"..........We did not leave ANYTHING out of this qur’an…! " 6:38
ബന്ധപ്പെടുക 0091 9048718329 | e-mail : feedback@chekanoormoulavi.com
- Site Counter: 15,558
'മാധ്യമ' ത്തിന്റെ കാപട്യം
'മാധ്യമ' ത്തിന്റെ കാപട്യം
മൌലവി ചേകനൂര്‍
മത പുരോഹിതന്മാരുടെ കാപട്യത്തെപ്പറ്റി പറഞ്ഞപ്പോള്‍ 'മാധ്യമം' പത്രത്തിന്റെ കപടത്തരത്തെപ്പറ്റിയും അല്‍പം പറയാന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുന്നു.
ഇസ്ലാമിക വിഷയങ്ങളും മറ്റും സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്യാന്‍വേണ്ടി മുസ്ലിം സമുദായത്തിന്റെ വന്‍തോതില്‍ പണം പിരിച്ചെടുത്ത് നടത്തുന്ന ഒരു മുസ്ലിം പത്രമാണല്ലോ ജമാഅത്ത് മൌലവിമാര്‍ നടത്തുന്ന 'മാധ്യമം' സമുദായാംഗങ്ങള്‍ ഗ്രൂപ്പ് വ്യത്യാസമെന്യേ അതിനെ ആത്മാര്‍ഥമായി സഹായിക്കുന്നുമുണ്ട്. അത് വേണ്ടതുമാണ്. പക്ഷേ അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന മൌലവിമാരില്‍ ഒരു വിഭാഗം ആ പത്രത്തിലൂടെ കാണിക്കുന്ന കപടത്തരം മനസ്സിലാക്കിയാല്‍ ആത്മാര്‍ഥതയുള്ള ഒരു ജമാഅത്തുകാരന്‍ പോലും പിന്നീടാ പത്രത്തെ സഹായിക്കുകയില്ലെന്നത് തീര്‍ച്ചയാണ്. അത്രയ്ക്കും കടുത്ത കാപട്യവും ദുഷ്ടത്തരവുമാണ് ആ പത്രത്തിലൂടെ അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
ഇസ്ലാമിക സത്യം പ്രചരിപ്പിക്കാനായി സമുദായം രൂപം നല്‍കിയ ഒരു പത്രത്തില്‍ ഖുര്‍ആനിലെ പ്രധാന ഇസ്ലാം കാര്യങ്ങളെപ്പറ്റി ഞാന്‍ എഴുതിക്കൊടുത്ത ഒരു ലേഖനം പോലും പ്രസിദ്ധീകരിക്കാന്‍ അവര്‍ തീരെ തയ്യാറായില്ല. അതില്‍ തെറ്റു കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അതുംകൂടി ചൂണ്ടിക്കാണിച്ചുകൊണ്ട് സമുദായത്തെ സത്യം അറിയിക്കുകയല്ലേ അല്‍പമെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ അവര്‍ ചെയ്യേണ്ടിയിരുന്നത്. അത് ചെയ്യാതെ ആ പത്രത്തിലൂടെ എന്നെപ്പറ്റി നിരന്തരം കുപ്രചാരണം നടത്താനാണ് അവര്‍ തീരുമാനിച്ചു കാണുന്നത്. ഞാനൊരു മോഡേണിസ്റാണെന്നും ഇന്ത്യന്‍ പ്രസിഡണ്ടിന്ന് ബഹുഭാര്യത്വം പറ്റേ നിരോധിക്കാന്‍വേണ്ടി മെമ്മോറാണ്ടം നല്‍കിയശേഷം ഉടനെത്തന്നെ അഭിപ്രായം മാറ്റിയ വ്യക്തിയാണെന്നും മറ്റുമുള്ള പച്ച ക്കള്ളങ്ങള്‍ ഇപ്പോള്‍ 'മാധ്യമ'ത്തിലൂടെ അവര്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എത്ര കാലമായി അവര്‍ ആ പച്ച നുണകള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയിട്ടെന്നോ! സാധാരണക്കാരെ കല്‍പിച്ചുകൂട്ടി തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി മാത്രമല്ലേ ഈ കപടന്‍മാര്‍ ആ പെരും കള്ളങ്ങളെല്ലാം ആവര്‍ത്തിച്ചടിച്ചുവിടുന്നത്.
