"..........We did not leave ANYTHING out of this qur’an…! " 6:38

...അവര്‍ ഇ ഖുര്‍ആനെക്കുറിച്ച്‌ ചിന്തിക്കുന്നില്ലേ...? അവരുടെ ഹൃദയങ്ങള്‍ പൂട്ടിട്ടു പോയോ...? (47:25)

.....അല്ലാഹുവിന്റെ വചനങ്ങളെ നിഷേധിക്കുകയും തിരിഞ്ഞു കളയുകയും ചെയ്യുന്നവനെക്കാള്‍ വലിയ അക്രമി മറ്റാരാണ്‌ ? (6:158)

ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്‌ നേര്‍വഴി കാണിക്കുന്നതത്രെ അത്‌. ( 2:2 )

ഒരു വിഭാഗം ആളുകളുണ്ട്‌. നാവുകള്‍ വളച്ചൊടിക്കുന്നു; അത്‌ ഗ്രന്ഥത്തില്‍പ്പെട്ടതാണെന്ന്‌ ധരിക്കുന്നതിനു വേണ്ടി. അത്‌ ഗ്രന്ഥത്തില്‍പ്പെട്ടതല്ല. അല്ലാഹുവില്‍നിന്നാണെന്നു പറയുന്നു. അതു അല്ലാഹുവില്‍നിന്നുള്ളതല്ല. അവര്‍ അറിഞ്ഞുകൊണ്ട്‌ അല്ലാഹുവിന്റെ മേല്‍ കള്ളം പറയുന്നു. (3:79)

അല്ലാഹു അവതരിപ്പിച്ചതിലേക്കും ദൂതനിലേക്കും വരൂ വെന്നു പറഞ്ഞാല്‍, (അവര്‍പറയും) ഞങ്ങളുടെ പൂര്‍വപിതാക്കളെ ഏതൊരു സമ്പ്രദായത്തില്‍ കണ്ടുവോ , ഞങ്ങള്‍ക്കത്‌ മതി. (5: 108)

നാം നിനക്ക്‌ "വേദ ഗ്രന്ഥം" ഇറക്കിത്തന്നിരിക്കുന്നു എന്നത്‌ തന്നെ അവര്‍ക്ക്‌ മതിയായിട്ടില്ലേ ? (29:51)

അല്ലാഹു ഗ്രന്ഥത്തിലൂടെ ഇറക്കിയ അധ്യാപനങ്ങളെ മറച്ചു വയ്‌ക്കുകയും അതിനുപകരം നിസ്സാരവില വാങ്ങുകയും ചെയ്യുന്നവരാരോ അവരുടെ വയറ്റില്‍ അഗ്നിയല്ലാതെ മറ്റൊന്നുമില്ല. (2:174)

അന്ന് റസൂല്‍ പറയും, " എന്റെ നാഥാ ഈ ജനം വിശുദ്ധ ഖുര്‍ആനിനെ തീര്‍ത്തും അവഗണിച്ചു കളഞ്ഞു " ( 25 :30 )

Quran is perfect; no mistakes, no falsehood, no nonsense.!
"No falsehood could enter it (Quran), in the past or in the future; a revelation from a Most Wise, Praiseworthy." (Quran 41:42)

ബന്ധപ്പെടുക 0091 9048718329 | e-mail : feedback@chekanoormoulavi.com

  • Site Counter: 15,707

ചേകനൂര്‍ മൗലവിയുടെ ഖുര്‍ആനിക ജൈത്രയാത്ര...!

പരിശുദ്ധ ഖുര്‍ആന്‍ ഒരാവര്‍ത്തിയെങ്കിലും ശ്രദ്ധയോടെ വായിച്ച സത്യാനേഷിയുടെ ഹൃദയത്തില്‍ ഒരു ചോദ്യം ഉയര്‍ന്നുവരാതിരിക്കുകയില്ല. മുസ്ലിം സമുദായത്തില്‍ ഇന്ന് നിലവിലുള്ള ആചാരാനുഷ്ഠാനങ്ങള്‍, അവര്‍ക്ക് ബാധകമെന്ന് അവര്‍തന്നെ സാഭിമാനം അവകാശപ്പെടുന്ന വ്യക്തിനിയമങ്ങള്‍ എന്നിവ ഏറിയ കൂറും ഖുര്‍ആനിന് കടകവിരുദ്ധമായിരിക്കുവാനുള്ള കാരണമെന്ത്? ഈ ചോദ്യത്തിനുത്തരം കണ്ടെത്തുവാന്‍വേണ്ടി ഏറെക്കാലമായി ഖുര്‍ആനില്‍ ശ്രമകരമായ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന അറബിഭാഷാ വിശാരദനായ മൌലവി ചേകനൂര്‍ എഴുതിയ നിരവധി ഗ്രന്ഥങ്ങളില്‍ അതിനൂതനമായ ഒന്നാണ് ഇപ്പോള്‍ നമ്മുടെ മുമ്പിലുള്ളത്. സമുദായത്തിന്ന് ഒരു "ഞെട്ടുചികില്‍സ"യാണിന്നാവശ്യം. അത്രമാത്രം ഇരുട്ടില്‍ പെട്ടുഴലുകയാണ് ഇന്ന് മുസ്ലിംകള്‍. അവര്‍ ലോകത്താകമാനം പിന്നാക്കക്കാരായി നിലനില്‍ക്കുന്നു.

