"..........We did not leave ANYTHING out of this qur’an…! " 6:38
ബന്ധപ്പെടുക 0091 9048718329 | e-mail : feedback@chekanoormoulavi.com
- Site Counter: 28,610
മൌലവി ചേകനൂരിന്റെ ഇസ്ലാമിക വീക്ഷണങ്ങള്‍
മൌലവി ചേകനൂരിന്റെ ഇസ്ലാമിക വീക്ഷണങ്ങള്‍
അബൂ ഹിബ .
e-mail , omermuktar@hotmail.com
കടബാധ്യതയാല്‍ മൌലവി മുങ്ങിയതാണെന്നും അതല്ല, പ്രസിദ്ധിക്ക് വേണ്ടി സ്വയം ഒളിവില്‍ പോയതാണെന്നും മറ്റും സത്യവിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് അന്വേഷണത്തിന്റെ ഗതി തിരിച്ചുവിടാന്‍ യാഥാസ്ഥിതിക മതമൌലിക വാദികളും അവരുടെ 'മാധ്യമ'വും ശ്രമം നടത്തിയെങ്കിലും അത് ക്ളച്ച് പിടിക്കാതെ പോയി. വിദഗ്ധമായതും മുന്‍കൂട്ടി ആസൂത്രണം ചെയ്തതുമായ ഒരു ഓപ്പറേഷനാണിതെന്നും ആശയശത്രുക്കളാണിതിന്റെ പിന്നിലെന്നും പോലീസ് ( ഇ.ആ.ക ) വ്യക്തമാക്കിയ നിലയ്ക്ക് തട്ടിക്കൊണ്ട് പോയതിന്റെ കാരണം മൌലവിയുടെ ഖുര്‍ആനിക വാദങ്ങളാണെന്ന് മനസ്സിലാക്കാന്‍ സാധാരണ ബുദ്ധി മതി.
അടുത്തകാലത്തായി യാഥാസ്ഥിതിക മതവിഭാഗങ്ങളിലെ സത്യാന്വേഷികളായ യുവാക്കളും ബുദ്ധിജീവികളും ചേകനൂരിന്റെ ഖുര്‍ആനികാദര്‍ശങ്ങളില്‍ ആകൃഷ്ടരായിത്തുടങ്ങിയതോടെ പരിഭ്രാന്തരായ യാഥാസ്ഥിതികപുരോഹിതര്‍ ചേകനൂരിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചു. ചേകനൂരിന്റെ ഗ്രന്ഥങ്ങള്‍ വായിക്കരുതെന്നും വായിച്ചാല്‍ പിഴച്ചുപോകുമെന്നും ചിലര്‍ 'ഫത്വ'കള്‍ ഇറക്കി. ഇസ്ലാമിനെ പിളര്‍ത്താനിറങ്ങിയ ചേകനൂരുമായി ഒരിക്കലും സഹകരിച്ചു പോകരുതെന്ന് നിര്‍ദ്ദേശിച്ച് പലരും തങ്ങളുടെ പ്രാദേശിക ഘടകങ്ങളിലേക്ക് സര്‍ക്കുലര്‍ അയക്കുകയുണ്ടായി.
ചേകനൂര്‍ മൌലവി യഥാര്‍ഥ ഇസ്ലാമിന് ഭീഷണിയല്ലെന്നതാണ് വസ്തുത. എന്നാല്‍ യാഥാസ്ഥിതിക മതമൌലിക വാദികള്‍ക്ക് ചേകനൂര്‍ ഒരു 'തലവേദന'യായിരുന്നുവെന്നതിന് ധാരാളം തെളിവുകളുണ്ട്. ഒരു ഭാഗത്ത് ചേകനൂര്‍ തങ്ങള്‍ക്കൊരു പ്രശ്നമല്ലെന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് തന്നെ മറുഭാഗത്ത് ചേകനൂരിന്റെ ഖുര്‍ആനിക വാദങ്ങള്‍ക്ക് മറുപടി ഗ്രന്ഥങ്ങള്‍ ഇറക്കേണ്ടിവന്നു! മിക്ക ഇസ്ലാമിക പ്രസിദ്ധീകരണങ്ങളും അവര്‍ അവഗണിച്ചു തള്ളിയ ചേകനൂരിന്റെ ഖുര്‍ആനികവാദങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി വിശദീകരണങ്ങളും ലേഖനങ്ങളുമെഴുതിക്കൊണ്ടിരുന്നു! തന്റെ ഖുര്‍ആനിക വാദങ്ങള്‍ക്കെതിരെയുള്ള വിമര്‍ശന ഗ്രന്ഥങ്ങള്‍ക്ക് ചേകനൂര്‍ ഖണ്ഡനം എഴുതിയപ്പോള്‍ 'അപകടം' മനസ്സിലാക്കി പലരും തങ്ങളുടെ പുസ്തകങ്ങള്‍ പിന്‍വലിച്ചു.
ചുരുക്കത്തില്‍ ചേകനൂരിന്റെ ഖുര്‍ആനികവാദങ്ങളെ തള്ളാനും വയ്യ കൊള്ളാനും വയ്യ; എന്ന ധര്‍മസങ്കടത്തിലായി പണ്ഡിത വിഭാഗം! തങ്ങളുടെ പാണ്ഡിത്യത്തെ അനുയായികള്‍ ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അങ്കലാപ്പിലായി പുരോഹിതവര്‍ഗം! ഈ പശ്ചാത്തലത്തിലാണ് ചേകനൂരിനെ തട്ടിക്കൊണ്ടുപോയി വധിക്കപ്പെടുന്നത്
അസ്വീകാര്യമായ ഹദീസുകള്‍
നാളിതുവരെ ആരും ചോദ്യം ചെയ്യാന്‍ ധൈര്യപ്പെട്ടിട്ടില്ലാത്ത യാഥാസ്ഥിതിക പൌരോഹിത്യത്തിന് നേരെ തിരിഞ്ഞ് നിന്ന് ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിച്ച് (അവിടെയാണല്ലൊ ഉത്തരം മുട്ടുന്നത്) വെല്ലുവിളി ഉയര്‍ത്തിയ ചേകനൂരിന്റെ ഇസ്ലാമികവീക്ഷണങ്ങള്‍ എന്താണെന്ന് പരിശോധിക്കുവാനുള്ള ഒരു ശ്രമമാണിവിടെ.
