൊണ്ടുവരണമെന്നു മൌലവി ആവശ്യപ്പെട്ടതനുസരിച്ച്, മൌലവിയും, ബഷീറും, ഹംസയും കൂടി എടപ്പാള്‍ ചുങ്കത്തുള്ള പ്രസ്സില്‍ പോയി, ജബ്ബാറിനെ കൂട്ടികൊണ്ടുവരികയും ‘കാവില്‍പ്പടി'യിലുള്ള മൌലവിയുടെ വീട്ടില്‍ ജബ്ബാറിനെ ഇറക്കിയ ശേഷം മൌലവി ബഷീറിനോടും, ഹംസയോടുമൊപ്പം രാത്രി 9.30 മണിയോടെ കോഴിക്കോട്ടേക്കു പുറപ്പെടുകയും ചെയ്തു. ബഷീറാണ് വണ്ടിയോടിച്ചിരുന്നത്. മൌലവി മുന്‍സീറ്റിലും ഹംസസഖാഫി പിറകിലുമായിട്ടാണ് ഇരുന്നത്. ജീപ്പ് മൌലവിയെയും കൊണ്ടു തിരിച്ച് കൊളപ്പുറത്തെത്തിയപ്പോള്‍ നേരത്തെ അവിടെ ജീപ്പില്‍ നിന്നും ഇറങ്ങി കാത്തിരുന്ന സൈഫുദ്ദീന്‍, മുഹമ്മദ് കുട്ടി കൊന്തേടന്‍, കുഞ്ഞിമരക്കാര്‍, കുന്നത്തിരി അബ്ദുള്‍ ഗഫൂര്‍, എന്നിവര്‍ വീണ്ടും ജീപ്പില്‍ കയറി. ജീപ്പ് വീണ്ടും കോഴിക്കോട്ടു ഭാഗത്തേക്ക് പുറപ്പെട്ടു. അപ്പോള്‍ ചെറുതായി മഴ പെയ്യുന്നുണ്ടായിരുന്നു. ബഷീറിന്റെ നിര്‍ദ്ദേശ പ്രകാരം പെട്ടെന്ന് ഹംസസഖാഫി പിറകില്‍ നിന്ന് ഇറങ്ങി ജീപ്പിന്റെ മുന്‍സീറ്റില്‍ വന്നിരുന്നു. മൌലവി മുന്‍സീറ്റില്‍ ബഷീര്‍ പത്തനാപുരത്തിന്റെയും, ഹംസ സഖാഫിയുടെയും ഇടയിലായി. ജീപ്പ് പെട്ടെന്ന് തനിക്ക് പരിചയമില്ലാത്ത ഒരു റോഡിലേക്ക് തിരിഞ്ഞപ്പോള്‍ ‘ഇത് കോഴിക്കോട്ടേക്കുള്ള വഴിയാണോ' എന്ന് മൌലവി സംശയം പ്രകടിപ്പിച്ചു. ‘ഇത് കോഴിക്കോട്ടേക്കുള്ള എളുപ്പ വഴിയാണെന്ന് ' ബഷീര്‍ അതിന് പെട്ടെന്ന് മറുപടി പറയുകയും ചെയ്തു. ഉടനെത്തന്നെ ജീപ്പ് ഓടിക്കൊണ്ടിരിക്കേ ബഷീറിന്റെ നിര്‍ദ്ദേശ പ്രകാരം കുഞ്ഞിമരയ്ക്കാരും, അബ്ദുള്‍ ഗഫൂറും, മുഹമ്മദ് കുട്ടിയും, സൈഫുദ്ദീനും പിറകില്‍ നിന്ന് മൌലവിയുടെ കഴുത്തിലൂടെ ഒരു തുണി ഇടുകയും, കഴുത്തു ഞെരുക്കുകയും ചെയ്തു. മൌലവി രക്ഷപ്പെടാന്‍ കുതറിയപ്പോഴേക്കും ഹംസ സഖാഫിയും ബഷീറും മുന്നില്‍ നിന്ന് മൌലവിയുടെ കാല്‍മുട്ടുകളില്‍ അമര്‍ത്തിപ്പിടിക്കുകയും, തികച്ചും നിസ്സഹായനായ മൌലവി മരണത്തിന് കീഴ്പ്പെടുകയും അങ്ങനെ വധിക്കപ്പെടുകയും ചെയ്തു. ജീവിതത്തില്‍ ഒരു ‘ചൊറി' പോലും വന്നിട്ടില്ലാത്ത മൌലവി അങ്ങനെ 58-ാം വയസ്സില്‍ രക്തസാക്ഷിയായി.പിന്നീട് ബഷീര്‍, ജീപ്പ് നേരെ മലപ്പുറം ജില്ലയിലെ, പുളിക്കലിനടുത്തുള്ള അരൂര്‍ എന്ന സ്ഥലത്തുള്ള ‘ചുവന്ന കുന്ന് ' എന്നറിയപ്പെടുന്ന സ്ഥലത്തേക്ക് വിട്ടു. (പന്ത്രണ്ടര ഏക്കറയോളം വരുന്ന ചുവന്ന കുന്ന് എന്ന വിജനമായ ആ മലഞ്ചരുവ്, കേസിലെ മറ്റൊരു പ്രതിയായ മണ്ടാളില്‍ ഉസ്മാന്‍ മുസ്ലിയാരുടെ കസ്റഡിയിലായിരുന്നു അന്ന്)
ബഷീറിന്റെ നിര്‍ദ്ദേശപ്രകാരം, ചേകന്നൂര്‍ മൌലവിയുടെ മൃതശരീരം, മറവു ചെയ്യാനും തെളിവുകള്‍ നശിപ്പിക്കാനും, പര്യാപ്തമായ രീതിയില്‍ ഇല്യന്‍ ഹംസയും, അബ്ദുല്‍ സലാമും ചേര്‍ന്ന് ഒരു കുഴിയും കുഴിച്ച് കാത്തിരിക്കുകയായിരുന്നു അവിടെ. ചേകന്നൂര്‍ മൌലവിയുടെ മൃതശരീരവും, അദ്ദേഹത്തെ വധിക്കാനുപയോഗിച്ച തുണിയും, അദ്ദേഹം എപ്പോഴും കൊണ്ടുനടക്കാറുള്ള ഖുര്‍ആനുള്ള സൂട്ട്കേസും ഒന്നിച്ച് ആ കുഴിയില്‍ ഇട്ടുമൂടി എന്ന് പ്രതികള്‍ സി.ബി.ഐ.യോടു സമ്മതിച്ചു.
സി.ബി.ഐ. ഉദ്യോഗസ്ഥന്മാരുടെ വളരെ ബുദ്ധിപരമായ അന്വേഷണത്തിന്റെയും നീക്കത്തിന്റെയും അവസാനത്തില്‍, 27-11-2000ല്‍ ഹംസ സഖാഫിയും ഇല്യന്‍ ഹംസയും അറസ്റു ചെയ്യപ്പെട്ടു. 19-1-2001 ല്‍ പി.കെ. സൈഫുദ്ദീനും അറസ്റു ചെയ്യപ്പെട്ടു.
വിദേശത്തേക്കു തല്‍ക്കാലം രക്ഷപ്പെട്ടെങ്കിലും മുഖ്യപ്രതികളായ മുഹമ്മദ് ബഷീര്‍ പത്തനാപുരം, മുഹമ്മദ് കുട്ടി, കുഞ്ഞിമരയ്ക്കാര്‍, അബ്ദുള്‍ ഗഫൂര്‍, അബ്ദുള്‍ സലാം, മണ്ടാളില്‍ ഉസ്മാന്‍ മുസ്ലിയാര്‍ തുടങ്ങിയവര്‍ക്കെതിരെ 17-10-2001ല്‍ സി.ബി.ഐ. ജാമ്യമില്ലാ വാറണ്ടു പുറപ്പെടുവിക്കുകയും (NBW), ഗത്യന്തരമില്ലാതെ വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതികളെല്ലാവരും സി.ബി.ഐ.യുടെ മുമ്പില്‍ കീഴടങ്ങുകയും ചെയ്തു. ചേകന്നൂര്‍ മൌലവിയെ വധിക്കാനുപയോഗിച്ച നമ്പര്‍ പ്ളേറ്റില്ലാത്ത നീല ജീപ്പുവരെ പിന്നീട് അന്വേഷിച്ചു കണ്ടെത്തി, സി.ബി.ഐ. കസ്റഡിയിലെടുത്തു. (കെ.എല്‍.11 എ. 9967)
ചില പ്രധാന സാക്ഷി മൊഴികള്‍
(1)
കേസിലെ ഒരു പ്രധാന സാക്ഷിയും, മതിലകം പോലീസ് സ്റേഷന്‍ പരിധിയില്‍പ്പെട്ട സന്തോഷ് വധക്കേസിലെ ഒരു പ്രതിയുമായ ഹുസൈന്‍ മുസ്ലിയാര്‍ സി.ബി.ഐ.ക്കു മുമ്പിലും, പിന്നീട് ജൂഡീഷ്യല്‍ മജിസ്ട്രേട്ട് (ഫസ്റ് ക്ളാസ്, എറണാകുളം) കോടതിയിലും നല്‍കിയ മൊഴിയില്‍ ചേകന്നൂര്‍ വധക്കേസിലെ മുഖ്യപ്രതിയായ ബഷീര്‍ പത്തനാപുരം, ഹംസസഖാഫിയോടൊപ്പം മൌലവിയെ വധിക്കാന്‍ തീരുമാനിച്ച ദിവസം വൈകുന്നേരം നടുവട്ടത്തുള്ള തന്റെ പള്ളിയില്‍ വരികയും, താന്‍ ബഷീറാണെന്നു സ്വയം പരിചയപ്പെടുത്തുകയും, അതിനു ശേഷം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ (കാന്തപുരം) പറഞ്ഞതുപ്രകാരം ചേകന്നൂര്‍ മൌലവിയുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനു പോവുകയാണെന്നും, (കേസ് പിടിക്കപ്പെടാതിരിക്കാന്‍) പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും പറഞ്ഞതായി കാണുന്നു. സംസാരം കഴിഞ്ഞു, അനുഗ്രഹവും വാങ്ങി ബഷീര്‍ പത്തനാപുരവും, ഹംസ സഖാഫിയും, ഹുസൈന്‍ മുസ്ല്യാരും നമ്പര്‍പ്ളേയിറ്റില്ലാത്ത നീല ജീപ്പിനടുത്തേക്കു നടക്കുമ്പോള്‍, ‘‘ബഷീര്‍ വീണ്ടും എന്നോട് എ.പി. ഉസ്താദ് പറഞ്ഞിട്ട്, ചേകന്നൂര്‍ മൌലവിയെ സംബന്ധിച്ച ഒരു കാര്യത്തിനായി പോവുകയാണെന്നും ‘ദുആ' ചെയ്യണമെന്നും'' എന്നിങ്ങനെ രണ്ട് പ്രാവശ്യം ‘എ.പി.ഉസ്താദു പറഞ്ഞു' (കാന്തപുരം) എന്ന് ഹുസൈന്‍ മുസ്ല്യാര്‍ പറഞ്ഞതായി സി.ബി.ഐ. ഓഫീസര്‍ സുഭാഷിന്റെ കുറ്റപത്രത്തില്‍ കാന്തപുരത്തിന്റെ പേര് കാണുന്നു.
(2)
ചേകന്നൂര്‍ മൌലവി കേസിലെ മറ്റൊരു പ്രധാനസാക്ഷിയായ ശ്രീ. കക്കാട് അലിയാര്‍ (w.34) എന്നയാള്‍ സി.ബി.ഐ. സി.കെ.സുഭാഷ് മുമ്പാകെയും, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്പാകെയും, കൊടുത്ത മൊഴികളിലും ചേകന്നൂര്‍ വധത്തില്‍ കാന്തപുരത്തെ സംശയിക്കാന്‍ പര്യാപ്തമായ തെളിവുകളുണ്ട്.
എ.പി.ഉസ്താദ്, ഉസ്താദ്, കാന്തപുരം, എ.പി. എന്നൊക്കെ സുന്നിലോകത്ത് സുപരിചിതനായ എ.പി. കാന്തപുരം അബൂബക്കര്‍ മുസ്ള്യാര്‍ക്ക് ധാരാളം ശത്രുക്കളുണ്ടായിരുന്നു എന്നും ഉസ്താദിന്റെ യോഗത്തില്‍ ബഹളം വെക്കുന്നവരെയും, യോഗം കലക്കുന്നവരെയും നേരിടാന്‍ കുറച്ചാളുകള്‍ ഉസ്താദിന്റെ കൂടെ പോകാറുണ്ടായിരുന്നു എന്നും അലിയാര്‍ തന്റെ മൊഴിയില്‍ പോലീസിലും, മജിസ്ട്രേറ്റു മുമ്പാകെയും സമ്മതിക്കുന്നു. സുന്നി ടൈഗര്‍ ഫോഴ്സ്, ക്രസന്റ് വളണ്ടിയര്‍ കോര്‍ (സി.വി.സി) എന്നൊക്കെയായിരുന്നു അതിന്റെ പേര്. 1991-92 കാലഘട്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സി.വി.സി. (Crescent Volunteer Core) എന്ന ആ സംഘടനയുടെ നേതാവ്, അന്ന് കാന്തപുരത്തിന്റെ സുന്നി മര്‍ക്കസിലെ മാനേജരായിരുന്ന, മാണ്ടാളില്‍ ഉസ്മാന്‍ മുസ്ള്യാര്‍ ആയിരുന്നു.
ഇതേ ഉസ്മാന്‍ മുസ്ള്യാരുടെ നേതൃത്വത്തിലാണ് 1993 മേയ് - ജൂണ്‍ മാസത്തില്‍ കാന്തപുരത്തിന്റെ കാരന്തൂരിലുള്ള മര്‍ക്കസ്സില്‍ വെച്ച് ചേകന്നൂര്‍ മൌലവിയെ വധിക്കാനുള്ള ഗൂഢാലോചന നടന്നത് എന്ന് കക്കാട് അലിയാര്‍ എറണാകുളം ജില്ലാ മജിസ്ട്രേറ്റ് കോടതിയുടെ മുമ്പിലും സി.ബി.ഐ.യുടെ മുമ്പിലും മൊഴി നല്‍കിയതായി കാണുന്നു. ഗൂഢാലോചനയില്‍ അരീക്കോട് പത്തനാപുരത്തുള്ള ബഷീര്‍, വാഴക്കാട് പി.സി. ബഷീര്‍ മാസ്റര്‍, പറമ്പില്‍ ബസാറിലുള്ള മായിന്‍, കുന്നത്തിരി അബ്ദുള്‍ ഗഫൂര്‍, കൊട്ടപ്പുറത്തുള്ള മരയ്ക്കാര്‍, കിഴിശ്ശേരിയിലുള്ള മുഹമ്മദ്കുട്ടി, തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു എന്നും, കൃത്യംനടത്താന്‍ തന്നെയാണ് (കക്കാട് അലിയാരെ) അമീറായി തിരഞ്ഞെടുത്തത് എന്നും അലിയാര്‍ സമ്മതിക്കുന്നു. മണ്ടാളില്‍ ഉസ്മാന്‍ മുസ്ള്യാരുടെ നേതൃത്വത്തിലാണ് മര്‍ക്കസില്‍ വെച്ച് അന്നു സുന്നി ടൈഗേര്‍സ് (സി.വി.സി.) യോഗവും ഗൂഢാലോചനയും നടന്നത് എന്നും അലിയാര്‍ ഒപ്പിട്ട രണ്ടു മൊഴികളിലും പറയുന്നു.
പ്രസ്തുത യോഗത്തില്‍ ‘ചേകന്നൂര്‍ മൌലവി നേരായ മാര്‍ഗ്ഗത്തിലല്ല സഞ്ചരിക്കുന്നത് എന്നും, ഇസ്ളാമിന് വിരുദ്ധമായാണ് അയാള്‍ പ്രവര്‍ത്തിക്കുന്നത് എന്നും, ആയതിനാല്‍ നമുക്കദ്ദേഹത്തെ കൊല്ലണ്ടതായി വരും - അദ്ദേഹത്തെ വധിക്കേണ്ടത് അത്യാവശ്യമാണ് - എന്ന് തീരുമാനിക്കുകയും, ആ കൃത്യം നടത്തുന്നതിലേക്ക് എന്നെ അമീറായി ചുമതലപ്പെടുത്തുകയും ചെയ്തു' എന്ന് അലിയാര്‍ സി.ബി.ഐ. കോടതിയില്‍ സമ്മതിക്കുന്നു. ഭാഗ്യമോ നിര്‍ഭാഗ്യമോ എന്നറിയില്ല ചേകന്നൂര്‍ മൌലവിയെ വധിക്കാന്‍ പ്രതികള്‍ പുറപ്പെട്ട ദിവസം എന്തോ കാരണവശാല്‍ കക്കാട് അലിയാര്‍ക്ക് സ്ഥലത്ത് എത്തിച്ചേരാനും, ജീപ്പില്‍ കയറാനും കഴിഞ്ഞില്ല. ബാക്കിയുള്ള പ്രതികള്‍ കാര്യം നിര്‍വ്വഹിക്കുകയും ചെയ്തു.
ഏതാണ്ട് ഈ ഗൂഢാലോചന നടന്നതിന്റെ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് 1992-93 കാലഘട്ടത്തില്‍ തന്നെയായിരുന്നു കോഴിക്കോട്ട് വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ ചേകന്നൂര്‍ മൌലവി ഞങ്ങളുടെ നിര്‍ദ്ദേശപ്രകാരം തന്റെ പുരോഗമന ആശയങ്ങളും സിദ്ധാന്തങ്ങളും അവതരിപ്പിച്ചുകൊണ്ടും മുസ്ളീം സമുദായത്തിലെ അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ പോരാടിക്കൊണ്ടും, ഖുര്‍ആന്‍ കൊണ്ടുള്ള ഖുത്തുബ (പ്രസംഗം) ആരംഭിച്ചത്. പള്ളിയും, പള്ളിക്കുളവും, മിനാരവും, മിഹ്റാബും ഒന്നും ഇല്ലാത്ത കേവലം ഒരു ഓഡിറ്റോറിയത്തില്‍ ചേകന്നൂര്‍ മൌലവി ഞങ്ങള്‍ക്ക് ഖുത്തുബ സംഘടിപ്പിച്ചതും, ഞങ്ങള്‍ ആവേശത്തോടുകൂടി ആ ഖുത്തുബയില്‍ പങ്കെടുത്തതും, ഖുത്തുബക്കു ശേഷം ഞങ്ങള്‍കുറച്ചുപേര്‍, തൊട്ടടുത്തുള്ള മുജാഹിദ് - സുന്നി പള്ളികളില്‍ (പല വെള്ളിയാഴ്ചകളിലായി) മൌലവി ഏല്‍പ്പിച്ച നോട്ടീസുകളും, ബുക്കുകളും വിതരണം ചെയ്തതും അവിടുത്തെ സുന്നി-മുജാഹിദ് പള്ളികളില്‍ ഒരു ചര്‍ച്ചാ വിഷയമായിരുന്നു. മൌലവിയുടെ ഖുര്‍ആനികവാദങ്ങളെ താത്വികമായി എതിരിടാന്‍ കഴിയാത്തതുകൊണ്ടാണ് സുന്നി-മുജാഹിദ്-ജമാഅത്തു മൌലവിമാര്‍ ബുദ്ധിപരമായ മൌനം അവലംബിച്ചത്. കേരളത്തിലെ ഒരൊറ്റ സുന്നി-മുജാഹിദ്-ജമാഅത്ത് പണ്ഡിതന്മാരും പണ്ഡിതോചിതമായ ഒരു മറുപടി പറയാത്തതുകൊണ്ടാണ് ഞങ്ങള്‍ കുറച്ചു ചെറുപ്പക്കാര്‍ ചേകന്നൂര്‍ മൌലവിയെ അന്ന് നിര്‍ലോഭം സഹായിച്ചതും, പ്രവര്‍ത്തനവുമായി മുന്നോട്ടുപോകാന്‍ പ്രേരിപ്പിച്ചതും. ചേകന്നൂര്‍ മൌലവിയുടെ ഖുര്‍ആനിക വാദങ്ങള്‍ ഇന്നും തലയുയര്‍ത്തിനില്‍ക്കുന്നതുകൊണ്ടാണ് ചേകന്നൂര്‍ മൌലവി സ്ഥാപിച്ച ‘ഖുര്‍ആന്‍ സുന്നത്തു പ്രസ്ഥാനം' ഇന്നും വളര്‍ന്നുകൊണ്ടിരിക്കുന്നത്.
(3)
ചേകന്നൂര്‍ കേസിലെ മറ്റൊരു സാക്ഷിയായ ( W 26), അബ്ദുറഹിമാന്‍ കൊടിയത്തൂരിന്റെ മൊഴിയിലും ചേകന്നൂര്‍ വധത്തില്‍ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ല്യാരുടെ ‘മര്‍ക്കസി'ന്റെ മാനേജരായ മണ്ടാളില്‍ ഉസ്മാന്‍ മുസ്ല്യാര്‍, പത്തനാപുരം ബഷീര്‍ എന്നിവര്‍ക്കുള്ള പങ്കിനോടൊപ്പം, ചേകന്നൂര്‍ മൌലവിയെ എതിര്‍ത്തിരുന്ന ഗ്രൂപ്പിന്റെ നേതാവാണ് എ.പി. എന്ന് വെളിപ്പെടുത്തുന്നു. മര്‍ക്കസിലെ വാച്ചുമാനായിരുന്ന കെ.അബ്ദുള്‍ റഹിമാന്‍ കൊടിയത്തൂരിന്റെ (W. 26, s/o . കെ.മുഹമ്മദ്, മണക്കുടിയില്‍ ഹൌസ്) മൊഴിയില്‍ ചേകന്നൂര്‍ മൌലവിയുടെ വധത്തില്‍ മര്‍ക്കസിലെ ജനറല്‍ മാനേജരായിരുന്ന മണ്ടാളില്‍ ഉസ്മാന്‍ മുസ്ള്യാര്‍, അരീക്കോടിനടുത്ത, പത്തനാപുരത്തുള്ള, മംഗലശ്ശേരി വീട്ടില്‍ ബഷീര്‍, ചങ്ങരംകുളത്തിനടുത്തുള്ള കക്കടിപ്പുറം സ്വദേശിയും, മര്‍ക്കസ്സിലെ ഒരു പഴയ വിദ്യാര്‍ത്ഥിയുമായ ‘കക്കിടി ഹംസ', മുഹമ്മദ് കുട്ടി, അബ്ദുല്‍ സലാം, സൈഫുദ്ദീന്‍, പള്ളിക്കല്‍ ബസാറിലുള്ള ഗഫൂര്‍, ഇല്യന്‍ ഹംസ, മരക്കാര്‍ എന്നിവര്‍ക്കു ചേകന്നൂര്‍ വധത്തിലുള്ള പങ്ക് വ്യക്തമാകുന്നു.