മൌലവി സാഹിബിന്റെ പുസ്തകങ്ങളുടെ സുഗമഗ്രഹണത്തിന് ഇസ്ലാമിന്റെ കാലാനുക്രമണിക (Chronology) അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ബുഖാരി, മുസ്ലിം, ഇമാം ഷാഫി എന്നിവരെല്ലാം നബിയോടൊപ്പം ഒരേ കാലത്ത് ജീവിച്ചിരുന്നവരായിരുന്നു എന്ന തെറ്റിദ്ധാരണ ഇന്നും ചില അഭ്യസ്തവിദ്യര്‍ക്കിടയില്‍പ്പോലും നിലനില്‍ക്കുന്നത് ആശാസ്യമല്ലല്ലോ. വിശുദ്ധനബി ജനിച്ചത് എ.ഡി (ക്രിസ്തുവിന് ശേഷം) 571 ഏപ്രില്‍ 22നാണ്. എ.ഡി 611ല്‍ നബിത്വസിദ്ധി (നുബൂബത്ത്) ഉണ്ടായി. ഏ.ഡി 624 ല്‍ ആണ് ഹിജ്റ. (മക്കയില്‍ നിന്ന് മദീനയിലേക്കുള്ള പലായനം). എ.ഡി. 634 ല്‍ പ്രവാചകന്‍ ഇഹലോകവാസം വെടിഞ്ഞു. അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍, അലി എന്നീ ഖലീഫമാരുടെ ഭരണം 29 കൊല്ലമേ നിലനിന്നുള്ളൂ. നബി പ്രബോധനമാരംഭിച്ച എ.ഡി. 611 മുതല്‍ അലി വധിക്കപ്പെട്ട എ.ഡി. 663 വരെയുള്ള 52 കൊല്ലക്കാലം അര നൂറ്റാണ്ടിലധികംകാലം ഇസ്ലാമിന്ന് വിദ്യാഭ്യാസ, ശാസ്ത്രീയ, ഭരണരംഗങ്ങളില്‍ മഹത്തായ പുരോഗതി കൈവന്നു. ആ ഭരണസാരഥികള്‍ മുറുകെപ്പിടിച്ച ഖുര്‍ആനിന്റെ മഹത്വത്തെയാണ് ഇത് കാണിക്കുന്നത്. എന്നാല്‍ അലിക്കുശേഷം അധഃപതനത്തിന്റെ തുടക്കം കുറിക്കപ്പെട്ടു. കാരണം: നബിയും ഇസ്ലാം എന്തെന്ന് നബിയില്‍നിന്ന് നേരിട്ട് പഠിച്ച അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍, അലി എന്നീ ഖുലഫാഉര്‍റാഷിദീങ്ങളും മുസ്ലിംകളായി ജീവിച്ചതും ഏതു പ്രമാണത്തെ അടിസ്ഥാനമാക്കിയാണോ; അതായിരിക്കണമല്ലോ ഇസ്ലാമിന്റെ അടിസ്ഥാനപ്രമാണം. ഈ 52 കൊല്ലക്കാലമത്രയും നബിയുടെയോ ഖുലഫാഉര്‍റാഷിദീങ്ങളുടെയോ മുന്നില്‍ ഖുര്‍ആനല്ലാത്ത മറ്റൊരു ഗ്രന്ഥവും ഉണ്ടായിരുന്നില്ല.

ഒരു ഹദീസ് ഗ്രന്ഥത്തിന്റെ നിര്‍മാണശ്രമത്തെപ്പോലും നബി നിരുല്‍സാഹപ്പെടുത്തിയതായും 500 ഹദീസുകള്‍ അബൂബക്കര്‍ സിദ്ധീഖ് കത്തിച്ചുകളഞ്ഞതായും ഹദീസ്ഗ്രന്ഥങ്ങള്‍ നിര്‍മിക്കുവാന്‍ താന്‍ ആരേയും അനുവദിക്കുകയില്ലെന്ന് ഉമര്‍ പ്രഖ്യാപിച്ചതായും ഉള്ള രേഖകള്‍ മതഗ്രന്ഥങ്ങളില്‍ മായാതെ കിടക്കുന്നു. 'ഖുര്‍ആനിന്ന്ശേഷം ഏത് ഹദീസിലാണവര്‍ വിശ്വസിക്കുന്നത്?'' എന്ന് ഖുര്‍ആനില്‍ (7 : 185, 45 : 6, 77 : 50 എന്നീ സൂക്തങ്ങളില്‍) ആവര്‍ത്തിച്ചുവന്ന ചോദ്യം ശക്തിയായ ഒരു മുന്നറിയിപ്പായി അവര്‍ കണക്കാക്കിയിരിക്കണം. ഖുര്‍ആനില്‍ അല്‍പസ്വല്‍പം മാറ്റങ്ങള്‍ വരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് പലരും (പ്രത്യേകിച്ചും ജൂതന്‍മാര്‍) നബിയെ സമീപിച്ചിരുന്നു എന്നും, എന്നാല്‍ ഖുര്‍ആനില്‍ മാറ്റം വരുത്തുവാന്‍ നബിക്കുപോലും അധികാരമില്ലെന്ന് സ്ഥിരീകരിക്കപ്പെടുകയാണുണ്ടായതെന്നും ഖുര്‍ആന്‍ 10:15ഉം 69:44ഉം മറ്റും സാക്ഷ്യം വഹിക്കുന്നു.