ഏകദൈവം അല്ലാഹുവാണെന്നും മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകനാണെന്നും ഖുര്‍ആന്‍ പ്രവാചകന്‍ മുഖേന ലോക ജനതയ്ക്ക്് അവതരിച്ച് കിട്ടിയ ദൈവികസന്ദേശങ്ങളുടെ സമാഹാരമാണെന്നുമുള്ള മുസ്ലിംകളുടെ അടിസ്ഥാന വിശ്വാസത്തില്‍ ചേകനൂരും യാഥാസ്ഥിതിക പുരോഹിതന്മാരും തമ്മില്‍ തര്‍ക്കമില്ല.
എന്നാല്‍ ഖുര്‍ആനോട് കൂടി ഇസ്ലാം പൂര്‍ണമാണെന്ന് പറയുന്ന ചേകനൂര്‍ ഖുര്‍ആന്‍ വിരുദ്ധ ഹദീസുകള്‍ (നബി വചനമെന്ന പേരിലുള്ള പുരോഹിത സൃഷ്ടി) സ്വീകാര്യമല്ലെന്ന് പറയുന്നതോടെ ചേകനൂരും യാഥാസ്ഥിതിക പുരോഹിതന്മാരും തമ്മിലുള്ള തര്‍ക്കം ഉടലെടുക്കുകയായി. കാരണം, നൂറ്റാണ്ടുകളായി മുസ്ലിംകളുടെ രണ്ടാംപ്രമാണമായി - ഒരുവേള, ഖുര്‍ആനിനേക്കാള്‍ മുസ്ലിംകളുടെ ആചാരാനുഷ്ഠാനങ്ങളില്‍ സ്വാധീനം ചെലുത്തുന്ന ആധികാരിക രേഖയായി -ഹദീസ് വിലസുകയായിരുന്നല്ലോ. അതിന്റെ വിശ്വാസ്യതയെയാണിപ്പോള്‍ ചേകനൂര്‍ ചോദ്യംചെയ്തിരിക്കുന്നത്. പൌരോഹിത്യത്തിന്റെ മുന്‍വിധികളില്ലാതെ, ഖുര്‍ആനിക ആശയങ്ങള്‍ക്ക് വിരുദ്ധമായി വരുന്ന ഹദീസുകള്‍ സ്വീകാര്യമല്ലെന്നാണ് ചേകനൂരിന്റെ വാദം. അങ്ങനെ കണിശമായ താരതമ്യ പഠനത്തിന് വിധേയമാക്കുമ്പോള്‍ വിരലിലെണ്ണാവുന്ന ഹദീസുകള്‍ മാത്രമേ ഖുര്‍ആനികാശയങ്ങളുമായി പൊരുത്തപ്പെട്ടുപോകുന്നുള്ളു! ബഹുഭൂരിപക്ഷം ഹദീസുകളും ഖുര്‍ആനികാശയങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചേകനൂര്‍ കണ്ടെത്തുന്നു. അത്തരം ഖുര്‍ആന്‍ വിരുദ്ധ ഹദീസുകള്‍ തള്ളിക്കളയണമെന്നും അവ ഇസ്ലാമിന്റെ പ്രമാണ രേഖയായംഗീകരിക്കരുതെന്നുമാണ് ചേകനൂരിന്റെ വാദത്തിന്റെ കാതല്‍.