ബഹുഭാര്യത്വം നിരുപാധികം പാടില്ലെന്നല്ല എന്റെ വാദം. ജീവനാംശംപോലും നല്‍കാതെ ആദ്യമാദ്യം കെട്ടിയവരെ തെരുവിലേക്ക് തള്ളിക്കൊണ്ട് രണ്ടാംകെട്ടും മൂന്നാംകെട്ടുമൊക്കെ നടത്താമെന്ന ജമാഅത്തിന്റെയും മറ്റും 'കാടന്‍ ശരീഅത്തി'നെ ഖുര്‍ആനിന്നനുസൃതമായി പൊളിച്ചെഴുതാന്‍ നടപടിയെടുക്കണമെന്ന് മാത്രമാണ് മെമ്മോറാണ്ടത്തില്‍ ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നത്. ആ വാദത്തില്‍നിന്ന് ഇപ്പോഴും ഞാന്‍ മാറിയിട്ടില്ല. ഇനി മാറുകയുമില്ല. പിന്നെന്തിന്ന് ഈ ദുഷ്ടന്മാര്‍ കല്‍പിച്ചുകൂട്ടി കള്ളം പറഞ്ഞുകൊണ്ട് സമുദായത്തെ വഞ്ചിക്കുന്നു?
കുടുംബാസൂത്രണം ഹറാമാണെന്ന് നാടുനീളെ നടന്ന് പ്രസംഗിക്കുകയും പിന്നീട് സ്വന്തം ഭാര്യമാര്‍ക്ക് കുടുംബാസൂത്രണം നടത്തുകയും ചെയ്യുന്നവരാണ് സാക്ഷാല്‍ കപടന്‍മാരെന്ന യാഥാര്‍ഥ്യം എനിക്കെതിരില്‍ കുപ്രചാരണം നടത്തുന്ന പുരോഹിതപ്പരിഷകള്‍ ഓര്‍ത്തിരിക്കേണ്ടതാണ്.
നമസ്കാരം അഞ്ചുണ്ടാക്കിയത് ജൂതനായ അബൂഹുറൈറയും കൂട്ടുകാരുമാണെന്നും ഖുര്‍ആനില്‍ നമസ്കാരം മൂന്ന് മാത്രമേയുള്ളൂവെന്നും ഖുര്‍ആനിലൂടെ ശക്തിയുക്തം സ്ഥാപിച്ചുകൊണ്ട് ഞാനൊരു ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നുണ്ടെന്നറിഞ്ഞപ്പോള്‍; അതിനെ നേരിടാന്‍ ഈ ദുനിയാവിലവര്‍ക്ക് സാധ്യമല്ലെന്ന് മുന്‍ അനുഭവം വച്ച് അവര്‍ക്കുറപ്പാവുകയും ചെയ്തപ്പോള്‍ ഏതോ ഒരു 'നബിച്ചി'യുടെ കള്ളവാര്‍ത്ത ബോക്സ് ന്യൂസാക്കി ഒരു 'വലിയ നിധി' കിട്ടിയത് പോലെ 18-1-88ലെ 'മാധ്യമം' രണ്ടാം പേജിലൂടെ അവര്‍ ഒരു 'കൊഞ്ഞനം' കാണിക്കല്‍ നടത്തിയിരിക്കുന്നു. ഖുര്‍ആനില്‍ നമസ്കാരം മൂന്നാണെന്ന് പറയുന്നത് ആ 'നബിച്ചി'യാണത്രെ. കഷ്ടംതന്നെ! അത്തരം ഒരു പ്രവാചികയുടെ -ഭ്രാന്തത്തിയുടെ- വാദമാണ് മൌലവി ചേകനൂരിന്റെ മൂന്ന് നേര വാദമെന്ന ഒരു 'നാരദ സന്ദേശം' അനുയായികള്‍ക്കെത്തിച്ചു കൊടുക്കലായിരുന്നു അതിന്റെ പിന്നില്‍ 'മാധ്യമ'ത്തിനുണ്ടായിരുന്ന ഏകലക്ഷ്യം. അതല്ലായിരുന്നുവെങ്കില്‍, ഖുര്‍ആനിന്റെ അടിസ്ഥാനത്തില്‍ ഞാനെഴുതിക്കൊടുത്ത ഇസ്ലാം കാര്യങ്ങള്‍പോലും പ്രസിദ്ധീകരിക്കാതെ പൂഴ്ത്തിവച്ചവര്‍ ഇത്തരം കള്ളവാര്‍ത്തകള്‍ ബോക്സ് ന്യൂസിലൂടെ പ്രചരിപ്പിക്കേണ്ട ആവശ്യമെന്തായിരുന്നു?