ഒട്ടും കലര്‍പ്പു ചേര്‍ന്നിട്ടില്ലാത്ത ദൈവവാക്യങ്ങള്‍, ഖുര്‍ആന്‍ രൂപകല്‍പന ചെയ്ത ജീവിതചര്യ ആചാരാനുഷ്ഠാനങ്ങള്‍ വിധിവിലക്കുകള്‍ എന്നിവ നബിയുടെ കാലത്തുതന്നെ പലര്‍ക്കും ദഹിച്ചിട്ടില്ല എന്ന് വ്യക്തമാക്കിത്തരുന്നു. ജൂതന്‍മാര്‍ക്ക് പ്രത്യേകിച്ചും ഇസ്ലാമിനോട് വിരോധവും ശത്രുതയുമുണ്ടെന്നും ഖുര്‍ആന്‍ (5; 64, 2: 76) വെളിപ്പെടുത്തുന്നു. അല്ലാഹുവിന്റെ വചനങ്ങളില്‍ മായം ചേര്‍ക്കുന്ന പുരോഹിതരെക്കുറിച്ചുള്ള താക്കീതും ഖുര്‍ആനില്‍ 2: 75 ല്‍ കാണാം. എന്നാല്‍ ദൈവനിര്‍ദിഷ്ടമായ ജീവിതപദ്ധതിയെ തകിടം മറിക്കുവാന്‍ ജൂതന്‍മാര്‍ക്ക് ഒരു പഴുതും ഖുര്‍ആന്‍ നല്‍കിയില്ല. 'ഇന്നേദിവസം ഇസ്ലാമിനെ നിങ്ങളുടെ മതമായി ഞാന്‍ പുര്‍ത്തികരിച്ചുതന്നിരിക്കുന്നു' എന്ന വിളംബരത്തോടെയാണ് ഖുര്‍ആനിലെ ഏറ്റവും ഒടുവിലത്തെ വാക്യം (5:3) അവതരിച്ചത്. സ്വന്തം കൈകൊണ്ട് മതനിയമങ്ങള്‍ എഴുതിയുണ്ടാക്കുവാന്‍ അല്ലാഹു ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ഒടുവിലത്തെ ആയത്ത് വിളിച്ചോതുന്നു. അറേബ്യ ഏതാണ്ട് പൂര്‍ണമായും ഇസ്ലാമിക ഭരണത്തിന്‍ കീഴിലായപ്പോള്‍ ജുതന്‍മാര്‍ക്കും മറ്റും ശ്വാസം മുട്ടിത്തുടങ്ങി.

കാരണം: സര്‍വാത്മനാ ഖുര്‍ആന്‍ ചര്യകള്‍ അനുഷ്ഠിക്കുവാന്‍ അവര്‍ തയ്യാറല്ലായിരുന്നു. വ്യഭിചാരികളെ കഴുത്തുവരെ കുഴിച്ചുമൂടി തലയ്ക്ക് അടിച്ചും എറിഞ്ഞും കൊല്ലുക, റബ്ബിമാര്‍ എന്നറിയപ്പെടുന്ന ജൂതപുരോഹിതരുടെ മതവിധികള്‍ക്ക് കീഴ്പ്പെടുക, ഇഷ്ടമുള്ളത്ര സ്ത്രീകളെ വിവാഹം ചെയ്യുക, ഒരു കാരണവും കാണിക്കാതെ യഥേച്ഛം മൊഴിചൊല്ലുക, ദിവസം അഞ്ചോ അതിലധികമോവട്ടം നിസ്ക്കരിച്ചാല്‍ ഏത് പാപവും തീരുമെന്നും സ്വര്‍ഗം ലഭിക്കുമെന്നും വിശ്വസിക്കുക, കുടുംബത്തിലെ സ്ത്രീ പ്രജകള്‍ക്ക് സ്വത്തവകാശം നിഷേധിക്കുക എന്നിവയില്‍ ആയിരക്കണക്കില്‍ കൊല്ലങ്ങളായി ആണ്ടു മുങ്ങിപ്പോന്ന ഒരു ജനതയ്ക്ക് നബിയുടെ 23 കൊല്ലത്തെ പ്രബോധനംകൊണ്ട് വലിയ പ്രയോജനമൊന്നും ലഭിച്ചില്ല. മാത്രമല്ല, ഏകപക്ഷീയമായി കരാര്‍ ലംഘിച്ച ജൂതന്‍മാരെ ബനൂനളീര്‍, ബനൂഖുരൈള, ഖൈബര്‍ എന്നീ യുദ്ധങ്ങളിലൂടെ സ്വദേശത്തുനിന്ന് തുരത്തുകയും ചെയ്തു. ഈ പക അവരില്‍ പുകഞ്ഞുകൊണ്ടിരുന്നു.

അറബിഭാഷാ പണ്ഡിതന്മാരും ഗ്രന്ഥാവകാശികളും (അഹ്ലുല്‍ കിതാബ്) ആയിരുന്ന അവര്‍ അവരുടെ വിശ്വാസപ്രമാണങ്ങള്‍ ഇസ്ലാമിലേക്ക് സംക്രമിപ്പിക്കാന്‍ ചെയ്ത എല്ലാ ബുദ്ധിവ്യായാമങ്ങളേയും കണ്ടറിഞ്ഞ് ചെറുത്തുതോല്‍പിക്കുവാന്‍ നബിക്കും ഖുലഫാഉര്‍റാഷിദീങ്ങള്‍ക്കും സാധിച്ചിരുന്നു. പക്ഷേ, എ.ഡി. 663ല്‍ അലിയുടെ വധത്തോടെ ഇസ്ലാംവേഷധാരികളായിച്ചമഞ്ഞ ജൂതന്‍മാര്‍ക്കും മറ്റു അനറബികള്‍ക്കും അഴിഞ്ഞാടുവാന്‍ അവസരം ലഭിച്ചു. ബദ്ര്‍ മുതല്‍ മക്കം ഫത്ത്ഹ് വരെയുള്ള മിക്കവാറും എല്ലാ യുദ്ധങ്ങളിലും നബിയെ എതിര്‍ത്ത അബൂസുഫ്യാന്റെ മകനിലേക്കാണ് പിന്നീട് ഇസ്ലാമികഭരണം ചെന്നെത്തിയത്. ഉഹദ് യുദ്ധത്തില്‍വച്ച് നബിയുടെ പിതൃവ്യന്‍ ഹംസത്തിനെ വാടകക്കൊലയാളിയെക്കൊണ്ട് വകവരുത്തുകയും ആ മഹാന്റെ പച്ചക്കരളെടുത്ത് ചവയ്ക്കുകയുംചെയ്ത ഹിന്ദ് എന്ന പാപിനിയില്‍ അബൂസുഫ്യാന്ന് ജനിച്ച പുത്രനാണ് മുആവിയ.