ഗുരുതരമായ അട്ടിമറി
ചേകനൂരിന്റെ ഗ്രന്ഥങ്ങളെ സമീപിക്കുന്നതിന് മുമ്പ് ഇസ്ലാം മതത്തിന്റെ ആരംഭം, പ്രവാചകന്റെയും ഖലീഫമാരുടെയും ഭരണ കാലഘട്ടം, ഖുര്‍ആന്‍- ഹദീസ് ക്രോഡീകരണം എന്നിവയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
മുഹമ്മദ് നബിയുടെ ജനനം എ.ഡി. 571 ഏപ്രില്‍ 22നാണ്. പ്രവാചകന് നുബുവത്ത് (പ്രവാചകസിദ്ധി) ലഭിക്കുന്നത് എ.ഡി. 611 ലും. ഹിജ്റ (മദീനയിലേക്കുള്ള പലായനം) എ.ഡി. 624ല്‍. എ.ഡി. 634ല്‍ പ്രവാചകന്‍ ഇഹലോകവാസം വെടിയുന്നു. തുടര്‍ന്ന് അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍, അലി എന്നീ ഖലീഫമാരുടെ ഭരണം 29 വര്‍ഷമേ നിലനിന്നുള്ളു. അവസാനത്തെ ഖലീഫ അലി വധിക്കപ്പെടുന്നതോടെ യഥാര്‍ഥ ഇസ്ലാമിക (ഖുര്‍ആനിക) ഭരണത്തിന്റെ അധ:പതനം തുടങ്ങുന്നു. കാരണം നബിക്ക് ശേഷം അലിയുടെ മരണം വരെയുള്ള കാലഘട്ടത്തില്‍ ഖുര്‍ആന്‍ മാത്രമേ പ്രമാണരേഖയായംഗീകരിച്ചിരുന്നുള്ളൂ. മറ്റൊരു പ്രമാണരേഖയും (ഹദീസുകളും മറ്റും) അന്ന് ഉണ്ടായിരുന്നില്ല. അഥവാ ഉണ്ടാക്കാന്‍ ഖലീഫമാര്‍ നാലുപേരും അനുവദിച്ചിരുന്നില്ല. ഹദീസുകള്‍ ഒന്നുംതന്നെ എഴുതിവയ്ക്കരുതെന്ന് പ്രവാചകന്‍ വിലക്കിയിരുന്നതായും അഞ്ഞൂറിലധികം ഹദീസുകള്‍ ഒന്നാം ഖലീഫ അബൂബക്കര്‍ നശിപ്പിച്ചുകളഞ്ഞതായും ഹദീസുകള്‍ നിര്‍മിക്കുവാന്‍ ആരേയും അനുവദിക്കില്ലെന്ന പ്രഖ്യാപനം ഖലീഫാ ഉമര്‍ നടത്തിയിരുന്നതായും ചില ഹദീസുകളില്‍ തന്നെ സന്ദര്‍ഭവശാല്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഖുര്‍ആനിന് ശേഷം ഏത് ഹദീസിലാണിവര്‍ വിശ്വസിക്കുന്നത് (വി.ഖു. 7-185, 45-6, 77-50) എന്ന ഖുര്‍ആന്റെ ശക്തമായ മുന്നറിയിപ്പിനെ ഖലീഫമാര്‍ ഭയന്നത് കൊണ്ടായിരിക്കണം ഹദീസ് നിരോധനം ഏര്‍പ്പെടുത്താനവരെ പ്രേരിപ്പിച്ചിരുന്നത്.
ഖുര്‍ആനില്‍ അല്പസ്വല്പം മാറ്റങ്ങള്‍ വരുത്തണമെന്നാവശ്യപ്പെട്ട്പലരും; വിശിഷ്യാ ജൂതന്മാര്‍ നബിയെ സമീപിച്ചിരുന്നെങ്കിലും ഖുര്‍ആനില്‍ മാറ്റംവരുത്താന്‍ നബിക്ക് പോലും അധികാരമില്ലെന്ന് വി.ഖു. 10-15, 69-44 തുടങ്ങിയ സൂക്തങ്ങള്‍ വ്യക്തമാക്കുന്നു. ഖുര്‍ആന്‍ നിര്‍ദേശിച്ച ജീവിതക്രമം, ആചാരാനുഷ്ഠാനങ്ങള്‍, വിധിവിലക്കുകള്‍ എന്നിവ നബിയുടെ കാലത്ത് തന്നെയും പലര്‍ക്കും ദഹിച്ചിരുന്നില്ലെന്ന് ഇത് തെളിയിക്കുന്നു. അല്ലാഹുവിന്റെ വചനങ്ങളില്‍ മായം കലര്‍ത്തുന്നവരെ കുറിച്ചുള്ള താക്കീതും (വി.ഖു. 2-75) ഇന്നേദിവസം ഇസ്ലാമിനെ നിങ്ങള്‍ക്ക് പൂര്‍ത്തീകരിച്ചു തന്നിരിക്കുന്നുവെന്ന ഖുര്‍ആനിലെ ഒടുവിലത്തെ ആയത്തും (സൂക്തം) ഖുര്‍ആനില്‍ കാണാം. (വി.ഖു. 10-15, 69-44)
എ.ഡി. 663ല്‍ അലിയുടെ വധത്തോടെ ബദര്‍ മുതല്‍ മക്കം ഫത്തഹ് (ജയിച്ചടക്കല്‍) വരെയുള്ള യുദ്ധങ്ങളിലെല്ലാം ശത്രുപക്ഷത്തായിരുന്ന അബൂസുഫ്യാന്റെ മകന്‍ മുആവിയയുടെ കരങ്ങളിലേക്കാണ് ഇസ്ലാമിക ഭരണം പിന്നീട് എത്തപ്പെടുന്നത്. ഇസ്ലാമിലെ ജനാധിപത്യ ഭരണക്രമവും ഖുര്‍ആനോടുള്ള വിധേയത്വവുമെല്ലാം കാറ്റില്‍ പറത്തി മുആവിയ പിന്നീട് തന്റെ മകന്‍ യസീദിനെ രാജാവാക്കുന്നു. ഇതോടെ ജനാധിപത്യ ഭരണക്രമമെന്ന ഇസ്ലാമിക രീതിക്ക് പകരം രാജഭരണം അറേബിയയില്‍ വീണ്ടും നിലവില്‍ വന്നു. (അതിന്നും തുടരുന്നു.) ഈ രണ്ട് സ്വേഛാധിപതികളും കൂടി നബിയുടെ പൌത്രന്മാരായ ഹസന്‍, ഹുസൈന്‍ എന്നിവരെ നീചമായ രീതിയില്‍ കൊലപ്പെടുത്തി! ഇരുപത് വര്‍ഷത്തോളം നീണ്ട മുആവിയയുടെ മര്‍ദക ഭരണകൂടമാണ് ഇസ്ലാമികനിയമങ്ങളില്‍ അട്ടിമറി നടത്തിയത്. അതിനുവേണ്ടി ജൂതസങ്കേതത്തില്‍ നിന്ന് വന്ന അബൂ ഹുറൈറയെ മുആവിയ തന്റെ കൊട്ടാരം പുരോഹിതനാക്കി വാഴിച്ചു! ഈ കാലഘട്ടം തക്കംപാര്‍ത്ത് കഴിഞ്ഞിരുന്ന ജൂതന്മാര്‍ക്കും ഇസ്ലാമിലെ തന്നെ ശത്രുക്കള്‍ക്കും പൌരോഹിത്യത്തിന് വേദിയൊരുക്കിക്കൊടുത്തു. സ്ത്രീകള്‍ക്ക് പള്ളിപ്രവേശനം നിഷിദ്ധമാക്കിയത് ഇവര്‍ തന്നെ.