ഈ 'കൊഞ്ഞന'ക്കാരോട് എനിക്ക് പറയാനുള്ളത് ഇതാണ്: കുവൈത്തിലെ നബിച്ചിയോ ഖത്തറിലെ ഖര്‍ളാവിയോ അല്ല ഇസ്ലാമില്‍ നമസ്കാരം മൂന്നാണെന്ന് പറഞ്ഞത്. ആദ്യമായി ആ സിദ്ധാന്തം അവതരിപ്പിച്ചത് ഖുര്‍ആന്‍ തന്നെയാണ്. പിന്നീട് മുഹമ്മദ് നബി തിരുമേനിയും. അത് നിങ്ങളുടെ ഏത് കേന്ദ്രത്തിലും വന്ന് തെളിയിച്ചുതരാന്‍ ഈയുള്ളവന്‍ തയ്യാറാണ്. എന്നല്ല നിങ്ങളുടെ കേന്ദ്രങ്ങളായ ശാന്തപുരം, ചേന്ദമംഗല്ലൂര്‍, കുറ്റ്യാടി മുതലായ സ്ഥലങ്ങളിലുള്ള നിങ്ങളുടെ കോളേജുകളിലേക്ക് മൈക്ക് തിരിച്ചുവച്ചുകൊണ്ട് പ്രസംഗ പരമ്പര തന്നെ നടത്തുക വഴി ഇതിനകം ഞാനതൊക്കെ തെളിയിച്ചു തന്നിട്ടുമുണ്ട്. അതിന്നെതിരില്‍ ഒരക്ഷരവും മറുപടിപറയാന്‍ ഇന്നേവരെ നിങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. ഇനിയും കഴിയുകയുമില്ല. 30 വര്‍ഷത്തിലേറെയായി നിങ്ങളെപ്പറ്റി ഞാന്‍ ആഴത്തില്‍ പഠിച്ചതിന്റെ അടിസ്ഥാനത്തിലാണിത് പറയുന്നത്. ഞാന്‍ ആയത്തുകളുദ്ധരിക്കുമ്പോള്‍ നിങ്ങള്‍ 'കൊഞ്ഞനം' ഉദ്ധരിക്കും. അല്ലെങ്കില്‍ വ്യഭിചാരിയെ കല്ലെറിഞ്ഞു കൊല്ലണമെന്നതുപോലുള്ള ഏതെങ്കിലും കള്ള ആയത്തുകള്‍ നിങ്ങള്‍ ഇറക്കുമതി ചെയ്യും. അതിന് ചുട്ടമറുപടി പത്രത്തിലേക്കെഴുതിത്തന്നാല്‍ അതപ്പടി വിഴുങ്ങിയശേഷം പൂച്ച ശൈഖന്‍മാരായി നിങ്ങള്‍ അടങ്ങിയിരിക്കും. ഇതിലപ്പുറമൊന്നും നിങ്ങള്‍ക്ക് ചെയ്യാന്‍ സാധ്യമല്ലെന്നാണ് കഴിഞ്ഞകാലാനുഭവങ്ങളെല്ലാം തെളിയിക്കുന്നത്.