16-11-2000ന്, സി.ബി.ഐ. ഓഫീസറായ സി.കെ.സുഭാഷ് മുമ്പാകെ അബ്ദുര്‍ റഹിമാന്‍ നല്‍കിയ മൊഴിയനുസരിച്ചാണ് ചേകന്നൂര്‍ മൌലവി വധക്കേസിലെ പ്രധാന പ്രതികളെല്ലാം വിദേശത്തും ദ്വീപിലും മറ്റും ഒളിവിലാണെന്ന് സി.ബി.ഐ. മനസ്സിലാക്കുന്നത്. ലക്ഷദ്വീപിലെ ‘അമനി' ദ്വീപില്‍ ഒരു പള്ളിയില്‍ ഒളിവില്‍ കഴിയുകയായിരുന്ന കക്കിടി ഹംസയെ വേഷംമാറിപ്പോയി അവിടെനിന്ന് തന്ത്രപൂര്‍വ്വം കേരളത്തിലേക്കു വരുത്തുകയും, നാടകീയമായി അറസ്റു ചെയ്യാനും കേസിന് തുമ്പുണ്ടാക്കാനും സി.ബി.ഐ.ക്ക് കഴിഞ്ഞത് കൊടിയത്തൂര്‍ അബ്ദുര്‍ റഹ്മാന്റെ സി.ബി.ഐ.മുമ്പാകെയുള്ള കുറ്റസമ്മതമാണ്. മര്‍ക്കസ്സുമായി ഇത്രമാത്രം അടുപ്പമുള്ള ഒരു വ്യക്തി ചേകന്നൂര്‍ മൌലവി വധത്തിന്റെ എല്ലാ അണിയറ രഹസ്യങ്ങളും വളരെ കൃത്യമായി പറയുകയും അതനുസരിച്ച് കേസിന് തുമ്പുണ്ടാക്കാന്‍ സി.ബി.ഐ.ക്കു കഴിയുകയും ചെയ്തുവെങ്കില്‍ അങ്ങിനെയുള്ള ഒരു വ്യക്തിയുടെ കുറ്റപത്രത്തിലെ പരാമര്‍ശം ‘ചേകന്നൂര്‍ മൌലവിയെ എതിര്‍ത്തിരുന്ന ഒരു ഗ്രൂപ്പിന്റെ നേതാവായിരുന്നു (സെക്രട്ടറിയായിരുന്നു) എ.പി.ഉസ്താദ് എന്ന പരാമര്‍ശവും കാന്തപുരത്തിന്റെ മേല്‍ വീണ്ടും സംശയത്തിന്റെ നിഴലുകള്‍ വീഴ്ത്തുന്നു.! അഞ്ചുവര്‍ഷത്തോളം മര്‍ക്കസില്‍ ജോലി ചെയ്തിരുന്ന അബ്ദുര്‍റഹിമാന്‍ 1994-ല്‍ സ്വന്തം ബിസിനസ്സു തുടങ്ങിയപ്പോള്‍ മര്‍ക്കസ് വിട്ടുപോന്നു എന്നു പറയുന്നു. ചേകന്നൂര്‍ കേസിലെ പ്രധാന പ്രതികളെല്ലാം 94-95 കാലത്തോടുകൂടി മര്‍ക്കസുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ തുടങ്ങുന്നതു കാണാം. മണ്ടാളില്‍ ഉസ്മാന്‍ മുസ്ള്യാര്‍, ഹംസ സഖാഫി, കൊടിയത്തൂര്‍ അബ്ദുര്‍റഹിമാന്‍, ബഷീര്‍ പത്തനാപുരം, കക്കാട് അലിയാര്‍ തുടങ്ങിയവര്‍ 94-95 കാലഘട്ടത്തോടെ മര്‍ക്കസ്സിനോട് ‘സലാം' പറയുന്നതുപോലെ അഭിനയിക്കുന്നതു കാണാം. കാരണം ഏതാണ്ട് ഇതേ സമയത്തുതന്നെ ചേകന്നൂര്‍ കേസിന് തുമ്പുണ്ടാകാന്‍ തുടങ്ങിയിരുന്നു. അതു തനിക്ക് ചേകന്നൂര്‍ വധത്തിലുള്ള താല്‍പര്യവും പങ്കും പുറത്തുകൊണ്ടുവരും എന്ന് ശരിയ്ക്കും മനസ്സിലാക്കിയ ‘എ.പി.ഉസ്താദും', ചില ബുദ്ധിജീവികളുടെ നിര്‍ദ്ദേശപ്രകാരം മര്‍ക്കസ്സിലുള്ള എല്ലാ ഭീകരരോടും സ്വന്തമായി ഓരോ ബിസിനസ് കണ്ടുപിടിച്ചു പുറത്തുപൊയ്ക്കൊള്ളാന്‍ പറയുകയാണുണ്ടായത് എന്ന് വേണം കരുതാന്‍...! അതിനായി ഓരോരുത്തര്‍ക്കും ഭീമമായ ഒരു തുക നല്‍കുക എന്നത് പണക്കാരനായ ഉസ്താദിന് ഒരു പ്രശ്നവുമായിരിക്കില്ല. കാരണം ചേകന്നൂര്‍ മൌലവി വധം നടന്ന കാലത്ത് ചേകന്നൂര്‍ മൌലവിക്ക് വേണ്ടി ചെറുതായെങ്കിലും മുറവിളി കൂട്ടിയ ഒരു രാഷ്ട്രീയ പാര്‍ട്ടിയായിരുന്നു ബി.ജെ.പി. അന്നു കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായിരുന്ന ഒ.രാജഗോപാലിനെ കോഴിക്കോട്ടുള്ള മര്‍ക്കസ്സിലേക്ക് ക്ഷണിക്കുകയും, ഒരു കോടിരൂപ സംഭാവന നല്‍കുകയും ചെയ്തതായി പത്രവാര്‍ത്തയില്‍ കണ്ടു. അതില്‍ പിന്നെ ബി.ജെ.പി.യുടെ ‘മുതലക്കണ്ണീരും' നിന്നു!. സുന്നീ ചിന്താഗതിപ്രകാരം ‘കാഫിറു'കളായ ബി.ജെ.പി.ക്കു ഒരു കോടി കൊടുക്കാമെങ്കില്‍ തന്റെ കൂടെ നിന്ന മണ്ടാളില്‍ ഉസ്മാന്‍ മുസ്ള്യാര്‍ക്കും, മറ്റും ഭീകര വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തിയ ‘സുന്നിക്കുട്ടികള്‍ക്കും' ഒരു രണ്ടുകോടിയെങ്കിലും കൊടുക്കാതിരിക്കാന്‍ എ.പി.ഉസ്താദിന് കഴിയാതെ പോകുമോ? ഏതാണ്ട് 1994-95 കാലത്ത് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തന്നെ ചേകന്നൂര്‍ കേസിലെ പ്രതികള്‍ ആരാണ് എന്നതിന് ഒരു ഏകദേശരൂപം ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നുവെന്നും, പ്രതികളില്‍ പലരും പോലീസ് സഹായത്തോടെ വിദേശത്തേക്ക് രക്ഷപ്പെട്ടെന്നും അന്നു പത്രവാര്‍ത്തകള്‍ ഉണ്ടായിരുന്നു. അന്നു പത്രങ്ങളില്‍ വന്ന വാര്‍ത്തകളും സി.ബി.ഐ. ഉദ്യോഗസ്ഥരുടെ ഇന്നത്തെ കണ്ടെത്തലുകളും ഒരുപോലെ ഒത്തുവരുന്നു. ആ സ്ഥിതിക്ക് അന്ന് ചേകന്നൂര്‍ മൌലവിക്കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും കാന്തപുരത്തിനു വേണ്ട ഒത്താശകള്‍ ചെയ്തുകൊടുത്തു എന്ന നിഗമനത്തിനും പത്രവാര്‍ത്തകള്‍ക്കും പ്രസക്തിയുണ്ട്.
കുറ്റം ചെയ്തവര്‍ ആരായാലും അവരെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണം. അതേ സമയം ‘ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത്' എന്ന ആ മഹത്തായ നീതിശാസ്ത്രബോധത്തിന് ഒരു പോറലുമേല്‍ക്കാതിരിക്കാന്‍ കോടതികള്‍ പ്രത്യേകം ശ്രദ്ധിക്കണം. പട്ടിണിപ്പാവങ്ങളുടെയും സാധാരണക്കാരന്റെയും നാടായ ഇന്ത്യയില്‍ കോടതികള്‍ മാത്രമാണ് സാധാരണക്കാരന് ഒരാശ്രയവും ആശ്വാസവും. ആ വിശ്വാസം തകര്‍ക്കപ്പെടാതിരിക്കാന്‍ കോടതികള്‍ അതീവ ജാഗ്രതയും, കാര്‍ക്കശ്യവും പുലര്‍ത്തേണ്ടതുണ്ട്.
(4)
‘എ.പി.ഉസ്താദിന്റെ അറിവോടെയാണ് ചേകന്നൂര്‍ സംഭവത്തിന് ഉസ്മാന്‍ മുസ്ള്യാര്‍ പ്രവര്‍ത്തിച്ചത് എന്ന് ചേകന്നൂര്‍ കേസിലെ മറ്റൊരു പ്രധാന സാക്ഷിയായ അബ്ദുള്ള ചുങ്കം, കുണ്ടോട്ടി (ണ.20) പ്രേംകുമാര്‍ സി.ബി.ഐ. മുമ്പാകെ മൊഴികൊടുത്തതും ശ്രദ്ധേയമാണ്. എസ്.എസ്.എഫില്‍ (സുന്നി സ്റുഡന്റ് ഫെഡറേഷനില്‍ പ്രവര്‍ത്തിച്ചിരുന്ന തന്റെ മര്‍ക്കസ്സുമായുള്ള ബന്ധത്തിലൂടെയാണ് വാഴക്കാട് ബഷീര്‍ മാസ്ററുമായും, ഉസ്മാന്‍ മുസ്ള്യാരുമായും പരിചയപ്പെട്ടതെന്നും അബ്ദുള്ളയുടെ മൊഴിയില്‍ പറയുന്നു. ‘ഇസ്ളാമിക് ചാരിറ്റി സെന്റര്‍' എന്ന പേരില്‍ പ്രിന്റ് ചെയ്ത വൌച്ചറില്‍ ഒപ്പിട്ടുകൊണ്ടും, വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി ഒപ്പിട്ടുകൊണ്ട് 30,000 രൂപയും, പ്രതിമാസം 1000 രൂപ ശമ്പളം വേറെയും കൈപ്പറ്റിയതായും അബ്ദുള്ള സി.ബി.ഐ. ഉദ്യോഗസ്ഥര്‍ക്ക് (പ്രേംകുമാര്‍) മുമ്പില്‍ മൊഴി നല്‍കുന്നു. ‘പഴുന്നാന ദിക്റില്‍' അബ്ദുള്ളയും പങ്കെടുത്തിരുന്നു. അവിടെ ചീക്കോട്ടുള്ള ഉമ്മര്‍, കൊട്ടപ്പുറം റസാഖ്, ഹുസൈന്‍ മുസ്ള്യാര്‍, ഉസ്മാന്‍ മുസ്ള്യാര്‍, സെയ്തലവി അന്‍വരി, വാഴക്കാട്ട് ബഷീര്‍ മാസ്റര്‍ എന്നിവര്‍ പങ്കെടുത്തിരുന്നു എന്നും അബ്ദുള്ള പ്രേംകുമാര്‍ മുഖേന (സി.ബി.ഐ.) സമ്മതിക്കുന്നു. ടൈഗര്‍ സുന്നി, ക്രസന്റ് വളണ്ടിയര്‍ കോര്‍ (സി.വി.സി.) ജംഇയ്യത്തുല്‍ ഇഹ്സാനിയ്യ തുടങ്ങിയ ഭീകരസംഘടനകളുമായി അടുത്തു ബന്ധപ്പെട്ടവരാണ് മേല്‍പ്പറഞ്ഞ വ്യക്തികള്‍ എല്ലാവരും എന്നിരിക്കേ, പലരും ഒരുപാട് കൊലക്കേസില്‍ പ്രതികളുമാണെന്നിരിക്കേ, അവരുമായി 1995 വരെ വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അബ്ദുള്ളയുടെ മൊഴിക്ക് പ്രസക്തിയുണ്ട്. സംഘടനയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കുന്നത് കാരന്തൂര്‍ ഉസ്മാന്‍ മുസ്ള്യാര്‍ ആണ് എന്ന് അബ്ദുള്ള പറയുമ്പോള്‍ പ്രത്യേകിച്ചും. കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ള്യാര്‍ക്ക് ‘ശത്രുക്കളില്‍ നിന്ന് ' സംരക്ഷണം നല്‍കാന്‍ ‘സുന്നി ടൈഗര്‍ ഫോഴ്സും', പിന്നീട് ക്രസന്റ് വളണ്ടിയര്‍ കോറും (സി.വി.സി) മറ്റും ഉണ്ടാക്കിയത്, കാരന്തൂര്‍ സുന്നി മര്‍ക്കസ് കോളേജിന്റെ മാനേജരായിരുന്ന മാണ്ടാളില്‍ ഉസ്മാന്‍ മുസ്ള്യാരായിരുന്നു എന്നു മുമ്പ് അലിയാരടക്കം (ണ.34) ചില പ്രധാന സാക്ഷികള്‍ പറഞ്ഞതും നാം ഓര്‍ക്കുക. അപ്പോള്‍ എ.പി.ഉസ്താദിന്റെ അറിവോടെയാണ് ചേകന്നൂര്‍ സംഭവത്തിന് ഉസ്മാന്‍ മുസ്ള്യാര്‍ പ്രവര്‍ത്തിച്ചത് എന്ന് അബ്ദുള്ള മൊഴിനല്‍കിയെങ്കില്‍ അതില്‍ കാന്തപുരത്തെ സംശയിക്കുന്നതില്‍ തെറ്റുണ്ടോ.. ?
ചേകന്നൂര്‍ മൌലവി വധം -
ഗൂഢാലോചന നടന്നത് മര്‍ക്കസില്‍ വെച്ച്....!
1993 ഏപ്രില്‍-മെയ് മാസങ്ങളിലായി, കോഴിക്കോട്ടെ കാരന്തൂരിലുള്ള ‘മര്‍ക്കസ് ആര്‍ട്സ് കോളേജില്‍ വെച്ച് ഉസ്മാന്‍ മുസ്ളിയാരുടെ നേതൃത്വത്തില്‍ ഒരു ഗൂഢാലോചന നടക്കുകയും, ‘ഇസ്ളാമിന് എതിരായി പ്രവര്‍ത്തിക്കുന്ന മൌലവിയെ വധിക്കാന്‍ തീരുമാനിക്കുകയും ചെയ്തു എന്ന് സി.ബി.ഐ. സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കാണുന്നു. ഉസ്മാന്‍ മുസ്ള്യാരെ കൂടാതെ മുഹമ്മദ് ബഷീര്‍, മുഹമ്മദ് കുട്ടി, കുഞ്ഞിമരക്കാര്‍, അബ്ദുള്‍ ഗഫൂര്‍, അബ്ദുള്‍ സലാം പാലപ്പെട്ട, ഇല്യന്‍ ഹംസ, കക്കാട് അലിയാര്‍ എന്നിവരും ഗൂഢാലോചനയില്‍ സജീവമായി പങ്കെടുത്തിരുന്നതായി സി.ബി.ഐ. രേഖപ്പെടുത്തുന്നു. ഇന്ത്യയിലെ എന്നല്ല-ലോകത്തിലെ തന്നെ കുറ്റാന്വേഷണ സംഘടനകളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു അന്വേഷണ ഏജന്‍സിയാണ് നമ്മുടെ സി.ബി.ഐ. ആ സി.ബി.ഐ.യുടെ റിപ്പോര്‍ട്ടിലാണ് പ്രസ്തുത വിവരം രേഖപ്പെടുത്തിയിട്ടുള്ളത്.
1994-95 കാലഘട്ടം വരെ, കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ള്യാരുടെ വലം കൈയ്യായും, മന:സാക്ഷി സൂക്ഷിപ്പുകാരനായും, എ.പി.യുടെ മര്‍ക്കസിന്റെ ജനറല്‍ മാനേജരായും മറ്റും പ്രവര്‍ത്തിച്ച, ഉസ്മാന്‍ മുസ്ള്യാര്‍ കാന്തപുരത്തിന്റെ അറിവും സമ്മതവുമില്ലാതെ മര്‍ക്കസ് കേന്ദ്രമായി ഇത്തരം വിധ്വംസന - ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുമോ ? ഭീകര സംഘടനകളായ ഇസ്ളാമിക് ചാരിറ്റി സെന്റര്‍, സുന്നി ടൈഗേര്‍സ്, സുന്നി വളണ്ടിയര്‍ കോര്‍ (സി.വി.സി), ജംഇയ്യത്തുല്‍ ഇഹ്സാനിയ്യ എന്നിങ്ങനെ പരസ്പര ബന്ധമുള്ള സംഘടനകളും വ്യക്തികളും എല്ലാം 1994-95 വരെ മര്‍ക്കസ് ആസ്ഥാനമായിട്ടു കാന്തപുരത്തിനു വേണ്ടി തന്നെയാണ് പ്രവര്‍ത്തിച്ചിരുന്നത് എന്ന് വ്യക്തമാകുമ്പോള്‍ ‘കാന്തപുര'മാണ് ചേകന്നൂര്‍ വധത്തിന്റെ പിന്നില്‍ എന്ന് അന്നത്തെ പത്രങ്ങളുടെയും മറ്റു മാധ്യമങ്ങളുടെയും, ജനങ്ങളുടെയും കണ്ടെത്തലില്‍ കഴമ്പില്ലേ...?
(5)
ചേകന്നൂര്‍ വധക്കേസിലെ ഒരു പ്രധാനസാക്ഷിയും, ചേകന്നൂര്‍ വധത്തിന്റെ മുഖ്യസൂത്രധാരനുമായ മണ്ടാളില്‍ ഉസ്മാന്‍ മുസ്ള്യാരുടെ സഹോദരനുമായ, മണ്ടാളില്‍ അബൂബക്കര്‍ ഹാജിയുടെ (ണ.31) മൊഴിയിലും കാന്തപുരത്തിനെ സംശയിക്കാനും പ്രതിയാക്കാനും പര്യാപ്തമായ തെളിവുകള്‍ കാണുന്നു. കാന്തപുരത്തിന്റെ കാരന്തൂരുള്ള, ‘മര്‍ക്കസുസ്സഖാഫാത്തി സ്സുന്നിയ്യ' എന്ന ‘മര്‍ക്കസ്സില്‍', അറബിയും, ഉര്‍ദുവും, ഇംഗ്ളീഷും പഠിപ്പിക്കുന്ന ഗസ്റ് ലക്ചറര്‍ ആയിരുന്നു മണ്ടാളില്‍ അബൂബക്കര്‍ ഹാജി. കാന്തപുരം അബൂബക്കര്‍ മുസ്ള്യാര്‍ വിദേശയാത്ര പോകുമ്പോന്‍ (കുവൈറ്റ്, യു.എ.ഇ., ഈജിപ്ത് തുടങ്ങിയ സ്ഥലങ്ങളില്‍) കൂടെ കൊണ്ടുപോകാറുള്ള ഒരു ‘സന്തതസഹചാരി'യാണ് അദ്ദേഹമെന്ന് സി.ബി.ഐ.ക്ക് നല്‍കിയില്‍ മൊഴിയില്‍ വ്യക്തമാക്കുന്നു. ചേകന്നൂര്‍ മൌലവിയുടെ വധവുമായി ബന്ധപ്പെട്ടു മറ്റു പ്രതിഭാഗം സാക്ഷികള്‍ പറഞ്ഞ പലകാര്യങ്ങളും ഇദ്ദേഹം പറഞ്ഞതുമായി ഒത്തുവരുന്നുണ്ട്.
‘തങ്ങളെ എതിര്‍ക്കുന്നവരെ (സുന്നി ആശയക്കാരെ എതിര്‍ക്കുന്നവരെ) എങ്ങിനെ നേരിടണം ' എന്ന യോഗത്തില്‍ താനിതുവരെ പങ്കെടുത്തിട്ടില്ലെന്നും അത്തരം യോഗങ്ങള്‍ പലതും നടക്കാറുള്ളത് മര്‍ക്കസില്‍ വെച്ച് കാന്തപുരത്തിന്റെ നേതൃത്വത്തിലാണെന്നും, അതില്‍ തന്റെ സഹോദരനായ ഉസ്മാനും സജീവമായി പങ്കെടുക്കാറുണ്ടെന്നും, അബൂബക്കര്‍ ഹാജി പറഞ്ഞതായി സി.ബി.ഐ. റിപ്പോര്‍ട്ടില്‍ കാണുന്നു. മാത്രമല്ല മൌലവിയെ വധിക്കാനുപയോഗിച്ച നീല കളറിലുള്ള ജീപ്പ് തന്റെ സഹോദരനായ ഉസ്മാന്‍ വാങ്ങിയതു, മറ്റൊരു സഹോദരനായ ഉമ്മര്‍ഹാജിയുടെ പേരിലാണെങ്കിലും, ഉമ്മര്‍ഹാജിക്ക് ആ ജീപ്പില്‍ ഒരു ചെറിയ അവകാശമേ ഉണ്ടായിരുന്നുള്ളൂവെന്നും, മര്‍ക്കസിലെ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി കാന്തപുരത്തിന് വേണ്ടിയാണ് ജീപ്പ് വാങ്ങിയതെന്നും മണ്ടാളില്‍ അബൂബക്കര്‍ ഹാജി വ്യക്തമാക്കുന്നു. ഈ ജീപ്പില്‍ വെച്ചാണ് പ്രതികള്‍ മൌലവിയെ വധിച്ചത്.
1993 ജൂലായ് മാസത്തില്‍ ചേകന്നൂര്‍ മൌലവിയെ തട്ടിക്കൊണ്ടുപോയ വാര്‍ത്ത പത്രത്തില്‍ വരികയും, അതിനു പിറകില്‍ കാന്തപുരം ഗ്രൂപ്പാണെന്ന അഭ്യൂഹം പരക്കുകയും ചെയ്തപ്പോള്‍, മാണ്ടാളില്‍ അബൂബക്കര്‍ ഹാജി തന്റെ സഹോദരനായ മാണ്ടാളില്‍ ഉസ്മാനോട്, ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ‘കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ള്യാരാണ് ചേകന്നൂര്‍ വധം ആസൂത്രണം ചെയ്തതും, നടപ്പിലാക്കിയതും' എന്നാണ് ഉസ്മാന്‍ മുസ്ള്യാര്‍ അതിന് മറുപടി പറഞ്ഞത് എന്ന് മൊഴിയില്‍ വ്യക്തമാക്കുന്നു. തന്റെ സഹോദരനായ മണ്ടാളില്‍ ഉസ്മാന്‍ മുസ്ള്യാര്‍ കാന്തപുരത്തിന്റെ ‘മര്‍ക്കസ്' സംഘടനയിലെ ഒരു എക്സിക്യുട്ടീവും, കാന്തപുരം അബൂബക്കര്‍ മുസ്ള്യാരുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനുമാണ് എന്ന് ഉറപ്പുള്ളതുകൊണ്ടാണ് താന്‍ ഉസ്മാനോട് ഇതിനെക്കുറിച്ച് അന്ന് ചോദിച്ചത് എന്നും അബൂബക്കര്‍ ഹാജി സി.ബി.ഐ. ഓഫീസര്‍ മുമ്പാകെ മൊഴി നല്‍കുന്നു.
ചേകന്നൂര്‍ വധത്തെക്കുറിച്ച് തനിക്ക് കൂടുതലായി ഒന്നും അറിയില്ല എന്നു സമ്മതിക്കുന്ന മണ്ടാളില്‍ അബൂബക്കര്‍ ഹാജി, ‘ചേകന്നൂര്‍ വധം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും മര്‍ക്കസ്സു സ്സഖാഫാത്തിസ്സുന്നിയ്യയുടെ സെക്രട്ടറിയായ കാന്തപുരം അബൂബക്കര്‍ മുസ്ള്യാര്‍ ആണെന്ന് തന്റെ സഹോദരന്‍ മണ്ടാളില്‍ ഉസ്മാന്‍ മുസ്ള്യാര്‍ പറഞ്ഞതായി' രണ്ടു തവണ സി.ബി.ഐ. കുറ്റപത്രത്തില്‍ ആവര്‍ത്തിക്കുന്നു.
കാന്തപുരത്തിന്റെ സന്തതസഹചാരിയും, വിദേശ യാത്രകളില്‍ പോലും കാന്തപുരത്തോടൊപ്പം പോവുകയും അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ പരിഭാഷപ്പെടുത്തുകയും, കാന്തപുരത്തിന്റെ കാരന്തൂരുള്ള ‘മര്‍ക്കസ് കോളേജില്‍' അറബിയും, ഇംഗ്ളീഷും പഠിപ്പിക്കുകയും ചെയ്യുന്ന - മര്‍ക്കസിന്റെ അകവും, പുറവുമറിയുന്ന - ബഹുഭാഷാ പണ്ഡിതനും, കാര്‍ഷിക വിദഗ്ദനുമായ ഒരു വ്യക്തിയുടെ - മണ്ടാളില്‍ അബൂബക്കര്‍ ഹാജിയുടെ-മൊഴി ഒരു സി.ബി.ഐ.ക്കും, കോടതിക്കും അവഗണിക്കാന്‍ പറ്റുന്നതല്ല, എന്നതും കാന്തപുരത്തിന്റെ മേല്‍ വീണ്ടും സംശയത്തിന്റെ കരിനിഴല്‍ വീഴ്ത്തുന്നു...!
മണ്ടാളില്‍ ഉസ്മാന്‍ മുസ്ള്യാരുടേത് (ഉമ്മര്‍ഹാജിയുടേത്) എന്ന് പൊതുവെ എല്ലാവരും കരുതുന്ന- മൌലവിയെ വധിക്കാനുപയോഗിച്ച നീല ജീപ്പും, മൌലവിയുടെ ഭൌതികശരീരം കുഴിച്ചുമൂടി, എന്നു നാം കരുതുന്ന ഉസ്മാന്‍ മുസ്ള്യാരുടെ പേരിലുള്ള ‘ചുവന്നകുന്നും' യഥാര്‍ത്ഥത്തില്‍ ഉസ്മാന്‍ മുസ്ള്യാരുടേതല്ലെന്നും, അതു മര്‍ക്കസ്സിന്റെ പേരിലുള്ള സ്വത്താവാനാണ് സാധ്യത എന്നും മനസ്സിലാകുന്നുണ്ട്. ഒരിക്കല്‍ ‘ചുവന്നകുന്ന്' കാണിക്കാന്‍ തന്റെ സഹോദരനായ അബൂബക്കര്‍ ഹാജിയെ, മണ്ടാളില്‍ ഉസ്മാന്‍ മുസ്ള്യാര്‍ ‘ചുവന്ന കുന്നില്‍' കൊണ്ടുപോയപ്പോള്‍, സ്വന്തം ജ്യേഷ്ഠനോട് അദ്ദേഹം പറഞ്ഞത് അത് തന്റെ ഒരു സുഹൃത്തിന്റെ സ്ഥലം ആണെന്നാണ്. സ്വന്തം ജ്യേഷ്ഠസഹോദരനോട് തന്റെ പേരിലുള്ള സ്വത്ത് തന്റെ ‘സുഹൃത്തി'ന്റെതാണെന്ന് പറയേണ്ട കാര്യം മണ്ടാളില്‍ ഉസ്മാന്‍ മുസ്ള്യാര്‍ക്കില്ല..!
(6)
‘ഇസ്ളാമിക് ചാരിറ്റിസെന്റര്‍' ഒരു ഭീകരസ്വഭാവമുള്ള സംഘടനയാണെന്ന് ചേകന്നൂര്‍ കേസിലെ മറ്റൊരു പ്രധാന സാക്ഷിയും, കാന്തപുരം ഗ്രൂപ്പിന്റെ പ്രവര്‍ത്തകനുമായ അബൂബക്കര്‍ സിദ്ദിഖിന്റെ (സിദ്ദിഖ് ചിക്കന്‍ സ്റാള്‍, പള്ളിക്കല്‍ ബസാര്‍) (ണ.29) സി.ബി.ഐ.ക്കു മുമ്പാകെയുള്ള മൊഴിയില്‍ നിന്നും വ്യക്തമാകുന്നു.