ഹദീസുകളുടെ ജനനം
എ.ഡി. 663ല്‍ നാലാം ഖലീഫ അലി വധിക്കപ്പെട്ടപ്പോള്‍ അതുവരെ മൌനംപൂണ്ടിരുന്ന പലരും ഹദീസുകള്‍ ഉദ്ധരിക്കാന്‍ തുടങ്ങി. പ്രവാചകനുമായി കേവലം നാല് വര്‍ഷക്കാലം മാത്രം ബന്ധം പുലര്‍ത്തിയ അബൂ ഹുറൈറ 5300ലധികം ഹദീസുകള്‍ ഉദ്ധരിച്ചു. അതേസമയം നബിയോടൊത്ത് ജീവിതകാലം മുഴുവന്‍ സമ്പര്‍ക്കം പുലര്‍ത്തിയ പത്നി ഖദീജ, അബൂബക്കര്‍, അലി എന്നിവരുടേതായി വിരലിലെണ്ണാവുന്ന ഹദീസുകളേ ഉദ്ധരിക്കപ്പെട്ടിട്ടുള്ളു! ഇങ്ങനെ പലരാലും പ്രചരിപ്പിക്കപ്പെട്ട ഹദീസുകള്‍ നാലോ അഞ്ചോ തലമുറ 'വാമൊഴി'യായി മാത്രം നിലനിന്നുവെന്ന് പറയപ്പെടുന്നു. പിന്നീട്; അതായത് നബിയുടെ മരണശേഷം ഏതാണ്ട് 200 വര്‍ഷങ്ങള്‍ പിന്നിട്ട് റഷ്യയിലെ ബുഖാറയില്‍ നിന്ന് വന്ന ബുഖാരി വാമൊഴിയായി കൈമാറിയ ഹദീസുകള്‍ എഴുതി രേഖപ്പെടുത്താനാരംഭിച്ചു. (ഇന്ന് മുസ്ലിംകള്‍ രണ്ടാം പ്രമാണമായംഗീകരിക്കുന്ന ഹദീസ് ഗ്രന്ഥങ്ങളില്‍ ഏറ്റവും ആധികാരികമായുള്ളത് ഇദ്ദേഹത്തിന്റെ സഹീഹുല്‍ ബുഖാരിയാണ്.)
റഷ്യയിലെ ബുഖാറ എന്ന സ്ഥലത്ത് എ.ഡി. 820ലാണ് ബുഖാരി ജനിച്ചത്. 16-ാമത്തെ വയസ്സിലാണത്രെ അദ്ദേഹം അറേബ്യയില്‍ എത്തുന്നത്. അനറബിയായ ബുഖാരി അറബി പഠിച്ച് ഹദീസുകള്‍ എഴുതാന്‍ തുടങ്ങുമ്പോഴേക്കും സ്വാഭാവികമായും വര്‍ഷങ്ങള്‍ പിന്നെയും കടന്നുപോകുന്നു. അപ്പോള്‍ നബിയുടെ മരണശേഷം 200ലധികം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ബുഖാരി ഹദീസ് എഴുതാന്‍ തുടങ്ങുന്നതെന്നോര്‍ക്കണം! ശേഷം ബുഖാരിയുടെ ശിഷ്യന്‍ മുസ്ലിമും ഹദീസുകളെഴുതി തുടങ്ങി. തുടര്‍ന്ന് പലരും! പിന്നീടങ്ങോട്ട് ഹദീസുകളുടെ പ്രളയംതന്നെ. ഈ ഹദീസ് കൂമ്പാരങ്ങളില്‍ നിന്ന് യഥാര്‍ഥ 'നബിവചനം' ഏതെന്ന് കണ്ടെത്തുക അസാധ്യമാണല്ലൊ. പിന്നെയുള്ള മാര്‍ഗം ഖുര്‍ആനുമായി താരതമ്യ പഠനം നടത്തി ഖുര്‍ആനികാശയത്തിന് വിരുദ്ധമായി വരുന്ന ഹദീസുകളെ നിരാകരിക്കലാണ്. (ഇപ്പോള്‍ ചേകനൂര്‍ ചെയ്തത് പോലെ). നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, അത്തരത്തിലൊരു താരതമ്യ പഠനം നടന്നതായി ചരിത്രത്തിലില്ല. വ്യാപകമായ ഹദീസുകളെ ആധാരമാക്കി ശരീഅത്ത് നിയമങ്ങള്‍ ഉരുത്തിരിഞ്ഞ കാലഘട്ടമാണടുത്തത്. നാല് മദ്ഹബ് നേതാക്കളും അവരുടെ ശിഷ്യഗണങ്ങളും കൂടി ശരീഅത്ത് നിയമങ്ങള്‍ എഴുതിയുണ്ടാക്കി. ഈ നിയമങ്ങളുടെ ഉറവിടങ്ങള്‍ ഖുര്‍ആന്‍, ഹദീസ്, ഇജ്മാ (പണ്ഡിതന്മാരുടെ ഏകകണ്ഠമായ തീരുമാനം), ഖിയാസ് (പൊതു തത്വങ്ങളില്‍ നിന്ന് നിര്‍ദ്ധാരണം ചെയ്യപ്പെട്ട ഉപതത്വങ്ങള്‍), ഫത്വ (പണ്ഡിതരുടെ സര്‍ട്ടിഫിക്കറ്റുകള്‍) എന്നിവയാണെന്നാണ് അവരുടെ അവകാശവാദങ്ങള്‍! ഇവയില്‍ ഖുര്‍ആനിനെ ആധാരമാക്കി നിര്‍മിച്ചവ മാത്രം ഇസ്ലാമികമാണെന്ന് കരുതാം. പക്ഷേ അതാണെങ്കില്‍ വിരളവും. ഇജ്മാ, ഖിയാസ്, ഫത്വ എന്നിവയെ അടിസ്ഥാനമാക്കി കെട്ടിപ്പടുത്ത നിയമങ്ങളാണധികവും. അവയ്ക്കാണെങ്കില്‍ ഖുര്‍ആനികാശയങ്ങളുമായി കാതങ്ങളുടെ അകലവും...!