ഇസ്ലാമിലെ ജനാധിപത്യ ഭരണക്രമവും ബൈഅത്ത് സമ്പ്രദായവും ഖുര്‍ആനിനോടു മാത്രമുണ്ടായിരിക്കേണ്ട വിധേയത്വവുമെല്ലാം വലിച്ചെറിഞ്ഞുകൊണ്ട് മുആവിയ പിന്നീട് സ്വന്തം മകന്‍ യസീദിനെ രാജാവാക്കി. ഈ രണ്ട് സേച്ഛാധിപതികള്‍ യഥാക്രമം അലിയുടെ പുത്രന്മാരും നബിയുടെ പൌത്രന്‍മാരുമായ ഹസന്‍, ഹുസൈന്‍ എന്നിവരെ ഹീനമായ രീതിയില്‍ കൊന്നുകളഞ്ഞു. മുസ്ലിം സ്ത്രീകള്‍ക്ക് പള്ളിപ്രവേശം നിഷിദ്ധമാക്കിയതും ഇവര്‍ തന്നെ. ഈ കാലഘട്ടം, തക്കം പാര്‍ത്തിരുന്ന ജൂതന്‍മാര്‍ക്കും മറ്റു അനറബികള്‍ക്കും പൌരോഹിത്യത്തിന്റെ വേദിയൊരുക്കിക്കൊടുത്തു. സ്വന്തം കാലുകള്‍ ഉറപ്പിച്ചു നിര്‍ത്തുവാന്‍ വെമ്പല്‍കൊണ്ടിരുന്ന സ്വേച്ഛാധിപതികള്‍ക്കാകട്ടെ ഈ പുരോഹിതന്മാര്‍ താങ്ങും തണലുമാവുകയുംചെയ്തു. 'കാക്കക്ക് ഭക്ഷണംകിട്ടി, പോത്തിന്റെ കടിയും മാറി' എന്നമട്ടില്‍ ഭരണവും പൌരോഹിത്യവും പരസ്പര പൂരകങ്ങളായി വര്‍ത്തിച്ചു. എ.ഡി. 663ല്‍ അലിയുടെ വധം നടന്നുകഴിഞ്ഞപ്പോള്‍, അതായത് എ.ഡി. 634ല്‍ അന്തരിച്ച നബിക്ക്ശേഷം 29 കൊല്ലം കഴിഞ്ഞപ്പോള്‍ അന്നുവരെ മിണ്ടാതിരുന്ന പലരും സധൈര്യം ഹദീസുകള്‍ (നബിവചനങ്ങള്‍) ഉദ്ധരിക്കുവാന്‍ തുടങ്ങി. നാല് കൊല്ലത്തില്‍ കുറഞ്ഞ കാലയളവില്‍ മാത്രം നബിയുമായി സമ്പര്‍ക്കമുണ്ടായിരുന്ന അബൂഹുറയ്റ 5300ലധികം ഹദീസുകള്‍ ഉദ്ധരിച്ചു. ഇങ്ങനെ പ്രചരിച്ച ഹദീസുകള്‍ രണ്ടേകാല്‍ നൂറ്റാണ്ടുകാലം വാമൊഴി മാത്രമായി നിലനിന്നു. (ഇതിനിടയില്‍ എഴുതപ്പെട്ട 'മുവത്താമാലിക്' മുതലായ ഗ്രന്ഥങ്ങളെ 'സാധുഷള്‍ക്കം' (സിഹാഹുസ്സിത്ത സഹീഹായ ആറ് ഹദീസ് ഗ്രന്ഥങ്ങള്‍) എന്ന പട്ടികയില്‍ പുരോഹിതന്‍മാര്‍ പെടുത്തിയില്ല). ഏറ്റവും ആധികാരികമായ ഹദീസ്ഗ്രന്ഥം ബുഖാരിയുടേതാണെന്നാണ് വെപ്പ്.

റഷ്യയിലെ ബുഖാറ എന്ന സ്ഥലത്ത് ഹിജ്റ 196ല്‍ (എ.ഡി.820ല്‍) ആണ് ബുഖാരി ജനിച്ചത്. നബിയുടെ ചരമം ഹിജ്റ 10ലും. (എ.ഡി.634ല്‍). ഓര്‍ക്കണം നബിയുടെ വഫാത്തും ബുഖാരിയുടെ ജനനവും തമ്മിലുള്ള അകലം 186 കൊല്ലം! തന്റെ 16ാം വയസ്സിലാണത്രെ ബുഖാരി അറേബ്യയില്‍ എത്തിയത്. അനറബി യായ അദ്ദേഹം അറബി പഠിച്ച് ഗ്രന്ഥം എഴുതിത്തീര്‍ന്നപ്പോള്‍ സ്വാഭാവികമായും വീണ്ടും അര നൂറ്റാണ്ടെങ്കിലും കഴിഞ്ഞിരിക്കണം. അപ്പോള്‍ നബിക്കുശേഷം രണ്ടേകാല്‍ നൂറ്റാണ്ടു കഴിഞ്ഞിട്ടാണ് ബുഖാരിയുടെ ഹദീസ്ഗ്രന്ഥം പുറത്തുവന്നത്. അവിടെനിന്ന് വീണ്ടും ആറ് കൊല്ലം കഴിഞ്ഞപ്പോള്‍ തന്റെ ശിഷ്യന്‍ മുസ്ലിമിന്റെ ഗ്രന്ഥവുംവന്നു. തുടര്‍ന്ന് ഹദീസിന്റെ പ്രളയംതന്നെ. ഈ ഹദീസ് കൂമ്പാരത്തിന്നിടയില്‍ 'ഞാന്‍ പറയുന്നതില്‍നിന്ന് ഖുര്‍ആനല്ലാത്ത യാതൊന്നും നിങ്ങള്‍ എഴുതിവെക്കരുത്'' എന്ന നബി വചനവും മുസ്ലിമില്‍ കാണാം. അങ്ങാടിയില്‍ കൊണ്ടുവന്ന വഴുതനങ്ങ 'ശിഫയാണ് ഖാലറസൂലുല്ലാഹി' എന്നുപറഞ്ഞതോടെ മുഴുവന്‍ വഴുതനങ്ങയും വിറ്റുതീര്‍ന്ന കഥ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.