1992-ല്‍ മഞ്ചേരിയില്‍ ഹിന്ദുക്കളും മുസ്ളീംകളും തമ്മിലുണ്ടായ ഒരു തര്‍ക്കത്തില്‍, ജീപ്പില്‍ ആയുധങ്ങളുമായി പോയതിന് അറസ്റിലായവര്‍ ‘ചേകന്നൂര്‍ കേസില്‍' ഉള്ളതായി അബൂബക്കര്‍ സിദ്ദിഖിന്റെ മൊഴിയില്‍ കാണുന്നു. ഇവരൊക്കെ ‘ഇസ്ളാമിക് ചാരിറ്റി സെന്റര്‍ എന്ന പേരില്‍ ഒരു സംഘടനയുണ്ടാക്കി പ്രവര്‍ത്തിച്ചിരുന്നുവെന്നും, ഐക്കപ്പരപ്പടിയിലെ ഐ.സി.സി.യുടെ (ഇസ്ളാമിക് ചാരിറ്റി സെന്ററിന്റെ) പ്രധാന വ്യക്തികള്‍ റസാഖും ജബ്ബാറുമാണെന്നും, അബൂബക്കര്‍ സിദ്ദിഖിന്റെ മൊഴിയില്‍ കാണുന്നു. മണ്ടാളില്‍ ഉസ്മാന്‍ മുസ്ള്യാര്‍ ‘ഇസ്ളാമിക് ചാരിറ്റി സെന്റര്‍' എന്ന വൌച്ചറില്‍ ഒപ്പിട്ടിട്ടാണ് പണം തന്നിരുന്നത് എന്ന് അബ്ദുള്ളയും (ണ.20) പറയുന്നു.
കൊട്ടപ്പുറം അബ്ദുള്‍ റസാഖ്, പള്ളിക്കല്‍ ബസാറിലുള്ള കുന്നത്തിരി അബ്ദുഗഫൂര്‍, ‘കട നടത്തുന്ന അബ്ബാസ്, കിഴശ്ശേരിയിലുള്ള കൊന്തേടന്‍ മുഹമ്മദ്കുട്ടി തുടങ്ങി 17 പേരാണ് അന്ന് 2 ജീപ്പില്‍ ആയുധങ്ങളുമായി മഞ്ചേരിയിലേക്ക് പോയത് എന്ന് അബൂബക്കര്‍ സിദ്ദിഖ് സി.ബി.ഐ. മുമ്പില്‍ മൊഴി നല്‍കുമ്പോള്‍, ചേകന്നൂര്‍ കേസിലെയും, സന്തോഷ് വധക്കേസിലെയും, തൊഴിയൂരിലിലുള്ള സുനില്‍ വധക്കേസിലെയും പല പ്രതികളുമായുള്ള പരസ്പര ബന്ധവും, കോഴിക്കോട്ടും, മലപ്പുറത്തും, തൃശ്ശൂരും മറ്റുമായി മണ്ടാളില്‍ ഉസ്മാന്‍ മുസ്ള്യാരുടെ ‘ഇസ്ളാമിക് ചാരിറ്റി സെന്റര്‍', കോഴിക്കോട്ട് മര്‍കസ് ആസ്ഥാനമായി ശരിക്കും പ്രവര്‍ത്തിച്ചിരുന്നു എന്നു പകല്‍പോലെ വ്യക്തമാകുന്നു.
(7)
1996 ആഗസ്റ് ഒമ്പതാം തീയ്യതി ചെന്ത്രാപ്പിനിയിലുള്ള മനാഫും, നവാസും, ഷാജഹാനും ചേര്‍ന്ന് ചക്കരപ്പാടം സ്വദേശി സന്തോഷ് എന്നയാളെ കൊലപ്പെടുത്തി. ഈ കേസിലെ മൂന്നാം പ്രതിയായിരുന്നു മനാഫ്. ബി.ജെ.പി. ആര്‍.എസ്.എസ്. പ്രവര്‍ത്തകരെ അമര്‍ച്ച ചെയ്യുകയും ഉന്മൂലനം ചെയ്യുന്നതിന്റെയും ഭാഗമായിട്ടാണ് ‘സന്തോഷ് വധം' നടപ്പിലാക്കിയത് എന്ന് മനാഫ് സി.ബി.ഐ. മുമ്പാകെ സമ്മതിക്കുന്നു. ‘ജംഇയ്യത്തുല്‍ ഇഹ്സാനിയ്യ' എന്ന പേരിലുള്ള ‘തീവ്രവാദി' സംഘടനയുടെ മീറ്റിംഗില്‍ സൈയ്തലവി അന്‍വരി, മണ്ടാളില്‍ ഉസ്മാന്‍ മുസ്ള്യാര്‍, പള്ളം സുലൈമാന്‍ എന്നിവര്‍ പലപ്പോഴും ക്ളാസെടുക്കാറുണ്ടായിരുന്നു. ചാവക്കാട്ടുള്ള ‘അകലാട്' സ്കൂളില്‍ വെച്ചു നടന്ന ഒരു ക്ളാസില്‍ മണ്ടാളില്‍ ഉസ്മാന്‍ മുസ്ള്യാരും പ്രസംഗിച്ചിരുന്നു എന്ന് മനാഫ് പറയുന്നു.
(8)
ചേകന്നൂര്‍ വധക്കേസിലെ ഒരു പ്രധാനസാക്ഷിയായ ടി.പി.അബൂബക്കര്‍ മാസ്ററുടെ (ണ.22) ട/ീ.അബ്ദുല്‍ റഹിമാന്‍കുട്ടി, തേലക്കാട്ട്, പള്ളിയാലിപടിക്കല്‍ വീട്, എളയൂര്‍, ഐരുവെട്ടി, അരീക്കോട്, മലപ്പുറം) മാസ്ററുടെ മൊഴിയില്‍ നിന്നും അന്ന് കേസന്വേഷിച്ച ക്രൈബ്രാംഞ്ച് പോലീസിന്റെ അനാസ്ഥ വ്യക്തമാകുന്നുണ്ട്. ചേകന്നൂര്‍ വധക്കേസിലെ പ്രധാന പ്രതികളും, സാക്ഷികളുമായ മണ്ടാളില്‍ ഉസ്മാന്‍ മുസ്ള്യാര്‍, ഹുസൈന്‍ മുസ്ള്യാര്‍ തുടങ്ങിയവരുമായി വളരെ അടുത്ത ബന്ധമുള്ള ആളായിട്ടാണ് സി.ബി.ഐ. കുറ്റപത്രത്തില്‍ ടി.പി.അബൂബക്കര്‍ മാസ്ററെ കാണാന്‍ കഴിയുന്നത്. കാന്തപുരവുമായി ‘വേദി' പങ്കിടുന്നതും, കാന്തപുരത്തിന്റെ ‘മര്‍ക്കസ് ആര്‍ട്സ് കോളേജില്‍' ഫ്രീ ആയി ജനറല്‍ വിഷയങ്ങളില്‍ കുട്ടികള്‍ക്ക് ക്ളാസ് എടുത്തുകൊടുക്കുന്നതും, ഹുസൈന്‍ മുസ്ള്യാരെ ജയിലില്‍ പോയി കാണുന്നതും, ഹുസൈന്‍ മുസ്ള്യാര്‍ ജയിലില്‍ നിന്ന് ഇറങ്ങുമ്പോള്‍ സ്വീകരിക്കാന്‍ പോയതും മറ്റും, 1981 മുതല്‍ ഫാറൂഖ് കോളേജില്‍ എട്ടുവര്‍ഷത്തോളം, ബോട്ടണി അദ്ധ്യാപകനായി ജോലി നോക്കിയ അബൂബക്കര്‍ മാഷ് തന്നെയായിരുന്നു. മാത്രമല്ല സന്തോഷ് വധക്കേസിലെ മൂന്നാം പ്രതിയായ ഹുസൈന്‍ മുസ്ള്യാര്‍, ജയിലില്‍ പീഢനങ്ങള്‍ അനുഭവിക്കുമ്പോള്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിയുന്ന സെയ്തലവി അന്‍വരിയെ കാണാന്‍ പോകുന്നതും അബൂബക്കര്‍ മാഷുതന്നെ. സെയ്തലവി അന്‍വരി, ബാംഗ്ളൂരില്‍ ലാല്‍ ബാഗ് പാര്‍ക്കിനടുത്തുള്ള ഒരു പള്ളിയില്‍ ഉണ്ടാകുമെന്നും, അദ്ദേഹത്തോടുപോയി പോലീസിന് കീഴടങ്ങാന്‍ പറയണമെന്നും മാണ്ടാളില്‍ ഉസ്മാന്‍ മുസ്ള്യാര്‍ നിര്‍ദ്ദേശിച്ച പ്രകാരം ബാംഗ്ളൂരില്‍ സെയ്തലവി അന്‍വരിയെ കാണാന്‍ പോകുന്നതും അബൂബക്കര്‍ മാഷ് തന്നെയായിരുന്നു.
രണ്ടായിരാമാണ്ടില്‍ ചേകന്നൂര്‍ മൌലവി വധക്കേസില്‍ തുമ്പുണ്ടായതിനുശേഷം മാത്രമാണ് ചേകന്നൂര്‍ മൌലവിയുടെ മൃതശരീരം, അരൂരിലുള്ള ‘ഉസ്മാന്‍ മുസ്ള്യാരുടെ ഉടമസ്ഥതയിലുള്ള ചുവന്നകുന്നില്‍ മറവുചെയ്തിട്ടുണ്ട് എന്ന് ലോകം അറിയുന്നത്. എന്നാല്‍ ചേകന്നൂര്‍ മൌലവിയെ വധിച്ചതും മൃതദേഹം അരൂരിലുള്ള ചുവന്നകുന്നില്‍ മറവു ചെയ്തതും 1994 - 1995 ല്‍ തന്നെ തനിക്കറിയാമെന്ന് അബൂബക്കര്‍ തന്റെ മൊഴിയില്‍ പറയുന്നു.
1994-95 അവസാനത്തില്‍ ഒരു ദിവസം വൈകുന്നേരം 7 മണിക്ക് ചേകന്നൂര്‍ വധക്കേസിലെ പ്രധാന പ്രതികളായ മണ്ടാളില്‍ ഉസ്മാന്‍ മുസ്ള്യാരും, ബഷീറും ഫറോക്കിലുള്ള തന്റെ വീട്ടില്‍ വന്നുവെന്നും, മണ്ടാളില്‍ ഉസ്മാന്‍ മുസ്ള്യാര്‍ ബഷീറിനെ തനിക്ക് ആദ്യമായി പരിചയപ്പെടുത്തിയെന്നും മാഷ് പറയുന്നു. (സി.ബി.ഐ.-പ്രേംകുമാര്‍). രണ്ടായിരാമാണ്ടു വരെ ഒരു ‘തുമ്പും' കിട്ടാതിരുന്ന ചേകന്നൂര്‍വധത്തിലെ പ്രധാന സാക്ഷികളെയും പ്രതികളെയും കുറിച്ച് 1994-ല്‍ തന്നെ മണ്ടാളില്‍ ഉസ്മാന്‍ മുസ്ള്യാര്‍ തന്നെ ടി.പി.അബൂബക്കര്‍ മാഷിനോടും, പ്രതികളോടുമൊപ്പം വീട്ടില്‍ വന്നു നേരില്‍ പറഞ്ഞു എന്ന് സി.ബി.ഐ. മൊഴിയില്‍ കാണുമ്പോള്‍, ചേകന്നൂര്‍ മൌലവി വധവുമായി ബന്ധപ്പെട്ട എല്ലാ കാര്യവും അബൂബക്കര്‍ മാഷിനും, അദ്ദേഹത്തോടൊപ്പം പലപ്പോഴും വേദി പങ്കിട്ട കാന്തപുരത്തിനും അറിയാമെന്നു സങ്കല്‍പ്പിക്കുന്നതില്‍ തെറ്റുണ്ടോ...? ‘‘നാളെ ബഷീറിനോട് പോലീസില്‍ ഹാജരാവാന്‍ പറഞ്ഞിട്ടുണ്ടെന്നും, ചേകന്നൂര്‍ വധവുമായി ബന്ധപ്പെട്ട് ബഷീറിനെ പോലീസിന് സംശയമുണ്ടെന്നും ഉസ്മാന്‍ മുസ്ള്യാര്‍ അബൂബക്കര്‍ മാഷിനോട് പറഞ്ഞു എന്നു സി.ബി.ഐ. രേഖയില്‍ കാണുന്നു. തുടര്‍ന്ന് ചേകന്നൂര്‍ വധവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദമായി ഉസ്മാന്‍ മുസ്ള്യാര്‍ അബൂബക്കര്‍ മാഷോടു പറഞ്ഞുവത്രെ. ബഷീറും സഖാഫിയും ചേര്‍ന്ന് ചേകന്നൂര്‍ മൌലവിയെ വീട്ടില്‍ നിന്ന് തന്ത്രപൂര്‍വ്വം വിളിച്ചിറക്കിക്കൊണ്ടുവന്നതും ജീപ്പില്‍ കോഴിക്കോട്ടേക്ക് പുറപ്പെട്ടതും, കൊളപ്പുറത്തുവെച്ചു ബാക്കി പ്രതികള്‍ തന്ത്രപൂര്‍വ്വം ജീപ്പില്‍ കയറിയതും ജീപ്പില്‍ വെച്ച്, ബഷീര്‍ ‘സിഗ്നല്‍' കൊടുത്തപ്പോള്‍ പിറകിലിരുന്നവര്‍ പെട്ടെന്ന് മൌലവിയുടെ കഴുത്തില്‍ തുണി ചുറ്റിയതും, അങ്ങനെ എല്ലാവരും ചേര്‍ന്ന് മൌലവിയെ വധിച്ചതും, അരൂരിലുള്ള ചുവന്ന കുന്നില്‍ മൌലവിയുടെ മൃതദേഹം മറവു ചെയ്തതും..... എല്ലാം.
അതീവ രഹസ്യമായ ഒരു ഭീകര സംഘടനയുടെ ഒരു ‘ഭീകര ദൌത്യം', ഇത്ര ലാഘവത്തോടൂകൂടി ഉസ്മാന്‍ മുസ്ള്യാര്‍ അബൂബക്കര്‍ മാസ്ററോടു പറയുമോ ? അബൂബക്കര്‍ മാസ്ററോടൊപ്പം വേദി പങ്കിടുന്ന കാന്തപുരം അബൂബക്കര്‍ മുസ്ള്യാര്‍ അറിഞ്ഞുകൊണ്ടുതന്നെയാണ് ചേകന്നൂര്‍ വധം അരങ്ങേറിയത് എന്ന് അന്ന് പത്രവാര്‍ത്തകളില്‍ അഭ്യൂഹം ഉണ്ടായിരുന്നു. വിദ്യാസമ്പന്നനും, ബിസിനസ്സുകാരനും, സര്‍വ്വോപരി പ്രസിദ്ധമായ ഒരു കോളേജില്‍ 8 വര്‍ഷം അദ്ധ്യാപകനുമായ ഒരു വ്യക്തി, നാടിനെ നടുക്കിയ ഒരു കൊലപാതകത്തിന്റെ അണിയറ രഹസ്യങ്ങള്‍ ഏഴു വര്‍ഷം മുമ്പ് അറിഞ്ഞിട്ടും പോലീസിനെയും, കോടതിയേയും അറിയിക്കാതെ പൂഴ്ത്തിവെച്ചതും ശിക്ഷാര്‍ഹമല്ലേ .. ?
കാന്തപുരത്തിന്റെ ബിനാമിയാണെന്ന് അന്നു പത്രങ്ങളില്‍ പരക്കെ വാര്‍ത്തയുണ്ടായിരുന്ന മണ്ടാളില്‍ ഉസ്മാന്‍ മുസ്ള്യാര്‍ക്കു വേണ്ടി അരൂരിലുള്ള ചുവന്ന കുന്ന് 1992ല്‍ വാങ്ങിക്കൊടുത്തതും അബൂബക്കര്‍ മാഷാണ്. 93 മുതല്‍ 98 വരെ ഈ സ്ഥലം ഉസ്മാന്‍മുസ്ള്യാരുടെ കൈവശമായിരുന്നു. 98ല്‍ ആ സ്ഥലം പി.സി.മോന്‍ എന്നയാള്‍ വാങ്ങി. ‘ചേകന്നൂര്‍ മൌലവിയുടെ മൃതദേഹം ചുവന്നകുന്നില്‍ കുഴിച്ചിട്ടിട്ടുണ്ടെന്ന് 93-ല്‍ തന്നെ ഞാന്‍ അറിഞ്ഞിരുന്നു' എന്ന് മാഷ് പറയുന്നു. മണ്ടാളില്‍ ഉസ്മാന്‍ മുസ്ള്യാരാണ് ആ വിവരം അബൂബക്കര്‍ മാഷിനോട് പറഞ്ഞത് എന്നും മാഷ് സി.ബി.ഐ. (സുഭാഷ്) മുമ്പാകെ വ്യക്തമാക്കുന്നു. അപ്പോള്‍ 94-95 അവസാനം പോലീസ് ബഷീറിനെത്തേടി വന്നപ്പോഴല്ല അതിനു മുമ്പേ ചേകന്നൂര്‍ വധവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ടി.പി.അബൂബക്കര്‍ മാസ്റര്‍ക്ക് അറിയാമെന്ന് സി.ബി.ഐ.യുടെ തന്നെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ അബൂബക്കര്‍ മാസ്റര്‍ നല്‍കിയ ഈ പരസ്പരവിരുദ്ധമായ മൊഴിയില്‍ നിന്ന് വ്യക്തമാകുന്നു..! കാന്തപുരവുമായി പലപ്പോഴും വേദി പങ്കിട്ടിരുന്ന ടി.പി.അബൂബക്കര്‍ മാസ്റര്‍ക്ക് ചേകന്നൂര്‍ മൌലവി കൊലക്കേസിലെ പല സുപ്രധാന സംഭവങ്ങളും അറിയാം എന്നു താല്‍പര്യം.
അനേകം മഹല്‍വ്യക്തികള്‍ക്ക് ജന്മംനല്‍കിയ ഒരു മഹത്തായ സ്ഥാപനമാണ് ഫാറൂഖ് കോളേജ്. എന്നെപ്പോലെയുള്ള പതിനായിരങ്ങള്‍ക്ക് പഠിക്കാനും, വളരാനും, അദ്ധ്യാപകരും, ഡോക്ടരും, എഞ്ചിനീയറുമൊക്കെയാവാനും, താങ്ങും തണലും നല്‍കിയ ഒരു മഹാപ്രസ്ഥാനമാണ് ഫാറൂഖ് കോളേജ്. ജാതിയുടെയും മതത്തിന്റെ അതിര്‍വരമ്പുകളില്ലാതെ -വര്‍ഗ്ഗീയതയുടെ ഒരു ലാഞ്ജനപോലുമില്ലാതെ - എല്ലാവരെയും ഒരു പോലെ സ്നേഹിച്ച ഒരു മഹത്തായ കലാലയം. അവിടെ ജോലിചെയ്തുകൊണ്ടിരുന്ന ഒരു വ്യക്തിയാണ് അബൂബക്കര്‍ മാസ്റര്‍. ചേകന്നൂര്‍വധം, സന്തോഷ് വധം, തൊഴിയൂരിലെ സുനില്‍വധം, എന്നിങ്ങനെ ഒരുപാടു വധക്കേസുകളിലും, ഭീകരപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരുന്ന പ്രതികളുമായുള്ള അബൂബക്കര്‍മാഷിന്റെ ‘അടുത്ത ചങ്ങാത്തം' വളരെ ഭീതിയുളവാക്കുന്നതാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ...!
‘അന്നു (1994-95ല്‍) ബഷീറിനെ ചോദ്യം ചെയ്ത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് ഒരു തുമ്പും കിട്ടിയില്ലെന്നും പ്രതിയായ ബഷീറിനെ തിരിച്ചറിഞ്ഞിട്ടില്ലെന്നും' കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഉസ്മാന്‍ മുസ്ള്യാര്‍ അബൂബക്കര്‍ മാഷോടു പറഞ്ഞുവത്രെ. കുറച്ചുനാള്‍ കഴിഞ്ഞു കോഴിക്കോട് വെച്ചു ബഷീറിനെ വീണ്ടും കണ്ടപ്പോള്‍ ബഷീറും ‘എന്നെ തിരിച്ചറിഞ്ഞിട്ടില്ല, പ്രശ്നങ്ങള്‍ ഒന്നും ഇല്ല' എന്ന് അബൂബക്കര്‍ മാഷോട് പറഞ്ഞുവത്രെ...! ഏതാണ്ട് ഈ സമയത്തു (1994ല്‍) തന്നെയാണ് ക്രൈംബ്രാഞ്ചിലെ ചില ഉന്നത ഉദ്യോഗസ്ഥന്മാരുടെ സഹായത്തോടെ ചേകന്നൂര്‍കേസിലെ മുഖ്യപ്രതികളെല്ലാം വിദേശത്തേക്കു കടന്നു എന്ന് പത്രങ്ങളില്‍ വാര്‍ത്തയുണ്ടായിരുന്നത്. കാന്തപുരത്തിന്റെ മര്‍ക്കസിലെ അകത്തും പുറത്തും അടുക്കളയിലും എപ്പോഴും കറങ്ങിനടന്നിരുന്ന ഒരുന്നതനായ പോലീസുദ്യോഗസ്ഥന്റെ സഹായത്തോടെ പ്രതികള്‍ ബോബെ വഴി വിദേശത്തേക്ക് കടന്നു എന്നുവരെ അന്നു വാര്‍ത്തയുണ്ടായിരുന്നു. അതു കൊണ്ട് ആ സമയത്ത് കേസന്വേഷിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെയും ചേകന്നൂര്‍ വധത്തില്‍ പങ്കുള്ള ചിലരെയും മാറ്റിനിര്‍ത്തിക്കൊണ്ട് കുറ്റപത്രം തയ്യാറാക്കുന്ന രീതിയില്‍ തെളിവുകള്‍ വളച്ചൊടിച്ച് അന്നത്തെ പോലീസുദ്യോഗസ്ഥന്‍മാരെക്കുറിച്ചും കോടതി പ്രത്യേകം അന്വേഷിക്കാന്‍ ഉത്തരവിടേണ്ടതുണ്ട്..!
‘ചേകന്നൂര്‍ വധത്തില്‍ കാന്തപുരം കുടുങ്ങും' എന്ന് അന്ന് പൊതുവേ ജനസംസാരമുണ്ടായിരുന്നു. 1995ന് ശേഷമാണ് മണ്ടാളില്‍ ഉസ്മാന്‍ മുസ്ള്യാര്‍ അടക്കം പലരും തന്ത്രപൂര്‍വ്വം മര്‍ക്കസില്‍ നിന്ന് അകന്നുനില്‍ക്കുന്നതായി അഭിനയിക്കുന്നത്.
1995ന് ശേഷം മാതൃഭൂമി, മനോരമ തുടങ്ങി കേരളത്തിലെയും, ഇന്ത്യയിലെയും പ്രധാന പത്രങ്ങളില്‍ കാന്തപുരത്തിന്റെ മതസൌഹാര്‍ദ്ദ ലേഖനങ്ങളും, പ്രസ്താവനകളും നിരന്തരം കാണാം. അതേ സമയം 1995ന് മുമ്പ് അത്തരം പത്രങ്ങളില്‍ കാന്തപുരത്തിന്റെ മതസൌഹാര്‍ദ്ദ ലേഖനങ്ങള്‍ നിരന്തരം കാണുക സാധ്യമല്ല. താനൊരു ‘മതസൌഹാര്‍ദ്ദ'വാദിയാണെന്നും, അഞ്ചുനേരം നിസ്കരിക്കാത്തവരൊക്കെ കാഫിറുകളാണെന്നും, കാഫിറുകളെ കൊല്ലണം എന്ന വാദമൊന്നും തനിക്കില്ലെന്നും, തന്റെ മര്‍ക്കസില്‍ ഇതുവരെ ഒരു ഭീകരപ്രവര്‍ത്തനവും നടന്നിട്ടില്ലെന്നും, ഇന്ത്യ അംഗീകരിക്കുന്ന ഒരു ‘മഹാ ഫിഗറാണ്' താനെന്നും ഇന്ത്യയിലെ ജഡ്ജിമാരെയും, പോലീസുകാരെയും തെറ്റിദ്ധരിപ്പിക്കലായിരുന്നു ആ ലേഖനങ്ങളുടെ ഒരു ലക്ഷ്യം. 1995ന് ശേഷമുള്ള കാന്തപുരത്തിന്റെ ഇത്തരം പേപ്പര്‍കട്ടിംഗുകളുമായിട്ടാണ് ഇപ്പോള്‍ കാന്തപുരത്തിന്റെ 'വക്കീലന്മാര്‍' നടക്കുന്നത്.