ഇമാം അബൂ ഹനീഫ (എ.ഡി. 699-767), ഇമാം മാലിക് ബ്നു അനസ് (എ.ഡി. 713-795), ഇമാം മുഹമ്മദ് ഇബ്നു ഇദ്രീസ് ശാഫി (എ.ഡി. 767-820) ഇമാം അഹമ്മദ് ഇബ്നു ഹംബല്‍ (എ.ഡി. 780-855) എന്നിങ്ങനെ നാല് മദ്ഹബുകളാണുള്ളത്. കേരളീയരായ മുസ്ലിംകളില്‍ ഭൂരിഭാഗവും ശാഫി മദ്ഹബുകാരാണ്. നബിയുടെ മരണത്തിന് ശേഷം ശാഫിയുടെ മരണത്തിന് മുമ്പായി 200 വര്‍ഷങ്ങള്‍ കടന്നുപോയിട്ടുണ്ട് എന്ന വസ്തുത ഓര്‍ക്കുക.
എ.ഡി. 900 ആണ്ട് കഴിഞ്ഞപ്പോള്‍ അതായത് 10-ാം നൂറ്റാണ്ട് പിന്നിട്ടപ്പോള്‍ നാല് മദ്ഹബ് നേതാക്കളില്‍ ഏതെങ്കിലും ഒരാളെ പിന്‍പറ്റുകയല്ലാതെ ഒരു മുസ്ലിമിന് മാര്‍ഗമില്ലെന്നായി! ഈ നാല്‍വര്‍ സംഘത്തിന്റെ ശരീഅത്ത് നിയമങ്ങളില്‍ ഖുര്‍ആനിന് കടകവിരുദ്ധമായ വല്ലതുമുണ്ടെങ്കില്‍ പോലും അതിനെ ആര്‍ക്കും ചോദ്യം ചെയ്തുകൂടെന്ന് ഇവര്‍ ഏകകണ്ഠമായി (ഇജ്മാ) പ്രഖ്യാപിച്ചു. ഇതിനെ 'തക്ലീദ്' എന്നു പറഞ്ഞുവരുന്നു. തക്ലീദിനെതിരായ വിമര്‍ശനങ്ങളും വാദകോലാഹലങ്ങളും പല കാലഘട്ടങ്ങളിലും മുഴങ്ങിക്കൊണ്ടിരുന്നു. മുഹമ്മദ് അബ്ദ (എ.ഡി. 1849-1905), ജമാലുദ്ദീന്‍ അഫ്ഗാനി (എ.ഡി. 1830-1897) എന്നിവരും. 18-ാം നൂറ്റാണ്ടുകാരായ ഇബ്നുതൈമിയ്യയും ഇബ്നുല്‍ ഖയ്യിമും അതില്‍ പ്രമുഖരാണ്. ഭാരതത്തില്‍ തക്ലീദിനെ കാര്യകാരണ സഹിതം തള്ളിപ്പറഞ്ഞവരാണ് മഹാകവി അല്ലാമാ ഇക്ബാലും ജസ്റിസ് അമീര്‍ അലിയും മറ്റും. (മുള്ളയുടെ ജൃശിരശുഹല ീള ങീവമാാമറമി ഘമം എന്ന ഗ്രന്ഥത്തില്‍ ജസ്റിസ് ഹിദായത്തുള്ളയുടെ അവതാരിക കാണുക).
അങ്ങനെ പ്രവാചകന് മുമ്പുണ്ടായിരുന്ന ജാഹിലിയ്യാ (അജ്ഞാന)കാലത്ത അപരിഷ്കൃതാചാരങ്ങളും കിരാത നിയമങ്ങളും പൌരോഹിത്യ അട്ടിമറിയിലൂടെ മുസ്ലിങ്ങളുടെ മതനിയമങ്ങളായി ഇന്നും നിലനില്‍ക്കുന്നു. കഴിഞ്ഞ 1350 വര്‍ഷങ്ങളായി മുസ്ലിംകള്‍ പിന്നാക്കക്കാരായി തുടരാനുണ്ടായ കാരണവും ഇത് തന്നെ! മഹത്തായ ആദര്‍ശസംഹിത കയ്യിലുള്ള ഒരു സമുദായത്തെ പടുകുഴിയില്‍ വീഴ്ത്താന്‍ എന്തെല്ലാം നുണകളാണ് അറിഞ്ഞോ അറിയാതെയോ പണ്ഡിതന്മാര്‍ പറഞ്ഞ് പഠിപ്പിച്ചത്. ഖുര്‍ആനിലെ ചില ആയത്തുകള്‍ മന്‍സൂഖ് (റദ്ദ്) ആണെന്ന് വരെ അവര്‍ പറഞ്ഞുണ്ടാക്കി! ചെറുപ്പകാലങ്ങളില്‍ സഹപാഠികളോ അയല്‍ക്കാരോ ആയ ഹിന്ദു കുട്ടികള്‍ അബദ്ധവശാല്‍ എങ്ങാനും ഖുര്‍ആന്‍ തൊട്ടുപോയാല്‍ കണ്ണ് പൊട്ടുമെന്ന് നാം പറഞ്ഞിരുന്നു. അഥവാ നമ്മെ പറഞ്ഞു പഠിപ്പിച്ചിരുന്നു. അങ്ങനെ സ്വയം അന്ധരായവര്‍ നമ്മെയും ഖുര്‍ആനേയും ഭയപ്പാടോടെ വീക്ഷിച്ചുപോന്നു.