ആകാശത്തിലേക്ക് കയറുക എന്നത് നബിക്ക് സാധ്യമല്ലെന്ന് ഖുര്‍ആനിലും (6:35) നബിയുടെ മിഅ്റാജ് (ആകാശാരോഹണക്കഥ) ഹദീസിലും നിങ്ങള്‍ക്കു വായിക്കാം. നബി സാക്ഷരനായിരുന്നു എന്ന് ഖുര്‍ആനും (25:5) നബി നിരക്ഷരകുക്ഷിയായിരുന്നു എന്ന് ഹദീസും പറയുന്നു. വ്യഭിചാരികള്‍ക്ക് 100 അടിയാണ് ഖുര്‍ആനിന്റെ ശിക്ഷ. (24:2). കഴുത്തുവരെ കുഴിച്ചിട്ട് തലക്കുതല്ലിയും എറിഞ്ഞും കൊല്ലണമെന്ന് ഹദീസ്. വിസ്താരഭയം മൂലം ഞാനിവിടെ നിര്‍ത്തട്ടെ. ചിന്തിക്കുന്നവര്‍ക്ക് ഇത്രയും മതിയല്ലോ. 'ഖുര്‍ആനെക്കുറിച്ച് മനസ്സിരുത്തി ചിന്തിക്കുന്നില്ലേ?'' (47:24) എന്ന ഖുര്‍ആന്റെ ചോദ്യംകേട്ടാല്‍ കിടിലംകൊള്ളാത്ത ഹൃദയമുണ്ടോ? ഉണ്ട്. അവരാണ് തഖ്ലീദ്വാദക്കാര്‍. വീണ്ടും ക്രൊണോളജിയിലേക്ക് മടങ്ങാം. വ്യാപകമായ വ്യാജ ഹദീസുകളെ അടിസ്ഥാനമാക്കി ശരീഅത്ത് നിയമങ്ങള്‍ ഉരുത്തിരിഞ്ഞ ഘട്ടമാണ് അടുത്തത്. നാല് സഭാ (മദ്ഹബ്) നേതാക്കളും അവരുടെ ശിഷ്യഗണങ്ങളും ശരീഅത്ത് നിയമങ്ങള്‍ എഴുതിക്കൂട്ടി. ഈ നിയമങ്ങളുടെ ഉറവിടങ്ങള്‍ ഖുര്‍ആന്‍, ഹദീസ്, ഇജ്മാഖിയാസ്, ഫത്വ എന്നിവയാണെന്നാണ് അവരുടെ അവകാശവാദം. ഇവയില്‍ ഖുര്‍ആനിനെമാത്രം അവലംബമാക്കിയ നിയമങ്ങള്‍ തികച്ചും ഇസ്ലാമികമെന്ന് വിശ്വസിക്കാം. പക്ഷേ, അത്തരത്തില്‍പ്പെട്ടവ വളരെ വിരളമാണ്. ഹദീസ്, ഇജ്മാ (മതപണ്ഡിതരുടെ കൂട്ടായ നിയമനിര്‍മാണം), 'ഖിയാസ്' (പൊതുതത്വങ്ങളില്‍ നിന്ന് നിര്‍ദ്ധാരണം ചെയ്ത ഉപതത്വങ്ങള്‍), 'ഫത്വ' (പണ്ഡിത സര്‍ട്ടിഫിക്കറ്റുകള്‍) എന്നിവയെ അടിസ്ഥാനമാക്കി കെട്ടിപ്പടുത്ത മതനിയമങ്ങള്‍ ഒട്ടുമുക്കാലും ഖുര്‍ആനിക ശാസനങ്ങളുമായി ധ്രുവങ്ങളോളം അകന്നുനില്‍ക്കുന്നു.