ചേകന്നൂര്‍ മൌലവിയെ ‘മൂര്‍ഖന്‍ പാമ്പിനെ കൊല്ലുന്നപോലെ കൊല്ലണം' (ഒറ്റയടിക്ക്, തലക്കടിച്ച്) കൊല്ലണം എന്ന്, അന്ന് മുജാഹിദ് നേതാവായ ഉമ്മര്‍ മൌലവി ഒരു നോട്ടീസ് ഇറക്കിയിരുന്നു. ചേകന്നൂര്‍ മൌലവിയുമായി ഒരു വാദപ്രതിവാദത്തിന് കാന്തപുരത്തെ ക്ഷണിക്കാന്‍ പോയ ‘കുരുണിയന്‍ സെയ്തിനോടും, എഞ്ചിനീയര്‍ വീരാന്‍കുട്ടിയോടും ‘ഓന്‍ (ചേകന്നൂര്‍) കാഫിറാണ്. നമസ്കാരം മൂന്നാക്കി ചുരുക്കിയ ഓന്‍ കാഫിറാണ്. ഇതൊരു ‘ഷഹീദി'ന്റെ കാര്യമാണ്. എന്റെ കുട്ടികള്‍ ഇതൊന്നും കണ്ട് അടങ്ങിയിരിക്കില്ല. അവര്‍ ചേകന്നൂരിനെ കൈകാര്യം ചെയ്തുകൊള്ളും'' . എന്നിങ്ങനെ കാന്തപുരം പറഞ്ഞതായി, അന്നു എഞ്ചിനീയര്‍ വീരാന്‍കുട്ടി സാഹിബ് എന്നോട് പറഞ്ഞിരുന്നു. ഇതൊക്കെ അന്നു 1993ല്‍ ഞാന്‍ കേസന്വേഷിക്കുന്ന ലോക്കല്‍ പോലീസിനോടും, ക്രൈംബ്രാഞ്ചിനോടും പറഞ്ഞിരുന്നു. പക്ഷേ കോടതിയില്‍ എന്നെ വിസ്തരിച്ചപ്പോള്‍, കാന്തപുരവുമായുണ്ടായ സംവാദത്തിന്റെ ഭാഗം എത്തിയപ്പോള്‍ പെട്ടെന്ന് പ്രതിഭാഗം വക്കീലും മറ്റും വിഷയം മാറ്റി, കോടതി നടപടികള്‍ അവസാനിപ്പിക്കുകയാണുണ്ടായത്..! ഇതിലും ദുരൂഹതയുണ്ട്...!!
ജയിലില്‍ നിന്ന് ഇറങ്ങിയ ഹുസൈന്‍ മുസ്ള്യാര്‍ക്കു കുഴമ്പു വാങ്ങാന്‍ പോയതും, അബൂബക്കര്‍ മാഷു തന്നെ..!! എല്ലാ അസുഖങ്ങളും ‘മന്ത്രിച്ചൂതി' ഭേദപ്പെടുത്തുന്ന സിദ്ധനായിട്ടാണ് ഹുസൈന്‍ മുസ്ള്യാര്‍ പൊതുവെ അറിയപ്പെടുന്നത്. കൊലക്ക് പോകുന്ന പ്രതികള്‍ പോലീസ് പിടിയില്‍ അകപ്പെടാതിരിക്കാനും, കൊലപാതകം നടത്തിയ ജീപ്പ് പോലീസ് പിടിയില്‍ അകപ്പെടാതിരിക്കാനും ‘ദിക്ര്‍' കൊടുക്കുന്ന (മന്ത്രിച്ചൂതി വെള്ളം തളിയ്ക്കുന്ന) ഒരു ‘മഹത്തായ ചികിത്സാശാസ്ത്രവും' ഹുസൈന്‍ മുസ്ള്യാര്‍ക്ക് അറിയാം. അങ്ങനെയുള്ള മഹാസിദ്ധനും, മന്ത്രവാദിയുമായ ഹുസൈന്‍ മുസ്ള്യാര്‍ക്കെന്തിനാ കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ കുഴമ്പ്' എന്ന് ചോദിക്കാമായിരുന്നില്ലേ മാഷേ...?
‘കുറച്ചുപേരെ കുറേ കാലത്തേക്കു വിഡ്ഢികളാക്കാം. കുറേ പേരെ കുറച്ചുകാലത്തേക്കു വിഡ്ഢികളാക്കാം. എന്നാല്‍ എല്ലാവരെയും എല്ലാകാലത്തും പറ്റിക്കാനും വിഡ്ഢികളാക്കാനും നിങ്ങള്‍ക്കാവില്ല.!'. ‘അവര്‍ തന്ത്രം പ്രയോഗിച്ചു'. അല്ലാഹുവും തന്ത്രം പ്രയോഗിച്ചു. ഒടുവില്‍ ‘അവരുടെ കുതന്ത്രങ്ങളെല്ലാം അല്ലാഹു പാടെ തകര്‍ത്തു കളഞ്ഞു' എന്ന ഖുര്‍ആന്‍ വാക്യം എത്രമാത്രം അന്വര്‍ത്ഥമല്ല...?
ദൈവവും ചെകു
ത്താനും
പകലിന്റെ രണ്ടറ്റങ്ങളിലും രാത്രിയുടെ ആദ്യയാമങ്ങളിലുമായി മൂന്നുനേരം നമസ്ക്കരിക്കണമെന്നാണ് ഖുര്‍ആനും (11:114) മുഹമ്മദ് നബിയും പഠിപ്പിച്ചത്. എന്നാല്‍ രാത്രിയുടെ രണ്ടറ്റങ്ങളിലും, പകലിന്റെ ഒത്തനടുക്കും, രാത്രിയുടെ ആദ്യയാമങ്ങള്‍ കഴിഞ്ഞതിനുശേഷവുമൊക്കെയായി അഞ്ചുനേരം നമസ്കരിക്കണമെന്നും അതാണ് നബിചര്യ, (നബിയുടെ ഹദീസ്) എന്നുമാണ് അബൂഹുറൈറയും മുആവിയവും നബിയുടെ മരണശേഷം സുമാര്‍ ഇരുപതുവര്‍ഷം കഴിഞ്ഞപ്പോള്‍ നബിയുടെ പേരില്‍ സംഘടിതമായി ‘കള്ള ഹദീസു'കളുണ്ടാക്കി (കള്ള വാര്‍ത്തകളുണ്ടാക്കി) പ്രചരിപ്പിച്ചത്. മാത്രമല്ല കണ്ണുപൊട്ടന്‍ പോലും ബാങ്കുകേട്ടാല്‍ പള്ളിയില്‍ എത്തണമെന്നും, ബാങ്കുകേട്ടിട്ടും നിത്യവും സംഘടിതനമസ്കാരത്തിന് പള്ളിയില്‍ എത്താത്തവന്റെ വീടിന് തീവെക്കണമെന്നും ‘കള്ളഹദീസു'കളിലൂടെ അബൂഹുറൈയും മുആവിയയും നിയമമാക്കി.
ഇസ്ളാമിന്റെ നാലാം ഖലീഫയായ ഹസ്രത്ത് അലിയെ ചതിക്കുകയും, ഹസ്രത്ത് അലിയില്‍ നിന്ന് അധികാരം ബലമായി തട്ടിയെടുക്കുകയും, ഹസ്രത്ത് അലിയെ മക്കാ-മദീനായില്‍ നിന്ന് ഇറാഖിലെ കൂഫയിലേക്ക് പുറന്തള്ളുകയും ചെയ്ത കപടവിശ്വാസിയായ ഒരു ജൂതരാജാവായിരുന്നു മുആവിയ. ആ മുആവിയക്കുവേണ്ടി കള്ള ഹദീസുകള്‍ നിര്‍മ്മിക്കലായിരുന്നു മുആവിയയുടെ കൊട്ടാര പുരോഹിതനായിരുന്ന അബുഹുറൈറയുടെ ജോലി. കള്ളഹദീസുകളും കള്ളമായ ചരിത്രങ്ങളും നബിയുടെയും നബി കുടുംബത്തിന്റെയും പേരില്‍ കെട്ടിയുണ്ടാക്കി കുറെ അനാചാരചിന്തകളും, അനുഷ്ഠാനങ്ങളും ഇസ്ളാംമതം എന്ന പേരില്‍ മുആവിയയും അബൂഹുറൈയും അന്ന് അറേബ്യയില്‍ നടപ്പിലാക്കി. അതാണ് ‘അഹ്ലുസ്സുന്നത്തുമല്‍ജുമാഅത്ത്' എന്ന ആധുനിക ഇസ്ളാംമതം. ഈ അറേബ്യന്‍ സുന്നിമതത്തിന്റെ ഒറ്റ നിയമങ്ങളും, ആചാരാനുഷ്ടാനങ്ങളും, നടപടിക്രമങ്ങളും ഖുര്‍ആനില്‍ നിന്നു കിട്ടുകയില്ല. എല്ലാറ്റിനും ഹദീസ് വേണം. അതുകൊണ്ടായിരുന്നു അഞ്ചുനേരനമസ്കാരം ഖുര്‍ആന്‍ വിരുദ്ധമാണെന്ന് സമര്‍ത്ഥിച്ചുകൊണ്ട് ചേകന്നൂര്‍മൌലവി അഞ്ചോളം ഗ്രന്ഥങ്ങള്‍ എഴുതിയത്. ഖുര്‍ആനില്‍ അഞ്ചുനേരനമസ്കാരമുണ്ടെന്ന് തെളിയിക്കുന്നവര്‍ക്ക് 'ലക്ഷംരൂപ ഇനാം' എന്നുവരെ മൌലവി വിളംബരം ചെയ്തിരുന്നു. ആ വെല്ലുവിളി ഇന്നും നിലനില്‍ക്കുന്നുണ്ട്. ഖുര്‍ആന്‍ കൊണ്ട് അഞ്ചുനേര നമസ്കാരമുണ്ടെന്ന് തെളിയിക്കുന്ന (ഹദീസുകൊണ്ടല്ല) ഏതൊരു മുജാഹിദ്-സുന്നി പണ്ഡിതനും ഖുര്‍ആന്‍ സുന്നത്തു സൊസൈറ്റിയുടെ ഈ വെല്ലുവിളി ഇന്നും സ്വീകരിക്കാവുന്നതാണ്. ഈയുള്ളവനടക്കം, ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയിലെ മറ്റു പ്രമുഖരായ പ്രവര്‍ത്തകരും പണ്ഡിതന്മാരും അതിനു ഇന്നും തയ്യാറുമാണ്.
മൌലവിയുടെ ഈ വെല്ലുവിളിയിലും, ആത്മവിശ്വാസത്തിലും ഉറച്ചവിശ്വാസമുള്ളതുകൊണ്ടാണ് കുരുണിയന്‍ സെയ്ത്, എഞ്ചിനീയര്‍ വീരാന്‍കുട്ടി, റഷീദ് അത്തര്‍വാല തുടങ്ങിയവര്‍ അന്ന് കാന്തപുരത്തെ നേരിട്ടുപോയി കണ്ടു ചേകന്നൂര്‍ മൌലവിയുമായി ഒരു സംവാദത്തിനു ക്ഷണിച്ചത്. അന്ന് കാന്തപുരം പറഞ്ഞത് ‘ഓന്‍ കാഫിറാണ്. (നമസ്കാരം മൂന്നാക്കി ചുരുക്കിയവന്‍, കാഫിറാണ്, ഇതൊരു ഷഹീദിന്റെ കാര്യമാണ്. എനിക്ക് ബുദ്ധിയും വിവരവുമുണ്ട്. (അതുകൊണ്ട് ഞാന്‍ അതിനായി നേരിട്ടു ഇറങ്ങുകയില്ല) ഇതിനൊക്കെ പറ്റിയ ദീനിബോധവും, ധൈര്യവുമുള്ള കുട്ടികള്‍ നമ്മുടെ കൂട്ടത്തിലുണ്ട്. അവരത് ചെയ്തേക്കും' എന്നൊക്കെയായിരുന്നു. അത്യന്തം അപകടകരമായ എ.പി.ഉസ്താദിന്റെ ഈ കമന്റ് കേട്ടതോടെ എഞ്ചിനീയര്‍ വീരാന്‍കുട്ടി സാഹിബ് കുരുണിയന്‍ സെയ്തിനോട്, ‘നമുക്ക് പോകാം' എന്നു അപ്പോള്‍ രഹസ്യസൂചന നല്‍കുകയും ചെയ്തു. ഈ സംഭവം നടന്നതും ഏതാണ്ട് 1992 ഏപ്രില്‍ - മെയ് മാസക്കാലത്തുതന്നെയാണ് (22.5.93). അന്ന് കാന്തപുരത്തിന്റെ വലംകൈയും, മര്‍ക്കസിലെ ജനറല്‍ മാനേജരുമായിരുന്നു മണ്ടാളില്‍ ഉസ്മാന്‍ മുസ്ള്യാര്‍. ചേകന്നൂര്‍ മൌലവിയെ വധിക്കാന്‍ ഉസ്മാന്‍ മുസ്ള്യാരും, ബഷീറും, ബഷീര്‍മാസ്ററും, കക്കാട് അലിയാരും ഒക്കെ മര്‍ക്കസില്‍ വെച്ച് തീരുമാനിച്ചതും ഇതേ സമയത്തുതന്നെയാണ് എന്ന് സി.ബി.ഐ. കുറ്റപത്രത്തില്‍ പറയുന്നു. കക്കാട് അലിയാരുടെ മൊഴിയില്‍ ഇതു കൂടുതല്‍ വ്യക്തമാണ്. അപ്പോള്‍ ഉസ്താദ് ഇതൊന്നും അറിയില്ല എന്ന് എങ്ങിനെ ബുദ്ധിയുള്ളവര്‍ വിശ്വസിക്കും..?
‘നിങ്ങള്‍ ഒരാള്‍ക്ക് ജീവന്‍ നല്‍കിയാല്‍ ഭൂമിയിലുള്ള സര്‍വ്വമനുഷ്യര്‍ക്കും ജീവന്‍ നല്‍കിയതുപോലെയാണ്. നിങ്ങള്‍ ഒരാളെ അന്യായമായി കൊന്നാല്‍ ഭൂമിയിലെ സര്‍വ്വമനുഷ്യരെയും കൊന്നതുപോലെയാണ് (5:32) ' എന്നു പഠിപ്പിച്ച ദൈവികവിപ്ളവഗ്രന്ഥമായിരുന്ന ഖുര്‍ആന്‍ ആയിരുന്നു മൌലവി പ്രചരിപ്പിച്ചത്. അതുകൊണ്ട് അദ്ദേഹത്തെ വധിച്ചവരും, വധിക്കാന്‍ പ്രേരിപ്പിച്ചവരും, അതിലേക്ക് സംഭാവന നല്‍കിയവരുമെല്ലാം, ഒരുപോലെ ശിക്ഷാര്‍ഹരും, ശപിക്കപ്പെട്ടവരുമാണ്. അല്ലാഹുവും, മലക്കുകളും, സത്യവിശ്വാസികളും, ശപിക്കുന്നവരൊക്കെയും ആ ക്രൂരകൃത്യം ചെയ്തവരെ എന്നെന്നും ശപിച്ചുകൊണ്ടിരിക്കും. ഇന്നവര്‍ നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടാലും, നാളെ അല്ലാഹുവിന്റെ കോടതിയില്‍ അവര്‍ ‘മൂക്കുകുത്തി' ഹാജരാക്കപ്പെടും. ശിക്ഷിക്കപ്പെടും....!!
സുന്നിടൈഗേര്‍സ്, ക്രസന്റ് വളണ്ടിയര്‍കോര്‍ (സി.വി.സി) ജംഇയ്യത്തുല്‍ ഇഹ്സാനിയ്യ എന്നിങ്ങനെ പലപേരുകളില്‍ പല വിധ്വംസനപ്രവര്‍ത്തനങ്ങളും, കൊലകളും, ചേകന്നൂര്‍ മൌലവി വധക്കേസുമായി ബന്ധപ്പെട്ട പ്രതികളും, സാക്ഷികളും ചെയ്തതായി സി.ബി.ഐ.യുടെ കുറ്റപത്രത്തില്‍ കാണുന്നു. മര്‍ക്കസില്‍ വെച്ചു മണ്ടാളില്‍ ഉസ്മാന്‍ മുസ്ള്യാരാണ് ‘ശമ്പള'വും, ‘സ്പെഷ്യല്‍ ബത്തയും' യും, ചില പ്രത്യേക ‘ദൌത്യം' നടത്തിയതിന് പ്രത്യേക പണവും നല്‍കിയിരുന്നത് എന്നു കാണുന്നു. ‘ഇസ്ളാമിക് ചാരിറ്റി സെന്റര്‍' (കഹെമാശര ഇവമൃശ്യ ഇലിൃല) എന്ന വൌച്ചറില്‍ ഒപ്പിട്ടാണ് പ്രതികള്‍ പലരും പണംപറ്റിയത്. ‘കാന്തപുരം ഉസ്താദ് ' അറിയാതെ, മര്‍ക്കസില്‍ വെച്ച് കാന്തപുരം ഉസ്താദ് മാനേജരായി നിയമിച്ച മണ്ടാളില്‍ ഉസ്മാന്‍ മുസ്ള്യാര്‍ എന്ന വ്യക്തി എങ്ങനെ ഇവര്‍ക്കൊക്കെ റസീറ്റു വാങ്ങി പണം നല്‍കും. യഥാര്‍ത്ഥത്തില്‍ വിദേശത്തു നിന്നും ഗള്‍ഫില്‍ നിന്നും, നാട്ടിലെ കള്ളപ്പണക്കാരില്‍ നിന്നും സംഭാവനയായും മറ്റും മര്‍ക്കസിലേക്ക് ഒഴുകിയ പണമാണ് ഈ വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്കും, ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും മണ്ടാളില്‍ ഉസ്മാന്‍ മുസ്ള്യാര്‍ ഉപയോഗിച്ചുകൊണ്ടിരുന്നത്. അത് തന്റെ ഉസ്താദും നേതാവുമായ ‘കാന്തപുരം' അറിയാതെയാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ ബുദ്ധിയുള്ളവര്‍ അത് വിശ്വസിക്കുമോ..? അപ്പോള്‍ സി.ബി.ഐ.യോ, കോടതിയോ ആരാണ് ‘സമ്പന്നപക്ഷപാതിത്വം' കാണിച്ചത് എന്ന് ചോദിച്ചാല്‍ അതിനുത്തരം പറയേണ്ട ബാധ്യത സി.ബി.ഐ.ക്കില്ലേ..?
കാന്തപുരത്തിന്റെ മത സൌഹാര്‍ദ്ദപ്രസംഗങ്ങളും ലേഖനങ്ങളും വെറും കാപട്യം..!
അഞ്ചുനേര നമസ്കാരം മാത്രമാണ് ദൈവത്തിന്റെ നമസ്കാരമെന്നും, അഞ്ചുനേര നമസ്കാരത്തില്‍ ഒന്നു കുറച്ചാല്‍ അവര്‍ കാഫിറായെന്നും, അവനെ കൊല്ലണമെന്നും അവന്റെ വീടിന് തീവെക്കണം എന്നുമാണ് കള്ള ഹദീസിലൂടെ അബൂഹുറൈറ പഠിപ്പിച്ചത്. ഈ ഹദീസുകള്‍ ഖുര്‍ആനിനേക്കാളും പ്രാധാന്യത്തോടെ കാണുകയും വിശ്വസിക്കുകയും, അതിനെ ഒന്നാം പ്രമാണമാക്കുകയും ചെയ്തവരാണ് ഇന്നുള്ള മുജാഹിദ് - ജമാഅത്ത് - സുന്നി പ്രസ്ഥാനങ്ങളുടെയെല്ലാം മാതൃസംഘടനയായ അഹ്ലുസ്സുന്നത്തുവല്‍ ജമാഅത്ത് ! ‘അഹ്ലുസ്സുന്നത്തുവല്‍ ജമാഅത്ത് ' എന്ന സുന്നി ഇസ്ളാം മതത്തിന്റെ മുഖമുദ്രയായ അഞ്ചുനേരനമസ്കാരം മാത്രമാണ് അല്ലാഹുവിന്റെ നമസ്കാര രീതിയെന്നും, അഞ്ചുനേരം നമസ്കരിക്കാത്തവരൊക്കെ കാഫിറാണെന്നും ‘അവര്‍ നരകത്തിലെ വിറകാണെന്നും' വിശ്വസിക്കുന്ന കാന്തപുരം പോലുള്ള വ്യക്തിക്ക് അഞ്ചുനേരം നമസ്കരിക്കാത്ത തന്റെ അയല്‍വാസിയേയോ, സഹപാഠിയേയോ, സഹപ്രവര്‍ത്തകനെയോ ആത്മാര്‍ത്ഥമായി സ്നേഹിക്കാന്‍ കഴിയില്ല എന്നത് മന:ശാസ്ത്രപരമായ ഒരു സത്യമാണ്. കാരണം ചെറുപ്പം മുതലേ നരകത്തിലെ വിറകാണെന്ന് പള്ളി മദ്രസ്സകളില്‍ നിന്ന് പഠിച്ചുവരുന്ന ഒരു വ്യക്തിയെ ആ ഖുര്‍ആന്‍ വിരുദ്ധ നിയമപ്രകാരം - സുന്നീ നിയമപ്രകാരം കാഫിറായ നരകത്തിലെ ആ വിറകിനെ - എങ്ങിനെയാണ് ഈ സുന്നികള്‍ ആത്മാര്‍ത്ഥമായി സ്നേഹിക്കുക ?
എന്നാല്‍ സ്വര്‍ഗ്ഗത്തില്‍ കടക്കാന്‍ - മുസ്ളീമാവാന്‍ - അഞ്ചുനേരം പോയിട്ട് ഒരു നേരം പോലും നമസ്കരിക്കേണ്ടതില്ല എന്നതാണ് ഖുര്‍ആനിക സിദ്ധാന്തം. വിശ്വാസവും സല്‍കര്‍മ്മവുമാണ് എല്ലാദൈവിക മതങ്ങളുടെയും അടിസ്ഥാന സിദ്ധാന്തം. ‘വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുകയും ചെയ്തവര്‍ക്ക് സ്വര്‍ഗ്ഗമുണ്ട്' എന്ന് ഇരുന്നൂറ്റമ്പതോളം തവണ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. (2:82, 3:57...103:3) മാത്രമല്ല ‘ആര്‍ ഏകദൈവത്തില്‍ വിശ്വസിക്കുകയും അന്ത്യദിനത്തില്‍ വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുകയും ചെയ്യുന്നുവോ, അവന്‍ ജൂതനാവട്ടെ, കൃസ്ത്യാനിയാവട്ടെ, സാബി (ഹിന്ദു)യാവട്ടെ, മുഹമ്മദ് നബിയില്‍ വിശ്വസിച്ച മുസ്ളീമാവട്ടെ, അവര്‍ക്കൊക്കെ അല്ലാഹുവില്‍ മഹത്തായ പ്രതിഫലമുണ്ട്. അവര്‍ യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദു:ഖിക്കേണ്ടിവരികയില്ല (2:62, 5:68) എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ഇവിടെയൊന്നും സ്വര്‍ഗ്ഗത്തില്‍ കടക്കാന്‍ അഞ്ചുനേരം പോയിട്ട് ഒരു നേരം പോലും നമസ്കരിക്കണമെന്ന് ഖുര്‍ആനും മുഹമ്മദ് നബിയും നിര്‍ബന്ധമാക്കുന്നില്ല. അവിടെ അഞ്ചുനേരമാണോ, മൂന്നു നേരമാണോ, ഒരു നേരമാണോ മനുഷ്യര്‍ നമസ്കരിക്കുന്നത് എന്ന് ഖുര്‍ആനും മുഹമ്മദ് നബിയും നോക്കിയില്ല. അവര്‍ അറബിയിലാണോ, ഇംഗ്ളീഷുഭാഷയിലാണോ പ്രാര്‍ത്ഥിക്കുന്നത് എന്നും പടിഞ്ഞാറുഭാഗത്തേക്ക് തിരിഞ്ഞാണോ, കിഴക്കോട്ടു തിരിഞ്ഞാണോ അവര്‍ പ്രാര്‍ത്ഥിക്കുന്നത് എന്നും നോക്കിയില്ല. ആകെ നോക്കിയത് വിശ്വാസവും സല്‍കര്‍മ്മവുമാണ്...!