മുടി ക്രോപ്പ് ചെയ്താല്‍, പെണ്‍കുട്ടികള്‍ സ്കൂളില്‍ പോയാല്‍, നരകത്തിലെ ഭാഷയായ ഇംഗ്ളീഷ് പഠിച്ചാല്‍ 'കാഫിറാ'കുന്ന മതനിയമം ഒരു കാലത്ത് ശക്തമായിരുന്നല്ലോ ഇന്ന് പണ്ഡിതന്മാരുടെ മക്കള്‍പോലും ഇതെല്ലാം ചെയ്യുന്ന 'കാഫിറു'കളാണ്. ഹറാമിനെ ഹലാലാക്കുന്ന ഈ പൌരോഹിത്യ നിയമങ്ങള്‍ 'കാലം' വലിച്ചാല്‍ നീളുന്നതെന്തുകൊണ്ട്?
പ്രവാചകന്‍ ജീവിച്ചിരുന്ന കാലഘട്ടവും ബുഖാരി-മുസ്ലിം തുടങ്ങിയ ഹദീസ് പുരോഹിതന്മാര്‍ ജീവിച്ചിരുന്ന കാലവും തമ്മിലുള്ള നൂറ്റാണ്ടുകളുടെ വിടവിനെക്കുറിച്ച്, ആ കാലഘട്ടങ്ങളിലുണ്ടായ രാഷ്ട്രീയ-സാമൂഹിക മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നവര്‍ക്ക് ചേകനൂരിന്റെ ഇസ്ലാമിക വീക്ഷണങ്ങളെ തള്ളിക്കളയാനാവില്ല. അനുകരണമൂര്‍ത്തികളല്ലാത്ത (യഹശിറ ളീഹഹീംലൃ ) സത്യാന്വേഷികളുടെ മുമ്പില്‍ ചേകനൂരിന്റെ ഖുര്‍ആനിക വാദങ്ങള്‍ പ്രസക്തമാവുന്നതും അതുകൊണ്ടാണ്. പൌരോഹിത്യം കെട്ടിയ കോട്ടകള്‍ ഖുര്‍ആന്‍ കൊണ്ട് അടിച്ച് തകര്‍ക്കുമെന്നും സമുദായത്തെ വീണ്ടും ഖുര്‍ആനിലേക്ക് തന്നെ തിരിച്ച് കൊണ്ടുവരുമെന്നും പ്രതിജ്ഞ ചെയ്ത ചേകനൂര്‍ ഇസ്ലാമിനെ കച്ചവടവല്‍ക്കരിച്ചവരില്‍ ആശങ്കയുണ്ടാക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.
ചേകനൂരിന്റെ കണ്ടെത്തലുകള്‍
ചേകനൂര്‍ എഴുതിയ 'സര്‍വമത സത്യവാദം' എന്ന ഗ്രന്ഥമാണ് വിവാദങ്ങള്‍ക്കിടയാക്കിയത് എന്നാണ് പൊതുവെയുള്ള ധാരണ. ഈ ലേഖകനും നേരത്തെ ഈ ധാരണയിലായിരുന്നു. എന്നാല്‍ ചേകനൂരിന്റെ മുഴുവന്‍ ഗ്രന്ഥങ്ങളും പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ എല്ലാം തന്നെ വിവാദപരമാണെങ്കിലും ഏറ്റവും ഗൌരവപ്പെട്ടതും യാഥാസ്ഥിതിക പൌരോഹിത്യത്തെ വിറളി പിടിപ്പിക്കുന്നതുമായ ഗ്രന്ഥം 'ഖുര്‍ആനില്‍ നമസ്കാരത്തിനുള്ള സ്ഥാനം' എന്ന കൃതിയാണെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. പ്രസ്തുത ഗ്രന്ഥത്തിലെ പ്രധാനഭാഗങ്ങള്‍ താഴെ കുറിക്കാം.