ഇമാം അബൂഹനീഫ എ.ഡി. 699 മുതല്‍ 767 വരെയും ഇമാം മാലിക് ഇബ്നു അനസ് എ.ഡി. 713 മുതല്‍ 795 വരെയും ഇമാം മുഹമ്മദ് ഇബ്നു ഇദ്രീസു ഷാഫി എ.ഡി.767 മുതല്‍ 820 വരെയും ഇമാം അഹ്മദ് ഇബ്നു ഹംബല്‍ എ.ഡി. 780 മുതല്‍ 855 വരെയും ജീവിച്ചു. ഷാഫി ഈ മദ്ഹബുകാരാണ് കേരളീയ മുസ്ലിംകള്‍ ഭൂരിഭാഗവും എന്ന കാരണത്താല്‍ നബിയുടെ വഫാത്തിന്നുശേഷം (എ.ഡി.634നുശേഷം) ഷാഫിയുടെ മരണത്തിന്നു മുമ്പായി (എ.ഡി. 820നു മുമ്പായി) കഷ്ടി രണ്ടു നൂറ്റാണ്ടുകള്‍ കടന്നുപോയിട്ടുണ്ട് എന്ന വസ്തുത മനസ്സിലാക്കേണ്ടതാണ്. എ.ഡി.900ാം ആണ്ട് കഴിഞ്ഞപ്പോള്‍, അതായത് 10ാം നൂറ്റാണ്ട് തുടങ്ങിയപ്പോള്‍, നാല് മദ്ഹബ് നേതാക്കളില്‍ ആരെയെങ്കിലും ഒരാളെ പിന്‍പറ്റുകയല്ലാതെ ഒരു മുസ്ലിമിന്ന് പോംവഴിയില്ലെന്നും ഈ 'നാല്‍വരുടെ' ശരീഅത്ത് നിയമങ്ങളില്‍ ഖുര്‍ആനിന്ന് കടകവിരുദ്ധമായ വല്ലതുമുണ്ടെങ്കില്‍പ്പോലും അവയെ ആര്‍ക്കും ചോദ്യം ചെയ്തുകൂടെന്നും ഇജ്മാ ആയി (ഏകകണ്ഠമായി) അന്നത്തെ മതപണ്ഡിതന്മാര്‍ തീരുമാനിച്ചു. ഇതിനെ 'തഖ്ലീദ്' എന്ന് വിളിച്ചുവരുന്നു. തഖ്ലീദിന്നെതിരായ വിമര്‍ശനങ്ങളും വാദകോലാഹലങ്ങളും പല കാലഘട്ടങ്ങളിലും ലോകത്തെമ്പാടും മുഴങ്ങിക്കൊണ്ടിരുന്നു. മുഹമ്മദ് അബ്ദ (എ.ഡി.18491905), ജമാലുദ്ദീന്‍ അഫ്ഘാനി (എ.ഡി. 18391897) എന്നിവരും 13ാം നൂറ്റാണ്ടുകാരായ ഇബ്നു തൈമിയ്യയും ഇബ്നുല്‍ ഖയ്യിമും മറ്റും തഖ്ലീദിന്നെതിരായി വാദിച്ചവരില്‍ പ്രമുഖരാണ്. ഇന്ത്യയില്‍ തഖ്ലീദിനെ ശക്തിയുക്തം കാര്യകാരണസഹിതം തള്ളിപ്പറഞ്ഞവരാണ് ജസ്റിസ് അമീര്‍ അലിയും മഹാകവി ഇഖ്ബാലും. (മുള്ളയുടെ 'പ്രിന്‍സിപ്പിള്‍സ് ഓഫ് മുഹമ്മദന്‍ ലോ' എന്ന പുസ്തകത്തിന് ജസ്റിസ് ഹിദായത്തുല്ല എഴുതിയ അവതാരിക കാണുക.) പക്ഷേ ഈ ഒറ്റപ്പെട്ട ശബ്ദങ്ങള്‍ ഖുര്‍ആന്‍ ശരിക്കും പഠിക്കാത്ത ഫുഖഹാക്കളുടെ രാപ്രസംഗ ഭൈരവിയില്‍ വിലയം പ്രാപിക്കുകയാണുണ്ടായത്.

അങ്ങനെ നബിക്ക് മുമ്പുണ്ടായിരുന്ന അഞ്ജാനകാലത്തെ (സമാനുല്‍ ജാഹിലിയ്യത്ത്) അപരിഷ്കൃതാചാരങ്ങളും കിരാതനിയമങ്ങളും ഇന്നും മുസ്ലിംകള്‍ക്കിടയില്‍ നിലനില്‍ക്കുന്നു. കഴിഞ്ഞ 1300 കൊല്ലക്കാലമായി മുസ്ലിംകള്‍ പിന്നാക്കസമുദായമായി നിലനില്‍ക്കുവാനുള്ള കാരണവും അതുതന്നെ. 'ഒരു ഉത്തമസമുദായം' ആണ് ഖുര്‍ആന്റെ ലക്ഷ്യം. (2:143, 3:104). 'ഖുര്‍ആനെ നിഷേധിക്കുന്നവരെ അവരറിയാത്ത മാര്‍ഗത്തിലൂടെ നാം താഴോട്ടിറക്കിക്കൊണ്ടുവരും' എന്ന അല്ലാഹുവിന്റെ താക്കീത് (68:44) സത്യമായി പുലര്‍ന്നു എന്നതിന്റെ മൂര്‍ത്തമായ തെളിവെന്നോണം 40ല്‍ അധികം മുസ്ലിം രാഷ്ട്രങ്ങളിലും മറ്റുമായി 100 കോടിയോളം വരുന്ന മുസ്ലിംകള്‍ ഇന്ന് പിന്നാക്കക്കാരായി ജീവിക്കുന്നു. സമ്പത്തിന്റെ കൂമ്പാരങ്ങള്‍ക്കുമുകളില്‍ കഴിയുന്നവരും വിദ്യാഭ്യാസസാംസ്കാരികശാസ്ത്രീയ രംഗങ്ങളില്‍ പിന്നാക്കംതന്നെ. മഹത്തായ ആദര്‍ശസംഹിത പ്രമാണമായുള്ള ഒരു സമൂഹത്തെ ഈ പടുകുഴിയില്‍ വീഴ്ത്തുവാന്‍ എന്തെല്ലാം നുണകളാണ് അറിഞ്ഞോ അറിയാതെയോ മതപണ്ഡിതന്മാര്‍ തട്ടിമൂളിച്ചത്!