വിശ്വാസവും സല്‍കര്‍മ്മവുമാണ് എല്ലാ ദൈവിക മതങ്ങളുടെയും കാതല്‍. ഹിന്ദുമതവും, ജൂതമതവും, കൃസ്തുമതവും, ഇസ്ളാംമതവും എല്ലാം അടിസ്ഥാനപരമായി ഒന്നു തന്നെ. ഒരേ ദൈവത്തിന്റെ വിവിധ നാടുകളിലും, ഭാഷകളിലും, സംസ്കാരങ്ങളിലും വന്ന ഉല്‍ബോധനമാണത്. ഏക ദൈവമാകുന്ന ദിവ്യജ്യോതിസ്സില്‍ നിന്ന്, ഓരോ കാലത്തെ ദൈവദൂതന്മാര്‍ തങ്ങളുടെ അനുയായികള്‍ക്ക് വെളിച്ചം പകരാന്‍ വേണ്ടി കത്തിച്ചെടുത്ത മാര്‍ഗ്ഗദീപമാണ്, ഖുര്‍ആനും, ബൈബിളും, വേദങ്ങളും, ഉപനിഷത്തുക്കളുമെല്ലാം..! മലയാളം മാത്രമറിയുന്ന കോഴിക്കോട്ടുള്ള മൊയ്തീന്‍ കോയയോടും, കാളികാവിലുള്ള ജാനുവിനോടും, ‘ഇയ്യാക്കനഅ്ബുദു-വഇയ്യാക്കനസ്തഈന്‍' എന്നു നമസ്കാരത്തില്‍ പറയൂ അല്ലെങ്കില്‍ നിന്നെ ഞാന്‍ ശിക്ഷിക്കും എന്ന് പറയാന്‍ മാത്രം വിഡ്ഢിയല്ല ഖുര്‍ആനും, മുഹമ്മദ്നബിയും പരിചയപ്പെടുത്തുന്ന അല്ലാഹു. മലയാളം മാത്രം സംസാരിക്കുന്ന കാളികാവിലെ ജാനുവിന് ഖുര്‍ആന്‍ ഉല്‍ബോധനമാവണമെങ്കില്‍ മുഹമ്മദ് നബി മലപ്പുറത്തോ, കേരളത്തിന്റെ എവിടെയെങ്കിലുമോ ജനിക്കണം. ഖുര്‍ആന്‍ മലയാളത്തിലിറങ്ങണം. അല്ലെങ്കില്‍ പച്ചമലയാളത്തില്‍ ഖുര്‍ആന്‍ പരിഭാഷ ചെയ്തുകൊടുക്കണം. എന്നിട്ട് അവര്‍ അത് വായിച്ചു കേള്‍ക്കണം. പഠിക്കണം. എന്നിട്ട് അത് ഉള്‍ക്കൊള്ളാന്‍ കഴിയുന്നുവെങ്കില്‍ ഉള്‍ക്കൊള്ളട്ടെ. ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ. വിശ്വസിക്കാതിരിക്കട്ടെ.. മതത്തില്‍ യാതൊരുനിര്‍ബന്ധവുമില്ല. (2:256, 10:99) ഇതാണ് മുഹമ്മദ്നബിയുടെയും ഖുര്‍ആന്റെയും കാഴ്ചപ്പാട്. ദൈവിക വചനങ്ങള്‍ പോലും ചിന്തിച്ചുപഠിച്ചല്ലാതെ വിശ്വാസികള്‍ സ്വീകരിക്കില്ല. (47:24, 25:73,30, 17:36, 62:5) നിങ്ങള്‍ ഗ്രന്ഥം ചുമക്കുന്ന കഴുതകളാകരുത്. എന്നൊക്കെ ഖുര്‍ആനും മുഹമ്മദ്നബിയും, അറബികളെയും, അവരിലൂടെ മാനവരാശിയെയും പഠിപ്പിക്കുമ്പോള്‍, അറേബ്യയില്‍ ജനിച്ച നാലു ഇമാമുകളില്‍ ഒരാളെ അന്ധമായി ‘തഖ്ലീദു' ചെയ്യണം (അന്ധമായി അനുകരിക്കണം) എന്നാണ് ‘കാന്തപുരത്തിന്റെ പൂര്‍വ്വികര്‍' എഴുതിയുണ്ടാക്കിയ കള്ള ഹദീസു ഗ്രന്ഥത്തിലുള്ളത്...! ഇതുതന്നെയാണ് 1995 വരെ കാന്തപുരം പ്രസംഗിച്ചുനടന്നതും. അതുകൊണ്ട് തന്നെയാണ് ചേകന്നൂര്‍ മൌലവിയെ ‘കാഫിര്‍' എന്നു കാന്തപുരം വിശേഷിപ്പിച്ചതും.....!
തന്റെ ഗ്രൂപ്പില്‍ പെട്ട സുന്നിക്കുട്ടികളോ, ചേകന്നൂര്‍ അനുഭാവികളായ കുരുണിയന്‍ സെയ്തോ, എഞ്ചിനീയര്‍ വീരാന്‍കുട്ടിയോ, ചേകന്നൂര്‍ മൌലവിയുമായി ഒരു സംവാദത്തിനു വേണ്ടി തന്നെ സമീപിച്ചിട്ടുണ്ടെങ്കില്‍ കാന്തപുരം പറയേണ്ട മറുപടി ഇതായിരുന്നു... ‘മക്കളേ വിശുദ്ധഖുര്‍ആനില്‍ അതിമനോഹരമായ ഒരു രംഗമുണ്ട്. ദൈവവും പിശാചും - അല്ലാഹുവും ശൈത്താനും - തമ്മില്‍ നടന്ന പ്രതീകാത്മകമായ ഒരു കൂടിക്കാഴ്ചയും സംസാരവും. ദൈവം മനുഷ്യനെ സൃഷ്ടിച്ചതിനു ശേഷം ആകാശ ഭൂമികളിലുള്ള സര്‍വ്വ മലക്കുകളേയും (പ്രാപഞ്ചിക ശക്തികളെയും) വിളിച്ചുകൂട്ടി പറഞ്ഞുവത്രെ, നിങ്ങള്‍ ആദമിനു സുജുദ് (പ്രണമിക്കുക) ചെയ്യുക എന്ന്. ദൈവത്തെ ശരിക്കും അറിയുകയും, വിശ്വസിക്കുകയും ചെയ്തിരുന്ന മലക്കുകള്‍ ആ കല്‍പ്പന അനുസരിച്ചു.. അവര്‍ മനുഷ്യന് മുമ്പില്‍ കീഴടങ്ങാമെന്നു സമ്മതിച്ചു. സുജൂദ് ചെയ്തു. പക്ഷെ ഇബ്ലീസ് (പിശാച്) മാത്രം വഴങ്ങിയില്ല. അവന്‍ ധിക്കാരിയായി മുഖം തിരിച്ചു. രോഷാകുലനായ ദൈവം പിശാചിനോട് ചോദിച്ചു. ‘എന്റെ ആജ്ഞ അനുസരിക്കാതിരിക്കാന്‍ ഇബ്ലീസേ... നിന്നെ പ്രേരിപ്പിച്ചതെന്താണ്..?' ശൈത്താന്‍ പറഞ്ഞു. ‘മണ്ണുകൊണ്ട് സൃഷ്ടിച്ച മനുഷ്യന് ‘തീ' കൊണ്ട് സൃഷ്ടിച്ച ഞാനെന്തിന് കീഴടങ്ങണം. തീര്‍ച്ചയായും, സര്‍വ്വസംഹാര ശക്തിയുള്ള തീകൊണ്ട് സൃഷ്ടിക്കപ്പെട്ട ഞാന്‍ തന്നെയാണ് മണ്ണുകൊണ്ട് സൃഷ്ടിക്കപ്പെട്ട മനുഷ്യനെക്കാള്‍ കേമന്‍.. അതിനാല്‍ ഞാനവനു പ്രണാമം ചെയ്യുന്ന പ്രശ്നമില്ല..'. ക്ഷുഭിതനായി ദൈവം പിശാചിനോട് പറഞ്ഞു. ‘നീ ഈ സ്വര്‍ഗ്ഗീയാരാമത്തില്‍ നിന്നും പുറത്തു കടക്കുക. നീ എന്നെ ധിക്കരിച്ചതു കാരണം ശപിക്കപ്പെട്ടവനായിരിക്കുന്നു'.
എല്ലാം അറിയുന്ന ദൈവം തന്റെ വാദഗതികള്‍ മനസ്സിലാക്കുമെന്നും, തന്നെ അംഗീകരിക്കും എന്നുമാണ് ‘ഇബിലീസ്' കരുതിയത്. പക്ഷെ ദൈവിക കല്‍പ്പനകള്‍ അനുസരിക്കാന്‍ മാത്രം നിര്‍ദ്ദേശിക്കപ്പെട്ട മലക്കുകളില്‍ പ്രധാനിയായ ‘ഇബ്ലീസ്' ഇങ്ങനെ ഒരു ചെറിയ ‘ഒരു നിസ്സഹകരണം' കാണിച്ചപ്പോള്‍ അതിനൊരു ശിക്ഷയായിട്ടാണ് ദൈവം ചെകുത്താനോട് ‘സ്വര്‍ഗ്ഗ'ത്തില്‍ നിന്ന് തല്‍ക്കാലത്തേക്ക് പുറത്ത് പോകാന്‍ പറഞ്ഞത്. തന്റെ ആജ്ഞകള്‍ അനുസരിക്കാത്ത വേലക്കാരന് ഒരു ചെറിയ ശിക്ഷ നല്‍കാത്ത യജമാനന്‍ എന്തു യജമാനന്‍...? നിരാശനും ഖിന്നനുമായ ഇബ്ലീസിന് താന്‍ സ്വര്‍ഗ്ഗീയാരാമത്തില്‍ നിന്നും പുറത്താകും എന്നുറപ്പായി. ആ ദൈവിക ശിക്ഷയില്‍ തല്‍ക്കാലത്തേക്ക് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ല എന്നു ശരിക്കും ‘ചെകുത്താന് ' അറിയാമായിരുന്നു. എങ്കിലും സ്വര്‍ഗ്ഗത്തില്‍ നിന്ന് നിഷ്കാസിതനായി പുറത്തേക്കു വരുമ്പോള്‍ ഇബ്ലീസ് തിരിഞ്ഞു നിന്ന് ദൈവത്തോടായി വീണ്ടും പറഞ്ഞു : ‘നീയെനിക്ക് സമയം അനുവദിച്ചാല്‍, നീ വളരെ ഉല്‍കൃഷ്ടസൃഷ്ടിയായി കാണുന്ന ഈ മനുഷ്യരുണ്ടല്ലോ... അവര്‍ മുഴുവന്‍ നന്ദികെട്ടവരാണെന്ന് ഞാന്‍ നിനക്കു കാണിച്ചുതരാം..! നീ നിന്റെ സൃഷ്ടിഗണങ്ങളില്‍ വെച്ച് വളരെ ഉല്‍കൃഷ്ടജീവിയാണെന്നു പരിചയപ്പെടുത്തുകയും, കൊട്ടിഘോഷിക്കുകയും ചെയ്യുന്ന ഈ മനുഷ്യരുണ്ടല്ലോ, അവര്‍ ഒന്നടങ്കം നിന്നോട് നന്ദികേടുകാണിക്കുന്നവരാണെന്ന് ഞാന്‍ നിഷ്പ്രയാസം കാണിച്ചുതരാം...!'' ബുദ്ധിമോശവും, പക്വതയില്ലായ്മയും, വിവരക്കേടുമാണ് കേവലം തന്റെ ഒരു അടിമയും, സൃഷ്ടിയുമായ ഇബ്ലീസ് പറയുന്നതെന്ന് ദൈവത്തിന് ശരിക്കും അറിയാമായിരുന്നു.
മനുഷ്യനടക്കമുള്ള എല്ലാ ജീവജാലങ്ങളുടെയും, പക്ഷിമൃഗാദികളുടെയും സസ്യലതാദികളുടെയും അടിസ്ഥാനവും ഉറവിടവുമാണ് മണ്ണ്. ആ മണ്ണില്‍ ഏതു വിത്തിട്ടാലും, അതിനു വളരാനും വികസിക്കാനും, പടര്‍ന്നു പന്തലിക്കാനുമുള്ള വിശാല മനസ്കത ആ മണ്ണും വിണ്ണും കാണിക്കുന്നു. മനുഷ്യമനസ്സും അതുപോലെതന്നെയാണ്. ഒരു പിഞ്ചുകുഞ്ഞു വളര്‍ന്നുവരുമ്പോള്‍ അവന്റെ മനസ്സിലേക്ക് നാം ഇട്ടുകൊടുക്കുന്നത് അവനോടൊപ്പം വളരുന്നു. വളര്‍ന്നു വലുതാവുന്നു. ഏതുപ്രത്യയശാസ്ത്രവും, മനുഷ്യമനസ്സില്‍ വളരുന്നു എന്നു സാരം! ഓരോ മനുഷ്യനും ഒരു വലിയ അളവുവരെ അവര്‍ വളര്‍ന്നുവന്ന സാഹചര്യങ്ങളുടെ തടവുകാരനാണ്. എന്നാല്‍ വിദ്യാഭ്യാസത്തിലൂടെയും അതുവഴിയാര്‍ജ്ജിച്ച സ്വതന്ത്രചിന്തയിലൂടെയും ആ ബന്ധത്തില്‍ നിന്നു രക്ഷപ്പെടാന്‍ വിശ്വാസിയായ മനുഷ്യന് കഴിയുമെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. എല്ലാം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മനുഷ്യരുടെയും മനുഷ്യമനസ്സിന്റെയും ഈ ഉദാത്തഭാവവും പ്രത്യേകതയുമൊക്കെ പ്രതീകാത്മകമായി വരച്ചുകാട്ടുകയായിരുന്നു ‘മനുഷ്യനെ ഞാന്‍ മണ്ണുകൊണ്ടു സൃഷ്ടിച്ചു' എന്ന് ദൈവം പറഞ്ഞപ്പോള്‍...! പക്ഷേ.. പാവം ‘ഇബ്ലീസി' ന് ആ അലങ്കാര പ്രയോഗം മനസ്സിലായില്ല. തന്നെപ്പടച്ച ‘തീ' പോലുമുണ്ടാക്കിയത് മനുഷ്യന് ജന്മം നല്‍കിയ അതേ മണ്ണില്‍ നിന്നുള്ള ചെറു മരത്തില്‍ നിന്നാണെന്ന ആ ചെറിയ സത്യം പോലും പാവം ഇബ്ലീസിന് അപ്പോള്‍ ഓര്‍മ്മയുണ്ടായില്ല..!
വിത്തായാലും, ബീജമായാലും, ചീഞ്ഞുനാറുന്ന ശവമായാലും എല്ലാം തന്റെ മടിത്തട്ടിലേക്ക് ഇട്ടുതരുമ്പോള്‍, അതെല്ലാം ഒരുപോലെ സ്വീകരിക്കുകയും, ഉള്‍ക്കൊള്ളുകയും ചെയ്യുന്ന മണ്ണെവിടെ..! ആ മണ്ണിന്റെ ഒരു ഉപോല്‍പ്പന്നമെന്നോണം മാത്രം പുറത്തുവരുന്ന ആ അഗ്നിയെവിടെ?
സ്നേഹവും, കരുണയും സഹാനുഭൂതിയുമൊക്കെയായി നന്മകള്‍ നിറഞ്ഞു പാരാവാരം കണക്കെ, അതിരുകളില്ലാതെ വിശാലമായി നില്‍ക്കുന്ന ഒരു മഹാത്ഭുതമാണ് മനുഷ്യമനസ്സ്..!! പലപ്പോഴും അസൂയകൊണ്ടും, കുശുമ്പുകൊണ്ടും, സ്വാര്‍ത്ഥതകൊണ്ടും, ആ മനസ്സില്‍ കനലെരിയാറുണ്ട്..! പലപ്പോഴും ആ മനസ്സില്‍ തീപ്പിടുത്തമുണ്ടാക്കാന്‍ ‘ഇബ്ലീസിന് ' കഴിഞ്ഞിട്ടുണ്ട്. ചിലപ്പോള്‍ ആ തീപ്പൊരി വമ്പിച്ച തീപീടുത്തത്തിലേക്കും, അതിവിനാശകാരമായ വിപത്തിലേക്കും മനുഷ്യനേയും മനുഷ്യ കുടുംബത്തെയും മാനവരാശിയെയും എത്തിച്ചിട്ടുണ്ട്...!
വിവരക്കേടു പറയുന്ന ചെകുത്താനാണെങ്കിലും തന്റെ സൃഷ്ടിയായ അടിമയുടെ (ഇബ്ലീസിന്റെ) ആത്മവിശ്വാസത്തില്‍ ആ യജമാനന് കൌതുകം തോന്നിയിരിക്കണം. നിരാശനായി സ്വീര്‍ഗ്ഗീയാരാമത്തില്‍ നിന്ന് പുറത്തുപോകാന്‍ ഇബ്ലീസ് ഇറങ്ങിയ സന്ദര്‍ഭം..ദൈവം വിളിച്ചു.. ‘ഹേയ് ഇബ്ലീസ്' നിന്റെ വെല്ലുവിളി ഞാന്‍ സ്വീകരിച്ചിരിക്കുന്നു'. ഒരു നല്ല ഭരണാധികാരിയെന്നോണം - രാജാധിരാജന്റെ സിംഹാസനത്തിലെന്നോണം ഇരിക്കുന്ന ആ ദൈവം ഒരു പ്രതിപക്ഷനേതാവിന്റെ എല്ലാ സ്വാതന്ത്യ്രവും അവകാശവും ഇബ്ലീസിന് നല്‍കിക്കൊണ്ട് പറഞ്ഞു: ‘ഹേയ്... ഇബ്ലീസ്... നിനക്ക് സമയം നല്‍കിയാല്‍ എന്റെ ഏറ്റവും ഉല്‍കൃഷ്ടസൃഷ്ടിയും പ്രതിനിധിയുമായ മനുഷ്യനെ നീ വഴിപിഴപ്പിക്കും എന്ന നിന്റെ ആ വെല്ലുവിളിയുണ്ടല്ലോ അതു ഞാന്‍ സ്വീകരിച്ചിരിക്കുന്നു. അന്ത്യനാള്‍ വരെ, നിനക്കു സമയം നല്‍കിയിരിക്കുന്നു. നീ പുറപ്പെട്ടുകൊള്ളുക.. നീ പറഞ്ഞതുപോലെ അവരുടെ മുമ്പിലൂടെയും പിറകിലൂടെയും, പാര്‍ശ്വങ്ങളിലൂടെയും, കാലുകള്‍ക്കിടയിലൂടെയും, നീ അവന്റെയടുത്തു ചെന്നുകൊള്ളുക. ദുര്‍ബോധനങ്ങളാല്‍ നീ മനുഷ്യനെ വഴിതെറ്റിച്ചു കൊള്ളുക..! പക്ഷേ എന്നില്‍ അടിയുറച്ചു വിശ്വസിക്കുന്ന എന്റെ നിഷ്കളങ്കരായ ദാസന്‍മാരുണ്ടല്ലോ.. അവരില്‍ ഒരാളെപ്പോലും നിനക്ക് സ്വാധീനിക്കാന്‍ സാധ്യമല്ല...! '
ധിക്കാരിയും അഹങ്കാരിയുമായ ഇബ്ലീസിനെ ഒരു നിമിഷം കൊണ്ട് ദൈവത്തിന് ഇല്ലാതാക്കാന്‍ കഴിയുമായിരുന്നു. മഹാനായ ഒരു ശില്‍പ്പി തന്റെ കരപാടവം കൊണ്ട് ഈ നാട്ടില്‍ എവിടെ നിന്നെങ്കിലും ഒരല്‍പ്പം കളിമണ്ണെടുത്തു ഒരു പ്രതിമയുണ്ടാക്കി എന്നു സങ്കല്‍പ്പിക്കുക. അതെത്ര വിലപിടിച്ചതായാലും, മനോഹരമായാലും, അതു ഏതു ചെളിക്കുണ്ടിലേക്ക് വലിച്ചെറിയാനും, തച്ചുടക്കാനും ആ ശില്‍പ്പിക്കധികാരമുണ്ട്..!! അദ്ദേഹത്തോട് ആരും അതു ചോദിക്കാന്‍ വരില്ല. അതിനുള്ള അവകാശവുമില്ല. അതുപോലെ ദൈവം സൃഷ്ടിച്ച ‘ഇബ്ലീസി'നെയും ഒരു നിമിഷം കൊണ്ട് ദൈവത്തിനു തന്നെ ഇല്ലാതാക്കാമായിരുന്നു. തിന്മ എന്ന അവസ്ഥയെ ഈ ഭൂമിയില്‍ നിന്ന് പറ്റേ ഇല്ലാതാക്കാന്‍ ദൈവത്തിന് കഴിയുമായിരുന്നു. പക്ഷെ കരുണാനിധിയായ ദൈവം അങ്ങനെ ചെയ്തില്ല. പകരം ‘പ്രതിപക്ഷ നേതാവിനോട് പ്രതിപക്ഷബഹുമാനം' കാണിക്കുകയാണ് രാജസദസ്സില്‍ വെച്ച് പോലും ദൈവം ചെയ്തത്. മനുഷ്യപ്രകൃതിയിലെ ‘ദൈവിക ജനാധിപത്യം' ഇവിടെ ആരംഭിക്കുന്നു. ദൈവത്തിന്റെ ‘മജ്ലിസില്‍' പോലും ദൈവം തന്റെ അടിമയായ ചെകുത്താനോട് ‘പ്രതിപക്ഷബഹുമാനം' കാട്ടി.. അന്ത്യനാള്‍ വരെ ചീത്ത മനുഷ്യനെ വഴിതെറ്റിക്കാന്‍ ദൈവം ചെകുത്താന് സമയം നല്‍കുകയും ചെയ്തു. മനുഷ്യനെ വഴിതെറ്റിക്കാന്‍ ‘ഇബ്ലീസിന്' സ്വാതന്ത്യ്രം നല്‍കിയ അതേ ദൈവം പൈശാചിക പ്രവണതയില്‍ നിന്നു രക്ഷപ്രാപിക്കാനുള്ള മാര്‍ഗ്ഗം അന്നുമുതല്‍ തന്നെ തന്റെ ദൈവദൂതന്മാരിലൂടെയും വേദഗ്രന്ഥങ്ങളിലൂടെയും കാലാകാലങ്ങളില്‍ മനുഷ്യര്‍ക്കായി അവതരിപ്പിക്കുകയും ചെയ്തു.
നന്മയും തിന്മയും തമ്മിലുള്ള ഒരു വടംവലിയാണ് മനുഷ്യജീവിതം. ദൈവിക ഗുണങ്ങളും പൈശാചിക പ്രവണതകളും തമ്മിലുള്ള സംഘട്ടനമാണ് മനുഷ്യമനസ്സില്‍ എപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്. അതില്‍ മനുഷ്യന്‍ ചെകുത്താന്റെ ഭാഗത്തുനില്‍ക്കുമ്പോള്‍ ദൈവം താല്‍ക്കാലികമായി പരാജയപ്പെടുന്നു. മനുഷ്യന്‍ ദൈവത്തിന്റെ ഭാഗത്തുനില്‍ക്കുമ്പോള്‍ അവനും ദൈവത്തോടൊപ്പം എന്നെന്നും വിജയിക്കുന്നു. മനുഷ്യനും ചെകുത്താനും - മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധവും, ബാന്ധവവും, വളരെ മനോഹരമായി - പ്രതീകാത്മകമായി - വര്‍ണ്ണിക്കുകയായിരുന്നു ഖുര്‍ആനിലൂടെ അല്ലാഹു. (7:11,12) (7:27-28) (38:75,85) ചെയ്തത്. അവിടെ ഒരാള്‍ക്കും ഒരാളെ കൊല്ലാനുള്ള അധികാരമില്ല. കൊല്ലാന്‍ കല്‍പ്പിക്കാനും അധികാരമില്ല. ഒരാളെ കൊന്നതിനു പകരമായോ, ഭൂമിയില്‍ ഏഷണിയുണ്ടാക്കി ഗുരുതരമായ കുഴപ്പമുണ്ടാക്കിയതിനു പകരമായോ അല്ലാതെ...!
ഈ പ്രപഞ്ചവും, കാലവും, ഈ പ്രപഞ്ചം ഉള്‍ക്കൊള്ളുന്ന പ്രാപഞ്ചിക ശക്തികളും ദൈവത്തെ സംബന്ധിച്ചിടത്തോളം വളരെ നിസ്സാരമായ ഒന്നാണ്. ആ ദൈവത്തിന്റെ അംശവും, പ്രതിനിധിയുമായിട്ടാണ് ഖുര്‍ആന്‍ മനുഷ്യനെ പരിചയപ്പെടുത്തുന്നത്. ഭൂമിയില്‍ അല്ലാഹുവിന്റെ ഖലീഫയായിട്ടാണ് ഖുര്‍ആന്‍ മനുഷ്യനെ പരിചയപ്പെടുത്തുന്നത്. ഈ പ്രപഞ്ചവും പ്രാപഞ്ചിക ശക്തികളും സര്‍വ്വാത്മനാ ദൈവത്തിന് മുമ്പില്‍ കീഴടങ്ങി നില്‍ക്കുന്നു. ദൈവത്തിന്റെ കല്‍പനകള്‍ അക്ഷരംപ്രതി ഈ പ്രപഞ്ചവും അതില്‍ വിന്യസിച്ചിരിക്കുന്ന പ്രാപഞ്ചിക ശക്തികളും അനുസരിക്കുന്നു...! ആ പ്രാപഞ്ചിക ശക്തികളെ കീഴ്പ്പെടുത്താനുള്ള കഴിവിന്റെ ഒരംശമാണ് തന്റെ പ്രതിനിധിയായ മനുഷ്യന് ദൈവം നല്‍കിയത്. കാറ്റായും, പ്രകാശമായും, ഗുരുത്വാകര്‍ഷണമായും, സൌരോര്‍ജ്ജമായും, സൂര്യനായും, മഹാസാഗരമായും, ഒരുപാടൊരുപാട് പ്രാപഞ്ചിക ശക്തികളെ മനുഷ്യന് ദൈവം പരിചയപ്പെടുത്തിയിരിക്കുന്നു. ഈ പ്രാപഞ്ചിക ശക്തികളെ കീഴടക്കാനുള്ള ഒരു പ്രത്യേക കഴിവും മനുഷ്യര്‍ക്ക് മാത്രമായി ദൈവം നല്‍കിയിരിക്കുന്നു. കാറ്റിനെയും, അതിന്റെ സഞ്ചാരഗതിയേയും ചൂഷണം ചെയ്ത് ആദിമ മനുഷ്യര്‍ പായക്കപ്പലിലും, പത്തേമാരിയിലും ഒക്കെ യാത്ര ചെയ്തു പലതും കണ്ടുപിടിച്ചു - കച്ചവടം ചെയ്തു - യുദ്ധം ചെയ്തു - പലതും വെട്ടിപ്പിടിച്ചു. അതേ കാറ്റുകളെ ഉപയോഗിച്ച് ഭീമാകാരമായ ‘ഫാനുകള്‍' കറക്കി അതില്‍ നിന്നും മനുഷ്യന്‍ വൈദ്യുതി ഉണ്ടാക്കി...! സൌരോര്‍ജ്ജത്തെയും, പ്രകാശത്തെയും അവന്‍ കീഴടക്കി.. മണ്‍ചിരാതുകളിലും, ബള്‍ബുകളിലും, ട്യൂബുകളിലുമൊക്കെയായി അവന്‍ അത് ഒളിപ്പിച്ചുവെച്ചു. എല്ലാം അവന്റെ ഒരു വിരല്‍തുമ്പില്‍... ഒരു സ്വിച്ച് ഇടുമ്പോള്‍ ബള്‍ബുകളും, ട്യൂബുകളും അവനുവേണ്ടി പ്രകാശിക്കുന്നു. വെളിച്ചം അവന് വഴിപ്പെടുന്നു. പ്രകാശം അവന് വേണ്ടി ‘മിന്നല്‍ വേഗത'യില്‍ വന്നെത്തുന്നു. അന്ധകാരമതാ ഓടിയൊളിക്കുന്നു...! അത്യുഷ്ണമുള്ള വേനലില്‍ അവന്‍ വിയര്‍ത്തൊലിക്കുമ്പോള്‍ കാറ്റ് അവന് ചുറ്റും തഴുകിയൊഴുകുന്നു. ‘സ്വിച്ചി'ലും ‘ഫാനി'ലുമായി അവന്‍ വായുവിനെ അവന്റെ ചൊല്പടിക്കു നിര്‍ത്തിയിരിക്കുന്നു. ദൈവത്തിന്റെ ഗുരുത്വാകര്‍ഷണമെന്ന കടമ്പയും കടന്ന് ചന്ദ്രനിലും, ചൊവ്വയിലും, ബഹിരാകാശത്തും അവന്‍ മണിമാളികകളും, ഗവേഷണകേന്ദ്രങ്ങളും, നക്ഷത്ര ഹോട്ടലുകളും തുടങ്ങുന്നു...! ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു...! തനിക്ക് മാത്രം കീഴടങ്ങാന്‍ ബാധ്യസ്ഥരായ പ്രാപഞ്ചിക ശക്തികളോട്, തന്റെ പ്രതിനിധിയായ മനുഷ്യനും കൂടി നീ കീഴടങ്ങൂ എന്ന് പറഞ്ഞ ആ അല്ലാഹു എന്തൊരത്യുദാരന്‍..! തങ്ങളുടെ സ്രഷ്ടാവും, രക്ഷിതാവുമായ അല്ലാഹുവിന് മുമ്പില്‍ പൂര്‍ണ്ണമായും കീഴടങ്ങി നില്‍ക്കുന്ന പ്രാപഞ്ചിക ശക്തികളെ ഒരു കുട്ടിദൈവമായി - ദൈവത്തിന്റെ പ്രതിനിധിയായി - ദൈവം തന്നെ വേദങ്ങളിലൂടെ പരിചയപ്പെടുത്തിയ തന്റെ കൂടി വരുതിയില്‍ നിര്‍ത്താനുള്ള മനുഷ്യന്റെ ആ തിരിച്ചറിവും, പ്രയത്നവുമാണ് മനുഷ്യ പുരോഗതിയുടെ ഇന്നോളമുള്ള ചരിത്രത്തിന്റെ ആകത്തുക.