മുസ്ലിംകളുടെ അനുഷ്ഠാന കര്‍മപദ്ധതികളില്‍ ഏറ്റവും സുപ്രധാനമായതും ഒരിക്കലും വിട്ടുവീഴ്ചയുമില്ലാത്തവിധം നിര്‍ബന്ധ (ഫറള്) ആക്കിയതുമായ ഒന്നാണ് നമസ്കാരം എന്നാണല്ലോ പൊതുവില്‍ മുസ്ലിംകള്‍ വിശ്വസിച്ച് പോരുന്നത്; അഥവാ വിശ്വസിപ്പിച്ച് പോരുന്നത്. എന്നാല്‍ ചേകനൂരിന്റെ ഖുര്‍ആനിക വാദം മറ്റൊന്നാണ്. ഇസ്ലാമിലെ അനുഷ്ഠാന കര്‍മങ്ങളില്‍ ഖുര്‍ആന്‍ പ്രകാരം ഫറള് ആക്കിയ കാര്യങ്ങള്‍ മൂന്നാണ്. മൂന്നും സാമ്പത്തിക കാര്യങ്ങളാണുതാനും. അല്ലാതെ നമസ്കാരം പോലുള്ള കേവലാരാധനകളല്ലെന്ന് ചേകനൂര്‍ ഖുര്‍ആനിക തെളിവുകളോടെ സ്ഥാപിക്കുന്നു! അവ മൂന്നും ക്രമപ്രകാരം സക്കാത്ത് (നിര്‍ബന്ധദാനം), മഹറ് (വധുവിന് നല്‍കേണ്ട വിവാഹമൂല്യം), പിന്തുടര്‍ച്ചാവകാശം എന്നിവയാണ്. ഈ മൂന്ന് കാര്യങ്ങള്‍ക്കല്ലാതെ ഫറള് (ഫരീളത്ത്) എന്ന പദം ഖുര്‍ആന്‍ പ്രയോഗിച്ചിട്ടില്ല. (വി.ഖു: 2:197ല്‍ ഫമന്‍ 'ഫറള' ഫീഹിന്നല്‍ ഹജ്ജ എന്നതിനര്‍ഥം ആ മാസങ്ങളില്‍ ഹജ്ജിനാരെങ്കിലും പ്രവേശിക്കപ്പെട്ടാല്‍ എന്നാണ്. അല്ലാതെ അല്ലാഹു അത് ഫറളാക്കി എന്ന അര്‍ഥത്തിലല്ല എന്നത് പ്രത്യേകം ഓര്‍ക്കണം) ഇക്കാര്യം യാഥാസ്ഥിതിക പുരോഹിതന്മാരും സമ്മതിക്കുന്നു.
മതത്തെപ്പറ്റി പ്രാഥമിക അറിവ് മാത്രം ലഭിച്ച ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരായ മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണിത്. കാരണം, ഇക്കാലമത്രയും ഇതെല്ലാം ഖുര്‍ആന്‍ നിര്‍ബന്ധമാക്കിയതാണെന്ന ധാരണയില്‍ പ്രതികൂല സാഹചര്യങ്ങളില്‍ പോലും ആചരിച്ചനുഷ്ഠിച്ച് വരികയായിരുന്നല്ലോ അവര്‍. നമസ്കാരത്തെപ്പറ്റി പല തവണ ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും അവയിലൊരിടത്തും അത് ഫറളാണെന്ന കാര്യം പരോക്ഷമായി പോലും സൂചിപ്പിച്ചിട്ടില്ല. അതേസമയം സക്കാത്ത്, മഹറ്, പിന്‍തുടര്‍ച്ചാവകാശം എന്നിവ ഫറളാണെന്ന കാര്യം ഖുര്‍ആന്‍ ആവര്‍ത്തിച്ച് എടുത്തു പറയുകയും ചയ്തു സക്കാത്ത് ഫറളാണെന്ന് എടുത്തുപറയുക മാത്രമല്ല; അതില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് കഠിനമായ നരക ശിക്ഷയാണെന്ന് ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കുന്നു. മറിച്ച് നമസ്കാരം, നോമ്പ്, ഹജ്ജ് എന്നീ കേവലാരാധനകളില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് എതിരെ അത്തരത്തിലൊരു മുന്നറിയിപ്പോ താക്കീതോ ഖുര്‍ആന്‍ നല്‍കുന്നില്ല…….!
നമസ്കാരം, നോമ്പ്, ഹജ്ജ് എന്നിവ നിര്‍ബന്ധമല്ലെന്നല്ല ഇപ്പറഞ്ഞതിനര്‍ഥം. അത്തരം കേവലാരാധനകളെ വുജൂബ് (നിര്‍ബന്ധമാണെങ്കിലും വീഴ്ചവരുത്തിയാല്‍ വന്‍ കുറ്റമാകുന്നില്ല) ഗണത്തിലാണ് ഖുര്‍ആന്‍ പരിഗണിച്ചിട്ടുള്ളത്. എന്നാല്‍ സക്കാത്ത് ഫറളാണെന്ന് തന്നെ ഖുര്‍ആന്‍ തറപ്പിച്ച് പറയുന്നു. കാരണം ആദ്യത്തേത് വ്യക്ത്യാധിഷ്ഠിത കേവലാരാധന മാത്രമാണ്. സാമൂഹിക പരിവര്‍ത്തനത്തിലതിന് പങ്കില്ല. എന്നാല്‍ സക്കാത്തിന് സാമൂഹിക ബന്ധമുണ്ട്. അതിന്റെ ലക്ഷ്യം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറക്കലാണ്; മൂലധന വര്‍ദ്ധനവിനെ പിടിച്ചുകെട്ടലാണ്; അതുവഴി സാമൂഹികാസമത്വം ഇല്ലാതാക്കലാണ്.
ഖുര്‍ആന്‍ കര്‍ശനമായി നിര്‍ദ്ദേശിക്കുന്ന ഈ സാമ്പത്തിക നിയന്ത്രണ സംവിധാനത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ കേവലാരാധനകള്‍ക്ക് പരമപ്രാധാന്യം കല്‍പ്പിക്കുകയും അന്ധമായ ആരാധനാഭ്രമത്തില്‍ സമുദായത്തിന്റെ മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിപ്പിച്ചുപോരുകയും ചെയ്തുവെന്നതാണ് യാഥാസ്ഥികപുരോഹിതന്മാര്‍ സമുദായത്തോട് ചെയ്ത കഠിന ദ്രോഹം! എന്തിലും, എന്നും, എവിടെയും, എല്ലാവരേക്കാളും 'ഇസ്ലാമിന്റെ മക്കള്‍' പിന്നിലാവാനുണ്ടായ കാരണവും ഇതുതന്നെ!ഈ പശ്ചാത്തലത്തില്‍ വേണം ചേകനൂരിന്റെ ഖുര്‍ആനിക വാദങ്ങളെ വിലയിരുത്താന്‍.