ദൈവഗ്രന്ഥത്തിലെ പല ആയത്തുകളും റദ്ദ് (മന്‍സൂഖ്) ആണെന്ന് വരെ അവര്‍ പറഞ്ഞുണ്ടാക്കി. പുരുഷന്‍മാര്‍ മുടിവളര്‍ത്തി ക്രോപ്ചെയ്താല്‍, പ്രായമായ പെണ്‍കുട്ടികള്‍ സ്കൂളില്‍പോയാല്‍, 'നരകത്തിലെ ഭാഷയായ ഇംഗ്ളീഷ്' പഠിച്ചാല്‍ കാഫിറാകും എന്ന മതനിയമം ഒരുകാലത്ത് പ്രബലമായിരുന്നുവല്ലോ. ഇന്ന് മൂത്ത മതപണ്ഡിതരുടെ മക്കളും ഇതെല്ലാം ചെയ്യുന്നു. ഹറാമിനെ ഹലാലാക്കുന്ന ഈ പുരോഹിതച്ചെപ്പടിവിദ്യയ്ക്ക് നിദാനമെന്ത്? ഒരുകാര്യം തീര്‍ച്ച ഖുര്‍ആനല്ലാത്ത മറ്റെന്തിനെയും പ്രമാണമാക്കുന്നവര്‍ വലിയ അപകടത്തിലാണ് ചെന്നുപെടുക. കാലം ഇവര്‍ക്കു മാപ്പു നല്‍കുകയില്ല.

ഈ അജ്ഞാനഗര്‍ത്തത്തില്‍ സത്യത്തിന്റെ വെളിച്ചം തട്ടാതെ പിന്നാക്കാവസ്ഥയില്‍ കഴിയുന്ന ജനതയ്ക്ക് പ്രത്യാശയുടെ കിരണമാണ് മൌലവി ചേകനൂരിന്റെ 'ഖുര്‍ആനിലെ പിന്തുടര്‍ച്ചാനിയമം' എന്ന വിശിഷ്ടഗ്രന്ഥം. മൌലവിയുടെ പൂര്‍വഗ്രന്ഥങ്ങളും നിലവിലുള്ള അനാചാരങ്ങളെ ഖുര്‍ആനിന്റെ വെളിച്ചത്തില്‍ യുക്തിപൂര്‍വം അപഗ്രഥിക്കുന്നവയാണ്. ഇന്നുനിലവിലുള്ള പല ശരീഅത്ത് നിയമങ്ങളം ആചാരാനുഷ്ഠാനങ്ങളും ഖുര്‍ആന്‍വിരുദ്ധങ്ങളും മുസ്ലിംകള്‍ ബഹിഷ്കരിക്കേണ്ടവയുമാണെന്നും ആ മതനിയമങ്ങള്‍ വലിച്ചെറിഞ്ഞ് ഖുര്‍ആനികാനുശാസനങ്ങള്‍ മുസ്ലിംകള്‍ അവശ്യം പാലിക്കേണ്ടതാണെന്നും സ്ഥാപിച്ചുകൊണ്ട് തന്റെ ഖുര്‍ആനിക ജൈത്രയാത്ര തുടര്‍ന്നുകൊണ്ടിരിക്കുന്ന മൌലവി, കാലഘട്ടത്തിന്റെസമുദായത്തിന്റെ അനുപേക്ഷണീയമായ ആവശ്യം നിറവേറ്റിക്കൊണ്ടിരിക്കുന്നു എന്ന സന്തോഷം ഞാനിവിടെ രേഖപ്പെടുത്തട്ടെ.

നബി ജീവിച്ചിരുന്ന കാലവും ഹദീസ് പണ്ഡിതരായ ബുഖാരിയെപ്പോലുള്ളവരുടെ കാലവും ഷാഫി മുതലായ മദ്ഹബ് നേതാക്കള്‍ ജീവിച്ചിരുന്ന കാലവും തമ്മിലുള്ള നൂറ്റാണ്ടുകളുടെ വിടവിനെക്കുറിച്ച് ഞാന്‍ രേഖപ്പെടുത്തിയ വസ്തുതകള്‍ ഉള്‍ക്കൊള്ളുവാന്‍ കഴിയുന്നവര്‍ക്ക്; ഈ അന്തരാള കാലഘട്ടത്തില്‍ ഉണ്ടായ സാമൂഹികവും രാഷ്ട്രീയവുമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നവര്‍ക്ക്; ഖുര്‍ആനില്‍ നിന്ന് ജാഹിലിയത്തിലേക്ക് ഇസ്ലാം വഴുതിപ്പോയതെങ്ങനെ എന്നും ഉള്‍ക്കൊള്ളുവാന്‍ സാധിക്കും. ഈ മാറ്റങ്ങള്‍ എന്തൊക്കെയാണ് എന്ന് മനസ്സിലാക്കാന്‍ മൌലവിയുടെ പുസ്തകങ്ങള്‍ വലിയ ഒരളവുവരെ സഹായിക്കും എന്നുറപ്പിച്ചുപറയാം. ഖുര്‍ആനിന്റെ പരിഭാഷ ഈ അടുത്ത കാലം വരെ മതപണ്ഡിതന്മാര്‍ തടഞ്ഞുവച്ചു. അനാചാരങ്ങളെ ഖുര്‍ആനിന്റെ വെളിച്ചത്തില്‍ അപഗ്രഥിക്കാന്‍ അര്‍ഹതയുള്ള ഒരു പ്രതിഭയ്ക്ക് ഈ സമുദായത്തില്‍ പിന്നെ എങ്ങനെ മുളപൊട്ടും? എന്നാല്‍ ഭാഗ്യമെന്ന് പറയട്ടെ, മൌലവി ചേകനൂരിന്റെ ആവിര്‍ഭാവവും തളരാത്ത ഖുര്‍ആന്‍ സമരവും ഈ ഗതികേടിന് ഒരു പരിധിവരെ അറുതിയുണ്ടാക്കിയിട്ടുണ്ട്.