മനുഷ്യപ്രകൃതിയില്‍ അടങ്ങിയിട്ടുള്ള ദൈവികതയും, പൈശാചികതയും വളരെ മനോഹരമായി വര്‍ണ്ണിച്ചുകാട്ടുകയായിരുന്നു ഖുര്‍ആന്‍...! അന്ത്യനാള്‍ വരെ ചെകുത്താന് പോലും പ്രവര്‍ത്തനാനുമതി നല്‍കുകവഴി, അഭിപ്രായസ്വാതന്ത്യ്രവും, ആവിഷ്കാരസ്വാതന്ത്യ്രവും മനുഷ്യന്റെ ജന്മാവകാശമാണ് എന്നു പഠിപ്പിക്കുകയായിരുന്നു വിശുദ്ധ ഖുര്‍ആനും മുഹമ്മദ്നബിയും...! പിശാച് എത്ര ശക്തനായാലും, പൈശാചിക ശക്തികള്‍ ഹിമാലയം കണക്കെ വളര്‍ന്നു പൊങ്ങിയാലും, സാക്ഷാല്‍ ദൈവത്തിന്റെ ഒരു ചെറുസ്പര്‍ശത്താല്‍ അവയെല്ലാം തകര്‍ന്നു നിഷ്പ്രഭമാകുന്നു. അപ്പോള്‍ ഒരു യഥാര്‍ത്ഥ ദൈവവിശ്വാസി പൈശാചികതയുടെ ആഴവും, വലുപ്പവും, ഭീകരതയും കണ്ടു പതറുകയില്ല, ഞെട്ടുകയില്ല. അവിശ്വാസികളുടെ ഭൂരിപക്ഷവും, മഹാഭൂരിപക്ഷവും, മൃഗീയ ഭൂരിപക്ഷവും അവനെ സ്വാധീനിക്കുകയുമില്ല.
കാന്തപുരവും കാരശ്ശേരിയും
വിശുദ്ധ ഖുര്‍ആനിന്റെ (38:75) ഈ വ്യാഖ്യാനം നിങ്ങള്‍ ‘അറബിക്കിത്താബുകള്‍' പരിശോധിച്ചാല്‍ കാണുകയില്ല. ദൈവവും ചെകുത്താനും തമ്മില്‍ നടന്ന ആ സംഭാഷണത്തിന്റെ വരികള്‍ക്കിടയിലെ വായനകള്‍ നിങ്ങള്‍ക്കൊരു ‘തഫ്സീറിലും' കാണാന്‍ സാധ്യമല്ല. ചില ശിയാ മുഅ്സതലി തഫ്സീറുകളിലല്ലാതെ - ഇറാനിലെയും ഈജിപ്തിലെയും ചില പണ്ഡിതന്മാരുടെ അത്തരം വ്യാഖ്യാനങ്ങള്‍ പുറത്ത് പറയാതെ-പരസ്യപ്പെടുത്താതെ- പൂഴ്ത്തിവെയ്ക്കലാണ് പൊതുവെ സുന്നികളുടെ പരിപാടി...! എന്റെ ഗുരുനാഥനും കോഴിക്കോട് സര്‍വ്വകലാശാലയിലെ മലയാളവിഭാഗം മേധാവിയായിരുന്ന ശ്രീ. കാരശ്ശേരി മാസ്ററുമായി ഒരിക്കല്‍ ‘സൊറ' പറഞ്ഞിരുന്നപ്പോള്‍ എനിക്കദ്ദേഹം പറഞ്ഞുതന്നതാണ് ദൈവത്തിന്റെയും ഇബ്ലീസിന്റെയും സംഭാഷണത്തിലെ ഈ പൊരുള്‍.. ഇത്തരത്തില്‍ മലയാളമറിയുന്ന ഓരോ മുസ്ലീമിനേയും ഖുര്‍ആന്‍ വചനങ്ങള്‍ പഠിക്കാനും, അതില്‍ ചിന്തിക്കാനും, തനിക്കു തോന്നിയ അഭിപ്രായം തുറന്നുപറയാനും, മുസ്ളീംകളില്‍പെട്ട സാധാരണക്കാര്‍ക്കു ധൈര്യം നല്‍കി എന്നതാണ് ചേകന്നൂര്‍ മൌലവിയുടെ വിജയം..! കാന്തപുരം പ്രതിനിധാനം ചെയ്യുന്ന അറേബ്യന്‍ പാരമ്പര്യസുന്നികളുടെ പരാജയവും ഇവിടെ നിന്ന് ആരംഭിക്കുന്നു.!
‘അറബി ഭാഷയില്‍ ഇറങ്ങിയ ഖുര്‍ആന്‍ മറ്റൊരു ഭാഷയിലേക്കും പരിഭാഷപ്പെടുത്താന്‍ പാടില്ല, അമുസ്ലീംകള്‍ ഖുര്‍ആന്‍ തൊടാന്‍ പാടില്ല, അമുസ്ളീംകള്‍ ഖുര്‍ആന്‍ തൊട്ടാല്‍ കണ്ണുപൊട്ടിപ്പോകും. സാധാരണ മുസ്ളീംകള്‍ ഖുര്‍ആന്റെ അര്‍ത്ഥം പഠിക്കാന്‍ പാടില്ല. ഖുര്‍ആന്‍ അര്‍ത്ഥമറിയാതെ ഓതിയാല്‍ത്തന്നെ പുണ്യമുണ്ട്. അതും ഖുര്‍ആനിലെ (7 വരി മാത്രം വരുന്ന) ഏറ്റവും ചെറിയ ഒരധ്യായമായ ‘ഫാത്തിഹ' മാത്രം അര്‍ത്ഥമറിയാതെ ഓതിയാല്‍ മതി' എന്നിങ്ങനെയുള്ള അറേബ്യന്‍ സുന്നീപുരോഹിതന്മാരുടെ ജല്‍പ്പനങ്ങള്‍ വകവെക്കാതെ അവരുടെ കരാളഹസ്തങ്ങളില്‍ നിന്ന് വിശുദ്ധ ഖുര്‍ആന്‍ പിടിച്ചു വാങ്ങി, അതുസാധാരണക്കാരനു നല്‍കി എന്നതാണ് ചേകന്നൂര്‍ മൌലവിയുടെ ഏറ്റവും വലിയ വിജയം !
ഇപ്പോള്‍ കേരളക്കരയിലെ മലയാളമറിയുന്ന ഏതൊരു മുസ്ളീമും മുല്ലാക്കമാരെക്കണ്ടാല്‍ ചോദിക്കും. ‘ആര്‍ ഏകദൈവത്തിലും, അന്ത്യദിനത്തിലും, വിശ്വസിച്ചുകൊണ്ടുംസല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുന്നുവോ, അവര്‍ ജൂതനാവട്ടെ, കൃസ്ത്യാനിയാവട്ടെ, മുഹമ്മദ് നബിയില്‍ വിശ്വസിച്ച മുസ്ളീമാവട്ടെ, സാബി (ഹിന്ദു) മതക്കാരനാവട്ടെ, അവര്‍ക്കൊക്കെ സ്വര്‍ഗ്ഗവും, പരലോകമോക്ഷവും ഉണ്ടെന്ന് ഖുര്‍ആന്‍ (2:62) (5:69) ല്‍ പറയുന്നുണ്ടല്ലോ.. പിന്നെ എന്തുകൊണ്ടാണ് ‘അഞ്ചുനേരം നമസ്കരിച്ചിട്ടില്ലെങ്കില്‍ കാഫിറാണെന്നും നരകാവകാശിയാണെന്നും നിങ്ങള്‍ പ്രചരിപ്പിക്കുന്നത് മുസ്ള്യാരേ..എന്ന്്.' ആ ചോദ്യം കേട്ടാല്‍ എല്ലാ മുസ്ള്യാക്കന്‍മാരും മുങ്ങാന്‍ തുടങ്ങും..! കാരണം പ്രസ്തുത ഖുര്‍ആന്‍ വാക്യത്തെ ദുര്‍ബ്ബലപ്പെടുത്തിക്കൊണ്ട് അബുഹുറൈയും, മുആവിയയും, സുന്നീ മുജാഹിദ്-ജമാഅത്ത് മൌലവിമാരും ഇപ്പോള്‍ വിളമ്പുന്ന വിശദീകരണങ്ങള്‍ അടിമുടി പച്ചക്കള്ളമായ ഹദീസുകളുടെ അടിസ്ഥാനത്തിലുള്ള ദുര്‍വ്യാഖ്യാനമാണെന്നു ചേകന്നൂര്‍ മൌലവി സമര്‍ത്ഥിച്ചതുകൊണ്ടുതന്നെ..!
നാം നില്‍ക്കുന്നിടത്ത് നിന്നു കൊണ്ട് എങ്ങോട്ടു നോക്കിയാലും തിന്മയാണ്. പിശാചിന്റെ വിളയാട്ടമാണ് എങ്ങും. ‘ഞാന്‍ മനുഷ്യന്റെ മുമ്പിലൂടെയും, പിറകിലൂടെയും, വലതുഭാഗത്തുകൂടെയും, ഇടതുഭാഗത്തുകൂടെയും, കടന്ന് ചെന്ന് മനുഷ്യനെ വഴിതെറ്റിക്കും, പ്രലോഭിപ്പിക്കും എന്ന് ദൈവ സന്നിധിയില്‍ വെച്ചു ചെകുത്താന്‍ പറഞ്ഞില്ലേ? (7:17) അപ്പോള്‍ നിഷ്കളങ്കനും നിസ്വാര്‍ത്ഥനുമായ ഒരു ദൈവവിശ്വാസിക്ക് എവിടെയും ആ തിന്മ കണ്ടെത്താന്‍ കഴിയും. പക്ഷെ അവിശ്വാസികളെ പിശാചു കീഴ്പ്പെടുത്തിയ പോലെ അല്ലാഹുവിന്റെ നിഷ്കളങ്കാരായ ദാസന്മാരെ കീഴ്പ്പെടുത്താന്‍ ഇബ്ലീസിനു കഴിയുകയില്ല..! സമൂഹത്തില്‍ എല്ലാ മേഖലകളിലും തിന്മകൊടികുത്തിവാണാലും, ആ തിന്മയില്‍ അകപ്പെടാതെ ഉള്ളതുകൊണ്ടു തൃപ്തിപ്പെട്ടു ജീവിക്കുന്ന ഒരു വിഭാഗം ദൈവവിശ്വാസികളെ എല്ലാമതക്കാരിലും കാണാം. ഹിന്ദുക്കളിലും, ജൂതന്മാരിലും, കൃസ്ത്യാനികളിലും, മുസ്ളീംമതക്കാരിലും, അത്തരം ഒറ്റപ്പെട്ട വ്യക്തികളെയും, കുടുംബങ്ങളെയും, നമുക്ക് കാണാം. പിശാചിന് പിടികൊടുക്കാതെ, ജീവിതം സ്വര്‍ഗ്ഗതുല്യമാക്കിയ, ആ വിശ്വാസികളുടെ പേരാണ് മുസ്ളീംകള്‍. ‘ദൈവത്തെക്കുറിച്ച് പഠിച്ചു, ചിന്തിച്ചു മനസ്സിലാക്കി കീഴ്പ്പെട്ടവര്‍ ' എന്നാണ് മുസ്ളീംകള്‍ എന്നതിന്റെ അര്‍ത്ഥം. ആ മുസ്ളീംകളുടെ മറ്റൊരു പേരാണ് ബ്രാഹ്മണര്‍ (ബ്രഹ്മത്തെ അറിഞ്ഞവര്‍). വിഗ്രഹാരാധനയിലും വ്യക്തിപൂജകളിലും അനാവശ്യയാഗങ്ങളിലുമൊക്കെയായി ദൈവത്തെ മറച്ചുവെച്ച് ഇന്ത്യയിലുള്ള 95% ഹിന്ദുക്കളും ദൈവത്തെ അറിയാത്ത ‘അബ്രാഹ്മണര്‍' ആയതുപോലെ അഞ്ചുനേര നമസ്കാരത്തിലും അഞ്ചുനേര ബാങ്കുവിളിയിലും പള്ളികളിലുമൊക്കെയായി ഖുര്‍ആന്‍ വിരുദ്ധ മന്ത്രങ്ങള്‍ ഉരുവിടുന്ന - അല്ലാഹു എന്തെന്നറിയാത്ത - അമുസ്ളീംകളാണ് ഇന്നത്തെ മുസ്ളീംകളില്‍ 95 ശതമാനവും എന്നത് വളരെ വിചിത്രവും അതിലുപരി ചിന്തനീയവുമായ ഒരു വസ്തുതയാണ്. ദൈവത്തിന് കീഴ്പ്പെട്ടു വിശ്വാസവും സല്‍കര്‍മ്മവുമായി കഴിയുന്ന യഥാര്‍ത്ഥ മുസ്ളീംകള്‍ (ബ്രാഹ്മണര്‍-ബ്രഹ്മത്തെ അറിഞ്ഞവര്‍) എല്ലാ മതത്തിലും ഉണ്ടെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്...!
ചേകന്നൂര്‍ മൌലവിയുമായി സംവാദത്തിന് ക്ഷണിക്കാന്‍ വന്ന സുന്നിക്കുട്ടികളോടും, കുരുണിയന്‍ സെയ്തിനോടും, എഞ്ചിനീയര്‍ വീരാന്‍കുട്ടിസാഹിബിനോടും, കാന്തപുരം പറയേണ്ട മറുപടിയായിരുന്നു മേല്‍പറഞ്ഞ വിശദീകരണം. അതുപറയാതെ ‘നമസ്കാരം മൂന്നാക്കി ചുരുക്കിയ ഓന്‍ കാഫിറാണ്. ചേകന്നൂരിന്റേത് ഒരു ഷഹീദിന്റെ (രക്തസാക്ഷിത്വത്തിന്റെ) കാര്യമാണ്. എനിക്ക് പ്രായമായതുകൊണ്ട് അല്‍പം ക്ഷമയും സഹനവും ഒക്കെയുണ്ട്. പക്ഷെ എന്റെ കുട്ടികള്‍ ഇതു സഹിച്ചെന്നുവരില്ല.. അവര്‍ ആവേശം മൂത്ത് എന്തെങ്കിലും ഒക്കെ ചെയ്തെന്ന് വരും. (അവര്‍ ഞാന്‍ കുത്തിവെച്ച മതഭ്രാന്തുമൂലം, ചിലപ്പോള്‍ മൌലവിയെ തല്ലുകയോ, കൊല്ലുകയോ ഒക്കെ ചെയ്തേക്കാം എന്നു സാരം) യഥാര്‍ത്ഥത്തില്‍ അല്ലാഹുവും, ഇബ്ലീസും തമ്മില്‍ നടന്ന ആ സംഭാഷണം തന്റെ കുട്ടികള്‍ക്കും, തന്നെ വാദപ്രതിവാദത്തിന് ക്ഷണിക്കാന്‍ വന്നവര്‍ക്കും പറഞ്ഞു കൊടുത്ത് മതഭ്രാന്തില്‍ നിന്ന് മനുഷ്യത്വത്തിലേക്കും, മതവികാരത്തില്‍ നിന്ന് മതവിചാരത്തിലേക്കും തിരിച്ചുവിടുകയായിരുന്നു കാന്തപുരം ചെയ്യേണ്ടിയിരുന്നത് ..!
ചേകന്നൂര്‍ കേസിലെ ഒരു പ്രധാന സാക്ഷിയും, ചേകന്നൂര്‍ മൌലവിയുടെ അമ്മാവനുമായ സാല്‍മി ഹാജിയുടെ മൊഴിയിലും കാന്തപുരത്തിനെതിരെ സമാനപരാമര്‍ശമുണ്ട്.
ചേകന്നൂര്‍ മൌലവിയുടെ ഖുര്‍ആനിക വാദങ്ങള്‍ക്കൊന്നും മറുപടി പറയാന്‍ പറ്റാത്തതു കാരണം, ചേകന്നൂര്‍ മൌലവിയെ പൊതുവെ ‘ജൂതഏജന്റ്', ജൂതന്‍, സിയോണിസ്റ് ഏജന്റ്' എന്നൊക്കെ സുന്നി-മുജാഹിദ്-ജമാഅത്ത് മൌലവിമാരും, പ്രവര്‍ത്തകരും ആക്ഷേപിക്കാറുണ്ടായിരുന്നു. കുരുണിയന്‍ സെയ്തും, എഞ്ചിനീയര്‍ വീരാന്‍കുട്ടിസാഹിബും, ഒരു സംവാദത്തിനായി മൌലവിയെ സമീപിച്ചപ്പോള്‍, കാന്തപുരം പറഞ്ഞ അപകടകരമായ പല പ്രസ്താവനകളും സാല്‍മിഹാജിയുടെ മൊഴിയിലും കാണുന്നുണ്ട്. ‘ചേകന്നൂരിനെ കൊന്നാല്‍, അതു ഇസ്ളാംമതത്തിനും മുസ്ളീംകള്‍ക്കും ഒരനുഗ്രഹമായിരിക്കും' എന്നു എ.പി.കാന്തപുരം പറഞ്ഞതായി സാല്‍മിഹാജി മൊഴി നല്‍കുന്നു.
ചേകന്നൂര്‍ വധിക്കപ്പെടുന്നതിന്റെ ഏതാനും മാസം മുമ്പ് ഹജ്ജിനായി മക്കയില്‍ പോയപ്പോള്‍, കാന്തപുരം ജിദ്ദയില്‍ വെച്ച് ‘ഒരു ജൂതനെ' കൊല്ലുന്നതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചെന്നും, അതില്‍ ‘ചേകന്നൂരി'ന്റെ പേര്‍ പ്രതിപാദിക്കുന്നതായും പറയുന്നു. ആ കേസറ്റ് കാലടിയിലെ ചില സുഹൃത്തുക്കളുടെ കൈയ്യിലും, ഖുര്‍ആന്‍ സുന്നത്തു പ്രവര്‍ത്തകന്മാരുടെ കൈയ്യിലും ഉണ്ട്. അതില്‍ കാന്തപുരം ഒരു ലക്ഷം സൌദി റിയാല്‍ ജിദ്ദയില്‍ നിന്ന് സംഭരിച്ചതായി അറിയാന്‍ കഴിഞ്ഞു, എന്നും മൊഴിനല്‍കുന്നു.
ചേകന്നൂര്‍ മൌലവിയുടെ സ്വദേശമായ ചേകന്നൂരിലെ ചില എ.പി. അനുഭാവികള്‍ ചേകന്നൂര്‍ മൌലവിയുടെ പ്രവര്‍ത്തനത്തെ എതിര്‍ത്തുകൊണ്ട് ചേകന്നൂരില്‍ തന്നെ ഒരു പൊതുയോഗം സംഘടിപ്പിക്കുകയും അതില്‍ വടക്കാഞ്ചേരിയിലെ ‘മുള്ളൂര്‍ക്കര ഹംസ സഖാഫിയും ചേകന്നൂരിലെ മുസ്തഫയും പ്രസംഗിച്ചിരുന്നതായും, പ്രസംഗത്തില്‍ ‘ചേകന്നൂര്‍ മൌലവിയെ വധിച്ചാല്‍ അത്, മുസ്ളീംകള്‍ക്കും, ഇസ്ളാംമതത്തിനും ഒരു വലിയ അനുഗ്രഹമായിരിക്കും എന്നും പ്രസ്താവിച്ചതായി രേഖപ്പെടുത്തുന്നു. ആ പ്രസംഗത്തിന് മറുപടിയായി വധിക്കപ്പെടുന്നതിന്റെ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മൌലവി ചേകന്നൂര്‍ തന്നെ അങ്ങാടിയില്‍ അതേ സ്ഥലത്ത് വെച്ച് ഒരു മറുപടി പ്രസംഗം നടത്തിയിരുന്നു..!
(9)
കീഴ്പ്പുള്ളിക്കരയിലുള്ള ഫൈസലിന്റെ മൊഴിയിലും കാന്തപുരം അബൂബക്കര്‍ മുസ്ള്യാര്‍ക്ക് ശത്രുക്കളില്‍ നിന്നും രക്ഷനല്‍കാനായിട്ടാണ് ഉസ്മാന്‍ മുസ്ള്യാരുടെ നേതൃത്വത്തില്‍ സി.വി.സി. (ക്രസന്റ് വളണ്ടിയര്‍ കോര്‍) സ്ഥാപിച്ചത് എന്നു കാണുന്നു. സി.വി.സി.യെ നയിച്ചിരുന്ന മറ്റു പ്രധാനികള്‍ ഇസ്മായില്‍ വഫായും, അബ്ദുല്‍ റസാഖ് തുടങ്ങിയവരും ആയിരുന്നു. മണ്ടാളില്‍ ഉസ്മാന്‍ മുസ്ള്യാരുടെ വളരെ അടുത്ത വ്യക്തിയായ കുഞ്ഞാലി ഉസ്താദാണ് സേനാംഗങ്ങള്‍ക്ക് കായികപരിശീലനം നല്‍കിയിരുന്നത് എന്നും ഫൈസലിന്റെ മൊഴിയില്‍ പറയുന്നു. സി.വി.സി., സുന്നി ടൈഗര്‍ ഫോഴ്സ് തുടങ്ങിയവ കാന്തപുരം തന്നെ പാലൂട്ടിവളര്‍ത്തിയതാണെന്ന് ഈ കേസിലെ പ്രതികളും സാക്ഷികളും തമ്മിലുള്ള അടുത്തബന്ധത്തില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.
1995-1996 കാലഘട്ടത്തില്‍ കാന്തപുരവും, മണ്ടാളില്‍ ഉസ്മാന്‍ മുസ്ള്യാരും തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടായെന്നും, അങ്ങിനെ മണ്ടാളില്‍ ഉസ്മാന്‍ മുസ്ള്യാര്‍ കാന്തപുരത്തിന്റെ മര്‍ക്കസിന്റെ മാനേജര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെടുകയും ചെയ്തു എന്നും പ്രേംകുമാര്‍ (സി.ബി.ഐ.) മുമ്പാകെ ഫൈസല്‍ മൊഴിനല്‍കുന്നു. ഇതേ (1994-95) കാലഘട്ടത്തില്‍ തന്നെയാണ് അന്ന് കേസന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ച് പോലീസിന് ചേകന്നൂര്‍വധവുമായി ബന്ധപ്പെട്ട് കുറെ തെളിവുകള്‍ ലഭിച്ചിരുന്നത്. ചേകന്നൂര്‍ വധക്കേസില്‍ കാന്തപുരവും പ്രതിയാകും എന്നതിനാലാണ് മണ്ടാളില്‍ ഉസ്മാന്‍ മുസ്ള്യാരെ തന്ത്രപൂര്‍വ്വം മര്‍ക്കസ്സില്‍ നിന്നു മാറ്റി നിര്‍ത്താന്‍ കാന്തപുരത്തിന്റെ ‘അഭ്യുദയകാംക്ഷികള്‍' തീരുമാനിച്ചതെന്ന് അന്ന് ഞങ്ങളുടെ കോഴിക്കോട്ടുള്ള ഖുര്‍ആന്‍ സുന്നത്തു സൊസൈറ്റി ഓഫീസിലും മറ്റും സംസാരമുണ്ടായിരുന്നു.