ഏതായാലും നിങ്ങളുടെ 'അബൂഹുറയ്റാ ശരീഅത്തി'ലെ അഞ്ചുനേര നമസ്കാരത്തിന്റെയും മറ്റും തെളിവുകള്‍ കാണാന്‍ ജമാഅത്ത് സുഹൃത്തുക്കളടക്കം പലരും ഇവിടെ കാത്തിരിക്കുകയാണ്. കുവൈത്തിലെ നബിച്ചിയുടെ വാദമൊന്നുമല്ല എനിക്കുള്ളത്. നിങ്ങളെല്ലാം ഇപ്പോള്‍ ആചരിച്ചുകൊണ്ടും പഠിപ്പിച്ചുകൊണ്ടുമിരിക്കുന്ന അബൂഹൂറയ്റയുടെ ആ 'മുന്തിയ നമസ്കാര'മുണ്ടല്ലോ! അതില്‍ മുപ്പതിലേറെ ജൂതായിസമുണ്ടെന്നിതാ ഖുര്‍ആനിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ തെളിവുസഹിതം അക്കമിട്ട് നിരത്തിവച്ചിരിക്കുന്നു. നിങ്ങളിലാര്‍ക്കെങ്കിലും 'ഖുദ്റത്തും' പാണ്ഡിത്യവുമുണ്ടെങ്കില്‍ അതിനെയൊന്ന് ഖണ്ഡിക്കാന്‍ മുന്നോട്ടു വരൂ! കേരളത്തിലെ ബുദ്ധിജീവികള്‍ക്കതൊന്ന് കാണുകയും പഠിക്കുകയും ചെയ്യാമല്ലോ. അതുപോലെ സുബ്ഹി നമസ്കാരം സൂര്യോദയത്തിനു മുമ്പുതന്നെ നിര്‍ബന്ധമാണെന്നത് തനി ജൂതനിയമമാണെന്നും ആ ജൂതനിയമം സ്ഥാപിക്കാന്‍വേണ്ടി ബുഖാരിയും മുസ്ലിമും മുതല്‍ ഭാഷാ നിഘണ്ടുകളെഴുതിയവരടക്കം ഖുര്‍ആന്‍ സൂക്തം കക്കുക, ഹദീസ് കക്കുക, ഭാഷാര്‍ഥത്തില്‍ പച്ചക്കള്ളം പറയുക മുതലായ ദജ്ജാലിസങ്ങള്‍ പലതും ചെയ്തിട്ടുണ്ടെന്നും ഞാനീ ഗ്രന്ഥത്തില്‍ ശക്തിയുക്തം സ്ഥാപിച്ചിട്ടുണ്ട്. തെളിവുസഹിതം അതിനെയൊക്കെ ഖണ്ഡിക്കാന്‍ കഴിയുമെങ്കില്‍ അതാണ് മുസ്ലിം പത്രത്തില്‍ മുഖ്യമായും എഴുതേണ്ടത്. എങ്കിലേ ഇത്തരം ഗുരുതരമായ പ്രശ്നങ്ങളിലെ സത്യം മനസ്സിലാക്കാന്‍ സമുദായത്തിന്ന് കഴിയുകയുള്ളൂ. അല്ലാതെ ഏതെങ്കിലും കള്ള നബിച്ചിമാരുടെ കള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കാനോ അതുവഴി ഖുര്‍ആനിക സത്യങ്ങള്‍ക്കുനേരെ കൊഞ്ഞനം കാണിക്കുവാനോ ഉള്ളതല്ല സമുദായത്തിന്റെ പത്രം. അത്തരം കൊഞ്ഞനംകൊണ്ടൊന്നും ഇത്തരം ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് മറുപടി പറയേണ്ട ചുമതലയില്‍നിന്നു ഒഴിവാകാമെന്ന് വ്യാമോഹിക്കയും വേണ്ട! നിങ്ങളുടെ 'ഏറ്റവും മുന്തിയ നമസ്കാരക്കണക്കി'ലെ ശിര്‍ക്കടക്കമുള്ള ജൂതായിസങ്ങള്‍പോലും കണ്ടുപിടിക്കാന്‍ നീണ്ട 50 വര്‍ഷക്കാലത്തെ മതപഠനംകൊണ്ട് നിങ്ങള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍പിന്നെ, ഈ മതവേഷം കെട്ടിയതിന്റെ പിന്നില്‍ നിങ്ങളുടെയെല്ലാം സാക്ഷാല്‍ ലക്ഷ്യമെന്തെന്ന് ഇനിയെങ്കിലും സമുദായം അറിയുകതന്നെ വേണം.