സമകാലിക പ്രസക്തി
ഇതുവരെ ചേകനൂരിന്റെ ഖുര്‍ആനിക കണ്ടെത്തലുകളും ഇസ്ലാമിക വീക്ഷണങ്ങളുമാണ് പ്രതിപാദിച്ചതെങ്കില്‍ ചേകനൂരിന്റെ ഇസ്ലാമികാദര്‍ശങ്ങള്‍ക്ക് ആധുനിക സമൂഹത്തില്‍ പ്രസക്തിയുണ്ടോ എന്നുകൂടി പരിശോധിക്കാം.
ഖുര്‍ആന്‍ മാത്രമേ ഇസ്ലാമിന്റെ ആധികാരിക പ്രമാണമായംഗീകരിക്കാവൂ എന്ന് ചേകനൂര്‍ പറയുമ്പോള്‍ സ്വാഭാവികമായും ഒരു സംശയം ഉയര്‍ന്ന് വരാം
ആധുനിക സമൂഹം ശാസ്ത്ര വിജ്ഞാനങ്ങളിലൂടെയും സാമൂഹിക പരിഷ്ക്കരണങ്ങളിലൂടെയും പുരോഗതിയിലേക്ക് കുതിക്കുമ്പോള്‍ 1400 വര്‍ഷം പഴക്കമുള്ള ഇസ്ലാമിന്റെ മൂലപ്രമാണമായ ഖുര്‍ആനിലേക്ക് തന്നെ വീണ്ടും മടങ്ങണമെന്ന് പറയുമ്പോള്‍ അത് മുസ്ലിംകളെ സമൂഹത്തിന്റെ കൂട്ടായ പ്രയാണത്തില്‍ നിന്ന് പിറകോട്ട് നയിക്കലാവില്ലേ എന്ന സംശയം.
ചേകനൂരിന്റെ ഇസ്ലാമിക വീക്ഷണങ്ങളും ഖുര്‍ആനികാദര്‍ശങ്ങളും സമഗ്രമായി പരിശോധിച്ചാല്‍ ഈ സംശയം അടിസ്ഥാനമില്ലാത്തതാണെന്ന് കാണാം. കാരണം, മുസ്ലിംകള്‍ക്കിടയില്‍ ഇന്ന് കാണുന്ന ദുരാചാരങ്ങളും അപരിഷ്കൃത നിയമങ്ങളും എന്തിനേറെ നിലവിലുള്ള ശരീഅത്ത് നിയമങ്ങള്‍ പോലും ഖുര്‍ആന്‍ വിരുദ്ധമാണെന്നും ഇതെല്ലാം ധനമോഹികളും സ്വാര്‍ഥമതികളുമായ പുരോഹിതന്മാരുടെ സൃഷ്ടിയാണെന്നും മുസ്ലിംകളുടെ ഇന്നത്തെ (ഇതുവരെയുള്ള) സാമൂഹിക പിന്നാക്കാവസ്ഥയ്ക്കും മതാന്ധതയ്ക്കും കാരണമായ- സാമൂഹിക പരിവര്‍ത്തനത്തിനും പുരോഗതിക്കും വിലങ്ങുതടിയായ- ഈ പൌരോഹിത്യ നിയമങ്ങളെല്ലാം വലിച്ചെറിഞ്ഞ് പകരം ഖുര്‍ആന്റെ വിശാലമായ കാഴ്ചപ്പാടിലുള്ള ഇസ്ലാമിക വീക്ഷണങ്ങള്‍ക്കനുസരിച്ച് മുസ്ലിംകള്‍ ജീവിതം നയിക്കുകയാണെങ്കില്‍ ഇതര സമുദായങ്ങള്‍ക്കൊപ്പം; ഒരുപക്ഷേ അതില്‍ കൂടുതല്‍ പുരോഗതി സമുദായത്തിന് നേടാനാവുമെന്നും ചേകനൂര്‍ ഖുര്‍ആന്‍ കൊണ്ട് സിദ്ധാന്തിക്കുന്നു. അതനുസരിച്ച് ഇസ്ലാമിക ചര്യകളും നിയമങ്ങളും ഖുര്‍ആന്റെ മാത്രം അടിസ്ഥാനത്തില്‍ പുനരാവിഷ്കരിച്ച് ചേകനൂര്‍ ഇതിനകം 18 ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഓരോ ഗ്രന്ഥവും ഇസ്ലാമികാശയ ചിന്താ രംഗത്ത് വമ്പിച്ച പൊട്ടിത്തെറികള്‍ സൃഷ്ടിക്കുന്നവയാണ്. വിശുദ്ധ ഖുര്‍ആനിലെ 38:88 ആയത്തിനെ (ഒരു കാലഘട്ടത്തിന് ശേഷം ഖുര്‍ആനിലെ അത്ഭുതങ്ങള്‍; മഹത്തായ സത്യങ്ങള്‍ നിങ്ങള്‍ക്ക് ബോദ്ധ്യപ്പെടും) സാക്ഷാല്‍ക്കരിച്ചുകൊണ്ട് നൂറ്റാണ്ടുകള്‍ക്ക് ശേഷം മുസ്ലിംകള്‍ക്കിടയില്‍ ഇത് ഗൌരവമായ ഒരു ചര്‍ച്ചക്കിത് തുടക്കമിട്ടുകഴിഞ്ഞു...!
- 423 reads