ഏതാണ്ട് ഇതേ സമയത്തുതന്നെയാണ് ചേകന്നൂര്‍ കേസിലെ പ്രതിയായ ‘ബഷീറിനോട് നാളെ പോലീസില്‍ ഹാജരാവാന്‍ കല്‍പ്പനയുണ്ട് ' എന്നു പറഞ്ഞു മണ്ടാളില്‍ ഉസ്മാന്‍ മുസ്ള്യാര്‍ ടി.പി.അബൂബക്കര്‍ മാസ്ററുടെ ഫറൂഖിലുള്ള വീട്ടില്‍ എത്തുന്നത്. അന്നു ഫൈസലും (ണ: 18) ഇസ്മായില്‍ വഫയും, ടി.പി.യുടെ വീട്ടില്‍ ഉണ്ടായിരുന്നു. കേസിലെ മറ്റൊരു പ്രധാന സാക്ഷിയായ അബ്ദുള്‍ റഹിമാന്‍ കൊടിയത്തൂരാണ് (ണ: 26) ജീപ്പ് ഓടിച്ചിരുന്നത്.
അന്നു കേസന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വളരെ കര്‍ക്കശ നിലപാടു സ്വീകരിച്ചിരുന്നുവെങ്കില്‍ 1994-ല്‍ തന്നെ ചേകന്നൂര്‍ കേസിന് തുമ്പുണ്ടാക്കാമായിരുന്നു. എന്നാല്‍ അന്നു പത്രങ്ങളില്‍ പ്രചാരണം ഉണ്ടായതുപോലെ പ്രധാന പ്രതികളെല്ലാം പോലീസിന്റെ സഹായത്തോടെ ബോംബെ വഴി വിദേശത്തേക്കു രക്ഷപ്പെടുകയായിരുന്നു. കൃത്യവിലോപം കാട്ടിയ ആ പോലീസുകാര്‍ ആരെന്നും, അവര്‍ എങ്ങിനെ പല സുപ്രധാന തെളിവുകളും നശിപ്പിക്കുകയും, വളച്ചൊടിക്കുകയും ചെയ്തു എന്നതും കോടതി അന്വേഷിച്ചു കണ്ടുപിടിക്കേണ്ടതാണ്. ജനങ്ങളെ സത്യം അറിയിക്കേണ്ട ബാധ്യത സി.ബി.ഐ.ക്കും കോടതികള്‍ക്കും ഉണ്ടല്ലോ.. അന്വേഷണം പുരോഗമിക്കുമ്പോള്‍ സി.ബി.ഐ. സംഘത്തിലെ ആത്മാര്‍ത്ഥതയുള്ള പലരെയും സ്ഥലം മാറ്റുകയും മറ്റും ചെയ്തു. ഇതില്‍ ക്ഷുഭിതനായ ഒരു സി.ബി.ഐ. ഉദ്യോഗസ്ഥന്‍ ‘കാന്തപുരത്തെ രക്ഷിക്കാന്‍ വേണ്ടി ഞങ്ങളെ വിഡ്ഢികളാക്കുകയാണ ്' എന്നുവരെ പറഞ്ഞുവത്രെ..! ‘കാന്തപുരത്തെ' പരാമര്‍ശിക്കുന്ന കുറെ വസ്തുക്കളുള്ള ആ ഫയലുകള്‍ അദ്ദേഹം കോപ്പിയെടുത്തു സ്വന്തമായി സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്നും അണിയറയില്‍ സംസാരമുണ്ട്..!
(10)
അന്നു കേസന്വേഷിച്ച പോലീസിന്റെ അനാസ്ഥയും, നിഷ്ക്രിയത്വവും, സമ്പന്ന പക്ഷപാതിത്വവുമാണ് ചേകന്നൂര്‍ കേസിലെ പ്രധാനപ്രതിയായ ബഷീറിനെ കൊണ്ട് ‘ചേകന്നൂരിനെ തട്ടിയിട്ടു ഒന്നും സംഭവിച്ചില്ലിട്ടില്ല, പിന്നെ നിന്നെ കൊന്നാലും ഒന്നും സംഭവിക്കാനില്ല' എന്നു ധാര്‍ഷ്ട്യത്തോടെ അലിയോടു പറയാന്‍ പ്രേരിപ്പിച്ചത്. സംഭവം ഇങ്ങനെ...... ചേകന്നൂര്‍ കേസിലെ ഒരു പ്രധാന സാക്ഷിയും (ണ: 28) കരിങ്കല്‍ ക്വോറി ലീസിനെടുത്തു നടത്തുകയും ചെയ്യുന്ന അലി (ടി.അലി, കൊമ്പാറ (വീട്), പത്തനാപുരം, വാലില്ലാപുഴ, പി.ഒ, മലപ്പുറം) ഇങ്ങനെ മൊഴി നല്‍കിയതായി സി.ബി.ഐ. രേഖപ്പെടുത്തുന്നു. ‘......പത്തനാപുരത്തുകാരനായ അബ്ദുല്ലക്കുട്ടിയുടെ മകന്‍ മംഗലശ്ശേരി മുഹമ്മദ് ബഷീറിനെ എനിക്കറിയാം. അവര്‍ പത്തനാപുരത്ത് ഒരു ഹോട്ടലും മറ്റും നടത്തുന്നുണ്ട്. മുമ്പ് പാര്‍ട്ട്ണര്‍ഷിപ്പില്‍ ഞാന്‍ നടത്തിയിരുന്ന ക്വാറിയില്‍ പ്രശ്നങ്ങള്‍ ഉണ്ടായതിനാല്‍ ഒരു മാസത്തോളം അതു പൂട്ടിയിട്ടിരുന്നു. അന്ന് അവിടുത്തെ മാര്‍ക്സിസ്റ് പാര്‍ട്ടി നേതാക്കളായിരുന്ന മംഗലശ്ശേരി ബഷീറും, മറ്റു ചിലരും കൂടി ബലമായി ക്വാറിയില്‍ കയറി പണി നടത്തി. ഇത് ഏതാണ്ട് 1996-ല്‍ ആയിരുന്നു. അന്ന് വൈകീട്ട് ബഷീറിനെ ഞാന്‍ അങ്ങാടിയില്‍ വെച്ച് കണ്ടപ്പോള്‍, ‘എന്തിനാണ് ഞാന്‍ ഇല്ലാത്തപ്പോള്‍ ക്വാറിയില്‍ കയറിയത് ' എന്ന് ഞാന്‍ അവനോട് ചോദിച്ചു. അതിനു മറുപടിയായി അവന്‍ എന്നോട് ‘ചേകന്നൂരിനെ ‘തട്ടി'യിട്ടും ഒന്നും സംഭവിച്ചില്ല, പിന്നെ നിന്നെക്കൊന്നാലും ഒന്നും സംഭവിക്കാനില്ല' എന്നു പറഞ്ഞു. ആ സംഭവത്തിന് ശേഷം ബഷീറിനെ അധികകാലം നാട്ടില്‍ കണ്ടിട്ടില്ല. അന്വേഷിച്ചതില്‍ ഗള്‍ഫില്‍ പോയതാണ് എന്നു അറിഞ്ഞു. പിന്നീട് ഞാന്‍ ബഷീറിനെ കണ്ടിട്ടില്ല.' എന്നിങ്ങനെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുഭാഷ് (സി.ബി.ഐ.) രേഖപ്പെടുത്തുന്നു.
ഭീകരത വരുന്ന വഴി...!
സാമ്പത്തികമായും, വിദ്യാഭ്യാസപരമായും പിന്നില്‍ നില്‍ക്കുന്ന മുസ്ളീംയുവാക്കളുടെ വിവരക്കേടിനെയും, ‘ഗതികേടി'നെയും ചൂഷണം ചെയ്തുകൊണ്ടാണ് ഇത്തരം ഭീകരസംഘടനകള്‍ക്ക് അതിന്റെ ഉന്നതങ്ങളിലുള്ളവര്‍ രൂപം നല്‍കിയത്. എസ്.എസ്.എഫ്. എന്ന പേരില്‍ പലയിടത്തും ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും അവിടെ വെച്ച് ഏതാനും ദിവസം യാതൊരു ചെലവുമില്ലാതെ ഇവര്‍ ഒന്നിച്ചു താമസിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. ആ താമസത്തിനിടയില്‍ പലര്‍ക്കും പരസ്പരം വളരെ കൂടുതല്‍ പരിചയപ്പെടാന്‍ സൌകര്യം ലഭിക്കുന്നു. അവരില്‍ നിന്നും കൂടുതല്‍ ഊര്‍ജ്ജസ്വലതയുള്ളവരെ കണ്ടുപിടിച്ച് അവര്‍ക്ക് സ്ഥിരമായി ക്ളാസുകളും, യാത്രപ്പടിയും മറ്റു സൌകര്യങ്ങളും ആനൂകൂല്യങ്ങളും നല്‍കുന്നു. ക്രമേണ അവരുടെ മന:ശാസ്ത്രം ഇവര്‍ പഠിക്കുന്നു. അങ്ങനെ എന്തിനും തയ്യാറായ ഒരുത്തനാണ് എന്ന് സംഘടനക്ക് ബോധ്യമായാല്‍ അവന്റെ ശമ്പളവും, ആനുകൂല്യങ്ങളും വര്‍ദ്ധിക്കുന്നു. അവനെ പൂര്‍ണ്ണമായും സംഘടന ഏറ്റെടുക്കുന്നു..! അങ്ങനെ എന്തിനും റെഡിയായ ഒരു വിഭാഗത്തിനാണ് പ്രത്യേക ക്ളാസുകളും ആയോധനമുറകളും, കളരിയും, കരാട്ടേയും, മോട്ടോര്‍ സൈക്കിള്‍ പ്രകടനവുമൊക്കെ അഭ്യസിപ്പിക്കുന്നത്. അതിന് (എസ്.എസ്.എഫിന്) സി.വി.സി. (ക്രസന്റ് വളണ്ടിയര്‍ കോര്‍), ഇസ്ളാമിക് ചാരിറ്റി സെന്റര്‍, സുന്നി ടൈഗര്‍ ഫോഴ്സ്, ജംഇയ്യത്തുല്‍ ഇഹ്സാനിയ്യ, എന്നീ പേരുകളില്‍ കോഴിക്കോട്ടും, മലപ്പുറത്തും, തൃശ്ശൂരും, കാസര്‍കോഡും, ഇടുക്കിയിലും, തിരുവനന്തപുരത്തും, വയനാട്ടിലുമൊക്കെ, കരാട്ടേക്ളാസുകളും, കളരി കേന്ദ്രങ്ങളും, കാന്തപുരവും, അബ്ദുന്നാസര്‍ മഅ്ദനിയുമൊക്കെ നടത്തിയിരുന്നു. അത്തരത്തിലുള്ള ഒന്നായിരുന്നു അരൂരിലെ ചുവന്നകുന്നിലുള്ള കരാട്ടേ കേന്ദ്രം.
ചേകന്നൂര്‍ മൌലവിയെ കാണാതായി ഏതാനുംനാള്‍ കഴിഞ്ഞപ്പോള്‍ അബ്ദുന്നാസര്‍ മഅ്ദനി കൊല്ലം ജില്ലയില്‍ തന്റെ അണികളോട് പ്രസംഗിച്ചതിങ്ങനെയായിരുന്നു: ‘അല്‍ഹംദുലില്ലാ.. ആ ശല്യം ഒഴിഞ്ഞു, ഇതു കുറേ നേരത്തെ ഞാന്‍ പ്രതീക്ഷിച്ചിരുന്നു. അല്‍പം വൈകിയാലും ആ ശല്യം തീര്‍ന്നല്ലോ.. ? താമസിയാതെതന്നെ അല്ലാഹു കോയമ്പത്തൂര്‍ സ്ഫോടനകേസിന്റെ ആ പ്രധാന സൂത്രധാരനെ കാരിരുമ്പഴികളില്‍ കുടുക്കി. ഒരു വിചാരണപോലും നടത്താതെ ഒരു ‘ജീവപര്യന്തം' ശിക്ഷ നല്‍കുകയും ചെയ്തു. മഅ്ദനിയും കാന്തപുരവും കുറേ സില്‍ബന്തികളും 1992-93-94 കാലഘട്ടങ്ങളില്‍ സ്ഥിരമായി എല്ലാ വ്യാഴാഴ്ചകളിലും രാത്രിയില്‍ രഹസ്യമായി ചാവക്കാട്ടുള്ള ഒരു ബംഗ്ളാവില്‍ ഒരുമിച്ചു കൂടാറുണ്ടായിരുന്നു എന്ന് സാല്‍മിഹാജി സി.ബി.ഐ. കോടതി മുമ്പാകെ മൊഴി നല്‍കിയതും ശ്രദ്ധേയമാണ്.
മഅ്ദനിക്കെതിരെ അതിശക്തമായ തെളിവുകള്‍ തമിഴ്നാട് പോലീസിനും, സി.ബി.ഐ.ക്കും ജനങ്ങളെ കാണിക്കാന്‍ അല്ലാഹു നല്‍കിയതുകൊണ്ടാണ് ‘മഅ്ദനിയുടെ' മോചനം ഒരു ബാലികേറാമലയാകുന്നത്. ബി.ജെ.പി. നേതാവായ ജോഷിയെ പട്ടിയെന്നു വിളിക്കുന്ന മഅ്ദ്നിയുടെ കേസറ്റ് ഞാന്‍ കേട്ടിട്ടുണ്ട്. മുസ്ളീംലീഗ് നേതാവായ കുഞ്ഞാലിക്കുട്ടിയെ അന്നു ‘കന്നുകാലിക്കുട്ടി' എന്നായിരുന്നു മഅ്ദ്നി ആ കേസറ്റില്‍ കളിയാക്കിയിരുന്നത്. മറ്റൊരു പ്രസംഗത്തില്‍ ചേകന്നൂര്‍ മൌലവിയെ ‘ക്ളീന്‍ഷേവ് കുരങ്ങന്‍' എന്നാണ് മഅ്ദനി കളിയാക്കിയത്.
ഖുര്‍ആനിക മര്യാദകള്‍ ലംഘിച്ചുകൊണ്ട് ഖുര്‍ആനിലുള്ള തത്വങ്ങള്‍ പഠിപ്പിക്കാതെ തനി താടിയും, തലേക്കെട്ടും, നമസ്കാരക്കണക്കും പറഞ്ഞു നടന്ന് - ഖുര്‍ആനിലെ സര്‍വ്വമതസത്യവാദം - പഠിപ്പിക്കാതെ അറേബ്യന്‍ ഹദീസുകളിലൂടെ കിട്ടിയ വര്‍ഗ്ഗീയവാദവും, ഭീകരവാദവും പാവപ്പെട്ട മുസ്ളീം യുവാക്കള്‍ക്കിടയില്‍ കുത്തിവെച്ച്, വര്‍ഗ്ഗീയ ലഹളയും, നരഹത്യയും നടത്തിയതിനുള്ള ദൈവിക ശിക്ഷയായിട്ടാണ് അബ്ദുന്നാസര്‍ മഅ്ദനിയുടെ ‘ലോക്കപ്പുവാസം' ഖുര്‍ആന്‍ സുന്നത്തുകാരായ ഞങ്ങള്‍ കാണുന്നത്. നാളെ പരലോകത്ത് ഇതിലും മോശമായ ദൈവിക ശിക്ഷ താങ്കള്‍ക്കുണ്ടാവാതിരിക്കാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുക..! ചെയ്ത തെറ്റുകള്‍ ഏറ്റുപറഞ്ഞു, വിദ്യാഭ്യാസമില്ലാത്ത മുസ്ളീം ചെറുപ്പക്കാരെ തല്ലാനും കൊല്ലാനും പ്രേരിപ്പിച്ചതില്‍ മാപ്പുപറഞ്ഞ് - മനം നൊന്ത് അല്ലാഹുവിനോട് പശ്ചാത്തപിക്കുക..! തൌെബ ചെയ്തു മടങ്ങുക..!
ചേകന്നൂര്‍ മൌലവി വധിക്കപ്പെട്ടപ്പോള്‍ അല്‍ഹംദുലില്ലാ... എന്നു പറഞ്ഞ ഒരുപാടു വിഡ്ഢികളും ജാഹിലുകളുമുണ്ടിവിടെ.... അവരുടെയൊക്കെ വിചാരം അതോടുകൂടി ‘ഖുര്‍ആന്‍ സുന്നത്തു പ്രസ്ഥാനം' അവസാനിച്ചു എന്നായിരുന്നു. എന്നാല്‍ ചേകന്നൂര്‍ മൌലവിയുടെ രക്തത്തില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട് - അദ്ദേഹത്തിന്റെ പുസ്തകങ്ങളില്‍ നിന്നും, പ്രസംഗകേസറ്റുകളില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട് - പതിനായിരങ്ങള്‍ ഇപ്പോള്‍ കേരളക്കരയില്‍ പിറന്നുകൊണ്ടിരിക്കുന്നു. കേരളക്കരയിലെ ഓരോ ഖുര്‍ആന്‍ സുന്നത്തുകാരനും ഓരോ ചേകന്നൂര്‍ മൌലവിയാണ്. അവരെയെല്ലാം കൊന്നൊടുക്കാതെ നിങ്ങള്‍ക്ക് ‘അഹ്ലുസ്സുന്നത്തുവല്‍ ജുമാഅത്ത്' എന്ന അറേബ്യന്‍ പാരമ്പര്യമതവുമായി മുന്നോട്ടു പോകാനാവില്ല. തീര്‍ച്ച..!
ചേകന്നൂര്‍ മൌലവിയുടെ അന്ത്യത്തിലും അദ്ദേഹത്തിന്റെ ഭൌതികശരീരം കിട്ടാത്തതിലും എന്തോ ഒരു അനിര്‍വ്വചനീയമായ ആനന്ദം ഉള്ളില്‍ സൂക്ഷിക്കുന്ന ചില കഴുതകളുണ്ടിവിടെ. ചേകന്നൂര്‍ മൌലവിയുടെ വാദങ്ങള്‍ക്കൊന്നും മറുപടി പറയാന്‍ കഴിയാതെ ഒടുവില്‍ അവര്‍ ഇളിഭ്യരാകുമ്പോള്‍ ഈ വിഡ്ഢികള്‍ ചോദിക്കും... ‘എന്തേ നിങ്ങളുടെ മൌലവിയുടെ മൃതശരീരം പോലും കിട്ടാത്തത്...?’ എന്ന്. ചരിത്രവും ഇസ്ളാമിക ചരിത്രവും ഖുര്‍ആനും പഠിക്കാത്ത ആ കഴുതകളോട് എന്ത് പറയാന്‍....! ചേകന്നൂര്‍ വധക്കേസിലെ ചില പ്രധാന സാക്ഷികളെയും പ്രതികളെയും സഹായിച്ച പല മുസ്ളീം മന്ത്രിമാരും ഉസ്താദുമാരും എം.പി.മാരും രാഷ്ട്രീയ നേതാക്കളും പെണ്ണുകേസിലും ഭീകരപ്രവര്‍ത്തനത്തിലും കുഴല്‍പ്പണ ഇടപാടിലുമൊക്കെ കുടുങ്ങി ജീവിച്ചിരിക്കുമ്പോള്‍ തന്നെ ‘ചീഞ്ഞുനാറിക്കൊണ്ടിരിക്കുന്നു' എന്നതും നാം ഇന്ന് കണ്ടുകൊണ്ടിരിക്കുന്ന ഒരു വസ്തുതയല്ലേ....!
ഇനിയെങ്കിലും വര്‍ഗ്ഗീയതയും, മതഭ്രാന്തും, അവസാനിപ്പിക്കുക. നാം മുമ്പ് സൂചിപ്പിച്ച - ഖുര്‍ആന്‍ പഠിപ്പിക്കുന്ന - ‘അല്ലാഹുവും ഇബ്ലീസും' തമ്മില്‍ നടന്ന ആ സംഭാഷണത്തിന്റെ പൊരുള്‍ തങ്ങളുടെ അനുയായികള്‍ക്ക് പറഞ്ഞുകൊടുക്കുക..! നാസര്‍ മഅ്ദനി പറഞ്ഞാലേ മഅ്ദനിയുടെ ആള്‍ക്കാര്‍ കേള്‍ക്കൂ.. കാന്തപുരം പറഞ്ഞാലേ കാന്തപുരത്തിന്റെ കുട്ടികള്‍ അതേറ്റെടുക്കുകയുള്ളൂ.. ഇ.കെ. പറഞ്ഞാലേ ഇ.കെ.യുടെ ഗ്രൂപ്പിലുള്ളവര്‍ കേള്‍ക്കുകയുള്ളൂ. ജമാഅത്ത് അമീര്‍ പറഞ്ഞാലേ ജമാഅത്തെ ഇസ്ളാമിയുടെ അനുഭാവികള്‍ കേള്‍ക്കൂ.. ചേകന്നൂര്‍ പറഞ്ഞാലേ ചേകന്നൂര്‍ മൌലവിയുടെ അനുയായികള്‍ കേള്‍ക്കൂ..!! മുജാഹിദ് പ്രസ്ഥാനത്തിന്റെ നേതാവു പറഞ്ഞാലേ മുജാഹിദുകള്‍ അനുസരിക്കുകയുള്ളൂ.. പോപ്പു പറഞ്ഞാലേ കൃസ്ത്യാനികള്‍ കേള്‍ക്കൂ.. സ്വാമി പറഞ്ഞാല്‍ മാത്രമേ ഹിന്ദുക്കള്‍ അനുസരിക്കൂ..!!! ഇതു സാധാരണക്കാരന്റെ മന:ശാസ്ത്രമാണ്. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ‘ദൈവവും മതവും' എന്തോ ഭയങ്കര സംഗതിയാണ്. അപ്പോള്‍ മതവിഷയത്തില്‍ അവര്‍ അഭിപ്രായം പറയില്ല. സ്വയം ചിന്തിക്കില്ല. മതവിഷയത്തില്‍ സ്വയം ചിന്തിക്കാനും അഭിപ്രായം പറയാനും അവര്‍ ഭയപ്പെടുന്നു. മതവിഷയത്തില്‍ അഭിപ്രായം പറയാനും ചിന്തിക്കാനും അവര്‍ അവരുടെ മത നേതാവിനെ ഏല്‍പ്പിച്ചിരിക്കുകയാണ്. അവര്‍ക്ക് അവരുടെ നേതാക്കള്‍ പറയുന്നതാണ് അവരുടെ മതം. അവര്‍ പറയുന്നതുമാത്രമേ അവര്‍ അനുസരിക്കൂ.. ഇതൊരു സാര്‍വ്വലൌകിക സത്യമാണ്.. അപ്പോള്‍ ഒരു മതഗ്രൂപ്പ് നന്നാകണമെങ്കില്‍ ആ ഗ്രൂപ്പിന്റെ തലവന്‍ വിചാരിക്കണം. ആ ഗ്രൂപ്പിനെ നരകത്തിലേക്കോ, സ്വര്‍ഗ്ഗത്തിലേക്കോ നയിക്കാന്‍ ആ നേതാവിന് കഴിയുന്നു. അതുകൊണ്ടാണ് ഖുര്‍ആന്‍ ഇങ്ങനെ പറയുന്നത്.. ‘വിശ്വസിച്ചവരേ.. പണ്ഡിതന്മാരിലും, പുരോഹിതന്മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുന്നവരും അവരെ സത്യദീനില്‍ നിന്ന് (ദൈവിക മാര്‍ഗ്ഗത്തില്‍ നിന്ന്) തടയുകയും ചെയ്യുന്നവരാണ്. (9:34) സമകാലിക സുന്നി-മുജാഹിദ്-ജമാഅത്ത് പണ്ഡിതന്മാരും, ഖുര്‍ആനും തമ്മിലുള്ള ബന്ധം കാണുമ്പോള്‍ ഈ ഖുര്‍ആന്‍ വാക്യം നൂറുശതമാനവും സാര്‍ത്ഥകമായിത്തോന്നുന്നു..!!
ജംഇയ്യത്തുല്‍ ഇസ്ഹാനിയ്യ, സുന്നി ടൈഗേര്‍സ്, സുന്നി വളണ്ടിയര്‍ കോര്‍, ഇസ്ളാമിക് ചാരിറ്റി സെന്റര്‍, എസ്.എസ്.എഫ്, എന്‍.ഡി.എഫ്, കാന്തപുരം, അബ്ദുള്‍നാസര്‍ മഅ്ദനി എന്നിങ്ങനെ ഒരുപാട് സംഘടനകളും, വ്യക്തികളും ചേകന്നൂര്‍ വധവുമായി പരസ്പരം ബന്ധപ്പെട്ട അഭേദ്യഘടകങ്ങളാണെന്ന് സി.ബി.ഐ. കുറ്റപത്രം വായിച്ചാല്‍ വ്യക്തമാകുന്നു..!