മതപുരോഹിതന്മാരിലെ കപടന്‍മാരെ തൊലിയുരിച്ചു കാണിക്കുമ്പോള്‍ ആ കപടന്‍മാരല്ലാത്തവരാരും അതില്‍ വെറുപ്പു വിചാരിക്കരുതെന്നും സുന്നി, മുജാഹിദ്, ജമാഅത്ത് എന്നീ ഗ്രൂപ്പുകളിലെ കപടപുരോഹിതന്മാരല്ലാത്ത ഒരാള്‍ക്കുംതന്നെ ഈ വിമര്‍ശനങ്ങളൊന്നും ബാധകമല്ലെന്നും വിനയപൂര്‍വം ഞാന്‍ ഉണര്‍ത്തിക്കൊള്ളുന്നു.
മൌലവി ചേകനൂര്‍
( ' നമസ്കാരം എങ്ങിനെ, എപ്പോള്‍, എത്ര ? 'പേജ് : 277 , ഫെബ്രുവരി ,1988 )
" പ്രശ്നം മതക്കച്ചവടം "
അബൂഹുറയ്റ:യുടെയും തന്റെ കമ്പനിക്കാരുടെയും കള്ളഹദീസു കളടിസ്ഥാനമാക്കി തയ്യാറാക്കിയതും വര്‍ഷംതോറും ലക്ഷക്കണക്കിലുറുപ്പികക്ക് സമുദായത്തില്‍ വിറ്റ് ചിലവാക്കുന്നതുമായ വാറോല പുസ്തകങ്ങള്‍ക്ക് മേലില്‍ ''കമ്പോളത്തകര്‍ച്ച " നേരിടുമോ എന്ന ഭയമാണ് അവര്‍ എനിക്കെതിരെ കള്ളപ്രചരണം നടത്താനു കാരണമായതെന്ന് ജമാഅത്തിലെയും. നദ്വത്തിലെയും സമസ്തയിലെയും അബൂഹുറയ്റാ: പ്രഭൃതികളല്ലാത്ത നല്ലവരായ എല്ലാ സുഹൃത്തുക്കളും പ്രത്യേകം മനസ്സിലാക്കേണ്ടതാണ്.
ഖുര്‍ആനും സുന്നത്തും പഠിപ്പിക്കാന്‍വേണ്ടി 50ഉം 60ഉം വര്‍ഷം പ്രവര്‍ത്തനം നടത്തിയിട്ടും അബൂഹുറയ്റ:യും കമ്പനിയും പഠിപ്പിച്ച കള്ള സിദ്ധാന്തങ്ങളും ജൂതമത നിയമങ്ങളുമല്ലാതെ, ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും മുമ്പേ പൂഴ്ത്തിവെക്കപ്പെട്ടതും സമുദായത്തിന് വളരെ ഉപകാരമുള്ളതുമായ ഒറ്റ സത്യവും ഇക്കാലം വരെ സമുദായത്തെ പഠിപ്പിക്കാന്‍ ഇക്കൂട്ടര്‍തയ്യാറായില്ലെന്നു വരുമ്പോള്‍, അവര്‍. ഈ സമുദായത്തെ ഉദ്ധരിക്കാന്‍ വേണ്ടി വന്നവരല്ലെന്നും മറിച്ച് അവര്‍ പഠിച്ചു വെച്ച പുരോഹിത മതം കൊണ്ട് “മതക്കച്ചവടം” നടത്തി സമുദായത്തെ നിരന്തരം ചൂഷണം ചെയ്യാന്‍ വേണ്ടി മാത്രം വന്നവരാണെന്നും സമുദായം മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
മൌലവി ചേകനൂര്‍
- 173 reads