'ഈ ഖുര്‍ആനിനെ നാം ഒരു പര്‍വതത്തിന്നാണ് അയച്ചുകൊടുത്തതെങ്കില്‍ ആ പര്‍വ്വതം ദൈവഭയംമൂലം പൊട്ടിത്തകരുന്നത് നിനക്കുകാണാം' (59:21) എന്ന ദൈവമൊഴി ഓര്‍ക്കുമ്പോള്‍, ഖുര്‍ആനെക്കുറിച്ച് ചിന്തിക്കാത്ത കല്ലിലും കടുപ്പമേറിയ ഹൃദയങ്ങള്‍ക്കുനേരെ മൌലവി പൊട്ടിത്തെറിച്ചുപോകാറുണ്ട്. അപ്പോഴെല്ലാം അദ്ദേഹത്തിന്റെ ഭാഷ പരുഷമാകാറുമുണ്ട്. 1300 വര്‍ഷങ്ങളോളം ഖുര്‍ആന്‍ പൂഴ്ത്തിവച്ചുകൊണ്ട് ജാഹിലിയ്യത്തുറപ്പിച്ച പുരോഹിതവര്‍ഗത്തെ എതിര്‍ക്കുമ്പോള്‍ അത്തരംഭാഷ പ്രയോഗിച്ചെങ്കിലേ അവരില്‍ ചലനമുണ്ടാക്കുവാനും കപടമൌനമവലംബിച്ച അവരുടെ തെളിവിന്റെ പാപ്പരത്തം സമുദായത്തെ ബോധ്യപ്പെടുത്തുവാനും സാധ്യമാകൂ എന്നാണ് മൌലവിയുടെ ന്യായീകരണം. അനുഭവം നോക്കുമ്പോള്‍ അതേറെക്കുറെ ശരിയാണെന്ന അഭിപ്രായക്കാരുമുണ്ട്.

ഖുര്‍ആന്‍ വിരുദ്ധവും വികലവുമായ ഇന്നത്തെ അനന്തരവകാശ നിയമവ്യവസ്ഥിതിമൂലം അവകാശം നിഷേധിക്കപ്പെട്ടവരുടെ വിശിഷ്യാ അനാഥരുടെയും സ്ത്രീകളുടേയും കണ്ണുനീരില്‍ മുങ്ങിക്കിടക്കുന്ന അവശസമൂഹത്തിനു പ്രത്യാശയുടെ മൃതസഞ്ജീവനിയാണ് ഈ പുസ്തകം. ഭാവിയില്‍ വ്യക്തിനിയമത്തിന്റെ മുഖച്ഛായതന്നെ മാറി കോടതിയില്‍ നിന്നും ഖുര്‍ആനിക നിയമപ്രകാരമുള്ള അനന്താരാവകാശം അനുവദിച്ചുകിട്ടാവാനുള്ള പരിവര്‍ത്തനത്തിന്റെ മുന്നോടിയായിപ്പോലും ഞാനീ ഉല്‍കൃഷ്ട കൃതിയെ കാണുന്നു എന്ന് നിസ്സംശയം പറയാം. ചേകനൂര്‍ മൌലവിയുടെ ഈ പുസ്തകം കൂടി വായിച്ചപ്പോള്‍ ഖുര്‍ആനിലൂടെ അല്ലാഹു നല്‍കിയ മൂന്ന് വാഗ്ദാനങ്ങളുടെ അമാനുഷികതയെ ഞാന്‍ സവിസ്മയം ഓര്‍ത്തുപോയി. ഞാനാ മൂന്ന് ദൈവ വാഗ്ദാനങ്ങള്‍ അക്കമിട്ട് താഴെ കുറിക്കാം.

1) 'ഒരു കാലഘട്ടത്തിനുശേഷം ഖുര്‍ആനിലെ അല്‍ഭുതവാര്‍ത്തകള്‍ മഹത്തായ സത്യങ്ങള്‍ നിങ്ങള്‍ക്ക് ബോധ്യപ്പെടും'. (വി: ഖു: 38: 88).

2) 'ഈ ഖുര്‍ആന്‍ മുറുകെപ്പിടിക്കുന്ന കാലത്തോളം നിങ്ങളായിരിക്കും വിജയികളും.' സന്മാര്‍ഗികളും (3 :101, 4:175, 43:43).തികച്ചും ഖുര്‍ആന്‍ മാത്രം പ്രമാണമാക്കിക്കൊണ്ടുള്ള യഥാര്‍ഥ ഇസ്ലാം (Genuine Islaam) നബിയുടെയും ഖുലഫാഉര്‍ഷിദീങ്ങളുടെയും കാലഘട്ടത്തില്‍ (എ.ഡി. 611 മുതല്‍ എ.ഡി. 663 വരെ) മാത്രമേ ഈ ഭൂമുഖത്ത് നിലനിന്നിട്ടുള്ളൂ.

3) 'നമ്മുടെ വഴിയില്‍ ത്യാഗംചെയ്യുന്നവരെ നമ്മുടെ സത്യമാര്‍ഗങ്ങളിലേക്ക് നാം നയിക്കും; തീര്‍ച്ച' (29: 69). അല്ലാഹുവിന്റെ വഴിയില്‍; ഖുര്‍ആനിന്റെ വഴിയില്‍ മൌലവി ചേകനൂര്‍ പരിശ്രമിച്ചതിന്റെ ഫലമായി ഭാഷയ്ക്ക് കൈവന്ന ഈ പുസ്തകത്തെ അഭിമാനപൂര്‍വം ഞാന്‍ സഹൃദയസമക്ഷം അവതരിപ്പിച്ചു കൊള്ളുന്നു.

എന്ന്

യൂസഫലി കേച്ചേരി,
'സൂരജ് മഹല്‍'
പി. ഒ. കേച്ചേരി,
Pin-680501.

(മൌലവി ചേകനൂരിന്റെ 'ഖുര്‍ആനിലെ പിന്തുടര്‍ച്ചാ നിയമം' എന്ന ഗ്രന്ഥത്തിന്നെഴുതിയ അവതാരികയില്‍ നിന്ന്)