ഈ സംഘടനയില്‍പ്പെട്ട തിരഞ്ഞെടുത്ത ചെറുപ്പക്കാര്‍ക്ക് പ്രത്യേക സ്റഡി ക്ളാസും, കായിക പരിശീലനവും നല്‍കി അവരെ വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്കും, നരഹത്യകള്‍ക്കും, ശത്രുസംഹാരത്തിനും ഒറ്റക്കും കൂട്ടായും നിയോഗിക്കുകയാണ് പതിവ് എന്ന് മനാഫിന്റെയും, സുലൈമാന്റെയും മറ്റും സി.ബി.ഐ. മൊഴികളില്‍ കാണുന്നു. സൌദി അറേബ്യയില്‍ നിന്നും, ബഹ്റൈനില്‍ നിന്നുമൊക്കെ വ്യാജപാസ്പോര്‍ട്ട് രേഖയുണ്ടാക്കി, പാക്കിസ്ഥാനിലും, അഫ്ഗാനിസ്ഥാനിലുമൊക്കെപ്പോയി പ്രത്യേക പരിശീലനം നേടി തിരിച്ചു ബഹ്റൈനിലും, സൌദിയിലും തിരിച്ചെത്തി ഇന്ത്യയിലേക്കും, കേരളത്തിലേക്കും മടങ്ങുന്നവര്‍ നാസര്‍ മഅ്ദനി ചെയര്‍മാനായ എന്‍.ഡി.എഫില്‍ (പി.ഡി.പി.യില്‍ - പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയിലല്ല...! ‘പരിശുദ്ധ ദീനിന്റെ പാര്‍ട്ടി'യില്‍) ഉണ്ടെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജീവനുള്ള ആടിനെയും, മൂരിയെയും, ഒട്ടകത്തിനെയുമൊക്കെ വെട്ടി ചോരയോടുള്ള അറപ്പും, ഭയവും മാറിയാല്‍ മാത്രമേ, ‘ആദം സന്തതികളെ' കശാപ്പു ചെയ്യാന്‍ ഇവര്‍ നിയോഗിക്കപ്പെടാറുള്ളൂ. ഒരു രാത്രിയില്‍ ദിക്റിനു ശേഷം ‘ആടിനെ വെട്ടി' ചോരകണ്ടു പേടിച്ചരണ്ടു ബോധം കെട്ടു ഭീകരപ്രസ്ഥാനം മതിയാക്കി, സന്ന്യാസ ജീവിതം നയിക്കുന്ന ഒരു പാവം ‘ഭീകരവാദി'യെ എനിക്കറിയാം.
ഇനി ചേകന്നൂര്‍ കേസിലെ ഒരു അപ്രധാന സാക്ഷിയായ സുലൈമാന്റെ മൊഴി
സി.ബി.ഐ. ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തിയതു കാണുക..!
Sulaiman, S/o. Usuf, Age 27/98 Salim, Trichur, Puthanpeedikayil House, Pallam, Desamangalam Villiage, Cheruthuruty, P.S. Limit, Trichur Dt.
‘ഞാന്‍ 9-ാം ക്ളാസുവരെ ദേശമംഗലം ഹൈസ്കൂളില്‍ പഠിച്ചിട്ടുണ്ട്. അതിന് ശേഷം 84-85-ല്‍ ദര്‍സില്‍ ഓതാന്‍ പോയി (മതം പഠിക്കാന്‍ പോയി) 1986ല്‍ 6-7 മാസം കരിങ്കനാട് എന്ന സ്ഥലത്തും, 86 അവസാനം പറവണ്ണയിലും, ഓതാന്‍ പോയിട്ടുണ്ട്. അതിനു ശേഷം 6-7 മാസം വെറുതെ നടന്നു. 1987 മുതല്‍ 92 വരെ തൃശ്ശൂരില്‍ ഹോട്ടല്‍ ക്രസന്റ്, ഹോട്ടല്‍ എവറസ്റ്, ഹോട്ടല്‍ സെന്‍സാര്‍, ഹോട്ടല്‍ ഷാലിമാര്‍, ഹോട്ടല്‍ ജമാലിയ, ഹോട്ടല്‍ മേയര്‍, ഹോട്ടല്‍ മൈസണ്‍ തുടങ്ങിയ ഹോട്ടലുകളില്‍ പല പ്രാവശ്യമായി ജോലി എടുത്തിട്ടുണ്ട്. അതിനിടയില്‍ ഫുട്പാത്തില്‍ പാന്‍ കച്ചവടം, പാത്രകച്ചവടം മുതലായവ ചെയ്തിട്ടുണ്ട്. പാന്‍ കച്ചവടം ചെയ്യുമ്പോള്‍ അമല ഹോസ്പിറ്റലിന് അടുത്തുള്ള മുസ്ളീം പള്ളിയില്‍ താമസിച്ചിട്ടുണ്ട്. അവിടെ വെച്ച് ആലത്തൂര്‍ കബീര്‍ എന്ന ആളെ പരിചയപ്പെട്ടു. അയാളാണ് ആദ്യമായി സംഘടനയെപ്പറ്റി എന്നോട് പറഞ്ഞത്. കബീറിന്റെ രണ്ടു സുഹൃത്തുക്കള്‍ ആ പള്ളിയില്‍ ജോലി ചെയ്തിരുന്നു. പള്ളിയില്‍ ഒരു ദിവസം രാത്രി ഉറങ്ങാന്‍ കിടക്കുന്നതിനിടയിലാണ് സംഘടനയെക്കുറിച്ച് പറഞ്ഞത്. സംഘടനക്ക് പേരില്ലെന്നും, മുസ്ളീം സമുദായത്തെ എതിര്‍ക്കുന്നവരെ ചെറുക്കലും, യുവാക്കളെ സമുദായവുമായി അടുപ്പിക്കുക എന്നിവയാണ് സംഘടനയുടെ ഉദ്ദേശമെന്ന് കബീര്‍ പറഞ്ഞു. അത് ബാബറി മസ്ജിദ് തകര്‍ന്ന സമയമായിരുന്നു. അതില്‍ മനോരോഷം ഉള്ളതുകൊണ്ടാണ് ഞാനും സംഘടനയില്‍ ചേര്‍ന്നത്.
1993 ജനുവരിയില്‍ നമ്പ്യാര്‍പള്ളം പള്ളിയില്‍ വെച്ച് സെയ്തലവി അന്‍വരി എടുത്ത ക്ളാസിലാണ് ഞാന്‍ ആദ്യമായി പങ്കെടുത്തത്. നാലു ക്ളാസുകളില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. തൃശ്ശൂരില്‍ വെച്ച് 93 ജൂണിലോ, ജൂലൈയിലോ ആണ് ഞാന്‍ അന്‍വരിയെ അടുത്തു പരിചയപ്പെടുന്നത്. സംഘടനയില്‍ ക്ളാസുകള്‍ കൂടാതെ കായികപരിശീലനവും നടത്താറുണ്ട്. കോഴിക്കോട് ജില്ലയില്‍ 93-94ല്‍ കായിക പരിശീലനം ഉണ്ടായിരുന്നു. പാറക്കടവ്, അണ്ടോണ, കൂടാതെ ഫദലു എന്ന ആള്‍ പറഞ്ഞ സ്ഥലം, എന്നിവിടങ്ങളിലാണ് കായികപരിശീലനം നടത്തുന്നത്. ഏതാണ്ട് 100-ഓളം കുട്ടികള്‍ മേല്‍പ്പറഞ്ഞ സ്ഥലങ്ങളില്‍ പരിശീലനം നടത്തിയിരുന്നു. 93-ല്‍ ഞാന്‍ പള്ളത്തുമാത്രമായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. സലിം, കുഞ്ഞാപ്പു, മുസ്തഫ, മുഹമ്മദ്, മുഹമ്മദ് മുസലിയാര്‍, ഖാദര്‍ മുസലിയാര്‍, സൈതലവി മുസലിയാര്‍ തുടങ്ങിയവരായിരുന്നു പള്ളത്തെ പ്രവര്‍ത്തകര്‍.
ആദ്യത്തെ ക്ളാസില്‍ ബഗല്‍പൂരിലെ കൂട്ടക്കൊല, ബാബരി മസ്ജിദ്, മീററ്റിലെ കലാപം എന്നിവയായിരുന്നു വിഷയം. അതിനു ശേഷം രണ്ടാഴ്ച കഴിഞ്ഞാണ് ക്ളാസ് നടത്തുന്നത്. അന്‍വരിയാണ് സാധാരണ ക്ളാസ് നടത്താറ്. ഒരു ദിവസം ഹബീബ് കോയ തങ്ങള്‍, വളാഞ്ചേരി ക്ളാസ് എടുത്തിരുന്നു. ഒന്നും രണ്ടും ക്ളാസുകള്‍-അന്‍സാരി, മൂന്നാമത്തേത് - ഹബീബ് കോയതങ്ങള്‍, നാല് - അന്‍വരി കൂടാതെ വിളയൂര്‍ ഭാഗത്തുള്ള വെളുത്ത അന്‍വരി എന്ന അസീസും ഉണ്ടായിരുന്നു. 15-14 ദിവസത്തിനിടയിലാണ് ക്ളാസുകള്‍ നടത്താറ്. ഉദ്ദേശം 10-12 പേര്‍ പങ്കെടുക്കുമായിരുന്നു. 4-ാമത്തെ ക്ളാസില്‍ ‘ദിക്റിന്റെ മാഹാത്മ്യം' എന്ന വിഷയത്തെക്കുറിച്ച് അന്‍വരിയാണ് ക്ളാസ് എടുത്തത്. ദിക്ര്‍ ചൊല്ലി മന:പ്പാഠമാക്കിയാല്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ പിടിക്കപ്പെടാതിരിക്കുകയും, പ്രവൃത്തി ചെയ്യാന്‍ മാനസികമായി ധൈര്യം സംഭരിക്കാന്‍ സാധിക്കുകയും ചെയ്യുമെന്നാണ് അന്‍വരി പഠിപ്പിച്ചത്. ഇസ്ളാമിനോടു ശത്രുത പുലര്‍ത്തുന്നവരുടെ വസ്തുക്കള്‍ മോഷ്ടിക്കുന്നതും, അങ്ങിനെയുള്ളവരെ ഉപദ്രവിക്കുന്നതും വധിക്കുന്നതും തെറ്റല്ല എന്നും അന്‍വരി പറഞ്ഞിട്ടുണ്ട്.
നാലോ, അഞ്ചോ ക്ളാസുകള്‍ കഴിഞ്ഞ് ക്ളാസുകള്‍ തല്‍ക്കാലം നിര്‍ത്തിവെക്കുകയാണെന്ന് അന്‍വരി പറഞ്ഞു. നോമ്പിന്റെ ഒരു മാസം മുമ്പാണ് ക്ളാസുകള്‍ നിര്‍ത്തിയത്. അതിനു ശേഷം നോമ്പും പെരുന്നാളും കഴിഞ്ഞാണ് അന്‍വരി പള്ളത്തു വന്നത്. അന്നേരം താന്‍ ഇനി തൃശ്ശൂര്‍ ജില്ലയില്‍ ഉണ്ടാകുമെന്ന് അന്‍വരി പറഞ്ഞു.
1993 മെയിലോ ജൂണിലോ ആണ് ഹുസൈന്‍ മുസലിയാരെ കാണാന്‍ അന്‍വരിയെകൂട്ടി അദ്ദേഹത്തിന്റെ പഴുന്നാനയുള്ള വീട്ടില്‍ പോകുന്നത്. ആ സമയം സംഘടനയുടെ തൃശ്ശൂര്‍ അമീര്‍ അന്‍വരിയായിരുന്നു. ആ സമയത്തെ പാലക്കാടിന്റെയും, മലപ്പുറത്തിന്റെയും, അമീര്‍ ആരൊക്കെ ആയിരുന്നെന്ന് എനിക്കറിയില്ല. ചോദിച്ചപ്പോള്‍ അതു നീ അറിയേണ്ട എന്ന് അന്‍വരി പറഞ്ഞു. ഹുസൈന്‍ മുസലിയാരെ കണ്ടദിവസം തന്നെ എനിക്ക് ദിക്കര്‍ തരുകയും, ഞാന്‍ സ്വീകരിക്കുകയും ചെയ്തു. ദിക്ര്‍ കിട്ടിയതിന് ശേഷം സംഘടനക്ക് വേണ്ടി പണം സ്വരൂപിക്കുന്നതിനു വേണ്ടി മുസ്ളീംങ്ങളുടേതല്ലാത്ത വസ്തുക്കള്‍ മോഷ്ടിക്കുന്നതിന് ഉസ്താദ് അനുവാദം തന്നിട്ടുണ്ടെന്നും, നിങ്ങള്‍ അതുകൊണ്ട് വെള്ളമടിക്കുന്ന മോട്ടോറുകളോ, ടൂവീലറുകളോ മോഷ്ടിക്കണമെന്നും അന്‍വരി എന്നോട് പറഞ്ഞു. സലീമും (പള്ളം), കുഞ്ഞാപ്പു പള്ളം എന്നിവരും അന്നേരം ഉണ്ടായിരുന്നു. അക്കാലത്ത് ഞാന്‍ തൃശ്ശൂര്‍ നമ്പ്യാരുടെ ഹോട്ടലില്‍ (ചെമ്പുകാവ്) ആയിരുന്നു ജോലി. പിന്നീട് മൂന്ന് മാസത്തിനു ശേഷം വെട്ടിക്കല്‍ ശ്രീ പുഷ്കരം എന്ന സ്ഥലത്ത് (93 ജൂലൈ/ആഗസ്റ്) സംഘടനയുടെ മീറ്റിംഗില്‍ പങ്കെടുത്തു. അതിന് ശേഷം തൃശ്ശൂരില്‍ എസ്.എസ്.എഫിന്റെ മൂന്ന് ദിവസത്തെ ക്യാമ്പില്‍ (ഷോര്‍ണ്ണൂര്‍ റൂട്ടില്‍, സ്ഥലം ഓര്‍ക്കുന്നില്ല) അംഗങ്ങളെല്ലാം ഒരുമിച്ചു താമസിച്ചപ്പോള്‍ അന്‍വരിയുമായി കൂടുതല്‍ അടുത്തു.
1995 പകുതിയിലാണ് ഞാന്‍ കോഴിക്കോട്ട് ചെന്നത്. അതിനു ശേഷമാണ് ഷാജി മലപ്പുറത്ത് ചാര്‍ജ്ജ് എടുത്തത്. അതിന് മുമ്പ് ഷാജി സംഘടനയില്‍ ഉണ്ടെന്ന് എനിക്കറിയാം. ഞാന്‍ ചെല്ലുന്നതിന് മുമ്പ് ആബിദ് അടിവാരം ആയിരുന്നു കോഴിക്കോട്ട് ചാര്‍ജ്ജ്. അക്കാലത്ത് ഞാന്‍ കാരന്തൂര്‍ ആയിരുന്നു താമസിച്ചിരുന്നത്. ആരുടെ വീടാണെന്നറിയില്ല, മര്‍ക്കസ് ആര്‍ട്സ് കോളേജിന്റെ അടുത്തുള്ള ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. ഉസ്മാന്‍ മുസലിയാരാണ് വീട് എടുത്തു കൊടുത്തതും, വാടക കൊടുത്തിരുന്നതും. എന്റെ മുറിയില്‍ ആബിദ് അടിവാരം, സലാം വൈത്തിരി, കല്‍പ്പറ്റക്കാരന്‍ ഒരാള്‍, എന്നിവരായിരുന്നു എന്റെ കൂടെ താമസിച്ചിരുന്നത്. കാസിം തൂണേരി, സലാഹുദ്ദീന്‍ കണ്ണൂര്‍, കുഞ്ഞാലി കണ്ണൂര്‍ എന്നിവര്‍ എന്റെ മുറിയില്‍ വരാറുണ്ടായിരുന്നു. ഉസ്മാന്‍ മുസലിയാര്‍ക്ക് ഒരു നീലകളറിലുള്ള ജീപ്പുണ്ടായിരുന്നു. കൊടിയത്തൂര്‍ അബ്ദുള്‍ റഹിമാന്‍ എന്ന ആള്‍ ആ ജീപ്പ് ഓടിക്കുമായിരുന്നു.
ചേകന്നൂര്‍ മൌലവിയുടെ ഖുര്‍-ആന്‍-സുന്നത്ത് സൊസൈറ്റിയെ പറ്റി കേട്ടിട്ടുണ്ട്. ഞാന്‍ സംഘടനയില്‍ ചേരുന്നതിന് മുമ്പ് മൌലവിയുടെ ആശയങ്ങള്‍ തെറ്റാണെന്നു തോന്നിയിരുന്നു. അന്‍വരി ക്ളാസെടുക്കുമ്പോള്‍ മൌലവിയുടെ തിരോധാനത്തെക്കുറിച്ച് പറയുമായിരുന്നു. മൌലവിയെക്കുറിച്ച് യാതൊരു തുമ്പും കിട്ടിയിട്ടില്ല. അത് നിസ്കാരം മൂന്നാക്കി ചുരുക്കിയതുകൊണ്ടായിരിക്കാം. ബാക്കി രണ്ടു നിസ്കാരം മൂപ്പര്‍ ഒരുമിച്ചു ചെയ്തുതീര്‍ക്കുകയാവും എന്ന് ചിരിച്ചുകൊണ്ട് അന്‍വരി പറയുമായിരുന്നു. ഞാന്‍ മൌലവിയെ കണ്ടിട്ടില്ല. മൌലവി കേസില്‍ സംശയിക്കുന്നവരുടെ കമ്പ്യൂട്ടര്‍ ഫോട്ടോ കണ്ടപ്പോള്‍ അന്‍വരിയെയും, ഉസ്മാന്‍ മുസലിയാരുടേതും പോലെയാണെന്ന് പലരും പറഞ്ഞതായി അന്‍വരി എന്നോട് പറഞ്ഞിട്ടുണ്ട്.
കീഴ്പ്പള്ളിക്കരയിലുള്ള ഫൈസലിനെ അറിയാം. ഫൈസലിന് കോഴിക്കോട് കെ.വി.ബില്‍ഡിംഗിന് അടുത്ത് ഒരു ഓഫീസുണ്ടായിരുന്നു. അവിടെ ഞാന്‍ പലപ്പോഴും പോകാറുണ്ടായിരുന്നു. അവിടെ ഫൈസല്‍, ടി.പി.അബൂബക്കര്‍ മാസ്റര്‍, ഷക്കീര്‍ മുതലായവരെ കാണാറുണ്ട്. ഫൈസലിന്റെ അനുജന്‍ നൌഫലിനെയും അറിയാം. നൌഫല്‍ സംഘടനയിലെ അംഗമാണ് ഞാനും നൌഫലും ചേര്‍ന്ന് ചേലക്കരയില്‍ നിന്നും ഒരു ബുള്ളറ്റ് മോഷ്ടിച്ചിട്ടുണ്ട്. അവസാനമായി നൌഫലിനെ കണ്ടത്, പറമ്പില്‍ ബസാറിലെ 95-ല്‍ നടന്ന ജാറത്തിനായിരുന്നു. ഞാന്‍ ഫൈസലിന്റെ കൂടെ ഒരിക്കല്‍ ഫൈസലിന്റെ ‘ഗോട്ട് ഫാം എസ്റേറ്റില്‍' ഉസ്മാന്‍ മുസല്യാരുമായി ജീപ്പില്‍ ആടുകളെ കൊണ്ട് വരുന്നതിനു വേണ്ടി പോയിട്ടുണ്ട്. ഫൈസലിന്റെ അനുജന്‍ നൌഫല്‍ ആയിരുന്നു ഡ്രൈവര്‍. 95-ലെ പറമ്പില്‍ ബസാര്‍ ആണ്ടു നേര്‍ച്ചക്ക് മുമ്പായിരുന്നു അത്. പറമ്പില്‍ ബസാറിലെ (1995) ജാറത്തില്‍ സദ്യക്ക് ആളുകളെ നിയന്ത്രിക്കുന്ന ചുമതല എനിക്കായിരുന്നു. അവിടെ വെച്ചു ഫൈസലിനെ കണ്ടു. ഫൈസല്‍ എന്റെ അടുത്തു വന്ന് ഒരാളെ ചൂണ്ടിക്കാണിച്ചുകൊണ്ട് അയാള്‍ ചേകന്നൂര്‍ മൌലവി സംഭവത്തിന്റെ ആളാണ്. അയാളെ വേഗം ഭക്ഷണം കൊടുത്തു വിടണം എന്നു പറഞ്ഞു. അയാളുടെ പേരു ചോദിച്ചപ്പോള്‍ അതു നീ അറിയണ്ട എന്നു പറഞ്ഞു. അയാളും ഫൈസലുമായി സംസാരിക്കുന്നതു കണ്ടു. അയാള്‍ വെള്ളമുണ്ടും ഹാഫ് കൈ ഷര്‍ട്ടും ധരിച്ചിരുന്നു. വെളുത്തു തുടുത്ത മുഖവും 30 വയസ്സുതോന്നിക്കുന്ന പ്രായവുമായിരുന്നു. (അത് പത്തനാപുരം ബഷീറാണെന്ന് പിന്നീട് സി.ബി.ഐ.സ്ഥിതീകരിച്ചു). അയാളെ ഞാന്‍ ഇതിന് മുമ്പ് കണ്ടിട്ടില്ല. ഫൈസല്‍ പറഞ്ഞതനുസരിച്ച് ഞാന്‍ അയാളെ ഭക്ഷണം കഴിക്കുന്നതിനായി അകത്തേക്കു കയറ്റി വിട്ടു.
സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് ശമ്പളമായി 1500/-ക എനിക്ക് തരുമായിരുന്നു. വാഴക്കാട് ബഷീര്‍ മാസ്റര്‍ ആണ് പണം തന്നിരുന്നത്. ഞങ്ങളുടെ സംഘടനയെ 1996 വരെ സി.വി.സി. എന്നും സുന്നി ടൈഗര്‍ എന്നും അറിഞ്ഞിരുന്നു. 1996-ല്‍ ‘ജംയ്യത്തുല്‍ ഇഹ്സാനിയ' എന്ന പേരില്‍ രജിസ്റര്‍ ചെയ്തു. കണ്ണൂര്‍ ജില്ലയില്‍ 1995-ല്‍ ‘ജംയ്യത്തുല്‍ ഇഹ്സാനിയ' എന്നൊരു സംഘടന രൂപീകരിച്ചതായി അറിയാം. രാമന്തളി മുഹമ്മദ്, പി.ടി.പി. അഷ്റഫ് എന്നിവരായിരുന്നു ആ സംഘടനയുടെ നേതാക്കന്മാര്‍.
ഞങ്ങളുടെ സംഘടനയുടെ സംസ്ഥാന നേതാക്കന്മാര്‍ 1) ഉസ്മാന്‍ മുസ്ള്യാര്‍, കാരന്തൂര്‍, കോഴിക്കോട്, 2) വാഴക്കാട് ബഷീര്‍ മാസ്റര്‍, 3) കൊട്ടപ്പുറം അബ്ദുള്‍ റസാഖ്, 4) പഴുന്നാന സി.കെ.ഹുസൈന്‍ മുസല്യാര്‍ എന്നിവരാണ്. ഡോ:പി. സുബൈര്‍, തളിപ്പറമ്പ് എന്ന ആളാണ് ഈ സംഘടനയുടെ ജനറല്‍ സെക്രട്ടറി. കൂടാതെ സംസ്ഥാന നേതാക്കന്മാരെപ്പോലെ തന്നെ ഉന്നത സ്ഥാനം ഉള്ള ആളും, നേതാക്കന്മാരോടെല്ലാം ഏറ്റവുമടുത്ത ബന്ധം പുലര്‍ത്തുന്നയാളുമാണ് സെയ്തലവി അന്‍വരി.
സംഘടനയില്‍ ജില്ലകളുടെ ചാര്‍ജ്ജ് ഉള്ള അമീര്‍മാര്‍ താഴെ പറയുന്നവരാണ്.
1) ഷക്കീര്‍ മുഖദാര്‍, കോഴിക്കോട് - തിരുവനന്തപുരം
2) സലാം മുസല്യാര്‍, കൊല്ലം - കൊല്ലം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട
3) അബ്ദുള്‍ റസാക്ക്, മാള - എറണാകുളം
4) സെയ്തലവി അന്‍വരി, പുലാമന്തോള്‍ - തൃശ്ശൂര്‍
5) ഷറീഫ് ആലത്തൂര്‍ - പാലക്കാട്
6) ഷാജി പെരുമ്പടപ്പ്, സ്വലിഹ് പുതുപൊന്നാനി - മലപ്പുറം
7) സലാഹുദ്ദീന്‍, കണ്ണൂര്‍ - കോഴിക്കോട്
8) സുബൈര്‍ വളാഞ്ചേരി - വയനാട്
9) പി.ടി.പി.അഷ്റഫ്, പാപ്പിനിശ്ശേരി - കണ്ണൂര്‍
10) കാസര്‍കോഡ് ചാര്‍ജ്ജ് എനിക്കാണ്.
(സംഘടനാ പ്രവര്‍ത്തനം നടത്തിയിരുന്ന കാലത്ത് സംസ്ഥാനത്തെ മുഴുവന്‍ അമീര്‍മാരും എല്ലാമാസവും കോഴിക്കോട് കോട്ടുളിയിലുള്ള ഇ.എം.ഇ.എസ്. ട്രാവല്‍സിലെ ഒരു മുറിയില്‍ യോഗം ചേരുമായിരുന്നു. അപ്പോള്‍ എല്ലാ അമീര്‍മാരും ഓരോ മാസത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഉസ്മാന്‍ മുസ്ള്യാരുടെ കയ്യിലോ, ബഷീര്‍ മാസ്ററുടെ കയ്യിലോ ആണ് റിപ്പോര്‍ട്ട് കൊടുക്കാറ്. അവിടെ വെച്ചാണ് ശമ്പളം തന്നിരുന്നതും)
1996 ഒക്ടോബര്‍ 31-ാം തിയ്യതി ഞാന്‍ ചേലക്കര തോട്ടേക്കോട് ചുങ്കത്ത് പരീതിന്റെ മകള്‍ സഫിയയെ വിവാഹം ചെയ്തു. അതിന് മുമ്പ് വരെ സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നു' എന്നിങ്ങനെ ചെന്നൈയില്‍ വെച്ച് സി.ബി.ഐ. ഓഫീസര്‍ പ്രേംകുമാര്‍ മുമ്പാകെ 14-4-98ന് സുലൈമാന്‍ മൊഴി നല്‍കുന്നു.
- 150 reads